ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

' വേൾഡ് ഫുഡ് ഇന്ത്യ 2024' ന്യൂഡൽഹിയിൽ നാളെ ആരംഭിക്കുന്നു

Posted On: 18 SEP 2024 2:16PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 18 സെപ്റ്റംബർ 2024


കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, ന്യൂ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ  വേൾഡ് ഫുഡ് ഇന്ത്യ 2024-ന്, ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. 2024 സെപ്റ്റംബർ 19 മുതൽ 22 വരെ നടക്കുന്ന ഈ ആഗോള പരിപാടിയിൽ 90-ലധികം രാജ്യങ്ങൾ, 26 ഇന്ത്യൻ സംസ്ഥാനങ്ങളും  കേന്ദ്ര ഭരണ പ്രദേശങ്ങളും , 18 കേന്ദ്ര മന്ത്രാലയങ്ങൾ, ഒപ്പം അനുബന്ധ സർക്കാർ സ്ഥാപനങ്ങളും പങ്കെടുക്കും. ഭക്ഷ്യസംസ്‌കരണ മേഖലയിലെ നവീകരണത്തിൻ്റെയും സാങ്കേതികവിദ്യയുടെയും സുസ്ഥിരതയുടെയും പ്രധാന സംയോജനമായി ഈ പരിപാടി മാറും. 

 

നാലു ദിവസങ്ങളിലായി നടക്കുന്ന ഈ വർഷത്തെ പരിപാടി, ഭക്ഷ്യ സംസ്‌കരണത്തിൽ ആഗോള ശക്‌തികേന്ദ്രം എന്ന നിലയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ്. 

ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, നവ-പുനരുപയോഗ്യഊർജ മന്ത്രി  ശ്രീ. പ്രഹ്ലാദ് ജോഷി;  ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി  ശ്രീ. ചിരാഗ് പാസ്വാൻ ;  ഭക്ഷ്യ സംസ്കരണ വ്യവസായ, റെയിൽവേ സഹമന്ത്രി  ശ്രീ രവ്നീത് സിംഗ് ബിട്ടു  എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ശ്രീ ചിരാഗ് പാസ്വാനും ശ്രീ രവ്‌നീത് സിംഗ് ബിട്ടുവും വ്യവസായ പ്രമുഖരുമായി ചർച്ചകൾ നടത്തുകയും വിദേശ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുമായും പ്രതിനിധികളുമായും ഉഭയകക്ഷി G2G ചർച്ചകൾ നടത്തുകയും ചെയ്യും.

ശ്രീ. ചിരാഗ് പാസ്വാൻ  സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും, ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖലയുടെ വളർച്ചയ്ക്കും വികസനത്തിനുമുള്ള സർക്കാർ  സംരംഭങ്ങളും ഭാവി പദ്ധതികളും ഉയർത്തിക്കാട്ടുകയും ചെയ്യും.

പരിപാടിയുടെ ആദ്യ ദിനത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി  ശ്രീ പീയൂഷ് ഗോയൽ, ശ്രീ ചിരാഗ് പാസ്വാൻ എന്നിവർ സഹ-അധ്യക്ഷരാകുന്ന ഒരു ഉന്നതതല സിഇഒ വട്ടമേശയും നടക്കും. ശ്രീ രവ്‌നീത് സിംഗ് ബിട്ടുവും ഈ പരിപാടിയിൽ സന്നിഹിതനായിരിക്കും 

കൂടാതെ APEDA, MPEDA, ചരക്ക് ബോർഡുകൾ എന്നിവ സംഘടിപ്പിക്കുന്ന 'റിവേഴ്‌സ് ബയർ-സെല്ലെർ മീറ്റ്' ൽ ആയിരത്തിലധികം ഉപഭോക്‌താക്കൾ പങ്കെടുക്കും. FSSAI-യുടെ നേതൃത്വത്തിൽ ആഗോള ഭക്ഷ്യ നിയന്ത്രക ഉച്ചകോടിയുടെ രണ്ടാം പതിപ്പ് വേൾഡ് ഫുഡ് ഇന്ത്യയുമായി ചേർന്ന് 2024 സെപ്റ്റംബർ 20 മുതൽ 21 വരെ നടക്കും. ജപ്പാൻ പങ്കാളി രാജ്യമായും വിയറ്റ്നാം, ഇറാൻ എന്നിവ ഫോക്കസ് രാജ്യങ്ങളായും പങ്കെടുക്കും.

പ്രമേയാധിഷ്‌ഠിത ചർച്ചകൾ, സംസ്ഥാന-രാജ്യ നിർദ്ദിഷ്‌ട കൂടിക്കാഴ്ചകൾ എന്നിവയുൾപ്പെടെ 40-ലധികം വിജ്ഞാനപരമായ സെഷനുകൾക്ക് പരിപാടി ആതിഥേയത്വം വഹിക്കും. കൂടാതെ, ആഗോള അഗ്രി-ഫുഡ് കമ്പനികളുടെ 100-ലധികം CXOകളുമായി വ്യവസായ നേതൃത്വത്തിലുള്ള പാനൽ ചർച്ചകളും നടക്കും.

വേൾഡ് ഫുഡ് ഇന്ത്യ 2024-ൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യയിലെമ്പാടുമുള്ള പ്രാദേശിക വിഭവങ്ങൾ പ്രദർശിപ്പിക്കുന്ന  'സ്വാദ് സൂത്ര' എന്ന പാചക മത്സരവും സംഘടിപ്പിക്കും.

ആഗോള ഭക്ഷ്യ വ്യവസായത്തിലെ നേതാവെന്ന നിലയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന പ്രാമുഖ്യം ഉയർത്തിക്കാട്ടുന്നതിനും പുതിയ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുന്നതിനും ഫലപ്രദമായ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിനുമായി  ഈ ലോകോത്തര പരിപാടി അവതരിപ്പിക്കാൻ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം ഒരുങ്ങിക്കഴിഞ്ഞു.


(Release ID: 2056546) Visitor Counter : 42