പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന ‘സെമികോണ്‍ ഇന്ത്യ 2024’ല്‍ ഇന്ത്യയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും പ്രശംസിച്ച് ഉന്നത സെമികണ്ടക്ടര്‍ സിഇഒമാര്‍


മോദിയുടെ കാഴ്ചപ്പാട് ക്രമാതീതമായുള്ള വളർച്ചയുടെ കാഴ്ചപ്പാടാണ് : ശ്രീ അജിത് മനോച, SEMI, സിഇഒ

ഇന്ത്യയുടെ ഡിജിറ്റൽ ഭാവി സുരക്ഷിതമാക്കാനുള്ള ഇന്ത്യയുടെ വിലപ്പെട്ട സമയമാണിത്: ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രസിഡൻ്റും സിഇഒയുമായ ഡോ. രൺധീർ താക്കൂർ

ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ബിസിനസുകൾക്ക് ആവശ്യമായ നവീകരണം, ജനാധിപത്യം, വിശ്വാസം എന്നീ മൂന്ന് ഘടകങ്ങൾ പ്രധാനമന്ത്രി ഉൾപ്പെടുത്തിയിട്ടുണ്ട്: മിസ്റ്റർ കർട്ട് സീവേഴ്‌സ്, സിഇഒ, എൻഎക്‌സ്‌പി സെമികണ്ടക്ടർ

ഇന്ത്യൻ, ആഗോള വിപണികൾക്കായുള്ള മൂല്യവർധിത നൂതന സെമികണ്ടക്ടർ ഡിസൈൻ പ്രവർത്തനങ്ങൾ വഹിക്കാനായി ഇന്ത്യയിൽ ഞങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്: മിസ്റ്റർ ഹിഡെതോഷി ഷിബാറ്റ സിഇഒ, റെനെസാസ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനല്ലാതെ മറ്റാർക്കാണ് വിശ്വസ്ത പങ്കാളിയാകാൻ കഴിയുക: മിസ്റ്റർ ലൂക് വാൻ ഡെൻ ഹോവ്, സിഇഒ, IMEC

Posted On: 11 SEP 2024 3:40PM by PIB Thiruvananthpuram

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സെമികോണ്‍ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. ‘സെമികണ്ടക്ടര്‍ ഭാവി രൂപപ്പെടുത്തൽ’ എന്ന പ്രമേയത്തിലാണ് സെമികോണ്‍ ഇന്ത്യ 2024 സെപ്തംബര്‍ 11 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നത്. ഇന്ത്യയെ സെമികണ്ടക്ടറുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റാന്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ സെമികണ്ടക്ടര്‍ തന്ത്രവും നയവും ത്രിദിന സമ്മേളനം പ്രദര്‍ശിപ്പിക്കുന്നു.  ആഗോള മേധാവികളെയും കമ്പനികളെയും സെമികണ്ടക്ടര്‍ വ്യവസായത്തിലെ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനത്തില്‍ സെമികണ്ടക്ടര്‍ രം​ഗത്തെ ആഗോള ഭീമന്മാരുടെ ഉന്നത നേതൃത്വം പങ്കെടുക്കുന്നു. 250-ലധികം പ്രദര്‍ശകരും 150 പ്രഭാഷകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

സെമികോണ്‍ ഇന്ത്യ 2024 ന് ലഭിച്ച സ്വീകരണത്തെ SEMI സിഇഒ അജിത് മനോച അഭിനന്ദിക്കുകയും ‘അഭൂതപൂര്‍വം’, ‘ക്രമാതീതമായ മാറ്റം’ എന്നീ രണ്ട് പ്രധാന വാക്കുകള്‍ എടുത്തുകാട്ടുകയും ചെയ്തു. സെമികണ്ടക്ടറുകളുടെ മൊത്തം ഇലക്ട്രോണിക് വിതരണശൃംഖലയെ പ്രതിനിധാനം ചെയ്യുന്ന ലോകമെമ്പാടുമുള്ള നൂറിലധികം സിഇഒമാരും സിഎക്‌സ്ഒമാരും ഒത്തുചേർന്ന് നടത്തുന്ന ചടങ്ങിന്റെ അഭൂതപൂർവമായ തോതിനെയും അദ്ദേഹം പരാമര്‍ശിച്ചു.


രാജ്യത്തിന്റെയും ലോകത്തിന്റെയും വ്യവസായത്തിന്റെയും മാനവികതയുടെയും പ്രയോജനത്തിനായി സെമികണ്ടക്ടര്‍ കേന്ദ്രം സൃഷ്ടിക്കുന്നതിനുള്ള യാത്രയില്‍ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാകാനുള്ള വ്യവസായത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടെന്ന നിലയില്‍ ഇന്ത്യയിലെ വളര്‍ച്ചയുടെ ക്രമാതീതമായ മാറ്റത്തിന്റെ മാതൃകയെ പരാമര്‍ശിച്ച്, ലോകത്തിലെ എല്ലാ വ്യവസായങ്ങള്‍ക്കും അതിലും പ്രധാനമായി മനുഷ്യരാശിക്കും അടിസ്ഥാനമാണ് സെമികണ്ടക്ടര്‍ വ്യവസായമെന്ന് ശ്രീ മനോച പറഞ്ഞു. ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങള്‍ക്കും ലോകത്തിലെ 8 ബില്യണ്‍ ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നതിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ടാറ്റ ഇലക്ട്രോണിക്സ് പ്രസിഡന്റും സിഇഒയുമായ ഡോ. രൺധീർ ഠാക്കുർ, ഈ ചരിത്രപരമായ ഒത്തുചേരൽ സാധ്യമാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുകയും സെമികണ്ടക്ടർ വ്യവസായത്തെ ഇന്ത്യൻ തീരത്തേക്കു കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുകയും ചെയ്തു. ഈ വർഷം മാർച്ച് 13 ന് ധോലേരയിൽ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ഫാബിന്റെയും അസമിലെ ജാഗിറോഡിൽ ആദ്യത്തെ തദ്ദേശീയ OSAT ഫാക്ടറിയുടെയും തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചത് അദ്ദേഹം അനുസ്മരിച്ചു. രണ്ട് പദ്ധതികൾക്കും റെക്കോർഡ് സമയത്തിനുള്ളിൽ ഗവണ്മെന്റിൽ നിന്ന് അംഗീകാരം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ത്വ​രിതഗതിയിൽ പ്രവർത്തിക്കുക എന്ന പ്രധാനമന്ത്രിയുടെ സന്ദേശത്തിന് അനുസൃതമായി പറയുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന മികച്ച അനുപാതത്തിനും സഹകരണത്തിനും അദ്ദേഹം അംഗീകാരം നൽകി. ചിപ്പ് നിർമാണത്തിൽ നിർണായകമായ 11 ആവാസവ്യവസ്ഥാമേഖലകളിലേക്ക് വെളിച്ചം വീശിയ ഡോ. ഠാക്കുർ, ഗവണ്മെന്റിന്റെ ശ്രമങ്ങളുടെ ഫലമായുള്ള സംവിധാനങ്ങൾ സെമികോൺ 2024  ഒരു കുടക്കീഴിൽ കൊണ്ടുവന്നതായി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ ആഗോള തലത്തിലുള്ള ഇടപെടലുകളും ഇന്ത്യയുടെ സെമികണ്ടക്ടർ ദൗത്യത്തിനുള്ള ഊന്നലും കൂടുതൽ വളർച്ചയ്ക്കായി ഈ രം​ഗത്തെ പങ്കാളികളുമായി സുപ്രധാന ഇടപെടൽ സ്ഥാപിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. സെമികണ്ടക്ടർ വ്യവസായം വികസി‌ത ഭാരതം 2047 എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനശിലയായി മാറുമെന്നും അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഗുണപരമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി. ഇന്ത്യയുടെ സെമികണ്ടക്ടർ സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിനും കാഴ്ചപ്പാടിനും നന്ദി പറഞ്ഞ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് “ഇതാണ് സമയം, ശരിയായ സമയം” എന്ന് അദ്ദേഹം പറഞ്ഞു.

NXP സെമികണ്ടക്ടർ സിഇഒ, കർട്ട് സീവേഴ്‌സ്, സെമികോൺ 2024ന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള ആവേശം പ്രകടിപ്പിക്കുകയും, ഈ പരിപാടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരിവർത്തന യാത്രയെ അടയാളപ്പെടുത്തുന്നുവെന്നു പറയുകയും ചെയ്തു. വിജയത്തിനുള്ള മൂന്ന് ഗുണങ്ങളായ അഭിലാഷം, വിശ്വാസം, സഹകരണം എന്നിവ എടുത്തുകാട്ടി, ഇന്നത്തെ പോലെയുള്ള പരിപാടി സഹകരണത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സാക്ഷ്യം വഹിച്ച പരിവർത്തനത്തിലേക്ക് വെളിച്ചം വീശിയ അദ്ദേഹം, ലോകത്തിനു വേണ്ടി മാത്രമല്ല, രാജ്യത്തിനു വേണ്ടിയും ഇന്ത്യയിൽ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നു പറഞ്ഞു. സെമികണ്ടക്ടർ വ്യവസായം മറ്റ് മേഖലകളിൽ ചെലുത്തുന്ന വർധിതഫലത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അടുത്ത കുറച്ച് വർഷങ്ങളിൽ അത് വളരെ ശക്തമായ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എൻഎക്‌സ്‌പിയുടെ ഗവേഷണ-വികസന ഉദ്യമങ്ങൾ ഒരു ബില്യൺ ഡോളറിനു മുകളിൽ എന്ന നിലയിൽ ഇരട്ടിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം അറിയിച്ചു. വ്യവസായങ്ങൾക്കു ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ആവശ്യമായ നവീകരണം, ജനാധിപത്യം, വിശ്വാസം എന്നീ മൂന്ന് ഘടകങ്ങൾ ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രിയെ അദ്ദേഹം പ്രശംസിച്ചു.

സെമികോൺ ഇന്ത്യ 2024 എന്ന ഇത്തരമൊരു വിജയകരവും മറക്കാനാകാത്തതുമായ പരിപാടിക്ക് റെനെസാസ് സിഇഒ ഹിദേട്ടോഷി ഷിബാറ്റ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ഇത്തരമൊരു പ്രശസ്തമായ സ്ഥാപനവുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ അസംബ്ലി, ടെസ്റ്റ് സൗകര്യങ്ങൾ ഗുജറാത്തിൽ സ്ഥാപിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൈലറ്റ്‌ലൈൻ നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം, ബംഗളൂരു, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും പ്രവർത്തന സാന്നിധ്യവും വിപുലീകരിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഇന്ത്യയ്ക്കും ആഗോള വിപണിക്കുമായി കൂടുതൽ മൂല്യവർധിത നൂതന സെമികണ്ടക്ടർ രൂപകൽപ്പനാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി അടുത്ത വർഷം ഏതെങ്കിലും സമയത്ത് ഇന്ത്യയിലെ ഹെഡ് കൗണ്ട് ഇരട്ടിയാക്കുമെന്നും അദ്ദേഹം പരാമർശിച്ചു. പ്രധാനമന്ത്രിയുടെ ലക്ഷ്യം യാഥാർഥ്യമാക്കാൻ സെമികണ്ടക്ടർ സാങ്കേതികവിദ്യ ഇന്ത്യയി​ലേക്കു കൊണ്ടുവരുന്നതിൽ അദ്ദേഹം ആവേശം പ്രകടിപ്പിച്ചു.

IMEC സിഇഒ ലൂക് വാൻ ഡെൻ ഹോവ്, സെമികോൺ 2024-ന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നേതൃത്വവും സെമികണ്ടക്ടർ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് വ്യക്തമായ പാത നൽകുമെന്നും പറഞ്ഞു. ദീർഘകാല ഗവേഷണ-വികസന തന്ത്രം സ്ഥാപിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത പരാമർശിച്ച്, വ്യവസായത്തിന് ഇത് വളരെ പ്രധാനമാണെന്ന് ഹോവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസനം കാംക്ഷിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ശക്തവും തന്ത്രപരവുമായ പങ്കാളിത്തം രൂപീകരിക്കാൻ IMEC തയ്യാറാണെന്ന് അദ്ദേഹം ഉറപ്പുനൽകി. വിശ്വസനീയമായ വിതരണശൃംഖലയുടെ ആവശ്യകത അടിവരയിട്ട്, “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനല്ലാത്തെ മറ്റാർക്കാണ് വിശ്വസ്ത പങ്കാളിയാകാൻ കഴിയുക” എന്ന് ഹോവ് ആരാഞ്ഞു.

****


(Release ID: 2053788) Visitor Counter : 66