ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

54-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ ശുപാർശകൾ

Posted On: 09 SEP 2024 7:57PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്റ്റംബർ 9, 2024

54-ാമത് ജിഎസ്ടി കൗൺസിൽ കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ഇന്ന് യോഗം ചേർന്നു.

കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി; ഗോവ, മേഘാലയ മുഖ്യമന്ത്രിമാർ; അരുണാചൽ പ്രദേശ്, ബിഹാർ, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാർ; സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ (നിയമനിർമ്മാണ സഭകൾ നിലവിലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലെ) ധന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. ധനകാര്യ മന്ത്രാലയത്തിലെയും സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും  ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു.

ജിഎസ്ടി നിരക്കിലെ മാറ്റങ്ങൾ, വ്യക്തിഗത ആശ്വാസം, വ്യാപാരം സുഗമമാക്കൽ, ജിഎസ്ടി നടപടിക്രമങ്ങൾ  കാര്യക്ഷമമാക്കൽ എന്നിവ സംബന്ധിച്ച ഇനിപ്പറയുന്ന ശുപാർശകൾ ജിഎസ്ടി കൗൺസിൽ യോഗം സമർപ്പിച്ചു.

A . ജിഎസ്ടി നിരക്കിലെ മാറ്റങ്ങൾ/വ്യക്തതകൾ:

ചരക്കുകൾ

1. മിക്സ്ചർ അടക്കമുള്ള ഏതാനും ലഘുഭക്ഷണങ്ങളുടെ ജി.എസ്.ടിയില്‍ കുറവ്

HS 1905 90 30-ന് കീഴിൽ വരുന്ന എക്‌സ്‌ട്രൂഷൻ പ്രക്രിയയിലൂടെ നിർമ്മിച്ച മിക്സ്ചർ അടക്കമുള്ള ഏതാനും ലഘുഭക്ഷണങ്ങളുടെ ജി.എസ്.ടിയില്‍ കുറവുവരുത്തി. നിരക്ക് 18% ൽ നിന്ന് 12% ആയി കുറയ്ക്കും. നംകീൻ, ഭുജിയ, മിക്സ്ചർ, ചബേന (പാക്ക് ചെയ്‌തതും ലേബൽ ചെയ്‌തതും) തുടങ്ങി എച്ച്എസ് 2106 90 പ്രകാരം തരംതിരിക്കാവുന്ന ലഘുഭക്ഷണങ്ങൾക്ക് തുല്യമായി നിരക്കാണ് ഇത്. എക്സ്ട്രൂഷൻ പ്രക്രിയയിലൂടെ നിർമ്മിക്കുന്ന വറുക്കാത്തതോ വേവിക്കാത്തതോ ആയ ലഘുഭക്ഷണങ്ങൾക്ക് 5% ജിഎസ്ടി നിരക്ക് തുടരും.

HS 1905 90 30-ന് കീഴിൽ വരുന്ന എക്‌സ്‌ട്രൂഷൻ പ്രക്രിയയിലൂടെ നിർമ്മിച്ച ലഘുഭക്ഷണങ്ങളിൽ വറുക്കാത്തതോ വേവിക്കാത്തതോ ആയ ലഘുഭക്ഷണങ്ങൾ ഒഴികെയുള്ളവയ്ക്ക് 12%  ജിഎസ്‌ടി നിരക്ക്  ഇനി മുതൽ ബാധകമായിരിക്കും.

2. കാൻസർ മരുന്നുകൾ

ക്യാൻസർ മരുന്നുകളായ Trastuzumab, Deruxtecan, Osimertinib, Durvalumab എന്നിവയുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.

3. മെറ്റൽ സ്ക്രാപ്പ്

റിവേഴ്‌സ് ചാർജ് സംവിധാനം (Reverse Charge Mechanism-RCM) കൊണ്ടുവന്നു. രജിസ്റ്റർ ചെയ്യാത്ത വ്യക്തി, രജിസ്റ്റർ ചെയ്ത വ്യക്തിക്ക് മെറ്റൽ സ്ക്രാപ്പ് വിതരണം ചെയ്യുമ്പോൾ, വിതരണക്കാരൻ നിശ്ചിത പരിധിക്ക് ശേഷം രജിസ്ട്രേഷൻ എടുക്കുകയും പരിധിക്ക് താഴെയാണെങ്കിൽ പോലും RCM പ്രകാരം അടയ്ക്കാൻ ബാധ്യസ്ഥനായ സ്വീകർത്താവ് നികുതി നൽകുകയും വേണം.
 
 B to B വിതരണത്തിൽ രജിസ്റ്റർ ചെയ്ത വ്യക്തി മെറ്റൽ സ്ക്രാപ്പ് വിതരണം ചെയ്യുമ്പോൾ 2% TDS ബാധകമാകും.

4. റൂഫ് മൗണ്ടഡ് പാക്കേജ് യൂണിറ്റ് (RMPU) റെയിൽവേയ്ക്കുള്ള എയർ കണ്ടീഷനിംഗ് മെഷീനുകൾ

HSN 8415ന് കീഴിൽ വരുന്ന റെയിൽവേയ്‌ക്കായുള്ള റൂഫ് മൗണ്ടഡ് പാക്കേജ് യൂണിറ്റ് (RMPU) എയർ കണ്ടീഷനിംഗ് മെഷീനുകൾക്ക്  28% ജിഎസ്ടി നിരക്ക്.

5. കാർ, മോട്ടോർ സൈക്കിൾ സീറ്റുകൾ

കാർ സീറ്റുകൾക്ക് 9401-ന് കീഴിൽ 18% GST നിരക്ക് ഈടാക്കുന്നു

9401-ന് കീഴിൽ വരുന്ന കാർ സീറ്റുകളുടെ ജിഎസ്ടി നിരക്ക് 18% ൽ നിന്ന് 28% ആയി ഉയർത്തും. 28% ജിഎസ്ടി നിരക്കുള്ള മോട്ടോർസൈക്കിൾ സീറ്റുകളുമായി തുല്യത. കാർ സീറ്റുകൾക്ക് ഏകീകൃത നിരക്ക് ആയ 28% ഇനി മുതൽ ബാധകമായിരിക്കും.

സേവനങ്ങൾ

1. ലൈഫ് & ആരോഗ്യ ഇൻഷുറൻസ്

ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമഗ്രമായി പരിശോധിക്കാൻ മന്ത്രിതല സമിതി (GoM) രൂപീകരിക്കാൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തു. ബീഹാർ, യുപി, പശ്ചിമ ബംഗാൾ, കർണാടക, കേരളം, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, മേഘാലയ, ഗോവ, തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മന്ത്രിതല സമിതിയിലെ അംഗങ്ങൾ. 2024 ഒക്‌ടോബർ അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിതല സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.

2. ഹെലികോപ്റ്റർ ഗതാഗതം

സീറ്റ് ഷെയർ അടിസ്ഥാനത്തിൽ ഹെലികോപ്റ്ററുകളിലെ യാത്രാ ഗതാഗതത്തിന് 5% ജിഎസ്ടി ഏർപ്പെടുത്തി.  കഴിഞ്ഞ കാലയളവിലെ ജിഎസ്ടി 'തൽസ്ഥിതി' രീതിയിൽ ക്രമപ്പെടുത്തും. ചാർട്ടേഡ് ഹെലികോപ്റ്ററിൻ്റെ ജിഎസ്ടി നിരക്ക് 18%മായി തുടരും.

3. ഫ്ലൈയിംഗ് പരിശീലന കോഴ്സുകൾ

DGCA അംഗീകൃത ഫ്‌ളയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകൾ (FTOs) നടത്തുന്ന അംഗീകൃത ഫ്‌ളയിംഗ് ട്രെയിനിംഗ് കോഴ്‌സുകളെ ജിഎസ്ടി യിൽ നിന്ന് ഒഴിവാക്കി.

4 . ഗവേഷണ വികസന സേവനങ്ങളുടെ വിതരണം

ഗവൺമെൻ്റ് സ്ഥാപനങ്ങളുടെ ഗവേഷണ വികസന സേവനങ്ങളുടെ വിതരണത്തിൽ ജിഎസ്ടി ഒഴിവാക്കാൻ  കൗൺസിൽ ശുപാർശ ചെയ്തു; സർക്കാർ അല്ലെങ്കിൽ സ്വകാര്യ ഗ്രാൻ്റുകൾ ഉപയോഗിക്കുന്ന 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 35-ലെ ഉപവകുപ്പ് (1)-ലെ നിബന്ധന (ii) (iii) പ്രകാരം വിജ്ഞാപനം ചെയ്ത ഗവേഷണ അസോസിയേഷൻ, സർവ്വകലാശാല, കോളേജ്, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകം. കഴിഞ്ഞ കാലയളവിലെ ജിഎസ്ടി 'തൽസ്ഥിതി' രീതിയിൽ ക്രമപ്പെടുത്തും

5. പ്രിഫെറെൻഷ്യൽ ലൊക്കേഷൻ നിരക്കുകൾ (PLC)

പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പുള്ള പാർപ്പിട/വാണിജ്യ/വ്യാവസായിക സമുച്ചയത്തിൻ്റെ നിർമ്മാണ സേവനങ്ങൾക്കുള്ള ലൊക്കേഷൻ നിരക്കുകൾ അഥവാ മുൻഗണനാ ലൊക്കേഷൻ നിരക്കുകൾ (PLC) പ്രധാന സേവനമായ നിർമ്മാണ സേവനങ്ങളുടെ ഭാഗമായി കണക്കാക്കും - PLCക്ക്  സ്വാഭാവികമായും പ്രധാന വിതരണമായ നിർമ്മാണ സേവനത്തിൻ്റെ അതേ നികുതിബാധകമാകും.

6. അഫിലിയേഷൻ സേവനങ്ങൾ

i. സിബിഎസ്ഇ പോലുള്ള വിദ്യാഭ്യാസ ബോർഡുകൾ നൽകുന്ന അഫിലിയേഷൻ സേവനങ്ങൾക്ക് നികുതി ബാധകമാകും. സംസ്ഥാന/കേന്ദ്ര വിദ്യാഭ്യാസ ബോർഡുകൾ, വിദ്യാഭ്യാസ കൗൺസിലുകൾ, മറ്റ് സമാനമായ സ്ഥാപനങ്ങൾ എന്നിവ സർക്കാർ സ്കൂളുകൾക്ക് നൽകുന്ന അഫിലിയേഷൻ സേവനങ്ങൾക്ക് മേലിൽ ബാധകം അല്ല. 01.07.2017 മുതൽ 17.06.2021 വരെയുള്ള കാലയളവിലെ നികുതി 'തൽസ്ഥിതി' അടിസ്ഥാനത്തിൽ ക്രമപ്പെടുത്തും.

ii. 28.06.2017-ലെ 12/2017-സി.ടി.(ആർ) വിജ്ഞാപനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള ഇളവുകളുടെ പരിധിയിൽ സർവകലാശാലകൾ അവയുടെ കീഴിലുള്ള കോളേജുകൾക്ക് നൽകുന്ന അഫിലിയേഷൻ സേവനങ്ങൾ ഉൾപ്പെടുന്നില്ലെന്ന്  വ്യക്തമാക്കുന്നു. സർവകലാശാലകൾ നൽകുന്ന അഫിലിയേഷൻ സേവനങ്ങൾക്ക് 18% നിരക്ക് ബാധകമാണ്.

7. ബ്രാഞ്ച് ഓഫീസ് വഴിയുള്ള സേവന ഇറക്കുമതി

ഒരു വിദേശ എയർലൈൻ കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തിയിൽ നിന്നോ ഇന്ത്യക്ക് പുറത്തുള്ള സ്ഥാപനത്തിൽ നിന്നോ നടത്തുന്ന സേവനങ്ങളുടെ ഇറക്കുമതിയ്ക്ക്  ഇളവ്. കഴിഞ്ഞ കാലയളവിലെ ജിഎസ്ടി യിൽ 'തൽസ്ഥിതി' രീതിയിൽ ക്രമപ്പെടുത്തും

 8. വാണിജ്യ വസ്തുവിൻ്റെ വാടക

രജിസ്റ്റർ ചെയ്യാത്ത വ്യക്തി ഒരു രജിസ്റ്റർ ചെയ്ത വ്യക്തിക്ക് വാണിജ്യ സ്വത്ത് വാടകയ്ക്ക് കൊടുക്കുമ്പോഴുള്ള  
വരുമാന ചോർച്ച തടയാൻ റിവേഴ്സ് ചാർജ് സംവിധാനം (RCM).

 9. അനുബന്ധ/ഇൻ്റർമീഡിയറ്റ് സേവനങ്ങൾ GTA നൽകുന്നു

റോഡ് വഴിയുള്ള ചരക്ക് ഗതാഗതത്തിൽ GTA അനുബന്ധ/ഇൻ്റർമീഡിയറ്റ് സേവനങ്ങൾ നൽകുമ്പോഴും, GTA ചരക്ക് കുറിപ്പ് നൽകുമ്പോഴും, ആ സേവനം ഒരു സംയോജിത വിതരണമായി കണക്കാക്കുകയും, ലോഡിംഗ്/അൺലോഡിംഗ്, പാക്കിംഗ്/അൺപാക്കിംഗ്, ട്രാൻസ്ഷിപ്പ്മെൻ്റ്, താത്കാലിക വെയർഹൗസിംഗ് തുടങ്ങിയ എല്ലാ അനുബന്ധ/ഇൻ്റർമീഡിയറ്റ് സേവനങ്ങളും അതിൽ ഉൾപ്പെടുകയും ചെയ്യും. ചരക്ക് ഗതാഗത സമയത്ത് അത്തരം സേവനങ്ങളും പ്രത്യേകം ഇൻവോയ്സും നൽകിയില്ലെങ്കിൽ, ഈ സേവനങ്ങളെ ചരക്ക് ഗതാഗതത്തിൻ്റെ സംയോജിത വിതരണമായി കണക്കാക്കില്ല.

മറ്റ് മാറ്റങ്ങൾ

10. പ്രിൻസിപ്പൽ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സിനിമാ വിതരണക്കാരോ ഉപവിതരണക്കാരോ സിനിമകൾ ഏറ്റെടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും 01.10.2021-ന് മുമ്പുള്ള കാലയളവിലെ ജിഎസ്ടി 'തൽസ്ഥിതി' രീതിയിൽ ക്രമപ്പെടുത്തും.  
 

11.  ഉപഭോക്താക്കൾക്ക് ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ യൂട്ടിലിറ്റികൾ വഴി വൈദ്യുതി പ്രസരണ വിതരണ സേവനങ്ങളെ ഒരു സംയോജിത വിതരണമായി കണക്കാക്കി, വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള അപേക്ഷാ ഫീസ്, വൈദ്യുതി മീറ്ററിൻ്റെ വാടക നിരക്കുകൾ, മീറ്ററുകൾ/ ട്രാൻസ്ഫോർമറുകൾ/കപ്പാസിറ്ററുകൾ എന്നിവയ്ക്കുള്ള ടെസ്റ്റിംഗ് ഫീസ്, മീറ്ററുകൾ/സർവീസ് ലൈനുകൾ മാറ്റുന്നതിനുള്ള ഉപഭോക്താക്കളിൽ നിന്നുള്ള ലേബർ ചാർജുകൾ, ഡ്യൂപ്ലിക്കേറ്റ് ബില്ലുകളുടെ ചാർജുകൾ തുടങ്ങിയ സേവനങ്ങളുടെ നികുതി ഒഴിവാക്കും. മുമ്പുള്ള കാലയളവിലെ ജിഎസ്ടി 'തൽസ്ഥിതി' രീതിയിൽ ക്രമപ്പെടുത്തും. 


B. വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികൾ:

1. 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ CGST നിയമം, 2017-ലെ വകുപ്പ് 73, 128A പ്രകാരം, നികുതിയുടെ കാര്യത്തിൽ, പലിശയോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ഒഴിവാക്കുന്നതിനുള്ള നടപടിക്രമവും വ്യവസ്ഥകളും:

CGST നിയമത്തിലെ സെക്ഷൻ 73 പ്രകാരമുള്ള, നികുതിയുമായി ബന്ധപ്പെട്ട, പലിശയോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ഒഴിവാക്കുന്നതിൻ്റെ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും ബന്ധപ്പെട്ട ഫോമുകൾക്കൊപ്പം  2017 CGST ചട്ടങ്ങളിലെ, ചട്ടം 164 ൽ ഉൾപ്പെടുത്താൻ GST കൗൺസിൽ ശുപാർശ ചെയ്തു. ഇത് CGST നിയമത്തിലെ സെക്ഷൻ 128A പ്രകാരം 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലേക്ക് ആയിരിക്കും. CGST നിയമത്തിലെ സെക്ഷൻ 128A പ്രകാരം പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിന്, രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് നികുതി അടയ്‌ക്കേണ്ട തീയതി 31.03.2025 ആയി നിജപ്പെടുത്താനും CGST നിയമത്തിലെ സെക്ഷൻ 128A-ൻ്റെ ഉപവകുപ്പ് (1) പ്രകാരം അറിയിക്കാനും കൗൺസിൽ ശുപാർശ ചെയ്തു. CGST നിയമത്തിലെ സെക്ഷൻ 128A പ്രകാരമുള്ള പലിശയോ പിഴയോ അല്ലെങ്കിൽ അവ രണ്ടുമോ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ വ്യക്തമാക്കുന്നതിന് ഒരു സർക്കുലർ പുറപ്പെടുവിക്കാനും കൗൺസിൽ ശുപാർശ ചെയ്തു. 2017ലെ CGST നിയമത്തിലെ സെക്ഷൻ 128A ഉൾപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഫിനാൻസ് (നമ്പർ 2) നിയമം, 2024 ലെ സെക്ഷൻ 146, 01.11.2024 മുതൽ പ്രാബല്യത്തിനും കൗൺസിൽ ശുപാർശ ചെയ്തു.

2. CGST നിയമം, 2017-ൻ്റെ സെക്ഷൻ 16-ൽ പുതുതായി ഉൾപ്പെടുത്തിയ ഉപവകുപ്പ്  (5), ഉപവകുപ്പ് (6) എന്നിവ നടപ്പിലാക്കുന്നതിനുള്ള സംവിധാനം:

2017ലെ സിജിഎസ്ടി നിയമത്തിന്റെ സെക്ഷൻ 16-ൽ ഉപവകുപ്പ് (5), ഉപവകുപ്പ് (6) എന്നിവ മുൻകാല പ്രാബല്യത്തിലോടെ 01.07.2017 മുതൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ധനകാര്യ (നമ്പർ 2) നിയമത്തിലെ 2024-ലെ സെക്ഷൻ 118, 150 എന്നിവ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തു. എത്രയും വേഗം വിജ്ഞാപനം നൽകണം.

2017-ലെ സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 16-ലെ ഉപവകുപ്പ് (5), ഉപവകുപ്പ് (6) എന്നിവയിലെ പ്രസ്തുത വ്യവസ്ഥകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വിവിധ പ്രശ്നങ്ങളും വ്യക്തമാക്കുന്നതിന് ഒരു സർക്കുലർ പുറപ്പെടുവിക്കാനും കൗൺസിൽ ശുപാർശ ചെയ്തു.

3. CGST ചട്ടങ്ങൾ, 2017 ലെ ചട്ടം 89, ചട്ടം 96 എന്നിവയിലെ ഭേദഗതികൾ; 2017 ലെ CGST ചട്ടങ്ങളിലെ ചട്ടം 96(10) പ്രകാരം വ്യക്തമാക്കിയ ഇളവുകൾ/ഇളവ് സംബന്ധിച്ച വിജ്ഞാപന പ്രകാരം ഉപയോഗിച്ച കയറ്റുമതി IGST റീഫണ്ടുകൾ സംബന്ധിച്ച് വ്യക്തത:

13.10.2017-ലെ വിജ്ഞാപനം നമ്പർ 78/2017-കസ്റ്റംസ് അഥവാ 13.10.2017-ലെ വിജ്ഞാപനം നമ്പർ 79/2017 വിജ്ഞാപനത്തിന് കീഴിലുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി, സംയോജിത നികുതിയും നഷ്ടപരിഹാര സെസും നൽകാതെ ആദ്യം ഇറക്കുമതി ചെയ്തത് എവിടെയാണെന്ന് വ്യക്തമാക്കാൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തു. എന്നാൽ അത്തരം ഇറക്കുമതി ചെയ്ത ഇൻപുട്ടുകൾക്ക് IGST യും നഷ്ടപരിഹാര സെസ്സും ബാധകമായ പലിശ സഹിതം പിന്നീട്‌ നൽകി, പ്രസ്തുത ഇൻപുട്ടുകളുടെ ഇറക്കുമതി സംബന്ധിച്ച എൻട്രി ബിൽ അധികാരപരിധിയിലുള്ള കസ്റ്റംസ് അധികാരികൾ മുഖേന വീണ്ടും വിലയിരുത്തുകയാണെങ്കിൽ, പ്രസ്തുത കയറ്റുമതിക്കുള്ള IGST റീഫണ്ട് നൽകുന്നത് CGST ചട്ടങ്ങളുടെ ചട്ടം 96-ലെ ഉപ-ചട്ടം (10) വ്യവസ്ഥകൾക്ക് വിരുദ്ധമായി കണക്കാക്കില്ല.

കൂടാതെ, 2017 CGSTചട്ടങ്ങളുടെ ചട്ടം 96(10), ചട്ടം 89(4A) & ചട്ടം 89(4B) പ്രകാരം കയറ്റുമതിയിലെ റീഫണ്ട് സംബന്ധിച്ച നിയന്ത്രണം മൂലം കയറ്റുമതിക്കാർ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത്, ഇൻപുട്ടുകളിൽ നിർദ്ദിഷ്‌ട ഇളവ്/ഒഴിവ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, 2017ലെ CGST ചട്ടങ്ങളിൽ നിന്ന് ചട്ടം 96(10), ചട്ടം 89(4A), ചട്ടം 89(4B) എന്നിവ ഒഴിവാക്കാൻ കൗൺസിൽ ശുപാർശ ചെയ്തു. ഇത് റീഫണ്ടുകൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും.

4. ചില വിഷയങ്ങളിലെ അവ്യക്തതയും നിയമപരമായ തർക്കങ്ങളും നീക്കം ചെയ്യുന്നതിനായി സർക്കുലറുകളിലൂടെ വ്യക്തത നൽകൽ:

ഫീൽഡ് ഫോർമേഷനുകളിലെ വ്യത്യസ്ത വ്യാഖ്യാനങ്ങൾ കാരണം ഇനിപ്പറയുന്ന പ്രശ്നങ്ങളിൽ ഉയർന്നുവരുന്ന സംശയങ്ങളും അവ്യക്തതകളും ഇല്ലാതാക്കാൻ സർക്കുലറുകൾ പുറപ്പെടുവിക്കാൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തു:

i. ഇന്ത്യൻ പരസ്യ കമ്പനികൾ വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന പരസ്യ സേവനങ്ങളുടെ വിതരണ സ്ഥലത്തെക്കുറിച്ചുള്ള വ്യക്തത.

ii. വാഹന നിർമ്മാതാക്കളുടെ ഡീലർമാർ ഡെമോ വാഹനങ്ങളുമായി ബന്ധപ്പെട്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച വ്യക്തത.

iii. ഇന്ത്യയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവന ദാതാക്കൾക്ക് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സേവന ദാതാക്കൾ നൽകുന്ന ഡാറ്റ ഹോസ്റ്റിംഗ് സേവനങ്ങളുടെ വിതരണ സ്ഥലത്തെക്കുറിച്ചുള്ള വ്യക്തത.

5. 2017 ലെ CGST ചട്ടങ്ങളിലെ ചില വ്യവസ്ഥകളിൽ ഭേദഗതികളും കൗൺസിൽ ശുപാർശ ചെയ്തു.

C. മറ്റ് നടപടികൾ:

1. B2C E -ഇൻവോയ്സിംഗ്:


B2B മേഖലയിൽ ഇ-ഇൻവോയ്‌സിംഗ് വിജയകരമായി നടപ്പാക്കിയതിന് പിന്നാലെ B2C  ഇ-ഇൻവോയ്‌സിങ്ങിനുള്ള പരീക്ഷണ മാതൃക പുറത്തിറക്കാൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തു. മെച്ചപ്പെട്ട ബിസിനസ് കാര്യക്ഷമത, പരിസ്ഥിതി സൗഹാർദ്ദം, ബിസിനസ് ചെലവ് കാര്യക്ഷമത തുടങ്ങി റീട്ടെയിൽ ഇ-ഇൻവോയ്‌സിംഗിൻ്റെ നേട്ടങ്ങൾ കൗൺസിൽ അംഗീകരിച്ചു.

ജിഎസ്ടി റിട്ടേണിലെ ഇൻവോയ്‌സിൻ്റെ റിപ്പോർട്ടിംഗ് പരിശോധിക്കാൻ റീട്ടെയിൽ ഉപഭോക്താക്കൾക്ക് ഇത് അവസരമൊരുക്കും. തിരഞ്ഞെടുത്ത മേഖലകളിലും സംസ്ഥാനങ്ങളിലും പരീക്ഷണ മാതൃക നടപ്പിലാക്കും.

2. ഇൻവോയ്സ് മാനേജ്മെൻ്റ് സംവിധാനങ്ങളും പുതിയ ലെഡ്ജറുകളും:

നിലവിലുള്ള ജിഎസ്ടി റിട്ടേൺ വ്യവസ്ഥകളിൽ വരുത്തുന്ന മെച്ചപ്പെടുത്തൽ സംബന്ധിച്ച അജണ്ടയും കൗൺസിൽ പരിഗണിച്ചു. ഈ മെച്ചപ്പെടുത്തലുകളിൽ റിവേഴ്സ് ചാർജ് മെക്കാനിസം (RCM) ലെഡ്ജർ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റീക്ലെയിം ലെഡ്ജർ, ഇൻവോയ്സ് മാനേജ്മെൻ്റ് സംവിധാനം (IMS) എന്നിവ ഉൾപ്പെടുന്നു. നികുതിദായകർക്ക് 2024 ഒക്ടോബർ 31-നകം ഈ ലെഡ്ജറുകൾക്കായി അവരുടെ ഓപ്പണിംഗ് ബാലൻസ് പ്രഖ്യാപിക്കാനുള്ള അവസരം നൽകും.

ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതിനായി ഇൻവോയ്‌സുകൾ സ്വീകരിക്കാനോ നിരസിക്കാനോ തീർപ്പ് കൽപ്പിക്കാതെ വയ്ക്കാനോ നികുതിദായകരെ IMS അനുവദിക്കും. നികുതിദായകർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിലെ പിശകുകൾ കുറയ്ക്കുന്നതിനും അനുവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സൗകര്യമായിരിക്കും ഇത്. റിട്ടേണുകളിൽ ഐടിസി പൊരുത്തക്കേട് കാരണം പുറപ്പെടുവിച്ച നോട്ടീസുകൾ ഇതിലൂടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

കുറിപ്പ്: ജിഎസ്ടി കൗൺസിലിൻ്റെ ശുപാർശകളും പ്രധാന തീരുമാനങ്ങളും ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രസക്തമായ സർക്കുലറുകൾ / വിജ്ഞാപനങ്ങൾ / നിയമ ഭേദഗതികൾ എന്നിവയിലൂടെ ഇത് പ്രാബല്യത്തിൽ വരും.

 

***************************************************

 


(Release ID: 2053471) Visitor Counter : 138