റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ദേശീയ പാതയിൽ തടസ്സങ്ങളില്ലാതെ ഗതാഗതം ഉറപ്പാക്കുന്നതിന് എൻഎച്ച്എഐ, ജിഐഎസ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 100 ടോൾ പ്ലാസകൾ ട്രാക്ക് ചെയ്യും  

Posted On: 02 SEP 2024 4:53PM by PIB Thiruvananthpuram


ന്യൂഡൽഹി : സെപ്റ്റംബർ 2, 2024

ടോൾ പ്ലാസകളിൽ സമയ നഷ്ടമില്ലാതെയുള്ള   ഗതാഗതം ഉറപ്പാക്കുന്നതിന് , നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള കമ്പനിയായ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് (IHMCL), ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയത്തിൻ്റെ തൽസമയ നിരീക്ഷണത്തിനായി, ജിഐഎസ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തുടക്കത്തിൽ, വെബ് അധിഷ്‌ഠിത സോഫ്‌റ്റ്‌വെയറിൽ തത്സമയ നിരീക്ഷണത്തിനായി NHAI ഏകദേശം 100 ടോൾ പ്ലാസകൾ തെരഞ്ഞെടുത്തിട്ടുണ്ട് . ഗതാഗത തിരക്ക് സംബന്ധിച്ച് 1033 നാഷണൽ ഹൈവേ ഹെൽപ്പ്‌ലൈൻ വഴി ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ ടോൾ പ്ലാസകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഘട്ടംഘട്ടമായി കൂടുതൽ ടോൾ പ്ലാസകളിലേക്ക് നിരീക്ഷണ സേവനം വ്യാപിപ്പിക്കും.  

ടോൾ പ്ലാസയുടെ പേരും സ്ഥലവും നൽകുന്നതിന് പുറമെ, വാഹനങ്ങളുടെ വരിയുടെ നീളം (മീറ്ററിൽ ),തത്സമയ നില, ടോൾ പ്ലാസയിലെ മൊത്തം കാത്തിരിപ്പ് സമയം, വാഹന വേഗത എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സോഫ്റ്റ്‌വെയർ ലഭ്യമാക്കും. ടോൾ പ്ലാസയിൽ വാഹനങ്ങളുടെ തിരക്ക് നിശ്ചിത പരിധിയേക്കാൾ കൂടുതലാണെങ്കിൽ, തിരക്ക് സംബന്ധിച്ച മുന്നറിയിപ്പും ഇത് നൽകും.

ടോൾ പ്ലാസകൾ, വെബ് അധിഷ്‌ഠിത സോഫ്‌റ്റ്‌വെയറിൽ രാജ്യത്തുടനീളമുള്ള ബന്ധപ്പെട്ട NHAI ഫീൽഡ് ഓഫീസുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു . ടോൾ പ്ലാസകളിലെ ഗതാഗത തിരക്ക് മണിക്കൂർ, ദിവസേന, പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തിൽ സ്ഥിതിവിവരക്കണക്കുകളിലൂടെ വിശകലനം ചെയ്യാൻ ഈ സോഫ്റ്റ്‌വെയർ NHAI ഉദ്യോഗസ്ഥരെ സഹായിക്കും.

കൂടാതെ, നിലവിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും പ്രാദേശിക ഉത്സവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സോഫ്റ്റ്‌വെയർ നൽകും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനും മുൻകൂർ നടപടികൾ സ്വീകരിക്കാൻ ദേശീയപാത ഉദ്യോഗസ്ഥരെ ഇത് പ്രാപ്തരാക്കും .

ദേശീയപാത ഉപയോക്താക്കൾക്ക്,രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിലെ തൽസമയ നിരീക്ഷണവും ട്രാക്കിംഗ് സംവിധാനവും വഴി തടസ്സമില്ലാതെ ടോൾ നൽകുന്നതിനും സുഗമമായ യാത്രയ്‌ക്കും ഇതിലൂടെ അവസരം ലഭിക്കും

 
 


(Release ID: 2050945) Visitor Counter : 37