മന്ത്രിസഭ
ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ 31 സ്റ്റേഷനുകളും 44.65 കിലോമീറ്റർ നീളവുമുള്ള രണ്ട് ഇടനാഴികൾക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം
2029-ഓടെ പ്രവർത്തനക്ഷമമാകുന്ന മൂന്നാം ഘട്ടത്തിൻ്റെ മൊത്തം പദ്ധതിപൂർത്തീകരണ ചെലവ് 15,611 കോടി രൂപ
ജെപി നഗർ നാലാം ഭാഗം മുതൽ കെമ്പാപുര വരെയുള്ള പടിഞ്ഞാറൻ ഔട്ടർ റിങ് റോഡ് ഇടനാഴി-1ന് 21 സ്റ്റേഷനുകളും 32.15 കിലോമീറ്റർ ദൈർഘ്യവും
ഹൊസഹള്ളി മുതൽ കടബാഗെരെ വരെ മഗഡി റോഡിലൂടെയുള്ള ഇടനാഴി-2ന് 12.50 കിലോമീറ്റർ നീളത്തിൽ 9 സ്റ്റേഷനുകൾ
ബെംഗളൂരു നഗരത്തിൽ വരുന്നത് 220.20 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ റെയിൽ ശൃംഖല
പ്രധാന ഐടി ക്ലസ്റ്ററുകളെയും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സമ്പർക്കസൗകര്യങ്ങളെയും കൂട്ടിയിണക്കുന്ന തുടർച്ചയായ സംവിധാനമായി വിമാനത്താവളത്തിലേക്കും കിഴക്കൻ ഔട്ടർ റിങ് റോഡിലേക്കും സമ്പർക്കസൗകര്യം
Posted On:
16 AUG 2024 8:08PM by PIB Thiruvananthpuram
2029-ഓടെ പ്രവർത്തനക്ഷമമാകുന്ന മൂന്നാം ഘട്ടത്തിൻ്റെ മൊത്തം പദ്ധതിപൂർത്തീകരണ ചെലവ് 15,611 കോടി രൂപ
ജെപി നഗർ നാലാം ഭാഗം മുതൽ കെമ്പാപുര വരെയുള്ള പടിഞ്ഞാറൻ ഔട്ടർ റിങ് റോഡ് ഇടനാഴി-1ന് 21 സ്റ്റേഷനുകളും 32.15 കിലോമീറ്റർ ദൈർഘ്യവും
ഹൊസഹള്ളി മുതൽ കടബാഗെരെ വരെ മഗഡി റോഡിലൂടെയുള്ള ഇടനാഴി-2ന് 12.50 കിലോമീറ്റർ നീളത്തിൽ 9 സ്റ്റേഷനുകൾ
ബെംഗളൂരു നഗരത്തിൽ വരുന്നത് 220.20 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ റെയിൽ ശൃംഖല
പ്രധാന ഐടി ക്ലസ്റ്ററുകളെയും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സമ്പർക്കസൗകര്യങ്ങളെയും കൂട്ടിയിണക്കുന്ന തുടർച്ചയായ സംവിധാനമായി വിമാനത്താവളത്തിലേക്കും കിഴക്കൻ ഔട്ടർ റിങ് റോഡിലേക്കും സമ്പർക്കസൗകര്യം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, 31 സ്റ്റേഷനുകളും 44.65 കിലോമീറ്റർ നീളവുമുള്ള ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ രണ്ട് ഇടനാഴികൾക്ക് അംഗീകാരം നൽകി. ജെപി നഗർ നാലാം ഭാഗം മുതൽ കെമ്പാപുര വരെയുള്ള പടിഞ്ഞാറൻ ഔട്ടർ റിങ് റോഡ് ഇടനാഴി-1ന് 21 സ്റ്റേഷനുകളും 32.15 കിലോമീറ്റർ ദൈർഘ്യവുമുണ്ട്. ഹൊസഹള്ളി മുതൽ കടബാഗെരെ വരെ മഗഡി റോഡിലൂടെയുള്ള 12.50 കിലോമീറ്റർ നീളത്തിലുള്ള ഇടനാഴി-2ന് 9 സ്റ്റേഷനുകളുണ്ട്.
മൂന്നാം ഘട്ടം പ്രവർത്തനക്ഷമമാകുന്നതോടെ ബെംഗളൂരു നഗരത്തിൽ 220.20 കിലോമീറ്ററിൽ സജീവ മെട്രോ റെയിൽ ശൃംഖല സംജാതമാകും.
15,611 കോടി രൂപയാണ് പദ്ധതിയുടെ പൂർത്തീകരണ ചെലവ്.
പദ്ധതിയുടെ നേട്ടങ്ങൾ:
ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടം നഗരത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിലെ ഗണ്യമായ പുരോഗതിയെ പ്രതിനിധാനം ചെയ്യുന്നു. നഗരത്തിലെ മെട്രോ റെയിൽ ശൃംഖലയുടെ പ്രധാന വിപുലീകരണമായി മൂന്നാം ഘട്ടം പ്രവർത്തിക്കുന്നു.
മെച്ചപ്പെട്ട സമ്പർക്കസൗകര്യം:
മൂന്നാംഘട്ടത്തിൽ, ബെംഗളൂരു നഗരത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്തെ ബന്ധിപ്പിക്കുന്ന ഏകദേശം 44.65 കിലോമീറ്റർ പുതിയ മെട്രോ പാത കൂട്ടിച്ചേർക്കും. നേരത്തെ ഈ മേഖലയിൽ പാതാദൈർഘ്യം കുറവായിരുന്നു. പീനിയ വ്യാവസായിക മേഖല, ബന്നാർഘട്ട റോഡിലെയും ഔട്ടർ റിങ് റോഡിലെയും ഐടി വ്യവസായങ്ങൾ, തുമക്കൂരു റോഡിലെ ടെക്സ്റ്റൈൽ-എൻജിനിയറിങ് ഉൽപ്പാദന യൂണിറ്റുകൾ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), PES പോലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന നഗരത്തിലെ പ്രധാന മേഖലകൾ മൂന്നാം ഘട്ടത്തിൽ സംയോജിപ്പിക്കും. യൂണിവേഴ്‌സിറ്റി, അംബേദ്കർ കോളേജ്, പോളിടെക്‌നിക് കോളേജ്, കെഎൽഇ കോളേജ്, ദയാനന്ദസാഗർ സർവകലാശാല, ഐടിഐ മുതലായവയും ഈ ഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. മൂന്നാം ഘട്ട ഇടനാഴികൾ നഗരത്തിൻ്റെ തെക്കൻ ഭാഗം, പടിഞ്ഞാറൻ ഔട്ടർ റിങ് റോഡ്, മഗഡി റോഡ്, വിവിധ അയൽപ്രദേശങ്ങൾ എന്നിവയിലേക്കും യാത്രാസൗകര്യമൊരുക്കുന്നു. ഇത് നഗരത്തിലെ മൊത്തത്തിലുള്ള യാത്രാസൗകര്യം വർദ്ധിപ്പിക്കും. വാണിജ്യ - വ്യാവസായിക കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയിലേക്കുള്ള സാർവത്രിക എത്തിച്ചേരൽ മെച്ചപ്പെടുത്തുന്നത് പ്രദേശവാസികൾക്കു മെച്ചപ്പെട്ട പ്രവേശനം സുഗമമാക്കും.
ഗതാഗതക്കുരുക്ക് കുറയ്ക്കും:
റോഡ് ഗതാഗതത്തിനു കാര്യക്ഷമമായ ബദൽ എന്ന നിലയിൽ ബെംഗളൂരു നഗരത്തിലെ മെട്രോ റെയിൽ ശൃംഖല, മൂന്നാം ഘട്ടത്തിലൂടെയും ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല പടിഞ്ഞാറൻ ഔട്ടർ റിങ് റോഡ്, മഗഡി റോഡ്, നഗരത്തിലെ മറ്റ് പ്രധാന റോഡുകൾ എന്നിങ്ങനെ തിരക്കേറിയ പാതകളിൽ പ്രത്യേകിച്ചും ഇത് സ്വാധീനം ചെലുത്തും. റോഡ് ഗതാഗതം കുറയുന്നത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും യാത്രാ സമയം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.
പാരിസ്ഥിതിക നേട്ടങ്ങൾ:
മൂന്നാം ഘട്ട മെട്രോ റെയിൽ പദ്ധതിയുടെ കൂട്ടിച്ചേർക്കലും ബെംഗളൂരു നഗരത്തിലെ മൊത്തത്തിലുള്ള മെട്രോ റെയിൽ ശൃംഖലയിലെ വർദ്ധനയും പരമ്പരാഗത ഫോസിൽ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഗതാഗതത്തെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കും.
സാമ്പത്തിക വളർച്ച:
കുറഞ്ഞ യാത്രാ സമയവും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രാപ്യതയും വ്യക്തികളെ അവരുടെ ജോലിസ്ഥലങ്ങളിൽ കൂടുതൽ കാര്യക്ഷമമായി എത്തിച്ചേരാൻ അനുവദിക്കുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കും. മൂന്നാം ഘട്ടത്തിൻ്റെ നിർമ്മാണവും പ്രവർത്തനവും നിർമ്മാണ തൊഴിലാളികൾ മുതൽ നിർവഹണ ഉദ്യോഗസ്ഥർ, പരിപാലന ഉദ്യോഗസ്ഥർ വരെ വിവിധ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ, മെച്ചപ്പെടുത്തിയ യാത്രാസൗകര്യത്തിനു പ്രാദേശിക വ്യവസായങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയും; വിശേഷിച്ചും പുതിയ മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ. മുമ്പ് എത്തിച്ചേരാൻ കഴിയാതിരുന്ന ഇടങ്ങളിൽ നിക്ഷേപവും വികസനവും ആകർഷിക്കാനും കഴിയും.
സാമൂഹിക ഗുണഫലം:
ബെംഗളൂരുവിലെ മൂന്നാംഘട്ട മെട്രോ റെയിൽ ശൃംഖലയുടെ വിപുലീകരണം പൊതുഗതാഗതത്തിന് കൂടുതൽ തുല്യമായ പ്രവേശനം നൽകും. വൈവിധ്യമാർന്ന സാമൂഹിക-സാമ്പത്തിക വിഭാഗങ്ങൾക്കു പ്രയോജനം ചെയ്യുകയും ഗതാഗത അസമത്വങ്ങൾ കുറയ്ക്കുകയും ചെയ്യും. യാത്രാ സമയം കുറയ്ക്കുകയും അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഉയർന്ന ജീവിത നിലവാരത്തിന് സംഭാവനയേകും.
ബഹുതല സംയോജനവും സാർവത്രിക എത്തിച്ചേരലും
ജെപി നഗർ നാലാം ഘട്ടം, ജെപി നഗർ, കാമാക്യ, മൈസൂർ റോഡ്, സുമനഹള്ളി, പീനിയ, ബിഇഎൽ സർക്കിൾ, ഹെബ്ബാൾ, കെമ്പാപുര, ഹൊസഹള്ളി എന്നിവിടങ്ങളിൽ 10 സ്ഥലങ്ങളിൽ ബഹുതല സംയോജനം ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ നിലവിലുള്ളതും നിർമാണത്തിലിരിക്കുന്നതുമായ മെട്രോ സ്റ്റേഷനുകൾ, ബിഎംടിസി ബസ് സ്റ്റാൻഡുകൾ, ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകൾ, നിർദ്ദിഷ്ട സബർബൻ (കെ-റൈഡ്) സ്റ്റേഷനുകൾ എന്നിവയുമായുള്ള ഗതാഗതവിനിമയവും സാധ്യമാക്കുന്നു.
എല്ലാ മൂന്നാം ഘട്ട സ്റ്റേഷനുകളിലും പ്രത്യേക ബസ് ബേകൾ, പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് ബേകൾ, കാൽനട പാതകൾ, IPT/ഓട്ടോ റിക്ഷാ സ്റ്റാൻഡുകൾ എന്നിവയുണ്ട്. പ്രവർത്തനക്ഷമമായ മെട്രോ സ്റ്റേഷനുകളിലേക്ക് ബിഎംടിസി ഇതിനകം ഫീഡർ ബസുകളുടെ സർവീസ് നടത്തുന്നുണ്ട്. ഇത് മൂന്നാം ഘട്ട സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. പ്രധാനപ്പെട്ട 11 സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒന്നാംഘട്ടം, രണ്ടാംഘട്ടം എന്നിവയുടെ നിലവിലുള്ള സ്റ്റേഷനുകൾ മൂന്നാം ഘട്ടത്തിൻ്റെ നിർദ്ദിഷ്ട സ്റ്റേഷനുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. മൂന്നാം ഘട്ട മെട്രോ സ്‌റ്റേഷനുകളിൽ ബൈക്കുകളും സൈക്കിളുകളും പങ്കിടുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
***
NS
(Release ID: 2046156)
Visitor Counter : 52
Read this release in:
Odia
,
Tamil
,
Kannada
,
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Telugu