പ്രധാനമന്ത്രിയുടെ ഓഫീസ്‌

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

Posted On: 15 AUG 2024 3:04PM by PIB Thiruvananthpuram

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു

1. ജനറല്‍

* നമുക്ക്  ഒരേയൊരു ദൃഢനിശ്ചയമേയുള്ളൂ - രാഷ്ട്രം ആദ്യം. നമ്മെ സംബന്ധിച്ചിടത്തോളം ദേശീയതാല്‍പ്പര്യമാണ് പരമപ്രധാനം.

* ഭാരതത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ വര്‍ധിച്ചു, ഭാരതത്തെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം മാറി.

* എന്റെ രാജ്യത്തെ 140 കോടി പൗരന്മാരും, എന്റെ കുടുംബാംഗങ്ങളില്‍ 140 കോടിയും ഒരു ദൃഢനിശ്ചയവുമായി പുറപ്പെട്ടാല്‍, ദിശ നിശ്ചയിച്ച്, പടിപടിയായി, തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ എത്ര വലിയ വെല്ലുവിളികള്‍ ഉണ്ടായാലും, വിഭവങ്ങള്‍ക്കായി എത്ര തീവ്രമായദൗര്‍ലഭ്യമോ പോരാട്ടമോ ഉണ്ടായിരുന്നാലും മുന്നോട്ട് പോകും. നമുക്ക് എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സമൃദ്ധമായ ഭാരതം കെട്ടിപ്പടുക്കാനും 2047 ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കാനും കഴിയും.

* രാജ്യത്തിനുവേണ്ടി ജീവിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് ഒരു വികസിതഭാരതം സൃഷ്ടിക്കാന്‍ കഴിയും.
* ഓരോ പൗരന്റെയും സ്വപ്നവും തീരുമാനവും വികസിത ഭാരതം 2047ന്റെ പ്രതിബദ്ധതയില്‍ പ്രകടമാണ്.
* ഇന്നത്തെ ഇന്ത്യയില്‍ മായ്-ബാപ് സംസ്‌കാരത്തിന് സ്ഥാനമില്ല.

* ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അത്തരം വിശാലമായ ചിന്തകളും മഹത്തായ സ്വപ്നങ്ങളും ഉള്ളപ്പോള്‍, അവരുടെ ദൃഢനിശ്ചയം ഈ വാക്കുകളില്‍ പ്രതിഫലിക്കുമ്പോള്‍, അത് നമ്മുടെ ഉള്ളില്‍ ഒരു പുതിയ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു.

* ദേശീയ പ്രതിരോധത്തിനും രാഷ്ട്രനിര്‍മ്മാണത്തിനുമായി പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടും പ്രതിബദ്ധതയോടും കൂടി രാജ്യത്തെ സംരക്ഷിക്കുന്ന മഹാന്മാരോട് ഞാന്‍ എന്റെ അഗാധമായ ആദരവ് രേഖപ്പെടുത്തുന്നു.

* നമ്മുടെ ദേശസ്‌നേഹ തീക്ഷ്ണതയും ജനാധിപത്യത്തിലുള്ള വിശ്വാസവും ലോകത്തിന് പ്രചോദനമായി മാറിയിരിക്കുന്നു.

* പഴകിയ അവസ്ഥയില്‍ നിന്ന് വളര്‍ച്ചയുടെയും പരിഷ്‌കാരങ്ങളുടെയും ഒന്നിലേക്ക് നാം മാറിയിരിക്കുന്നു.

* നമ്മുടെ പരിഷ്‌കാരങ്ങളുടെ പാത വളര്‍ച്ചയുടെ ഒരു രൂപരേഖയായി മാറിയിരിക്കുന്നു.

* ഇരുണ്ട ആഗോള സാഹചര്യങ്ങള്‍ക്കിടയിലും അവസരങ്ങളുടെ കാര്യത്തില്‍ ഇത് 'ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടമാണ്.

* ഈ അവസരം നഷ്ടപ്പെടാന്‍ നാം അനുവദിക്കരുത്. ഈ നിമിഷം മുതലെടുത്ത് നമ്മുടെ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളുമായി മുന്നോട്ട് പോയാല്‍, 'സ്വര്‍ണിം ഭാരതം' (സുവര്‍ണ്ണ ഇന്ത്യ) എന്ന രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുകയും 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യും.

* ടൂറിസം മേഖല, എംഎസ്എംഇകള്‍, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി, അല്ലെങ്കില്‍ കാര്‍ഷിക മേഖല എന്നിങ്ങനെ എല്ലാ മേഖലകളിലും പുതിയതും ആധുനികവുമായ ഒരു സംവിധാനം സ്ഥാപിക്കപ്പെടുകയാണ്.

* ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ തനതായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മുന്നേറാന്‍ നാം ലക്ഷ്യമിടുന്നു.

* എല്ലാ മേഖലയ്ക്കും ആധുനികവല്‍ക്കരണവും നവീകരണവും ആവശ്യമാണ്. സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു.

* സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ കുറയുന്നത് വികസിതം ഭാരതം 2047 എന്ന നമ്മുടെ കാഴ്ചപ്പാടിന്റെ ഒരു പ്രധാന ഭാഗമാണ്.

* രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 3 ലക്ഷം സ്ഥാപനങ്ങളില്‍ ഓരോന്നിലും കുറഞ്ഞത് രണ്ട് വാര്‍ഷിക പരിഷ്‌കാരങ്ങളെങ്കിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്, തുടര്‍ന്ന് ഇത് പ്രതിവര്‍ഷം 25-30 ലക്ഷം പരിഷ്‌കാരങ്ങള്‍ക്ക് കാരണമാകും, ഇത് സാധാരണക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

* മൂന്ന് പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ മേഖലയിലും പുരോഗതി ത്വരിതപ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യം. ഒന്നാമതായി, എല്ലാ മേഖലകളിലും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കണം. രണ്ടാമതായി, വികസിച്ചുകൊണ്ടിരിക്കുന്ന സംവിധാനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നാം പ്രവര്‍ത്തിക്കണം. മൂന്നാമതായി, നമ്മുടെ പൗരന്മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും മെച്ചപ്പെടുത്തുകയും വേണം.

* പ്രകൃതി ദുരന്തങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുന്ന ഒരു വലിയ കാര്യമായി മാറുകയാണ്.

* സമീപകാല പ്രകൃതി ദുരന്തങ്ങള്‍ നാശം വിതച്ച എല്ലാവരോടും ഞാന്‍ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം അവരോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

* അനുകമ്പയാണ് നമ്മുടെ സമീപനത്തിന്റെ കേന്ദ്രം. നമ്മുടെ ജോലിയുടെ കാതലായ സമത്വവും അനുകമ്പയുമായി നാം മുന്നോട്ട് പോകുന്നു.

* നിങ്ങളെയും ഓരോ കുടുംബത്തെയും എല്ലാ പ്രദേശത്തെയും സേവിക്കാന്‍ നാം ഇവിടെയുണ്ട്.

* ഒരു വികസിത ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ നമ്മെ അനുഗ്രഹിച്ചതിനും രാഷ്ട്രത്തെ സേവിക്കാന്‍ നമ്മെ തിരഞ്ഞെടുത്തതിനും ഇന്ന് ചുവപ്പ് കോട്ടയിൽ നിന്ന്  കോടിക്കണക്കിന് പൗരന്മാർക്ക്  നന്ദിയോടെ തല കുനിച്ച് നന്ദി പറയുന്നു.

* ഒരു പുതിയ തീക്ഷ്ണതയോടെ, പുതിയ ഉയരങ്ങളിലേക്ക് നാം മുന്നേറേണ്ടതുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.

* അരികുകളില്‍ നിന്ന് വീക്ഷിക്കുകയും ചെറിയ നേട്ടങ്ങളുടെ മഹത്വത്തില്‍ ആനന്ദിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിലല്ല നാം.

* നാം പുതിയ അറിവും പ്രതിരോധശേഷിയും തേടുന്ന ഒരു സംസ്‌കാരത്തില്‍ നിന്നാണ്; ഉയര്‍ന്ന നേട്ടങ്ങള്‍ക്കായി അക്ഷീണം കൊതിക്കുന്ന ഉശിരുള്ളവരാണ്.

* വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ നാം ആഗ്രഹിക്കുന്നു, നമ്മുടെ പൗരന്മാര്‍ക്കിടയില്‍ ഈ ശീലം വളര്‍ത്തിയെടുക്കാന്‍ നാം ആഗ്രഹിക്കുന്നു.

* സ്വന്തം ക്ഷേമത്തിനപ്പുറം ചിന്തിക്കാന്‍ കഴിയാത്ത, മറ്റുള്ളവരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. വികലമായ ചിന്താഗതിയുള്ള അത്തരം വ്യക്തികള്‍ ആശങ്കാകുലരാണ്. നിരാശയില്‍ മുങ്ങിയ ഇവരെ രാജ്യം ഒഴിവാക്കണം.

* ഈ അശുഭാപ്തി ഘടകങ്ങള്‍ കേവലം നിരാശാജനകമല്ല; നാശത്തെക്കുറിച്ച് സ്വപ്നം കാണുകയും നമ്മുടെ കൂട്ടായ പുരോഗതിയെ തുരങ്കം വെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു നിഷേധാത്മക മനോഭാവമാണ് അവര്‍ വളര്‍ത്തിയെടുക്കുന്നത്. ഈ ഭീഷണി രാജ്യം തിരിച്ചറിയണം.

* നമ്മുടെ നല്ല ഉദ്ദേശ്യത്തോടും, അഖണ്ഡതയോടും, രാജ്യത്തോടുള്ള അര്‍പ്പണബോധത്തോടും കൂടി, നമ്മെ  എതിര്‍ക്കുന്നവരെപ്പോലും നാം വിജയിപ്പിക്കുമെന്ന് എന്റെ സഹ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

* നമ്മുടെ  പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനും 140 കോടി പൗരന്മാരുടെ വിധി മാറ്റുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും ആവശ്യമായ ഒരു കാര്യവും നാം വേണ്ടെന്നുവയ്ക്കില്ല.

* എല്ലാ തലങ്ങളിലുമുള്ള അഴിമതി വ്യവസ്ഥിതിയിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ തകര്‍ത്തു.
* അഴിമതിക്കാരില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ സാധാരണ പൗരനെ കൊള്ളയടിക്കുന്ന പാരമ്പര്യം അവസാനിച്ചു.

* സമൂഹത്തില്‍ അഴിമതിയുടെ മഹത്വവല്‍ക്കരണം, അഴിമതിക്കാരുടെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തുടങ്ങിവയുടെ വിത്ത് പാകാനുള്ള ശ്രമം ആരോഗ്യകരമായ ഒരു സമൂഹത്തിന് വലിയ വെല്ലുവിളിയും അത്യന്തം ആശങ്കാജനകവുമായ വിഷയമായി മാറിയിരിക്കുന്നു.

* കഴിഞ്ഞ 75 വര്‍ഷമായി ഭാരതത്തിന്റെ ജനാധിപത്യത്തെ ഉറപ്പിക്കുന്നതില്‍ ഭരണഘടന പ്രധാന പങ്കുവഹിച്ചു. നമ്മുടെ ദളിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, ചൂഷണം ചെയ്യപ്പെടുന്നവര്‍, സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ അത് സംരക്ഷിച്ചു.

* നമ്മുടെ ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പൗരന്മാര്‍ ഭരണഘടന അനുശാസിക്കുന്ന കര്‍ത്തവ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിര്‍ണായകമാണ്.

* കടമകള്‍ അനുസരിക്കുന്നതിനുള്ള ഉത്തരവാദിത്തം പൗരന്മാര്‍ക്ക് പുറമെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നു.

* നാമെല്ലാവരും കൂട്ടായി നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍, സ്വാഭാവികമായും നാം പരസ്പരം അവകാശങ്ങളുടെ സംരക്ഷകരായി മാറുന്നു.

* നമ്മുടെ  കടമകള്‍ നിര്‍വ്വഹിക്കുന്നതിലൂടെ, അധിക പരിശ്രമം ആവശ്യമില്ലാതെ നാം ഈ അവകാശങ്ങള്‍ അന്തര്‍ലീനമായി സംരക്ഷിക്കുന്നു.

* രാജവംശ രാഷ്ട്രീയവും ജാതീയതയും ഭാരതത്തിന്റെ ജനാധിപത്യത്തിന് കാര്യമായ ദോഷം വരുത്തുന്നു.

* ഭാരതത്തിന്റെ നൂറ്റാണ്ടാകാന്‍ വിധിക്കപ്പെട്ട 21-ാം നൂറ്റാണ്ട് 'സ്വര്‍ണിം ഭാരതം' (സുവര്‍ണ്ണ ഇന്ത്യ) ആയി മാറുമെന്നും ഈ നൂറ്റാണ്ടില്‍ 'വികസിത് ഭാരതം' ആക്കി ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലേക്ക് മുന്നേറുമെന്നും ഉറപ്പാക്കാനുള്ള നമ്മുടെ അഭിലാഷങ്ങളും പരിശ്രമങ്ങളും നാം യോജിപ്പിക്കണം. 

* ഞാന്‍ നിങ്ങള്‍ക്കായി ജീവിക്കുന്നു, ഞാന്‍ നിങ്ങളുടെ ഭാവിക്ക് വേണ്ടി ജീവിക്കുന്നു, ഭാരതമാതാവിന്റെ ശോഭനമായ ഭാവിക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്

2. പ്രതിരോധ മന്ത്രാലയം

* പ്രതിരോധ മേഖലയില്‍ നാം സ്വയം പര്യാപ്തരാകുകയാണ്.

* ഇന്ത്യ ക്രമേണ ഉയര്‍ന്നുവരുകയും വിവിധ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിക്കാരനായും നിര്‍മ്മാതാവുമായി സ്വയം സ്ഥാപിക്കുകയും ചെയ്യുന്നു.

* നമ്മുടെ സായുധ സേന മിന്നലാക്രമണങ്ങൾ  നടത്തുമ്പോള്‍, നമ്മുടെ ഹൃദയം അഭിമാനത്താല്‍ നിറയുകയും, തല ഉയരുകയും ചെയ്യുന്നു.

* ഇന്ന് നമ്മുടെ സായുധ സേനയുടെ ശൗര്യത്തില്‍ 140 കോടി ഇന്ത്യക്കാര്‍ക്ക് അഭിമാനവും ആത്മവിശ്വാസവുമുണ്ട്

 3. ധനകാര്യ മന്ത്രാലയം

* 'ഫിന്‍ടെക്' മേഖലയിലെ വിജയത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു.

* വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം നാം വിജയകരമായി ഇരട്ടിയാക്കി.

* തൊഴിലിലും സ്വയംതൊഴിലിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതില്‍ നാം ഗണ്യമായ മുന്നേറ്റം നടത്തി

* ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഒന്നിലധികം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. ഇന്ന്, അതിന്റെ ഫലമായി, ലോകത്തിലെ തെരഞ്ഞെടുത്ത ശക്തമായ ബാങ്കുകളില്‍ നമ്മുടെ ബാങ്കുകള്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു

* പാവപ്പെട്ട സാധാരണക്കാരുടെ, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏറ്റവും വലിയ ശക്തിയായി കരുത്തുറ്റ ബാങ്കിംഗ് സംവിധാനം മാറുന്നു.

* നമ്മുടെ  എംഎസ്എംഇകള്‍ക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് ബാങ്കുകളാണ്.

* കന്നുകാലികളെ വളര്‍ത്തുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ ഇപ്പോള്‍ ബാങ്കുകളുമായി ബന്ധപ്പെടുകയും പുതിയ ഉയരങ്ങള്‍ കൈവരിക്കുകയും വികസനത്തിന്റെ പാതയില്‍ പങ്കാളികളാവുകയും ചെയ്യുന്നു.

* രാജ്യത്തിന്റെ പുരോഗതിക്കായി നിരവധി സാമ്പത്തിക നയങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ പുതിയ സംവിധാനങ്ങളില്‍ രാജ്യത്തിന്റെ വിശ്വാസം ക്രമാനുഗതമായി വളരുകയാണ്.

* ആഗോള കോവിഡ് മഹാമാരിക്കിടയില്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം മെച്ചപ്പെടുത്തിയ ഏതെങ്കിലും രാജ്യമുണ്ടെങ്കില്‍ അത് ഭാരതമാണ്.

* നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഉതകുന്ന തരത്തില്‍ ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെയും ജീവിതസൗകര്യങ്ങളുടെയും വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

* ഗവണ്‍മെന്റ് സമ്പര്‍ക്കസൗകര്യം ഉറപ്പാക്കാന്‍ അത്യാധുനിക റെയില്‍വേ, വിമാനത്താവളം, തുറമുഖങ്ങള്‍, കരുത്തുറ്റ റോഡുകൾ എന്നിവ പ്രദാനം ചെയ്തുകൊണ്ട് കഴിഞ്ഞ ദശകത്തില്‍, നാം വളരെയധികം അടിസ്ഥാനസൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചു.

* പാര്‍ട്ടിയോ സംസ്ഥാനമോ നോക്കാതെ തെരഞ്ഞെടുക്കപ്പെട്ട  എല്ലാ ജനപ്രതിനിധികളോടും ജീവിതം സുഗമമാക്കുന്നതിനു ദൗത്യമെന്ന തരത്തിൽ നടപടി സ്വീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.


* എന്റെ മൂന്നാം കാലയളവിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും, രാജ്യത്തിനുവേണ്ടി നാം കാണുന്ന സ്വപ്നങ്ങള്‍ വേഗത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നതിന് മൂന്നിരട്ടി വേഗത്തിലും മൂന്നിരട്ടി വ്യാപ്തിയിലും ഞാന്‍ മൂന്നിരട്ടിയായി കഠിനാധ്വാനം ചെയ്യും.

4. കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം

* കാര്‍ഷിക മേഖലയിലെ പരിവര്‍ത്തനം കാലഘട്ടത്തിന്റെ നിര്‍ണായക ആവശ്യമാണ്.

* പ്രകൃതി കൃഷിയുടെ പാത തിരഞ്ഞെടുക്കുകയും നമ്മുടെ ഭൂമി മാതാവിനെ സേവിക്കാന്‍ ദൃഢനിശ്ചയം എടുക്കുകയും ചെയ്ത എല്ലാ കര്‍ഷകരോടും ഞാന്‍ നന്ദിയുള്ളവനാണ്.

* ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഈ വര്‍ഷത്തെ ബജറ്റില്‍ കാര്യമായ വ്യവസ്ഥകളോടെയുള്ള ഗണ്യമായ പദ്ധതികള്‍ അവതരിപ്പിച്ചു.

* നാം ലോകത്തിന്റെ പോഷകാഹാരം ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ ചെറുകിട കര്‍ഷകരെ പിന്തുണയ്ക്കുകയും വേണം.

* ജൈവ ഭക്ഷ്യവസ്തുക്കളുടെ ആഗോള ഭക്ഷ്യ സഞ്ചയം സൃഷ്ടിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കും അതിന്റെ കര്‍ഷകര്‍ക്കും ഉണ്ട്.

* അറുപതിനായിരം 'അമൃത് സരോവരങ്ങള്‍' (കുളങ്ങള്‍) പുനരുജ്ജീവിപ്പിക്കുകയും വീണ്ടും നിറയ്ക്കുകയും ചെയ്തു.

5. വിദേശകാര്യ മന്ത്രാലയം

* ജി-20 ഉച്ചകോടി മുമ്പൊരിക്കലും ഇത്ര ഗംഭീരമായി നടന്നിട്ടില്ല.

* പ്രധാന അന്താരാഷ്‌ട്ര പരിപാടികൾ സംഘടിപ്പിക്കാനുള്ള കഴിവും സമാനതകളില്ലാത്ത ആതിഥ്യമര്യാദയും ഭാരതത്തിനുണ്ട്.

* ബാഹ്യ വെല്ലുവിളികൾ, പ്രത്യേകിച്ചും, വർദ്ധിക്കാൻ സാധ്യതയുണ്ട്.

* ഭാരതത്തിന്റെ വികസനം ആർക്കും ഭീഷണിയല്ലെന്ന് അത്തരം ശക്തികളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

* നമ്മുടേത് ബുദ്ധന്റെ നാടാണ്, യുദ്ധം നമ്മുടെ പാതയല്ല. അതുകൊണ്ട് ലോകം ആശങ്കപ്പെടേണ്ടതില്ല.

* ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; പ്രത്യേകിച്ച് ഒരു അയൽരാജ്യമെന്ന നിലയിൽ നമ്മുടെ സാമീപ്യം കണക്കിലെടുക്കുമ്പോൾ.

* നമ്മുടെ 140 കോടി പൗരന്മാരുടെ പ്രാഥമിക പരിഗണന ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ്.

* നമ്മുടെ അയൽ രാജ്യങ്ങൾ സംതൃപ്തിയുടെയും സമാധാനത്തിന്റെയും പാത പിന്തുടരണമെന്നാണ് ഭാരതം എപ്പോഴും ആഗ്രഹിക്കുന്നത്.

* സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധത നമ്മുടെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ്.

6. ആശയവിനിമയ മന്ത്രാലയം

* രണ്ട് ലക്ഷം പഞ്ചായത്തുകളിൽ ഇതിനകം ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്.

* ഇന്ത്യ ഇതിനകം 6ജി-യ്‌ക്കായി ദൗത്യണെന്ന തരത്തിൽ പ്രവർത്തിക്കുന്നു. നമ്മുടെ പുരോഗതിയിലൂടെ നാം ലോകത്തെ ആശ്ചര്യപ്പെടുത്തും.
 
7. ബഹിരാകാശ വകുപ്പ്

* ബഹിരാകാശ മേഖല നമുക്ക് ഒരു പുതിയ ഭാവി തുറക്കുകയാണ്.

* ബഹിരാകാശ മേഖലയിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ഇന്ത്യ കുതിച്ചുചാട്ടം നടത്തുകയാണ്.

* ഇന്ന് നമ്മുടെ രാജ്യത്ത് സ്വകാര്യ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിക്കപ്പെടുന്നു.

* ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയം നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലും ശാസ്ത്ര-സാങ്കേതികവിദ്യയിൽ താൽപ്പര്യത്തിന്റെ ഒരു പുതിയ അന്തരീക്ഷം സൃഷ്ടിച്ചു.

8. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

* ദരിദ്രർ, ഇടത്തരക്കാർ, അധഃസ്ഥിതർ, വർദ്ധിച്ചുവരുന്ന നമ്മുടെ നഗര ജനസംഖ്യ, യുവാക്കളുടെ സ്വപ്നങ്ങളും പ്രമേയങ്ങളും അവരുടെ അഭിലാഷങ്ങളും എന്നിവയിൽ മാറ്റം കൊണ്ടുവരാൻ നാം  പരിഷ്കാരങ്ങളുടെ പാത തിരഞ്ഞെടുത്തു.

* ശാക്തീകരണം കൊണ്ടുവരാൻ രാഷ്ട്രീയ നേതൃത്വം ദൃഢനിശ്ചയം ചെയ്യുകയും വികസനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുമ്പോൾ, ഗവണ്മെന്റ് സംവിധാനവും ശക്തമായ നടപ്പാക്കലുകൾ സാധ്യമാക്കാനും ഉറപ്പാക്കാനും തുടങ്ങുന്നു.

* ശാക്തീകരണവും വികസനവും ഉറപ്പാക്കാൻ ഓരോ പൗരനും സജീവമായി പങ്കെടുക്കാൻ തുടങ്ങുമ്പോൾ, അതിന്റെ ഫലങ്ങൾ രാജ്യത്തിന് വിലപ്പെട്ടതായിരിക്കും.

* ആയുഷ്മാൻ ഭാരത് പദ്ധതികളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് താങ്ങാനാകുന്ന ആരോഗ്യപരിരക്ഷ നൽകുന്നതിനായി സാർവത്രികമായി സ്‌കൂൾ, ആധുനിക ആശുപത്രികൾ, ആരോഗ്യ മന്ദിരങ്ങൾ എന്നിവ നിർമ്മിച്ചു.

* പരിപൂർണത എന്ന തത്വം സ്വീകരിക്കുമ്പോൾ, "ഏവർക്കുമൊപ്പം, ഏവരുടെയും വികസനം " എന്നതിന്റെ യഥാർത്ഥ സത്ത സാക്ഷാത്കരിക്കപ്പെടുന്നു.

* 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുമ്പോൾ, അത് നമ്മുടെ വേഗത നിലനിർത്തി, നമ്മുടെ സ്വപ്നങ്ങൾ ഉടൻ പൂർത്തീകരിക്കപ്പെടുമെന്നുള്ള നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു.

* എന്റെ ഭിന്നശേഷിക്കാരായ സഹോദരീസഹോദരന്മാർ ഇന്ത്യൻ ആംഗ്യഭാഷയിൽ ആശയവിനിമയം നടത്താൻ തുടങ്ങുമ്പോഴോ, അല്ലെങ്കിൽ, സുഗമ്യ ഭാരതത്തിലൂടെ എല്ലാവരെയും ഉൾക്കൊള്ളാനും പ്രാപ്യമാക്കാനും കഴിയുന്ന രാഷ്ട്രത്തിന്റെ യജ്ഞത്തിൽ നിന്ന് പ്രയോജനം നേടുമ്പോഴോ, അവർ ബഹുമാനിക്കപ്പെടുകയും രാജ്യത്തെ പൗരനെന്ന നിലയിൽ അന്തസ്സ് ആസ്വദിക്കുകയും ചെയ്യുന്നു.

* പാരാലിമ്പിക്സിൽ നമ്മുടെ കായിക താരങ്ങൾ മികച്ച പ്രകടനങ്ങൾ നടത്തുന്നത് കാണുന്നത് അതിശയകരമാണ്.

* ബഹിഷ്‌കൃതരായ ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഭേദഗതികൾ കൊണ്ടുവരുന്നതിലൂടെയും പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും എല്ലാവർക്കും അന്തസ്സും ബഹുമാനവും സമത്വവും ഉറപ്പാക്കുന്നതിലൂടെയും ഞങ്ങൾ നീതിയുക്തമായ തീരുമാനങ്ങൾ എടുക്കുന്നു.

* നാം ‘ത്രിവിധ് മാർഗ്’ (മൂന്ന് മാർഗങ്ങളിലൂടെയുള്ള പാത) ആരംഭിച്ചു. എല്ലാവർക്കും സേവനമെന്ന മനോഭാവത്തിന്റെ നേരിട്ടുള്ള പ്രയോജനം നാം കാണുന്നു.

* അവഗണിക്കപ്പെട്ട പ്രദേശങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ, നമ്മുടെ ചെറുകിട കർഷകർ, വനങ്ങളിലെ ഗോത്രസഹോദരങ്ങൾ, സഹോദരിമാർ, നമ്മുടെ അമ്മമാർ, സഹോദരിമാർ, നമ്മുടെ തൊഴിലാളികൾ, നമ്മുടെ തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടത് നമ്മുടെ കടമയാണ്.

 9. വിദ്യാഭ്യാസ മന്ത്രാലയം

* അടുത്ത 5 വർഷത്തിനുള്ളിൽ വൈദ്യശാസ്ത്ര മേഖലയിൽ 75,000 പുതിയ സീറ്റുകൾ കൊണ്ടുവരും.

* പുതിയ വിദ്യാഭ്യാസ നയത്തിലൂടെ, 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതകൾക്ക് അനുസൃതമായി നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

* ഉന്നതപഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഉയർത്തി, പുരാതന നാളന്ദ സർവകലാശാലയുടെ ചൈതന്യത്തെ ഞങ്ങൾ പുനരുജ്ജീവിപ്പിക്കും.

* ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി നാം  ഇന്ത്യയിൽ ഭാവിക്കായി സജ്ജമായ നൈപുണ്യ വിഭവങ്ങൾ തയ്യാറാക്കേണ്ടതുണ്ട്.

* നമ്മുടെ രാജ്യത്തെ യുവാക്കൾ വിദേശത്തേക്ക് പോകേണ്ട ആവശ്യമില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. നമ്മുടെ ഇടത്തരം കുടുംബങ്ങൾക്ക് ലക്ഷങ്ങളും കോടികളും ചെലവഴിക്കേണ്ടതില്ല. മാത്രവുമല്ല, പകരം വിദേശത്തുനിന്നുള്ളവരെ ഭാരതത്തിലേക്ക് ആകർഷിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ സൃഷ്ടിക്കാനും നാം ആഗ്രഹിക്കുന്നു.

* ഇന്ത്യയുടെ കഴിവുകൾ ഭാഷയുടെ പേരിൽ തടസ്സപ്പെടരുത്. മാതൃഭാഷയുടെ കരുത്ത് നമ്മുടെ രാജ്യത്തെ ഏറ്റവും പാവപ്പെട്ട കുട്ടിയെപ്പോലും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കുന്നു.

* ഗവേഷണം തുടർച്ചയായി ശക്തിപ്പെടുത്തുന്ന സ്ഥിരം സംവിധാനം വികസിപ്പിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് നൽകുന്ന 'ദേശീയ ഗവേഷണ ഫൗണ്ടേഷൻ' സൃഷ്ടിക്കപ്പെട്ടു,.


* നമ്മുടെ രാജ്യത്തെ യുവാക്കളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ബജറ്റിൽ ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപ നീക്കിവയ്ക്കാൻ തീരുമാനിച്ചത് ഏറെ അഭിമാനകരമാണ്.

10. ഗോത്രകാര്യ മന്ത്രാലയം

 • യുവാക്കൾ, കർഷകർ, സ്ത്രീകൾ, ഗോത്ര വിഭാഗങ്ങൾ എല്ലാവരും അടിമത്തത്തിനെതിരെ തുടർച്ചയായി പോരാടി.

 •  ഗ്രാമങ്ങളിലും മലഞ്ചെരുവുകളിലും കാടുകളിലുമായി വിദൂരവാസസ്ഥലങ്ങളിലുള്ള വിവിധ ഗോത്രവർഗത്തിലെ എല്ലാ സഹോദരന്മാർക്കും പി എം ജൻ മൻ പദ്ധതിയുടെ പ്രയോജനം  എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നു 

 • ഭഗവാൻ ബിർസ മുണ്ഡയുടെ 150-ാം ജന്മവാർഷികത്തോട് അടുക്കുമ്പോൾ, നമുക്ക് അദ്ദേഹത്തിന്റെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാം.

 11. വനിതാ- ശിശു വികസന മന്ത്രാലയം

 • വികസിത ഭാരതത്തിന്റെ   ആദ്യ തലമുറയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് നാം ദേശീയ പോഷകാഹാര മിഷൻ ആരംഭിച്ചു.

 • കഴിഞ്ഞ ദശകത്തിൽ 10 കോടി സ്ത്രീകൾ വനിതാ സ്വയം സഹായ സംഘങ്ങളുടെ ഭാഗമായി.

* സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമ്പോൾ സ്ത്രീകൾ സാമൂഹിക പരിവർത്തനത്തിന്റെ  സംരക്ഷകരായി മാറുന്നു.

 • ഒരു കോടി അമ്മമാരും സഹോദരിമാരും വനിതാ സ്വയം സഹായ സംഘങ്ങളിൽ ചേർന്ന് ‘ലഖ്പതി ദിദികൾ’ ആയി മാറുന്നു.

 • വനിതാ സ്വയം സഹായ സംഘങ്ങൾക്ക് അനുവദിച്ച ഫണ്ട് 10 ലക്ഷo രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി വർദ്ധിപ്പിക്കും.

* നാളിതുവരെ, മൊത്തം ഒമ്പത് ലക്ഷം കോടി ഈ സ്വയംപര്യാപ്ത സംഘങ്ങളിലേക്ക് ബാങ്കുകൾ വഴി അയച്ചിട്ടുണ്ട്.

* നമ്മുടെ  ഗവൺമെന്റ്, തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 12 ആഴ്‌ചയിൽ നിന്ന് 26 ആഴ്‌ചയായി ദീർഘിപ്പിച്ചു.

* സ്ത്രീകൾ നേതൃത്വപരമായ ചുമതലകൾ  ഏറ്റെടുക്കുന്നു. ഇന്ന്, പല മേഖലകളിലും-അത് നമ്മുടെ പ്രതിരോധ മേഖലയോ, വ്യോമസേനയോ, കരസേനയോ, നാവികസേനയോ, ബഹിരാകാശ മേഖലയോ ആകട്ടെ- നമ്മുടെ സ്ത്രീകളുടെ ശക്തിക്കും കഴിവുകൾക്കും നാം സാക്ഷ്യം വഹിക്കുന്നു.

 • ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ  അമ്മമാർക്കും  സഹോദരിമാർക്കും പെൺമക്കൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കണം.

 • സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കാലതാമസം കൂടാതെ അന്വേഷിക്കണം. ഗവൺമെന്റിലും നീതിന്യായ വ്യവസ്ഥയിലും  സിവിൽ സമൂഹത്തിലും വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ഇത്തരം പൈശാചിക പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കണം.

* ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് വധശിക്ഷ ഉൾപ്പെടെ നൽകേണ്ട ശിക്ഷകളെ കുറിച്ച്  വിപുലമായ ചർച്ചകൾ നടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ  ഈ ഭയം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു.

 12.ആരോഗ്യ-  കുടുംബക്ഷേമ മന്ത്രാലയം

* ഇന്ത്യ ‘ആരോഗ്യ ഭാരതം’ എന്ന പാതയിലൂടെ സഞ്ചരിക്കണം.

* കോടിക്കണക്കിന് പേർക്ക് വാക്സിൻ നൽകിക്കൊണ്ട്  കോവിഡിനെതിരായ വാക്സിനേഷൻ യജ്ഞം  ഇന്ത്യ വളരെ വേഗം  കൈവരിച്ചു.

13. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

 • ഇന്ത്യയുടെ ശ്രദ്ധ ഇപ്പോൾ ഹരിത വളർച്ചയിലും ഹരിത തൊഴിൽ മേഖലയിലും ആണ് 

 • കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ ഹരിത തൊഴിലുകൾ അനിവാര്യമാണ്.

* ഹരിത ഹൈഡ്രജൻ ദൗത്യത്തിലൂടെ  ഇന്ത്യ ഒരു ആഗോള ഹബ്ബായി മാറാൻ പ്രതിജ്ഞാബദ്ധമാണ്.

* ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്നതിലും നമ്മുടെ പുനരുപയോഗ ഊർജ ശ്രമങ്ങളെ ഗണ്യമായി മുന്നോട്ട് കൊണ്ടുപോകുന്നതിലും ഇന്ത്യ മുൻനിരയിലാണ് .

 • പാരിസ് ഉടമ്പടി ലക്ഷ്യങ്ങൾ നിശ്ചിത സമയത്തിന് മുൻപേ  കൈവരിച്ച ഏക ജി20   രാജ്യം ഇന്ത്യയാണ്.

 • നാം പുനരുപയോഗിക്കാവുന്ന ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുകയും 2030 ഓടെ 500 GW പുനരുപയോഗ ഊർജ്ജം എന്ന ലക്ഷ്യത്തിലെത്താൻ ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നു.

14. വാണിജ്യ വ്യവസായ മന്ത്രാലയം

*വോക്കൽ ഫോർ ലോക്കൽ " എന്നത് സാമ്പത്തിക വികസനത്തിനുള്ള ഒരു പുതിയ മന്ത്രമായി മാറിയിരിക്കുന്നു.

* "ഒരു ജില്ല ഒരു ഉൽപ്പന്നം" എന്നത് ഇപ്പോൾ പുതിയ തരംഗമാണ്.

* ഭാരതം ഒരു വ്യാവസായിക ഉൽപ്പാദന കേന്ദ്രമായി മാറും, ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കും.

 • " ഇന്ത്യയിൽ രൂപകല്പന ചെയ്യുക " എന്ന  ആഹ്വാനത്തെ നാം സ്വീകരിക്കുകയും " ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുക & ലോകത്തിനായി രൂപകൽപ്പന ചെയ്യുക " എന്ന സ്വപ്നവുമായി മുന്നോട്ട് പോകുകയും വേണം.

 • സംസ്ഥാന ഗവൺമെന്റുകൾ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും, സദ്ഭരണത്തിന്റെ ഉറപ്പുകൾ നൽകുന്നതിനും, ക്രമസമാധാന സ്ഥിതിയിൽ ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതിനും വ്യക്തമായ നയങ്ങൾ രൂപീകരിക്കണം

. • സെമികണ്ടക്ടർ ഉൽപ്പാദനത്തിൽ ആഗോള തലത്തിൽ മുൻനിരയിലെത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്

 • ഇന്ത്യൻ നിർമ്മിത   ഗെയിമിംഗ് ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ   ഇന്ത്യ അതിന്റെ സമ്പന്നമായ പുരാതന പാരമ്പര്യവും സാഹിത്യവും പ്രയോജനപ്പെടുത്തണം

. • കളിക്കുന്നതിലും ഗെയിമുകൾ നിർമ്മിക്കുന്നതിലും ഉൾപ്പെടെ ഇന്ത്യൻ പ്രൊഫഷണലുകൾ ആഗോള ഗെയിമിംഗ് വിപണിയെ നയിക്കണം.

 • ഇന്ത്യൻ മാനദണ്ഡങ്ങൾ അന്തർദേശീയ മാനദണ്ഡങ്ങളായി മാറണം.

 • ആഗോള വളർച്ചയിൽ ഭാരതത്തിന്റെ സംഭാവന ഗണ്യമായതാണ്, നമ്മുടെ കയറ്റുമതി തുടർച്ചയായി ഉയരുകയാണ്, നമ്മുടെ വിദേശനാണ്യ കരുതൽ ശേഖരം ഇരട്ടിയായി. ആഗോള സ്ഥാപനങ്ങൾ ഭാരതത്തിൽ കൂടുതൽ വിശ്വാസം അർപ്പിക്കുന്നു.

 • നമ്മുടെ കളിപ്പാട്ട വ്യവസായം ആഗോള വിപണിയിൽ പരിഗണിക്കപ്പെടുന്ന  പേരായി മാറിയതിൽ നാം  അഭിമാനിക്കുന്നു. നാം കളിപ്പാട്ടങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങി.

* മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ നിർമ്മാണ അന്തരീക്ഷം ഉണ്ട്. നാം  അവ ലോകമെമ്പാടും കയറ്റുമതി ചെയ്യാൻ തുടങ്ങി. അതാണ് ഇന്ത്യയുടെ ശക്തി

 15.റെയിൽവേ മന്ത്രാലയം

 • 2030-ഓടെ റെയിൽവെയെ കാർബൺ ബഹിർഗമനം ഏറ്റവും കുറഞ്ഞ  മേഖലയാക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

16. ജൽ ശക്തി മന്ത്രാലയം

* ഇന്ന് ഓരോ കുടുംബവും വൃത്തിയുള്ള അന്തരീക്ഷം സ്വീകരിക്കുകയും ശുചിത്വ പ്രവർത്തനങ്ങൾ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

* വൃത്തിയുള്ള ശീലങ്ങളിലേക്കും പരിസ്ഥിതിയിലേക്കും ഒരു സാമൂഹിക മാറ്റം ഉറപ്പാക്കാൻ ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പെരുമാറുകയും പരസ്പരം സഹായിക്കുകയും  ചെയ്യുന്നു.

 • ഇന്ന്, 12 കോടി കുടുംബങ്ങൾക്ക് ജലജീവൻ മിഷൻ വഴി ടാപ്പിലൂടെ ശുദ്ധമായ  ജലവിതരണം  ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കുന്നു.

17. ഭവന, നഗരകാര്യ മന്ത്രാലയം

* നാല് കോടി ഉറപ്പുള്ള വീടുകൾ പാവപ്പെട്ടവർക്ക് പുതിയ ജീവിതം നൽകി.

 • ഈ ദേശീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിൽ മൂന്ന് കോടി പുതിയ വീടുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്

18. മൃഗസംരക്ഷണ മന്ത്രാലയം

* സമഗ്രമായ വികസനത്തിനായി പരിശ്രമിക്കുന്നതോടൊപ്പം, നമ്മുടെ മത്സ്യത്തൊഴിലാളികളുടെയും കന്നുകാലി പരിപാലകരുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നത് നമ്മുടെ  നയങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും പരിഷ്കാരങ്ങളുടെയും  പരിപാടികളുടെയും പ്രവർത്തന ശൈലിയുടെയും ഭാഗമാണ്.

 19. സാംസ്കാരിക മന്ത്രാലയം

 * ഇന്ന്, നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ നാം ആദരിക്കുന്നു. അവരുടെ ത്യാഗത്തിനും സേവനത്തിനും നമ്മുടെ രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു.

* സ്വാതന്ത്ര്യ ദിനം അവരുടെ ധീരത, ദൃഢനിശ്ചയം, ദേശസ്നേഹം എന്നിവയുടെ സ്മരണയ്ക്കായുള്ള ഉത്സവമാണ്. ഈ ധീരർ കാരണമാണ് ഈ സ്വാതന്ത്ര്യോത്സവത്തിൽ നമുക്ക് സ്വതന്ത്രമായി ശ്വസിക്കാനുള്ള ഭാഗ്യം ലഭിച്ചത്. ഈ രാജ്യം അവരോട് ഏറെ കടപ്പെട്ടിരിക്കുന്നു.

* ഇന്ന്, രാഷ്ട്രമാകെ ത്രിവർണ പതാകയ്ക്ക് കീഴിൽ ഐക്യപ്പെട്ടിരിക്കുന്നു - ജാതി, മതം, ഉയർന്ന വർഗം, താഴ്ന്ന വർഗം എന്ന വ്യത്യാസങ്ങളില്ലാതെ എല്ലാ വീടും അതിനാൽ അലങ്കരിച്ചിരിക്കുന്നു; നാമെല്ലാം ഇന്ത്യക്കാരാണ്. ഈ ഐക്യം നമ്മുടെ ദിശയുടെ ശക്തിയുടെ തെളിവാണ്.

 
20. നവ പുനരുപയോഗ ഊർജ മന്ത്രാലയം

* ജി 20 രാഷ്ട്രങ്ങൾ മൊത്തത്തിൽ നേടിയതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ ഇന്ത്യ പുനരുപയോഗ ഊർജ മേഖലയിൽ നേടിയിട്ടുണ്ട്.

* ഊർജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യ കഠിനമായി പരിശ്രമിക്കുന്നു.

* പിഎം സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതി പുതിയ ശക്തി പ്രദാനം ചെയ്യാൻ സജ്ജമാണ്. അതിന്റെ ഗുണഫലങ്ങൾ നമ്മുടെ രാജ്യത്തെ ശരാശരി കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് ഇടത്തരക്കാർക്ക്, അവരുടെ വൈദ്യുതി ബില്ലുകൾ സൗജന്യമാകുമ്പോൾ അനുഭവപ്പെടും. പ്രധാനമന്ത്രി സൂര്യ ഘർ യോജന പ്രകാരം സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നവർക്കും ഇന്ധനച്ചെലവ് കുറയ്ക്കാനാകും.

* വൈദ്യുത വാഹനങ്ങളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

21. വൈദ്യുതി മന്ത്രാലയം

* ഭാരതത്തിലെ 18,000 ഗ്രാമങ്ങൾക്ക് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ വൈദ്യുതി എത്തിക്കുമെന്നും വാഗ്ദാനം നിറവേറ്റുമെന്നും ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് ഒരു സാധാരണക്കാരൻ കേൾക്കുമ്പോൾ, അവരുടെ ആത്മവിശ്വാസം ദൃഢമാകുന്നു.

* ഇപ്പോഴും 2.5 കോടി ഇന്ത്യൻ കുടുംബങ്ങൾ വൈദ്യുതിയില്ലാതെ ഇരുട്ടിൽ കഴിയുന്നുണ്ട്.


22. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം

* ഈ പ്രദേശങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി വിദൂര ഗ്രാമങ്ങളെയും അതിർത്തികളെയും ബന്ധിപ്പിക്കുന്ന റോഡുകൾ നാം നിർമ്മിച്ചിട്ടുണ്ട്.

* ഈ ശക്തമായ അടിസ്ഥാന സൗകര്യ ശൃംഖലകളിലൂടെ, ദലിതർ, ഇരകളാക്കപ്പെട്ടവർ, ചൂഷണം ചെയ്യപ്പെടുന്നവർ, നിരാലംബർ, പിന്നാക്കക്കാർ, ഗോത്രവർഗക്കാർ, ത ദ്ദേശീയ ജനവിഭാഗങ്ങൾ, വനങ്ങളിലും കുന്നുകളിലും വിദൂര അതിർത്തി പ്രദേശങ്ങളിലും താമസിക്കുന്നവർ തുടങ്ങിയവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞു.

23. യുവജനകാര്യ, കായിക മന്ത്രാലയം

* ഇന്ത്യയിലെ യുവാക്കളെ പരിശീലിപ്പിച്ച് ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമാക്കുകയാണ് ലക്ഷ്യം.

* ഒരു ലക്ഷം യുവാക്കളെ, പ്രത്യേകിച്ച് കുടുംബങ്ങളിൽ രാഷ്ട്രീയത്തിന്റെ ചരിത്രമില്ലാത്തവരെ, രാഷ്ട്രീയ സംവിധാനത്തിൽ ഉൾപ്പെടുത്തണം,.

* ചെറിയ ഭൂമിയിൽ ഒരു കുടുംബത്തെ മുഴുവൻ നിലനിർത്തുന്നതിനുള്ള വെല്ലുവിളികൾ കണക്കിലെടുത്ത്, പുതിയ ജോലികൾ ഉറപ്പാക്കുന്നതിനും അധിക വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനും ആവശ്യമായ വൈദഗ്ധ്യം ഉപയോഗിച്ച് യുവാക്കളെ സജ്ജരാക്കുന്നതിന് നാം സമഗ്രമായ ശ്രമങ്ങൾ നടത്തുന്നു.

* പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത നമ്മുടെ രാജ്യത്തെ എല്ലാ കായികതാരങ്ങൾക്കും കളിക്കാർക്കും 140 കോടി ജനങ്ങൾക്കു വേണ്ടി ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

* നമ്മുടെ എല്ലാ പാരാലിമ്പിക് കായികതാരങ്ങൾക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

* നമ്മുടെ ലക്ഷ്യം വ്യക്തമാണ്: 2036-ലെ ഒളിമ്പിക്‌സിന് ഇന്ത്യൻ മണ്ണിൽ ആതിഥേയത്വം വഹിക്കുക. നാം  അതിനായി തയ്യാറെടുക്കുകയും അക്കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്യുന്നു.

24. വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയം

* വടക്കുകിഴക്കൻ ഇന്ത്യ ഇപ്പോൾ വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യങ്ങളുടെ കേന്ദ്രമാണ്. ഈ പരിവർത്തനം ഏതറ്റംവരെയും പ്രാപ്യമാക്കാനാകുന്ന ആരോഗ്യ പരിരക്ഷ നൽകി ജീവിതത്തെ സ്പർശിക്കാൻ ഞങ്ങളെ സഹായിച്ചു.
 
25. നൈപുണ്യ വികസന മന്ത്രാലയം

* നമ്മുടെ യുവാക്കളുടെ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്മെന്റ് സജീവമായി നടപടികൾ സ്വീകരിക്കുന്നു.

* നൈപുണ്യ ഇന്ത്യ പരിപാടിക്കായുള്ള ഈ വർഷത്തെ ബജറ്റിൽ നാം വലിയ തുക വകയിരുത്തിയിട്ടുണ്ട്.

* ഈ ബജറ്റിൽ ഊന്നൽ നൽകുന്ന യുവാക്കൾക്കുള്ള ഇന്റേൺഷിപ്പുകൾ, അനുഭവം നേടുന്നതിനും അവരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും വിപണിയിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സഹായിക്കുന്നു.

* ഭാരതത്തിന്റെ നൈപുണ്യമാർന്ന മനുഷ്യശക്തി ആഗോള തൊഴിൽ വിപണിയിൽ മുദ്ര പതിപ്പിക്കും. ആ സ്വപ്നവുമായാണ് നാം മുന്നോട്ട് പോകുന്നത്.

26. നിയമ-നീതി മന്ത്രാലയം

* നിലവിലെ സിവിൽ കോഡ് സാമുദായിക സിവിൽ കോഡിനോട് സാമ്യമുള്ളതാണ്, അത് വിവേചനപരമാണ്.

* നമ്മുടെ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുകയും വിവേചനം വളർത്തുകയും ചെയ്യുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ല.

* 75 വർഷത്തെ സാമുദായിക സിവിൽ കോഡിന് ശേഷം, ഒരു മതനി​രപേക്ഷ സിവിൽ കോഡിലേക്ക് നീങ്ങേണ്ടത് നിർണായകമാണ്.

* നമ്മുടെ ഭരണഘടനാ ശിൽപ്പികളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്.

* മതനി​രപേക്ഷ സിവിൽ കോഡുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും നാം സ്വാഗതം ചെയ്യണം.

* ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഉൾക്കൊള്ളാൻ ഇന്ത്യ മുന്നോട്ട് വരണം.

* പൗരന്മാർ നിയമ സങ്കീർണതകളുടെ വലയിൽ കുടുങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ 1500-ലധികം നിയമങ്ങൾ ഇല്ലാതാക്കി.

* നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾക്ക് പകരം ഭാരതീയ ന്യായ സംഹിത എന്നറിയപ്പെടുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നാം കൊണ്ടുവന്നു. ശാസനയുടെയും ശിക്ഷയുടെയും ബ്രിട്ടീഷ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി പൗരന്മാർക്ക് നീതി ഉറപ്പാക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം.

 
**ചില ഇനങ്ങളിൽ ഒന്നിലധികം മന്ത്രാലയങ്ങളുടെ പങ്കാളിത്തമുണ്ട്, അതനുസരിച്ച് അവ ആവർത്തിച്ചേക്കാം.

 
-NS-



(Release ID: 2045741) Visitor Counter : 39