പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വെല്ലുവിളി നിറഞ്ഞ ഈ വേളയിൽ നാ​മേവരും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


“ഏവർക്കും, പ്രത്യേകിച്ചു ദുരിതബാധിതർക്ക്, സാധ്യമായ എല്ലാ പിന്തുണയും തുടർന്നുമുണ്ടാകുമെന്ന് ഞാൻ ഉറപ്പുനൽകുന്നു”

ദുരിതാശ്വാസ മുന്നണിപ്പോരാളികളുടെ സേവനത്തിനു നന്ദി‌ പറഞ്ഞ് പ്രധാനമന്ത്രി

Posted On: 10 AUG 2024 10:58PM by PIB Thiruvananthpuram


ഉരുൾപൊട്ടൽ നാശംവിതച്ച വയനാട്ടിൽ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “വയനാട്ടിലെ ഉരുൾപൊട്ടൽ നമ്മെയെല്ലാം സങ്കടപ്പെടുത്തി. ദുരന്തം സംഭവിച്ചതുമുതൽ, ഞാൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ കേന്ദ്രഗവണ്മെന്റ് എല്ലാ വിഭവങ്ങളും സമാഹരിച്ചിട്ടുണ്ട്. ഇന്നു ഞാൻ അവിടെപ്പോയി സ്ഥിതിഗതികൾ വിലയിരുത്തി. ഞാൻ വ്യോമനിരീക്ഷണവും നടത്തി”: എക്സ് പോസ്റ്റുകളിലൊന്നിൽ പ്രധാനമന്ത്രി കുറിച്ചു.

ദുരന്തബാധിതരെയും പ്രധാനമന്ത്രി സന്ദർശിച്ചു. “ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ ഞാൻ നേരിട്ടു കണ്ടു. നിരവധി കുടുംബങ്ങളിൽ ഇതു സൃഷ്ടിച്ച ആഘാതം ഞാൻ പൂർണമായി മനസിലാക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും പരിക്കേറ്റവരുമായി സംസാരിക്കുകയും ചെയ്തു” - ദുരിതബാധിതരുമായി ആശയവിനിമയം നടത്തിയശേഷം ​പ്രധാനമന്ത്രി പറഞ്ഞു.

“സാധ്യമായ എല്ലാ പിന്തുണയും തുടർന്നും നൽകുമെന്ന് ഏവർക്കും, പ്രത്യേകിച്ച് ദുരിതബാധിതർക്ക്, ഞാൻ ഉറപ്പു നൽകുന്നു. വെല്ലുവിളി നിറഞ്ഞ ഈ വേളയിൽ നാമേവരും കേരളത്തിലെ ജനങ്ങൾക്കൊപ്പമാണു നിലകൊള്ളുന്നത്.” - കേന്ദ്രഗവണ്മെന്റിന്റെ പൂർണപിന്തുണ ദുരിതാശ്വാസസംവിധാനങ്ങൾക്കു വാഗ്ദാനംചെയ്ത് അദ്ദേഹം പറഞ്ഞു.

ആകാശമാർഗം സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം, ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ശ്രീ മോദി കൂടിക്കാഴ്ച നടത്തി. “വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നൽകിയ സേവനത്തിനു നന്ദിപറയാൻ ഞാൻ ഉദ്യോഗസ്ഥരെയും മുന്നണിപ്പോരാളികളെയും കണ്ടു. കേരള ഗവണ്മെന്റിൽനിന്നു വിശദവിവരങ്ങൾ ലഭിച്ചാലുടൻ, ദുരന്തബാധിതമേഖലയിലെ വിദ്യാലയങ്ങളും വീടുകളും ഉൾപ്പെടെയുള്ള അവശ്യ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും കേന്ദ്രം സ്വീകരിക്കും” - കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

-NS-

(Release ID: 2044221) Visitor Counter : 54