പ്രധാനമന്ത്രിയുടെ ഓഫീസ്
കാർഗിൽ വിജയദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; ലഡാക്കിൽ ശ്രദ്ധാഞ്ജലി സമാരോഹിൽ പങ്കെടുത്തു
തന്ത്രപ്രധാനമായ ഷിങ്കുൻ ലാ തുരങ്കപദ്ധതിയുടെ ആദ്യ സ്ഫോടനത്തിന് സാക്ഷ്യംവഹിച്ചു
“രാജ്യത്തിനായി ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമെന്ന് കാർഗിൽ വിജയദിനം നമ്മെ ഓർമിപ്പിക്കുന്നു”
“കാർഗിലിൽ, നാം യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം നാം അവതരിപ്പിക്കുകയും ചെയ്തു”
“ഇന്ന് ജമ്മു കശ്മീർ പുതിയ ഭാവിയെക്കുറിച്ചു സംസാരിക്കുന്നു; വലിയ സ്വപ്നങ്ങളെക്കുറിച്ചു സംസാരിക്കുന്നു”
“ലഡാക്കിന്റെ വികസനത്തിനും മികച്ച ഭാവിക്കും പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കാൻ ഷിങ്കുൻ ലാ തുരങ്കത്തിനാകും”
“കഴിഞ്ഞ 5 വർഷത്തിനിടെ ലഡാക്കിന്റെ ബജറ്റ് 1100 കോടിയിൽ നിന്ന് 6000 കോടി രൂപയായി ഉയർന്നു”
“അഗ്നിപഥ് പദ്ധതിയുടെ ഉദ്ദേശ്യം സേനയെ ചെറുപ്പമായി നിലനിർത്തുകയും തുടർച്ചയായി യുദ്ധസജ്ജരാക്കുകയും ചെയ്യുക എന്നതാണ്”
“അഗ്നിപഥ് പദ്ധതി രാജ്യത്തിന്റെ കരുത്തു വർധിപ്പിക്കുകയും രാജ്യത്തിനു കഴിവുറ്റ യുവാക്കളെ സമ്മാനിക്കുകയും ചെയ്യും എന്നതാണു സത്യം”
“കാർഗിൽ വിജയം ഏതെങ്കിലും ഗവണ്മെന്റിന്റെയോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ വിജയമല്ല; ഈ വിജയം രാജ്യത്തിന്റേതാണ്”
Posted On:
26 JUL 2024 11:33AM by PIB Thiruvananthpuram
25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഡാക്കിൽ കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരരെ ആദരിച്ചു. ശ്രദ്ധാഞ്ജലി സമാരോഹിലും അദ്ദേഹം പങ്കെടുത്തു. എൻസിഒകളുടെ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ‘ഗൗരവ് ഗാഥ’ വിവരണം ശ്രവിച്ച പ്രധാനമന്ത്രി ‘അമർ സംസ്മരൺ: ഓർമയുടെ കുടിൽ’ സന്ദർശിച്ചു. വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.
ലഡാക്കിലെ ഷിങ്കുൻ ലാ തുരങ്കപദ്ധതിയുടെ ആദ്യ സ്ഫോടനത്തിനും പ്രധാനമന്ത്രി ഇന്ന് സാക്ഷ്യം വഹിച്ചു. ഷിങ്കുൻ ലാ തുരങ്കപദ്ധതിയിൽ നിമ്മു - പദും - ദാർച്ച റോഡിൽ 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം 15,800 അടി ഉയരത്തിൽ നിർമിക്കും.
കാർഗിൽ വിജയദിനത്തിന്റെ 25-ാം വാർഷികത്തിന് ലഡാക്കിന്റെ മഹത്തായ ഭൂമി സാക്ഷിയാണെന്ന് ശ്രദ്ധാഞ്ജലി സമാരോഹിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്ന് കാർഗിൽ വിജയദിനം നമ്മെ ഓർമ്മിപ്പിക്കുന്നു” - പ്രധാനമന്ത്രി മോദി പറഞ്ഞു. മാസങ്ങളും വർഷങ്ങളും പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും കടന്നുപോയാലും രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി സമർപ്പിച്ച ജീവൻ മായ്ചുകളയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. “നമ്മുടെ സായുധ സേനയിലെ കരുത്തുറ്റ വീരനായകരോടു രാജ്യം എക്കാലവും കടപ്പെട്ടിരിക്കുന്നു” - പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
കാർഗിൽ യുദ്ധത്തിന്റെ നാളുകൾ അനുസ്മരിച്ച പ്രധാനമന്ത്രി, അന്ന് സൈനികർക്കിടയിലിരിക്കാൻ കഴിഞ്ഞതു ഭാഗ്യമാണെന്നു പറഞ്ഞു. ഇത്രയും ഉയരത്തിൽ നമ്മുടെ സൈനികർ എങ്ങനെയാണു കഠിനമായ ഓപ്പറേഷൻ നടത്തിയതെന്നു താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മാതൃരാജ്യത്തെ സംരക്ഷിക്കാൻ പരമോന്നത ത്യാഗം ചെയ്ത രാജ്യത്തിന്റെ ധീരരായ പുത്രന്മാരെ ഞാൻ അഭിവാദ്യം ചെയ്യുന്നു” - ശ്രീ മോദി പറഞ്ഞു.
“കാർഗിലിൽ ഞങ്ങൾ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്തു” - പ്രധാനമന്ത്രി മോദി പറഞ്ഞു. സമാധാനം നിലനിർത്താൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുന്ന സമയത്ത് പാകിസ്ഥാൻ കാട്ടിയ വഞ്ചനയെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. “അസത്യവും ഭീകരതയും സത്യത്തിനുമുന്നിൽ മുട്ടുമടക്കി” - അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തെ അപലപിച്ച പ്രധാനമന്ത്രി, പാകിസ്ഥാൻ മുൻകാലങ്ങളിൽ എല്ലായ്‌പ്പോഴും പരാജയം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു. “പാകിസ്ഥാൻ അതിന്റെ ഭൂതകാലത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല; പ്രസക്തമായി തുടരാൻ ഭീകരവാദത്തിന്റെയും നിഴൽയുദ്ധങ്ങളുടെയും മറവിൽ അവർ യുദ്ധം തുടരുകയാണ്” - ശ്രീ മോദി പറഞ്ഞു. ഭീകരവാദികളുടെ ദുഷിച്ച ഉദ്ദേശ്യങ്ങൾ ഒരിക്കലും പൂർത്തീകരിക്കപ്പെടില്ലെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. “നമ്മുടെ ധീരന്മാർ ഭീകരവാദത്തിന്റെ എല്ലാ ശ്രമങ്ങളെയും ചവിട്ടിമെതിക്കും” - അദ്ദേഹം കൂട്ടിച്ചേർത്തു.
“ലഡാക്കായാലും ജമ്മു കശ്മീരായാലും വികസനത്തിന്റെ വഴിയിൽ വരുന്ന എല്ലാ വെല്ലുവിളികളെയും ഇന്ത്യ അതിജീവിക്കും” - പ്രധാനമന്ത്രി ആവർത്തിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഓഗസ്റ്റ് അഞ്ചിന് 370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ അഞ്ചുവർഷം തികയുമെന്നും, ഇന്നത്തെ ജമ്മു കശ്മീർ സ്വപ്നങ്ങൾ നിറഞ്ഞ പുതിയ ഭാവിയെക്കുറിച്ചാണു സംസാരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുരോഗതിയുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കേന്ദ്രഭരണപ്രദേശങ്ങളിൽ ജി-20 യോഗങ്ങൾ നടത്തുന്നതിന്റെയും അടിസ്ഥാനസൗകര്യ വികസനത്തിലും വിനോദസഞ്ചാരത്തിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും മൂന്നര പതിറ്റാണ്ടിനുശേഷം സിനിമാശാലകൾ തുറക്കുന്നതിന്റെയും താസിയ ഘോഷയാത്രയുടെയും ഉദാഹരണങ്ങൾ പരാമർശിച്ചു. “ഭൂമിയിലെ ഈ സ്വർഗം സമാധാനത്തിന്റെയും സമൃദ്ധിയുടെയും ദിശയിലേക്ക് അതിവേഗം നീങ്ങുകയാണ്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലഡാക്കിൽ നടക്കുന്ന സംഭവവികാസങ്ങൾക്ക് ഊന്നൽ നൽകി, ഷിങ്കുൻ ലാ തുരങ്കത്തിലൂടെ കേന്ദ്രഭരണ പ്രദേശം വർഷം മുഴുവനും എല്ലാ കാലയളവിലും രാജ്യവുമായി കൂട്ടിയിണക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തുരങ്കം ലഡാക്കിന്റെ വികസനത്തിനും മികച്ച ഭാവിക്കും പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കും. ലഡാക്കിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ തുരങ്കം അവരുടെ ജീവിതം കൂടുതൽ സുഗമമാക്കുമെന്നു പറഞ്ഞു. മേഖലയിലെ അതിരൂക്ഷമായ കാലാവസ്ഥയാൽ അവർ നേരിടുന്ന നിരവധി ബുദ്ധിമുട്ടുകളും ഈ തുരങ്കത്തിലൂടെ ലഘൂകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിലെ ജനങ്ങളോടുള്ള ഗവണ്‍മെന്റിന്റെ മുന്‍ഗണനകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഇറാനില്‍ നിന്ന് കാര്‍ഗില്‍ മേഖലയില്‍ നിന്ന് പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യക്തിപരമായി നടത്തിയത് പരാമര്‍ശിക്കുകയും ചെയ്തു. അവരെ ലഡാക്കിലേക്ക് അയയ്ക്കുന്നതിന് മുമ്പ് പരിശോധിക്കുന്നതിനായി ജയ്സാല്‍മീറില്‍ ഒരു ക്വാറന്റൈന്‍ സോണ്‍ സ്ഥാപിച്ചതും അദ്ദേഹം അനുസ്മരിച്ചു. 1100 കോടിയില്‍ നിന്ന് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഏകദേശം ആറുമടങ്ങ് ഉയര്‍ത്തി ബജറ്റ് 6000 കോടി രൂപയായി വര്‍ദ്ധിപ്പിച്ചതായി ലഡാക്കിലെ ജനങ്ങളുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് അടിവരയിടിക്കൊണ്ട്, പ്രധാനമന്ത്രി പരാമര്‍ശിച്ചു. ''റോഡുകളോ, വൈദ്യുതിയോ, വെള്ളമോ, വിദ്യാഭ്യാസമോ, ഊര്‍ജ്ജവിതരണമോ, തൊഴിലോ എന്തിലോ ആകട്ടെ, എല്ലാ ദിശകളിലുംലഡാക്കില്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്'', ആദ്യമായി നടപ്പിലാക്കിയ സമഗ്രമായ ആസൂത്രണം ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ജല്‍ ജീവന്‍ മിഷനില്‍ ലഡാക്കിലെ വീടുകളില്‍ 90 ശതമാനത്തിലധികം കുടിവെള്ളം ലഭ്യമാക്കുന്നത്, ലഡാക്കിലെ യുവജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസത്തിനായി രൂപംകൊള്ളുന്ന സിന്ധു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ലഡാക്ക് മേഖലയിലാകെ 4ജി ശൃംഖല സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍.എച്ച് 1ല്‍ എല്ലാ കാലാവസ്ഥയിലും ബന്ധിപ്പിക്കലിന് സഹായിക്കുന്ന 13 കിലോമീറ്റര്‍ നീളമുള്ള സോജില ടണലിന്റെ പണി. എന്നിവയുടെ ഉദാഹരണങ്ങളും അദ്ദേഹം നല്‍കി.
നവ ഇന്ത്യയുടെ കഴിവുകളും ദിശാബോധവും പ്രകടമാക്കുന്ന സെല ടണല്‍ ഉള്‍പ്പെടെ 330-ലധികം പദ്ധതികള്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) പൂര്‍ത്തിയാക്കിയതായി വികസനംകാംക്ഷിക്കുന്ന അതിര്‍ത്തി പ്രദേശങ്ങള്‍ക്കായുള്ള ലക്ഷ്യങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി അറിയിച്ചു.
സൈനിക സാങ്കേതിക വിദ്യകള്‍ നവീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, മാറുന്ന ആഗോള സാഹചര്യങ്ങളില്‍ ആധുനിക പ്രവര്‍ത്തന ശൈലിയും ക്രമീകരണങ്ങള്‍ക്കുമൊപ്പം ഏറ്റവും പുതിയ ആയുധങ്ങളും ഉപകരണങ്ങളും നമ്മുടെ പ്രതിരോധ സേനയ്ക്ക് ആവശ്യമാണെന്നും പറഞ്ഞു. മുന്‍കാലങ്ങളിലും പ്രതിരോധ മേഖല നവീകരിക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെട്ടിരുന്നുവെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ വിഷയത്തിന് വലിയ പ്രാധാന്യം നല്‍കിയില്ലെന്നും ശ്രീ മോദി പറഞ്ഞു. ''എന്നിരുന്നാലും, പ്രതിരോധ പരിഷ്‌കാരങ്ങള്‍ക്ക് കഴിഞ്ഞ 10 വര്‍ഷമായി, മുന്‍ഗണന നല്‍കുന്നുണ്ട്, ഇത് നമ്മുടെ സേനയെ കൂടുതല്‍ കാര്യശേഷിയുള്ളതും സ്വാശ്രയമുള്ളതുമാക്കി'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് പ്രതിരോധ സംഭരണത്തിലെ വലിയൊരു പങ്ക് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും പ്രതിരോധത്തിലും ഗവേഷണ വികസനത്തിലും സ്വകാര്യ മേഖലയ്ക്ക് ബജറ്റില്‍ 25 ശതമാനം സംവരണം ചെയ്തിട്ടുണ്ടെന്നും ശ്രീ മോദി തുടര്‍ന്നു പറഞ്ഞു. ''ഈ പരിശ്രമങ്ങളുടെ ഫലമായി ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദനം 1.5 ലക്ഷം കോടി കവിഞ്ഞു''. ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി കണക്കാക്കപ്പെട്ടിരുന്ന ഒരു രാജ്യത്തിന്റെ മുന്‍കാല പ്രതിച്ഛായയ്ക്ക് വിരുദ്ധമായി ഇന്ന് ആയുധ കയറ്റുമതി രാജ്യമായി ഇന്ത്യ അതിന്റെ മുദ്ര പതിപ്പിക്കുകയാണെന്നും കൂട്ടിചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 5000-ത്തിലധികം ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ നമ്മുടെ സേന ഇപ്പോള്‍ തീരുമാനിച്ചതില്‍ ശ്രീ മോദി സന്തോഷവും പ്രകടിപ്പിച്ചു.
പ്രതിരോധ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് പ്രതിരോധ സേനയെ അഭിനന്ദിച്ച പ്രധാനമന്ത്രി, നിര്‍ണായക പരിഷ്‌കാരങ്ങളിലൊന്നായി അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വിശദമായി സംസാരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ശരാശരി പ്രായം ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്ന ദീര്‍ഘകാല ആശങ്ക പരാമര്‍ശിച്ച പ്രധാനമന്ത്രി അഗ്‌നിപഥ് പദ്ധതിയിലൂടെ ഇപ്പോള്‍ അത് അഭിസംബോധന ചെയ്യപ്പെടുന്നുവെന്നും ഈ നിര്‍ണായക ആശങ്കയെ നേരിടാന്‍ മുന്‍കാലങ്ങളില്‍ ഇച്ഛാശക്തി ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. ''സൈന്യത്തെ ചെറുപ്പത്തോടെയും തുടര്‍ച്ചയായി യുദ്ധസജ്ജരാക്കിയും നിലനിര്‍ത്തുക എന്നതാണ് അഗ്‌നിപഥിന്റെ ഉദ്ദേശ്യം, ഈ വികാരപരമായ വിഷയത്തിന്റെ നഗ്‌നമായ രാഷ്്രടീയവല്‍ക്കരണത്തില്‍ പരിദേവനപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. മുന്‍കാല അഴിമതികളെയും എയര്‍ഫോഴ്‌സ് ഫ്‌ളീറ്റിന്റെ ആധുനികവല്‍ക്കരണത്തിന് മുന്‍കാല സന്നദ്ധതയില്ലായ്മയേയും അദ്ദേഹം വിമര്‍ശിച്ചു. ''അഗ്‌നിപഥ് പദ്ധതി രാജ്യത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുകയും രാജ്യത്തിന് കഴിവുള്ള യുവജനങ്ങളെ ലഭ്യമാക്കുകയും ചെയ്യും എന്നതാണ് സത്യം. സ്വകാര്യമേഖലയിലും അര്‍ദ്ധസൈനിക വിഭാഗത്തിലും അഗ്‌നിവീരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുമുണ്ട്'', അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്ക് പിന്നിലെ പ്രധാന കാരണം പെന്‍ഷന്‍ ഭാരം ലാഭിക്കുകയാണെന്ന പ്രചാരണം തള്ളിക്കളഞ്ഞ പ്രധാനമന്ത്രി, ഇന്ന് റിക്രൂട്ട് ചെയ്യുന്ന സൈനികരുടെ പെന്‍ഷന്‍ ഭാരം 30 വര്‍ഷത്തിന് ശേഷമാണ് ഉയരുകയെന്നും അതിനാല്‍ പദ്ധതിക്ക് പിന്നിലെ കാരണം ഇതായിരിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു. ''സായുധ സേനയുടെ ഈ തീരുമാനത്തെ ഞങ്ങള്‍ മാനിക്കുന്നു, കാരണം ഞങ്ങള്‍ക്ക് രാഷ്ട്രീയത്തേക്കാള്‍ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ സായുധ സേനയോട് ഒരു പരിഗണനയും ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ ഗവണ്‍മെന്റുകള്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന വ്യാജ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, വിമുക്തഭടന്മാര്‍ക്ക് 1.25 ലക്ഷം കോടി രൂപയിലധികം അനുവദിച്ച പദ്ധതി നടപ്പാക്കിയത് ഇപ്പോഴത്തെ ഗവണ്‍മെന്റാണെന്നു വ്യക്തമാക്കി. കഴിഞ്ഞ ഗവണ്‍മെന്റുകളുടെ അവഗണന ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''സ്വാതന്ത്ര്യം ലഭിച്ച് 7 പതിറ്റാണ്ട് പിന്നിട്ടിട്ടും രക്തസാക്ഷികള്‍ക്ക് യുദ്ധസ്മാരകം പണിയാത്തതും അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന നമ്മുടെ സൈനികര്‍ക്ക് മതിയായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കാത്തതും കാര്‍ഗില്‍ വിജയ് ദിവസ് അവഗണിച്ചതും ഇക്കൂട്ടര്‍ തന്നെയാണ്.'
''കാര്‍ഗില്‍ വിജയം ഏതെങ്കിലും ഗവണ്മെന്റിന്റെയോ ഏതെങ്കിലും പാര്‍ട്ടിയുടെയോ വിജയമല്ല. ഈ വിജയം രാജ്യത്തിന്റേതാണ്, ഈ വിജയം രാജ്യത്തിന്റെ പൈതൃകമാണ്. ഇത് രാജ്യത്തിന്റെ അഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉത്സവമാണ്', പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിച്ച് ധീരരായ സൈനികരെ അദ്ദേഹം അഭിവാദ്യം ചെയ്തു. കാര്‍ഗില്‍ വിജയത്തിന്റെ 25ാം വാര്‍ഷികത്തില്‍ രാജ്യത്തെ എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.
ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബ്രിഗ് (ഡോ) ബി ഡി ശര്‍മ, കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ സഞ്ജയ് സേത്ത്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, ത്രിസേനാ മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ഷിങ്കുന്‍ ലാ ടണല്‍ പദ്ധതിയില്‍ 4.1 കിലോമീറ്റര്‍ നീളമുള്ള ഇരട്ട-ട്യൂബ് തുരങ്കം ഉള്‍പ്പെടുന്നു. ഇത് ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നല്‍കും. നിമു-പാഡം-ദാര്‍ച്ച റോഡില്‍ ഏകദേശം 15,800 അടി ഉയരത്തിലാണു തുരങ്കം നിര്‍മിക്കുക. പണി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമായി ഇത് മാറും. ഷിന്‍കുന്‍ ലാ ടണല്‍ നമ്മുടെ സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ളതും കാര്യക്ഷമവുമായ നീക്കം ഉറപ്പാക്കുക മാത്രമല്ല ലഡാക്കില്‍ സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
*****
--NS--
(Release ID: 2037371)
Visitor Counter : 65
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada