ധനകാര്യ മന്ത്രാലയം

പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി 'എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവിനായി ' 3 പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കും


ഔപചാരിക മേഖലകളില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ഒരു മാസത്തെ വേതനം നല്‍കുന്ന പദ്ധതി; 2.1 കോടി യുവാക്കള്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷ

നവാഗത തൊഴിലാളികളുടെ ജോലിയുമായി ബന്ധപ്പെട്ട് ഉല്‍പ്പാദന മേഖലയിലെ അധിക തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി; 30 ലക്ഷം യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷ

എല്ലാ മേഖലകളിലെയും അധിക തൊഴിലവസരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തൊഴിലുടമ കേന്ദ്രീകൃത പദ്ധതി; 50 ലക്ഷം പേരുടെ അധിക തൊഴില്‍ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷ

Posted On: 23 JUL 2024 1:07PM by PIB Thiruvananthpuram

പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി 'എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവി'നായി സര്‍ക്കാര്‍ 3 പദ്ധതികള്‍ നടപ്പാക്കും. ഇവ ഇപിഎഫ്ഒയിലെ എന്റോള്‍മെന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ ആദ്യമായി ജോലി ചെയ്യുന്നവരെ അംഗീകരിക്കുന്നതിലും ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമുള്ള പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കും. 2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കവേ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി.നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. 

നടപ്പിലാക്കേണ്ട മൂന്ന് സ്‌കീമുകള്‍ താഴെ പറയുന്നവയാണ്.

സ്‌കീം എ: ഫസ്റ്റ് ടൈമറുകള്‍

എല്ലാ ഔപചാരിക മേഖലകളിലും പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ഈ പദ്ധതി ഒരു മാസത്തെ വേതനം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നവാഗത ജോലിക്കാര്‍ക്ക് 3 ഗഡുക്കളായി ഒരു മാസത്തെ ശമ്പളത്തിന്റെ നേരിട്ടുള്ള ആനുകൂല്യം കൈമാറും. 15,000 രൂപ വരെ ആയിരിക്കും ഇത്തരത്തില്‍ കൈമാറുക. യോഗ്യതാ പരിധിയില്‍ ഉള്‍പ്പെടുന്നത് പ്രതിമാസം ഒരു ലക്ഷം രൂപ വരെയുള്ള ശമ്പളം വാങ്ങുന്നവരാണ്. 2.1 കോടി യുവാക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്‌കീം ബി: ഉത്പാദന മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കല്‍

ആദ്യമായി ജോലി ചെയ്യുന്നവരുടെ തൊഴിലുമായി ബന്ധപ്പെടുത്തി ഉല്‍പ്പാദന മേഖലയില്‍ അധിക തൊഴിലവസരങ്ങള്‍ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ജോലിയുടെ ആദ്യ 4 വര്‍ഷത്തെ ഇ പി എഫ് ഒ സംഭാവനയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കും തൊഴിലുടമയ്ക്കും നേരിട്ട് നിര്‍ദ്ദിഷ്ട സ്‌കെയിലില്‍ ഒരു ഇന്‍സെന്റീവ് നല്‍കും. തൊഴിലില്‍ പ്രവേശിക്കുന്ന 30 ലക്ഷം യുവാക്കള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  ശ്രീമതി. നിര്‍മല സീതാരാമന്‍ പറഞ്ഞു.

സ്‌കീം സി: തൊഴിലുടമകള്‍ക്ക് പിന്തുണ

തൊഴിലുടമയെ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതി എല്ലാ മേഖലകളിലും അധിക തൊഴിലവസരങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിനുള്ളിലെ എല്ലാ അധിക ജോലികളും കണക്കാക്കും. അധികമായി ലഭിക്കുന്ന ഓരോ ജീവനക്കാരനും അവരുടെ ഇപിഎഫ്ഒ വിഹിതത്തിലേക്ക് 2 വര്‍ഷത്തേക്ക് പ്രതിമാസം 3,000 രൂപ വരെ സര്‍ക്കാര്‍ തൊഴിലുടമകള്‍ക്ക് തിരികെ നല്‍കും. ഈ പദ്ധതി 50 ലക്ഷം പേര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.\

--ns--



(Release ID: 2036009) Visitor Counter : 10