ധനകാര്യ മന്ത്രാലയം

എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കും ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കി


വിദേശ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 35 ശതമാനമായി കുറച്ചു

സാമ്പത്തിക മേഖലയുടെ കാഴ്ചപ്പാടും തന്ത്രപരമായ രേഖയും പുറത്തിറക്കും

കാലാവസ്ഥാ ധനകാര്യത്തിനുള്ള ടാക്‌സോണമി വികസിപ്പിക്കും

നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശ നിക്ഷേപത്തിനുമുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ലളിതമാക്കും

ആഭ്യന്തര ക്രൂയിസുകള്‍ നടത്തുന്ന വിദേശ ഷിപ്പിംഗ് കമ്പനികള്‍ക്ക് ലളിതമായ നികുതി വ്യവസ്ഥ

Posted On: 23 JUL 2024 1:11PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 23

എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കും ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ 2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോ സിസ്റ്റത്തെ ശക്തിപ്പെടുത്തുന്നതിനും സംരംഭകത്വ മനോഭാവം വര്‍ദ്ധിപ്പിക്കുന്നതിനും നൂതനാശയത്തെ പിന്തുണയ്ക്കുന്നതിനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വികസന ആവശ്യങ്ങള്‍ക്കായി വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനായി വിദേശ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 40 ല്‍ നിന്ന് 35 ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദ്ദേശവും മന്ത്രി മുന്നോട്ടുവച്ചു.

സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വലുപ്പം, ശേഷി, കഴിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മേഖലയെ ഒരുക്കുന്നതിനുമായി ഒരു സാമ്പത്തിക മേഖലാ വീക്ഷണവും തന്ത്രപരമായ രേഖയും കൊണ്ടുവരുമെന്നും ശ്രീമതി. സീതാരാമന്‍ പ്രഖ്യാപിച്ചു. ഇത് വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്കുള്ള അജന്‍ഡ നിശ്ചയിക്കുമെന്നും ഗവണ്‍മെന്റ്, നിയന്ത്രാക്കള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിപണി പങ്കാളികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥാ ധനകാര്യത്തിനായി ടാക്സോണമി വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും മന്ത്രി മുന്നോട്ടുവച്ചു. ഇത് കാലാവസ്ഥാ പൊരുത്തപ്പെടുത്തലിനും ലഘൂകരണത്തിനുമുള്ള മൂലധനത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയെ കാലാവസ്ഥാ പ്രതിബദ്ധതകളും ഹരിത പരിവര്‍ത്തനവും കൈവരിക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

''വിമാനങ്ങളുടെയും കപ്പലുകളുടെയും പാട്ടത്തിന് ധനസഹായം നല്‍കുന്നതിന് കാര്യക്ഷമവും വഴക്കമുള്ളതുമായ ഒരു മാതൃക നല്‍കുന്നതിനും ഒരു വേരിയബിള്‍ കമ്പനി ഘടനയിലൂടെ സ്വകാര്യ ഇക്വിറ്റിയുടെ ഫണ്ടുകള്‍ ശേഖരിക്കുന്നതിനും ആവശ്യമായ നിയമനിര്‍മ്മാണത്തിനുള്ള അംഗീകാരം ഞങ്ങളുടെ ഗവണ്‍മെന്റ് തേടും'', ശ്രീമതി സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

നേരിട്ടുള്ള വിദേശ നിക്ഷേപം സുഗമമാക്കുന്നതിനും, മുന്‍ഗണന നല്‍കുന്നതിനും, വിദേശ നിക്ഷേപങ്ങള്‍ക്ക് ഇന്ത്യന്‍ രൂപ കറന്‍സിയായി ഉപയോഗിക്കുന്നതിനുള്ള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശ നിക്ഷേപത്തിനുമുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ലളിതമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

ധാരാളം വിദഗ്ധ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഡയമണ്ട് കട്ടിംഗ് ആന്‍ഡ് പോളിഷിംഗ് വ്യവസായത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി അസംസ്‌കൃത വജ്രങ്ങള്‍ വില്‍ക്കുന്ന വിദേശ ഖനന കമ്പനികള്‍ക്ക് സുരക്ഷിത ഹാര്‍ബര്‍ നിരക്കുകള്‍ നല്‍കുന്നതിനുള്ള നിര്‍ദ്ദേശവും ധനമന്ത്രി അവതരിപ്പിച്ചു.

അതിനുപുറമെ, രാജ്യത്ത് ആഭ്യന്തര ക്രൂയിസ് നടത്തുന്ന വിദേശ ഷിപ്പിംഗ് കമ്പനികള്‍ക്ക് ലളിതമായ നികുതി വ്യവസ്ഥയും ശ്രീമതി സീതാരാമന്‍ നിര്‍ദ്ദേശിച്ചു. ഇത് ക്രൂയിസ് ടൂറിസത്തിന്റെ മഹത്തായ സാദ്ധ്യതകള്‍ തിരിച്ചറിയുന്നതിനും രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ വ്യവസായത്തിന് ഉണര്‍വ് നല്‍കുന്നതിനും സഹായിക്കും.

--NS--



(Release ID: 2035879) Visitor Counter : 17