ധനകാര്യ മന്ത്രാലയം

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വേറിട്ട തിളക്കമായി തുടരുന്നു


9 മുന്‍ഗണനാ മേഖലകള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ ഊന്നല്‍: ശ്രീമതി.നിര്‍മല സീതാരാമന്‍

2021-ല്‍ പ്രഖ്യാപിച്ച ധന ഏകീകരണ പാത നമ്മുടെ സമ്പദ്വ്യസ്ഥക്കു വളരെ പ്രയോജനപ്പെട്ടു:  ധനമന്ത്രി

 ധനപരമായ ഏകീകരണം തുടരാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധം

Posted On: 23 JUL 2024 1:14PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 23 ജൂലൈ 2024:

ആഗോള സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും നയപരമായ അനിശ്ചിതത്വങ്ങളുടെ പിടിയിലാണെന്ന് പാര്‍ലമെന്റില്‍ ഇന്ന് 2024-25 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി.  നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഉയര്‍ന്ന ആസ്തി വിലകള്‍, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, കപ്പല്‍ഗതാഗത തടസ്സങ്ങള്‍ എന്നിവ വളര്‍ച്ചയ്ക്ക് വളരെ ദോഷകരമായ അപകടസാധ്യതകളും പണപ്പെരുപ്പത്തിനുള്ള അപകടസാധ്യതകളും ഉയര്‍ത്തുന്നു.  എന്നിട്ടും, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വേറിട്ട തിളക്കമായി തുടരുന്നു. വരും വര്‍ഷങ്ങളിലും അത് നിലനില്‍ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള 9 മുന്‍ഗണനാ മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വികസിത ഭാരതിന്റെ ലക്ഷ്യം ത്വരിതപ്പെടുത്താന്‍് അവയെ ശക്തിപ്പെടുത്തുന്നതിനും അവയുടെ നടപ്പാക്കല്‍ വേഗത്തിലാക്കുന്നതിനുമുള്ള ഉദ്ദേശത്തോടെ മുമ്പ് നടത്തിയ ചില പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍ക്കൊള്ളുന്നു.

ഇവയാണ് 9 മുന്‍ഗണനാ മേഖലകള്‍:

 1) കൃഷിയിലെ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും

 2) തൊഴിലും നൈപുണ്യവും

 3) എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനുഷ്യവിഭവശേഷി വികസനവും സാമൂഹിക നീതിയും

 4) നിര്‍മ്മാണവും സേവനങ്ങളും

 5) നഗര വികസനം

 6) ഊര്‍ജ്ജ സുരക്ഷ

 7) അടിസ്ഥാന സൗകര്യങ്ങള്‍

 8) നവീനാശയങ്ങള്‍, ഗവേഷണവും വികസനവും

 9) അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍

 


തുടര്‍ന്നുള്ള ബജറ്റുകളില്‍ ഇവയെ അടിസ്ഥാനമാക്കി കൂടുതല്‍ മുന്‍ഗണനകളും പ്രവര്‍ത്തനങ്ങളും ചേര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'സാമ്പത്തിക നയ ചട്ടക്കൂടിന്റെ' ഭാഗമായി കൂടുതല്‍ വിശദമായ രൂപീകരണവും നടത്തും.

2024-25 ലെ ബജറ്റ് കണക്കുകളുടെ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട്, കടമെടുപ്പ് ഒഴികെയുള്ള മൊത്തം രസീതുകളും മൊത്തം ചെലവുകളും യഥാക്രമം 32.07 ലക്ഷം കോടി രൂപയും 48.21 ലക്ഷം കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മൊത്തം നികുതി വരുമാനം 25.83 ലക്ഷം കോടി രൂപയാണ്. ജിഡിപിയുടെ 4.9 ശതമാനമാണ് ധനക്കമ്മി കണക്കാക്കിയിരിക്കുന്നത്. 2024-25 കാലയളവില്‍ ഡേറ്റഡ് സെക്യൂരിറ്റികള്‍ വഴിയുള്ള മൊത്ത, അറ്റ വിപണി വായ്പകള്‍ യഥാക്രമം 14.01 ലക്ഷം കോടി രൂപയും 11.63 ലക്ഷം കോടി രൂപയും ആയി കണക്കാക്കുന്നു. രണ്ടും 2023-24ലേതിനെക്കാള്‍ കുറവായിരിക്കും.

2021-ല്‍ പ്രഖ്യാപിച്ച സാമ്പത്തിക ഏകീകരണ പാത സമ്പദ് വ്യവസ്ഥയ്ക്കു നന്നായി പ്രയോജനപ്പെട്ടിട്ടുണ്ടെന്നും അടുത്ത വര്‍ഷം കമ്മി 4.5 ശതമാനത്തില്‍ താഴെ എത്തിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.  പരിഷ്‌കരണം തുടരാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. 2026-27 മുതല്‍, ഓരോ വര്‍ഷവും ധനക്കമ്മി നിലനിര്‍ത്താന്‍ ശ്രമിക്കും, അതായത് കേന്ദ്ര ഗവണ്‍മെന്റിന്റെ കടം ജിഡിപിയുടെ നിശ്ചിത ശതമാനമായി കുറയുന്ന പാതയിലായിരിക്കും.
 

--NS --



(Release ID: 2035798) Visitor Counter : 20