ധനകാര്യ മന്ത്രാലയം
ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ ബാങ്കിംഗ്, സാമ്പത്തിക രംഗങ്ങളിൽ മികച്ച പ്രകടനം
Posted On:
22 JUL 2024 3:15PM by PIB Thiruvananthpuram
തുടർച്ചയായ ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ബാങ്കിംഗ്, സാമ്പത്തിക രംഗങ്ങള്‍ ശക്തമായ പ്രകടനം കാഴ്ചവച്ചതായി കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിന്റെ മേശപ്പുറത്തുവച്ച 2023-24 സാമ്പത്തിക സർവേ പറയുന്നു. പൊതുവായ പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമാക്കി വർഷം മുഴുവന്‍ സ്ഥിരമായ പോളിസി നിരക്ക് റിസര്‍വ് ബാങ്ക് നിലനിർത്തിയതായി സർവേ സൂചിപ്പിക്കുന്നു. റഷ്യ-ഉക്രെയ്ൻ സംഘർഷത്തെത്തുടർന്നുണ്ടായ സാമ്പത്തിക നിയന്ത്രണത്തിന്റെ ഫലങ്ങൾ ബാങ്കുകളിലെ വായ്പയുടെയും നിക്ഷേപത്തിൻ്റെയും പലിശ നിരക്കുകളിലെ വർധനയില്‍ പ്രകടമാണ്. ബാങ്ക് വായ്പകൾ വിവിധ മേഖലകളിൽ ഗണ്യവും വ്യാപകവുമായ വളർച്ച കൈവരിച്ചു; വ്യക്തിഗത വായ്പകളും സേവന വായ്പയുമായിരുന്നു മുന്‍പന്തിയില്‍.
പ്രധാനമായും സേവന-വ്യക്തിഗത വായ്പകളിലൂടെ വായ്പാ വളർച്ച ശക്തമായി തുടരുന്നു. വ്യക്തിഗത വായ്പകളിലൂടെയും വ്യാവസായിക വായ്പകളിലൂടെയും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുട (NBFC) വായ്പാസേവനങ്ങള്‍ ത്വരിതപ്പെടുകയും ആസ്തി നിലവാരം മെച്ചപ്പെടുകയും ചെയ്തു. കാർഷിക വായ്പ 2021 സാമ്പത്തിക വർഷത്തിലെ 13.3 ലക്ഷം കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷം 1.5 മടങ്ങോളം വർധിച്ച് 20.7 ലക്ഷം കോടി രൂപയായി. 2023 അവസാനത്തോടെ 7.4 കോടിയിൽ അധികം പ്രവര്‍ത്തനക്ഷമമായ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകള്‍ വഴി കർഷകർക്ക് സമയബന്ധിതവും തടസ്സരഹിതവുമായി വായ്പ നൽകുന്നതിൽ കിസാൻ ക്രെഡിറ്റ് കാർഡ് (KCC) പദ്ധതി നിർണായക പങ്കുവഹിച്ചു.
വായ്പാ ഉപഭോക്താക്കളുടെ മെച്ചപ്പെട്ട തിരഞ്ഞെടുപ്പ്, കൂടുതൽ ഫലപ്രദമായ വായ്പാ വീണ്ടെടുക്കൽ, വൻകിട വായ്പക്കാർക്കിടയിൽ ഉയർന്ന വായ്പാ ബോധവല്‍ക്കരണം എന്നിവയിലൂടെ ബാങ്കുകളുടെ ആസ്തി നിലവാരത്തിൽ ഗണ്യമായ വർധനയുണ്ടായി.
SCB-കളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) അനുപാതം കുറയുന്ന പ്രവണത തുടരുകയും സാമ്പത്തിക വര്ഷം 2018-ല്‍ ഏറ്റവും ഉയർന്ന നിരക്കായി രേഖപ്പെടുത്തിയ 11.2 ശതമാനത്തിൽ നിന്ന് 2024 മാര്‍ച്ചില്‍ 12 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.8 ശതമാനത്തിലെത്തുകയും ചെയ്തു.
ഇന്ത്യൻ മൂലധന വിപണിയുടെ ശ്രദ്ധേയമായ വിപുലീകരണത്തെ സർവേ എടുത്തുകാണിക്കുന്നു. ഇന്ത്യയുടെ ഓഹരി വിപണി മൂലധനവും GDP-യും തമ്മിലെ അനുപാതം ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെ മൂലധന വിപണികൾ മികച്ച ഫലങ്ങൾ പ്രകടമാക്കി.
പ്രഥമ ഓഹരി വില്‍പനയുടെ (IPO) എണ്ണം 2024 സാമ്പത്തിക വർഷം 66 ശതമാനം വർധിച്ച് 2023 സാമ്പത്തിക വർഷത്തിലെ 164-ല്‍ നിന്ന് 272 ആയി. സമാഹരിച്ച തുകയില്‍ 24 ശതമാനം വർധന രേഖപ്പെടുത്തി (2023 സാമ്പത്തിക വർഷത്തിലെ 54,773 കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 67,995 കോടി രൂപയായി).
ഇന്ത്യൻ ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിപണികളിൽ ഒന്നായിരുന്നു. ഇന്ത്യയുടെ നിഫ്റ്റി 50 സൂചിക 2023 സാമ്പത്തിക വര്‍ഷത്തിലെ (-)8.2 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വര്‍ഷം 26.8 ശതമാനം ഉയർന്നു,
സാമ്പത്തിക സേവനങ്ങൾ അവസാന തലത്തിലേക്കുവരെ എത്തിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകിയതെന്ന് സർവേ വ്യക്തമാക്കുന്നു. ഔപചാരിക ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ടുള്ള മുതിർന്നവരുടെ എണ്ണം 2011-ലെ 35 ശതമാനത്തിൽ നിന്ന് 2021-ൽ 77 ശതമാനമായി ഉയർന്നു.
ലോകത്ത് അതിവേഗം വളരുന്ന ഫിൻടെക് വിപണികളിൽ ഒന്നായ ഇന്ത്യ മൂന്നാമത് വലിയ ഫിൻടെക് സമ്പദ്‌വ്യവസ്ഥയാണെന്ന് സര്‍വേ പറയുന്നു. സാമ്പത്തിക രംഗത്തെ ഡിജിറ്റല്‍വല്‍ക്കരണമാണ് പ്രധാനമായും ഈ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ യജ്ഞം സാധ്യമാക്കിയത്.
2024 മാർച്ച് 31 വരെ 116.5 കോടിയിലധികം സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളോടെ ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ ഉപയോഗത്തിലുണ്ടായ വർധനയാണ് UPI-യുടെ വിജയത്തിന് ആക്കംകൂട്ടിയത്. UPI ഉപയോഗിച്ച് നടത്തിയ പണമിടപാടുകളുടെ മൂല്യം 2017 സാമ്പത്തിക വർഷത്തിലെ 0.07 ലക്ഷം കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷം പലമടങ്ങ് വര്‍ധിച്ച് 200 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ദേശീയ പെൻഷൻ സ്കീമും (NPS) അടുത്തിടെ അടൽ പെൻഷൻ യോജനയും (APY) ആരംഭിച്ചതോടെ ഇന്ത്യയുടെ പെൻഷൻ മേഖല വികസിച്ചതായി സർവേ പറയുന്നു. 2024 മാർച്ചിലെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 735.6 ലക്ഷമാണ്. 2023 മാർച്ചിലെ 623.6 ലക്ഷത്തിൽ നിന്ന് ഒരുവര്‍ഷത്തിനകം 18 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെ APY ഗുണഭോക്താക്കളുടെ എണ്ണം (നേരത്തെ നിലവിലുണ്ടായിരുന്ന NPS ലൈറ്റ് ഉൾപ്പെടെ) 2023 മാര്‍ച്ചിലെ 501.2 ലക്ഷത്തിൽ നിന്ന് 2024 മാർച്ചിൽ 588.4 ലക്ഷമായി വര്‍ധിച്ചു.
(Release ID: 2035499)
Visitor Counter : 64