ധനകാര്യ മന്ത്രാലയം
ഇന്ത്യയുടെ വാർഷിക പ്രതിശീർഷ കാർബൺ ബഹിർഗമനം ആഗോള ശരാശരിയുടെ മൂന്നിലൊന്ന് മാത്രമാണ്
Posted On:
22 JUL 2024 2:21PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 22, 2024
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണെങ്കിലും, ഇന്ത്യയുടെ വാർഷിക പ്രതിശീർഷ കാർബൺ പുറന്തള്ളൽ ആഗോള ശരാശരിയുടെ മൂന്നിലൊന്ന് മാത്രമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2023-24ൽ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിലെ ഇന്ത്യയുടെ നേട്ടങ്ങൾ കൂടുതൽ ആഴത്തിൽ വ്യക്തമാക്കുന്ന സർവേ, ഇൻ്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ്റെ സമീപകാല റിപ്പോർട്ട് പ്രകാരം 2 ഡിഗ്രി സെൻ്റിഗ്രേഡ് താപ വർധന എന്നതിന് അനുസൃതമായി പ്രവർത്തിക്കുന്ന ഏക ജി 20 രാജ്യമാണ് ഇന്ത്യ എന്ന് ചൂണ്ടിക്കാട്ടുന്നു.
ആദ്യ നിശ്ചിത ദേശീയ വിഹിത (NDC) ത്തിലെ മിക്ക ലക്ഷ്യങ്ങളും ഇന്ത്യ വളരെ നേരത്തെ തന്നെ കൈവരിച്ചു. ഫോസിൽ ഇതര ഊർജ സ്രോതസ്സുകളിൽ നിന്ന് 2021-ൽ രാഷ്ട്രം 40 ശതമാനം വൈദ്യുതോർജ സ്ഥാപിത ശേഷി കൈവരിച്ചു. ഇന്ത്യയുടെ ജിഡിപിയുടെ ബഹിർഗമന തീവ്രത 2005-ലെ നിരക്കിൽ നിന്ന് 2019-ൽ 33 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
കൂടാതെ, സ്ഥാപിതമായ വൈദ്യുതി ഉൽപാദന ശേഷിയിൽ ഫോസിൽ ഇതര സ്രോതസ്സുകളുടെ പങ്ക് 2014 ഏപ്രിലിലെ 32 ശതമാനത്തിൽ നിന്ന് 2024 മെയ് 31 വരെ 45.4 ശതമാനത്തിലെത്തി. 2030 ഓടെ മരങ്ങളിലൂടെയും വനങ്ങളിലൂടെയും 2.5 മുതൽ 3.0 ബില്യൺ ടൺ വരെ അധിക കാർബൺ സിങ്ക് സൃഷ്ടിക്കാനുള്ള പാതയിലാണ് ഇന്ത്യ. 2005 മുതൽ 2019 വരെ 1.97 ബില്യൺ ടൺ CO2 തത്തുല്യമായ കാർബൺ സിങ്ക് സൃഷ്ടിച്ചിട്ടുണ്ട് .
2005-നും 2019-നും ഇടയിൽ ഇന്ത്യയുടെ ജിഡിപി, ഏകദേശം ഏഴ് ശതമാനത്തിൻ്റെ കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) നേടി. അതേസമയം പുറന്തള്ളൽ സിഎജിആറിൽ നാല് ശതമാനമായി . അതായത്, പുറന്തള്ളൽ നിരക്ക് നമ്മുടെ ജിഡിപിയുടെ വളർച്ചാ നിരക്കിനേക്കാൾ കുറവാണ്.
സമ്പദ്‌വ്യവസ്ഥയുടെ കാർബൺ പുറന്തള്ളൽ തീവ്രത കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകുന്ന പൊതുമേഖലാ പദ്ധതികൾക്കായുള്ള വരുമാനം സ്വരൂപിക്കുന്നതിനായി 2023 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ₹16,000 കോടി രൂപയുടെ സോവറിൻ ഗ്രീൻ ബോണ്ടുകൾ ഗവൺമെൻറ് വിതരണം ചെയ്തു. 2023 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ സോവറിൻ ഗ്രീൻ ബോണ്ടുകൾ വഴി 20000 കോടി രൂപ സമാഹരിച്ചു
കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നതിനുമായി ഇന്ത്യ നിരവധി അന്താരാഷ്ട്ര സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നതിനെക്കുറിച്ചും സർവേ പറയുന്നു.
*****
(Release ID: 2035314)
Visitor Counter : 73