ധനകാര്യ മന്ത്രാലയം

ഗവണ്‍മെന്റിന്റെ സാമൂഹിക മേഖലയിലെ ചെലവ് 2016 മുതല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രവണത കാണിക്കുന്നതായി 2023-24 ലെ സാമ്പത്തിക സര്‍വേ പറയുന്നു

സാമൂഹിക ക്ഷേമ ചെലവ് 2018-24 സാമ്പത്തിക വര്‍ഷത്തിനിടയില്‍ സി.എ.ജി.ആര്‍ 12.8% ല്‍ വളര്‍ന്നു



ആരോഗ്യ ചെലവ് സി.എ.ജി.ആര്‍ 15.8% വര്‍ദ്ധിക്കുന്നു

സാമൂഹിക സേവനങ്ങള്‍ക്കുള്ള ചെലവ് ജി.ഡി.പിയുടെ 7.8% ആയി വര്‍ദ്ധിക്കുന്നു; 2024 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ ചെലവ് ജി.ഡി.പിയുടെ 1.9% ആയി വര്‍ദ്ധിച്ചു

Posted On: 22 JUL 2024 2:51PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 22

സമീപ വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഉയര്‍ന്നതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സാമൂഹികവും സ്ഥാപനപരവുമായ പുരോഗതിയും, ഗവണ്‍മെന്റ് പരിപാടികളുടെ പരിവര്‍ത്തനപരവും ഫലപ്രദവുമായ നിര്‍വ്വഹണവും അടിവരയിടുന്നതായി കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2023-24 പ്രസ്താവിക്കുന്നു.

രാജ്യത്തെ പൗരന്മാരുടെ സാമൂഹിക ക്ഷേമത്തിന്റെ പല വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2016 സാമ്പത്തിക വര്‍ഷം മുതല്‍ സാമൂഹിക സേവനങ്ങള്‍ക്കായുള്ള ഗവണ്‍മെന്റിന്റെ ചെലവ് വര്‍ദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. സാമ്പത്തികവര്‍ഷം 2018 നും 24 നും ഇടയില്‍, മൊത്തത്തിലുള്ള സാമൂഹിക ക്ഷേമ ചെലവുകള്‍ 12.8% സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിലും (സി.എ.ജി.ആര്‍) ആരോഗ്യത്തിനുള്ള ചെലവ് 15.8 % സി.എ.ജി.ആറിലും വളര്‍ന്നു. 2017-18ലെ മൊത്തം സാമൂഹിക സേവന ചെലവ് 11.39 ലക്ഷം കോടിയും ആരോഗ്യചെലവ് 2.43 ലക്ഷം കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2023-24ലെ ബജറ്റ് കണക്കിലെ സാമൂഹ്യ സേവനങ്ങള്‍ക്കായുള്ള മൊത്തം ചെലവ് 23.5 ലക്ഷം കോടിയായും അതില്‍, ആരോഗ്യ ചെലവ് 5.85 ലക്ഷം കോടി രൂപയായും വര്‍ദ്ധിച്ചു.
2017-18ലെ 6.7%ല്‍ നിന്നും മൊത്തം ആഭ്യന്തരവളര്‍ച്ചയുടെ (ജി.ഡി.പി) 7.8%മായി സാമൂഹിക സേവനങ്ങള്‍ക്കുള്ള ചെലവ് 2023-24ല്‍ ഉയര്‍ന്നു. അതിനനുസരിച്ച്, ഇതേ കാലയളവില്‍ ആരോഗ്യ ചെലവ് 1.4% ല്‍ നിന്ന് 1.9% ആയും വര്‍ദ്ധിച്ചു. മൊത്തം ചെലവിന്റെ ഒരു ശതമാനമെന്ന നിലയില്‍, 2023-24 ബജറ്റ് കണക്ക് പ്രകാരം സാമൂഹിക സേവനങ്ങള്‍ക്കുള്ള ചെലവ് 26% ആയി വര്‍ദ്ധിക്കുകയും, അതില്‍ ആരോഗ്യത്തിനുള്ള ചെലവ് 6.5% ആയെന്നും സര്‍വേ എടുത്തുകാണിക്കുന്നു.

--NS--



(Release ID: 2035240) Visitor Counter : 14