പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുംബൈയിലെ ഇന്ത്യന്‍ ന്യൂസ്പേപ്പേഴ്സ് സൊസൈറ്റി ടവറിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 13 JUL 2024 9:07PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബൈസ് ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ ജി, ഉപമുഖ്യമന്ത്രിമാരായ ഭായ് ദേവേന്ദ്ര ഫഡ്നാവിസ് ജി, ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് അജിത് ദാദാ പവാര്‍ ജി, രാകേഷ് ശര്‍മ്മ ജി, വിശിഷ്ടാതിഥികളേ സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ!

ഒന്നാമതായി, ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ന്, നിങ്ങള്‍ക്ക് മുംബൈയില്‍ വലുതും ആധുനികവുമായ ഒരു കെട്ടിടം ലഭിച്ചിരിക്കുന്നു. ഈ പുതിയ കെട്ടിടം നിങ്ങളുടെ പ്രവര്‍ത്തനക്ഷമതയേയും ആയാസരഹിതമായ പ്രവര്‍ത്തനത്തേയും പരിപോഷിപ്പിക്കുമെന്നും അത് നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി സ്വാതന്ത്ര്യത്തിന് മുമ്പ് നിലവില്‍ വന്ന സ്ഥാപനങ്ങളിലൊന്നാണ്, അങ്ങനെ, രാജ്യത്തിന്റെ യാത്രയിലെ ഓരോ ഉയര്‍ച്ചയും താഴ്ച്ചയും നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അനുഭവിക്കുകയും അത് പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. അതിനാല്‍, ഒരു സംഘടന എന്ന നിലയില്‍ നിങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാകുമ്പോള്‍, രാജ്യത്തിന് കൂടുതല്‍ പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

മാധ്യമങ്ങള്‍ രാജ്യത്തിന്റെ അവസ്ഥകളെ കേവലം നിരീക്ഷിക്കുന്നവര്‍ മാത്രമല്ല. സാഹചര്യങ്ങള്‍ മാറ്റുന്നതിലും രാജ്യത്തെ നയിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് മാധ്യമരംഗത്തെ നിങ്ങളെല്ലാം. ഭാരതം അതിന്റെ അടുത്ത 25 വര്‍ഷത്തെ യാത്രയുടെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലാണ് ഇന്ന് നില്‍ക്കുന്നത്. ഈ 25 വര്‍ഷത്തിനുള്ളില്‍ ഭാരതം വികസിക്കുന്നതിന് പത്രങ്ങളുടെയും മാസികകളുടെയും പങ്ക് ഒരുപോലെ പ്രധാനമാണ്. രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നത് മാധ്യമങ്ങളാണ്. പൗരന്മാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കുന്നത് മാധ്യമങ്ങളാണ്. മാത്രമല്ല ആളുകള്‍ക്ക് സ്വന്തം കഴിവുകള്‍ എ്‌ന്തെന്ന് വ്യക്തമാക്കിക്കൊടുക്കുന്നതും മാധ്യമങ്ങളാണ്. ഒരു രാജ്യത്തെ പൗരന്മാര്‍ അവരുടെ കഴിവില്‍ ആത്മവിശ്വാസം നേടുമ്പോള്‍, അവര്‍ വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ തുടങ്ങുന്നതും നിങ്ങള്‍ കാണുന്നു. ഇന്ന് ഭാരതത്തിലും ഇതാണ് സംഭവിക്കുന്നത്. ഒരു ചെറിയ ഉദാഹരണം പറയാം. ഡിജിറ്റല്‍ ഇടപാടുകള്‍ എന്നത് ഭാരതത്തിലെ ജനങ്ങളുടെ കഴിവിനപ്പുറമാണെന്ന് ചില നേതാക്കള്‍ തുറന്ന് പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ആധുനിക സാങ്കേതികവിദ്യകള്‍ ഈ രാജ്യത്ത് പ്രവര്‍ത്തിക്കില്ലെന്ന് അവര്‍ കരുതി. എന്നാല്‍ ഭാരതത്തിലെ ജനങ്ങളുടെ ജ്ഞാനത്തിനും കഴിവിനും ലോകം സാക്ഷ്യം വഹിക്കുന്നു. ഇന്ന് ആഗോളതലത്തില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ ഭാരതം വന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

ഇന്ന്, ഭാരതത്തിന്റെ യുപിഐയും ആധുനിക ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറും കാരണം, ജീവിത സൗകര്യം വര്‍ദ്ധിച്ചു, ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പണം കൈമാറ്റം ചെയ്യുന്നത് എളുപ്പമായിരിക്കുന്നു. ഇന്ന്, ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന നമ്മുടെ നാട്ടുകാരാണ് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത്, ഈ ഡിജിറ്റല്‍ വിപ്ലവം കാരണം അവര്‍ക്കുള്ള ചെലവ് ഗണ്യമായി കുറഞ്ഞു. ലോകമെമ്പാടുമുള്ള പ്രധാന രാജ്യങ്ങള്‍ ഞങ്ങളുടെ സാങ്കേതികവിദ്യയും നടപ്പാക്കല്‍ മാതൃകയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഈ വലിയ വിജയം ഗവണ്‍മെന്റിന് മാത്രമല്ല. ഈ വിജയത്തിന് മാധ്യമരംഗത്തെ നിങ്ങളും പങ്കുവഹിച്ചിട്ടുണ്ട്, അതിനാല്‍ നിങ്ങളെല്ലാവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

സുഹൃത്തുക്കളേ,

സംവാദങ്ങള്‍ സൃഷ്ടിക്കുകയും ഗൗരവമേറിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് മാധ്യമങ്ങളുടെ സ്വാഭാവിക ധര്‍മ്മം. എന്നിരുന്നാലും, മാധ്യമ വ്യവഹാരത്തിന്റെ ദിശ പലപ്പോഴും ഗവണ്‍മെന്റ് നയങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഗവണ്‍മെന്റുകള്‍ വോട്ട് ഗണിതത്തിന്റെ ലെന്‍സിലൂടെയാണ് ഓരോ പ്രവര്‍ത്തനവും വീക്ഷിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഈ ചിന്താഗതി മാറ്റി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ രാജ്യത്ത് ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. പക്ഷേ, 2014 വരെ ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത 40-50 കോടി ദരിദ്രര്‍ രാജ്യത്തുണ്ടായിരുന്നു എന്നതായിരുന്നു സത്യം. ദേശസാല്‍ക്കരണം നടന്നപ്പോള്‍ എന്താണ് പറഞ്ഞത്, 2014ല്‍ എന്താണ് വസ്തുത? രാജ്യത്തിന്റെ പകുതിയും ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്നു. ഈ വിഷയം എന്നെങ്കിലും നമ്മുടെ നാട്ടില്‍ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ടോ? എന്നാല്‍ ഞങ്ങള്‍ ജന്‍ധന്‍ യോജന ഒരു പ്രസ്ഥാനമായി സ്വീകരിച്ചു. 50 കോടിയോളം ആളുകളെ ഞങ്ങള്‍ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചു. ഇത് ഡിജിറ്റല്‍ ഇന്ത്യയിലും അഴിമതി വിരുദ്ധ ശ്രമങ്ങളിലും നമ്മുടെ ഏറ്റവും വലിയ മാധ്യമമായി മാറി. അതുപോലെ, ശുചിത്വ കാമ്പെയ്ന്‍, സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ തുടങ്ങിയ കാമ്പെയ്നുകള്‍ പരിശോധിച്ചാല്‍! വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ അവര്‍ എവിടേയും കൊള്ളില്ല. എന്നാല്‍ മാറുന്ന ഭാരതത്തില്‍ രാജ്യത്തെ മാധ്യമങ്ങള്‍ അവരെ ദേശീയ വ്യവഹാരത്തിന്റെ ഭാഗമാക്കി. 2014ന് മുമ്പ് അധികമാരും അറിഞ്ഞിട്ടില്ലാത്ത സ്റ്റാര്‍ട്ടപ്പ് എന്ന വാക്ക് മാധ്യമ ചര്‍ച്ചകളിലൂടെ എല്ലാ വീട്ടിലും എത്തിച്ചു.


സുഹൃത്തുക്കളേ,

നിങ്ങളെല്ലാം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരാണ്, വളരെ പരിചയസമ്പന്നരാണ്. നിങ്ങളുടെ തീരുമാനങ്ങള്‍ രാജ്യത്തെ മാധ്യമങ്ങളെയും നയിക്കുന്നു. അതിനാല്‍, ഈ പ്രോഗ്രാമിലൂടെ എനിക്ക് നിങ്ങളോട് കുറച്ച് അഭ്യര്‍ത്ഥനകളുണ്ട്.

സുഹൃത്തുക്കളേ,

ഗവണ്‍മെന്റ് ഒരു പരിപാടി ആരംഭിക്കുമ്പോള്‍, അത് ഒരു ഗവണ്‍മെന്റ് പരിപാടി മാത്രമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ഗവണ്‍മെന്റ് ഒരു പ്രത്യേക ആശയത്തിന് ഊന്നല്‍ നല്‍കുകയാണെങ്കില്‍, അത് ഗവണ്‍മെന്റിന്റെ ആശയം മാത്രമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ഉദാഹരണത്തിന്, രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുകയും 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണം നടത്തുകയും ചെയ്തു. ഗവണ്‍മെന്റ് ഈ കാമ്പെയ്നുകള്‍ക്ക് തുടക്കമിട്ടപ്പോള്‍, രാജ്യം മുഴുവന്‍ അവ സ്വീകരിച്ച് മുന്നേറി. അതുപോലെ, ഇന്ന് രാജ്യം പരിസ്ഥിതിയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് രാഷ്ട്രീയത്തിനപ്പുറം, മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള വിഷയമാണ്. ഉദാഹരണത്തിന്, 'ഏക് പേഡ് മാ കേ നാം' (അമ്മയുടെ പേരില്‍ ഒരു മരം) ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നു. ഭാരതത്തിന്റെ ഈ പ്രചാരണവും ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഞാന്‍ ഈ വിഷയം G7-ല്‍ അവതരിപ്പിച്ചപ്പോള്‍, എല്ലാവര്‍ക്കും അവരുടെ അമ്മയോട് ഒരു അറ്റാച്ച്മെന്റ് ഉള്ളതിനാല്‍ വലിയ ആകാംക്ഷയുണ്ടായിരുന്നു, മാത്രമല്ല ഇത് ആളുകളില്‍ നന്നായി ക്ലിക്ക് ചെയ്യുമെന്ന് അവര്‍ക്ക് തോന്നി. എല്ലാവരും ഇത് പറയുകയായിരുന്നു. രാജ്യത്തെ കൂടുതല്‍ മാധ്യമസ്ഥാപനങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കുചേരുന്നുവോ അത്രത്തോളം അത് ഭാവിതലമുറയ്ക്ക് ഗുണം ചെയ്യും. അത്തരത്തിലുള്ള എല്ലാ ശ്രമങ്ങളെയും രാജ്യത്തിന്റെ പരിശ്രമമായി കണക്കാക്കി പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. ഇത് ഗവണ്‍മെന്റിന്റെ മാത്രം ശ്രമമല്ല; അത് രാജ്യത്തിന്റെ പരിശ്രമമാണ്. ഈ വര്‍ഷം നമ്മള്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികവും ആഘോഷിക്കുകയാണ്. പൗരന്മാരില്‍ ഭരണഘടനയോടുള്ള കടമയും അവബോധവും വര്‍ദ്ധിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും.

സുഹൃത്തുക്കളേ,

മറ്റൊരു വിഷയം ടൂറിസവുമായി ബന്ധപ്പെട്ടതാണ്. ഗവണ്‍മെന്റിന്റെ നയങ്ങള്‍ കൊണ്ട് മാത്രം ടൂറിസം വളരുന്നില്ല. ഒരു ബ്രാന്‍ഡ് സൃഷ്ടിക്കാനും രാജ്യത്തെ വിപണനം ചെയ്യാനും ഞങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തുമ്പോള്‍, രാജ്യത്തിന്റെ അഭിമാനത്തോടൊപ്പം ടൂറിസവും വര്‍ദ്ധിക്കുന്നു. രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളുടെ സ്വന്തം വഴികള്‍ കണ്ടെത്താനാകും. ഉദാഹരണത്തിന്, മഹാരാഷ്ട്രയിലെ എല്ലാ പത്രങ്ങളും സെപ്തംബറില്‍ ബംഗാളിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, മഹാരാഷ്ട്രയിലെ ആളുകള്‍ ബംഗാള്‍ എല്ലായിടത്തും ഹൈലൈറ്റ് ചെയ്യുന്നത് കാണുമ്പോള്‍, അവര്‍ ബംഗാള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടേക്കാം, അതുവഴി ബംഗാളിന്റെ ടൂറിസം വര്‍ദ്ധിപ്പിക്കും. മൂന്ന് മാസത്തിന് ശേഷം, നിങ്ങള്‍ തമിഴ്‌നാട്ടില്‍ കൂട്ടായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചുവെന്നിരിക്കട്ടെ. യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന മഹാരാഷ്ട്രയിലെ ആളുകള്‍ തമിഴ്‌നാട് തിരഞ്ഞെടുക്കുന്നത് നിങ്ങള്‍ കാണും. രാജ്യത്തെ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്, നിങ്ങള്‍ ഇത് ചെയ്യുമ്പോള്‍, മഹാരാഷ്ട്രയ്ക്കായി സമാനമായ പ്രചാരണങ്ങള്‍ ആ സംസ്ഥാനങ്ങളില്‍ ആരംഭിച്ചേക്കാം, ഇത് മഹാരാഷ്ട്രയ്ക്ക് ഗുണം ചെയ്യും. ഇത് സംസ്ഥാനങ്ങള്‍ക്കിടയില്‍ പരസ്പരം ആകര്‍ഷണവും ജിജ്ഞാസയും വര്‍ദ്ധിപ്പിക്കും, ആത്യന്തികമായി, നിങ്ങള്‍ ഈ ശ്രമം ആരംഭിക്കുന്ന സംസ്ഥാനത്തിന് അധിക പരിശ്രമമില്ലാതെ പ്രയോജനം ലഭിക്കും.

നിങ്ങളുടെ ആഗോള സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ആഗോളതലത്തില്‍ നാം ചിന്തിക്കണം. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം 140 കോടി ജനങ്ങളുള്ള രാജ്യമാണ് നമ്മുടേത്. വളരെയധികം സാധ്യതകളും അവസരങ്ങളുമുള്ള, ഇത്രയും വലിയൊരു രാജ്യം, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാന്‍ പോകുന്നു. ഭാരതത്തിന്റെ വിജയങ്ങള്‍ ലോകത്തിന്റെ കോണുകളിലേക്കും വ്യാപിപ്പിക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്ക് ഫലപ്രദമായി ഏറ്റെടുക്കാം. വിദേശത്തുള്ള ഒരു രാജ്യത്തിന്റെ പ്രതിച്ഛായ അതിന്റെ സമ്പദ്വ്യവസ്ഥയെയും വളര്‍ച്ചയെയും നേരിട്ട് സ്വാധീനിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാം. ഇന്ന്, ഭാരതത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ മെച്ചപ്പെട്ടതിനാല്‍ ഇന്ത്യന്‍ വംശജരുടെ പദവിയും വിശ്വാസ്യതയും ബഹുമാനവും വിദേശത്ത് വര്‍ദ്ധിച്ചതായി നിങ്ങള്‍ കാണുന്നു. ആഗോള പുരോഗതിക്ക് ഭാരതവും ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്. ഈ വീക്ഷണകോണില്‍ നിന്ന് നമ്മുടെ മാധ്യമങ്ങള്‍ എത്രത്തോളം പ്രവര്‍ത്തിക്കുന്നുവോ അത്രത്തോളം രാജ്യത്തിന് ഗുണം ചെയ്യും. അതിനാല്‍, നിങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ കഴിയുന്നത്ര യുഎന്‍ ഭാഷകളില്‍ വിപുലീകരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ മൈക്രോസൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഈ ഭാഷകളിലും ആകാം, ഇന്ന് AI ഉപയോഗിച്ച് ഈ ജോലി നിങ്ങള്‍ക്ക് വളരെ എളുപ്പമായിരിക്കുന്നു.

സുഹൃത്തുക്കളേ,

ഞാന്‍ നിങ്ങള്‍ക്ക് ധാരാളം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ പത്രങ്ങളിലും മാസികകളിലും ഇടം വളരെ പരിമിതമാണെന്ന് എനിക്കറിയാം. എന്നാല്‍ ഇക്കാലത്ത്, എല്ലാ പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും സ്ഥലപരിമിതികളോ വിതരണ പ്രശ്നങ്ങളോ ഇല്ലാത്ത ഡിജിറ്റല്‍ പതിപ്പുകളുണ്ട്. നിങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും പുതിയ പരീക്ഷണങ്ങള്‍ നടത്തുമെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. യുഎന്‍ ഭാഷകളിലെ രണ്ട് പേജുകളുടെ ഒരു ചെറിയ പതിപ്പ് പോലും എംബസികള്‍ ഉള്‍പ്പെടെ ലോകത്തെ വലിയൊരു വിഭാഗം കാണുകയും വായിക്കുകയും ചെയ്യുന്നുവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഭാരതത്തിന്റെ സന്ദേശം കൈമാറുന്നതിനുള്ള മികച്ച ഉറവിടമായി മാറും. നിങ്ങളുടെ പ്രവര്‍ത്തനം ശക്തമാകുമ്പോള്‍ രാജ്യം കൂടുതല്‍ പുരോഗതി പ്രാപിക്കും. ഈ വിശ്വാസത്തോടെ, എല്ലാവരോടും ഞാന്‍ വളരെ നന്ദി പറയുന്നു! ഒപ്പം നിങ്ങളെയെല്ലാം കാണാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍! നന്ദി!

--NS--



(Release ID: 2034436) Visitor Counter : 9