പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യൻ ദിനപ്പത്ര  സൊസൈറ്റി (ഐഎൻഎസ്) ടവറുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


"അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തി​ലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്"

“തങ്ങളുടെ കഴിവുകളിൽ ആത്മവിശ്വാസം നേടുന്ന ഒരു രാജ്യത്തെ പൗരന്മാർ വിജയത്തിൻ്റെ പുതിയ ഉയരങ്ങൾ കൈവരിക്കാൻ തുടങ്ങുന്നു. അതുതന്നെയാണ് ഇന്ന് ഇന്ത്യയിലും സംഭവിക്കുന്നത്"

"ഇന്ത്യയുടെ യാത്രയുടെ ഉയർച്ചതാഴ്ചകൾക്ക് ഐഎൻഎസ് സാക്ഷ്യം വഹിക്കുക മാത്രമല്ല, അതിനൊപ്പം നീങ്ങുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു"

“ഒരു രാജ്യത്തിൻ്റെ ആഗോള പ്രതിച്ഛായ അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു. ഇന്ത്യൻ പ്രസിദ്ധീകരണങ്ങൾ അവയുടെ ആഗോള സാന്നിധ്യം വർദ്ധിപ്പിക്കണം”



Posted On: 13 JUL 2024 8:08PM by PIB Thiruvananthpuram

മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലുള്ള ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റ് സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി INS ടവറുകൾ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടം മുംബൈയിലെ ആധുനികവും കാര്യക്ഷമവുമായ ഓഫീസ് ഇടത്തിനായുള്ള INS അംഗങ്ങളുടെ വികസിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും മുംബൈയിലെ പത്ര വ്യവസായത്തിൻ്റെ നാഡീകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും.

സദസിനെ അഭിസംബോധന ചെയ്യവേ, പുതിയ ടവറിൻ്റെ ഉദ്ഘാടനത്തിൽ ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റിയിലെ എല്ലാ അംഗങ്ങളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, പുതിയ സ്ഥലത്തു പ്രവർത്തിക്കാനുള്ള എളുപ്പം ഇന്ത്യയുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ ദിനപ്പത്ര സൊ​സൈറ്റി സ്വാതന്ത്ര്യത്തിന് മുമ്പാണ് രൂപീകരിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ സംഘടന ഇന്ത്യയുടെ യാത്രയുടെ ഉയർച്ചതാഴ്ചകൾക്ക് സാക്ഷ്യംവഹിക്കുക മാത്രമല്ല; അതിനൊപ്പം മുന്നേറുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്‌തിട്ടുണ്ടെന്നും പറഞ്ഞു. അതിനാൽ, സംഘടന എന്ന നിലയിൽ ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റിയുടെ പ്രവർത്തന സ്വാധീനം രാജ്യത്ത് പ്രകടമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മാധ്യമങ്ങൾ രാഷ്ട്രങ്ങളുടെ സാഹചര്യങ്ങളുടെ നിശബ്ദ കാഴ്ചക്കാരല്ലെന്നും മറിച്ച് അവയെ മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള അടുത്ത 25 വർഷത്തെ യാത്രയിൽ പത്രങ്ങളുടെയും മാസികകളുടെയും പങ്കിന് അദ്ദേഹം അടിവരയിട്ടു. പൗരൻ്റെ അവകാശങ്ങളെയും സാധ്യതകളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ആത്മവിശ്വാസമുള്ള പൗരന്മാർ എങ്ങനെ മികച്ച വിജയം നേടുന്നു എന്നതിൻ്റെ ഉദാഹരണമാണ് ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളുടെ വിജയമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.  ഇന്ത്യയുടെ ഡിജിറ്റൽ പൊതു അ‌ടിസ്ഥാനസൗകര്യങ്ങളിൽ പ്രധാന രാജ്യങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയങ്ങളിൽ മാധ്യമങ്ങളുടെ പങ്കാളിത്തത്തിന് അദ്ദേഹം നന്ദി അ‌റിയിച്ചു.

ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്ത് സംവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങളുടെ സ്വാഭാവിക പങ്കു പ്രധാനമന്ത്രി പരാമർശിച്ചു. മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ ഗവണ്മെന്റിന്റെ നയങ്ങൾ ചെലുത്തുന്ന സ്വാധീനത്തിനും അദ്ദേഹം ഊന്നൽ നൽകി.  ജൻധൻ യോജന പ്രസ്ഥാനത്തിലൂടെയും 50 കോടിയോളം പേരെ ബാങ്കിങ് സംവിധാനവുമായി സംയോജിപ്പിച്ചതിലൂടെയും സാമ്പത്തിക ഉൾപ്പെടുത്തലിൻ്റെയും ബാങ്ക് അക്കൗണ്ടുകൾ തുറക്കലിൻ്റെയും ഉദാഹരണം അദ്ദേഹം എടുത്തുകാട്ടി. ഡിജിറ്റൽ ഇന്ത്യക്കും അഴിമതി തടയുന്നതിനുള്ള സംരംഭങ്ങൾക്കും ഏറ്റവും വലിയ സഹായമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ശുചിത്വഭാരതം അല്ലെങ്കിൽ സ്റ്റാർട്ടപ്പ് ഇന്ത്യ പോലുള്ള സംരംഭങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയം ബാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രസ്ഥാനങ്ങളെ ദേശീയ സംവാദത്തിന്റെ ഭാഗമാക്കിയ മാധ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ തീരുമാനങ്ങള്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗവണ്‍മെന്റ് സമാരംഭംകുറിക്കുന്ന ഏതൊരു പരിപാടിയും ഗവണ്‍മെന്റ് പരിപാടി ആയിരിക്കണമെന്നില്ലെന്നും, ഊന്നിപ്പറയുന്ന ഏതൊരു ആശയവും ഗവണ്‍മെന്റിന്റേത് മാത്രമായിരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ്, ഹര്‍ ഘര്‍ തിരംഗ തുടങ്ങിയ സംഘടിതപ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങള്‍ നല്‍കിയ അദ്ദേഹം ഗവണ്‍മെന്റ് ആരംഭിച്ചെങ്കിലും രാജ്യം മുഴുവന്‍ അവ മുന്നോട്ട് കൊണ്ടുപോയതായി ചൂണ്ടിക്കാട്ടി. അതുപോലെ, ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്ന പരിസ്ഥിതി സംരക്ഷണം ഒരു രാഷ്ട്രീയ പ്രശ്നമെന്നതിലുപരി മാനുഷിക പ്രശ്നമാണെന്നും അടുത്തിടെ ആരംഭിച്ച ''ഏക് പേട് മാ കേ നാം'' എന്ന സംഘടിതപ്രവര്‍ത്തനം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി ലോകമാകെ അത് ചര്‍ച്ചചെയ്യുന്നതായും വ്യക്തമാക്കി. പ്രധാനമന്ത്രി പങ്കെടുത്ത ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളും ഈ പരിപാടിയില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചു. യുവതലമുറയുടെ നല്ല ഭാവിയ്ക്കുള്ള ഈ ലക്ഷ്യത്തില്‍ എല്ലാ മാധ്യമ സ്ഥാപനങ്ങളും പങ്കുചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ''രാഷ്ട്രത്തിനായുള്ള ഒരു പരിശ്രമമെന്ന നിലയില്‍ ഇത്തരം മുന്‍കൈകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ മാധ്യമ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭരണഘടനയോടുള്ള പൗരന്മാരുടെ കടമയും അവബോധവും വര്‍ദ്ധിപ്പിക്കുന്നതിലുള്ള മാധ്യമങ്ങളുടെ പ്രധാന പങ്കിന് അടിവരയിടുകയും ചെയ്തു.

എല്ലാവരുടെയും കൂട്ടായ ബ്രാന്‍ഡിംഗും വിപണനവും ടൂറിസത്തിനും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു പ്രത്യേക സംസ്ഥാനത്തിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പത്രങ്ങള്‍ക്ക് ഒരു മാസം തെരഞ്ഞെടുക്കാമെന്ന നിര്‍ദ്ദേശവും അദ്ദേഹം അവതരിപ്പിച്ചു. ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പരസ്പര താല്‍പര്യവും വര്‍ദ്ധിപ്പിക്കും.

പത്രങ്ങളുടെ ആഗോള സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. സമീപഭാവിയില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ച് ആവര്‍ത്തിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വിജയം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. ''ഒരു രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ അതിന്റെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കും'', പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ പ്രവാസികളുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തോടൊപ്പം ഇന്ത്യയുടെ ഔന്നത്യവും ആഗോള പുരോഗതിക്ക് സംഭാവന ചെയ്യാനുള്ള അതിന്റെ വര്‍ദ്ധിച്ചുവരുന്ന കഴിവനെയും കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ എല്ലാ യുഎന്‍ ഭാഷകളിലും വിപുലീകരിക്കണമെന്ന ആഗ്രഹവും അദ്ദേഹം മുന്നോട്ടുവച്ചു. ഈ പ്രസിദ്ധീകരണങ്ങളുടെ വെബ്സൈറ്റുകളോ മൈക്രോസൈറ്റുകളോ സാമൂഹിക മാധ്യമ അക്കൗണ്ടുകളോ ആ ഭാഷകളില്‍ ആകാം, നിര്‍മ്മിത ബുദ്ധി അത്തരം ശ്രമങ്ങള്‍ക്ക് നല്‍കുന്ന സൗകര്യം കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

അച്ചടിച്ച പതിപ്പുകളെ അപേക്ഷിച്ച് സ്ഥലപരിമിതികളില്ലാത്തതിനാല്‍ പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പ്രയോജനപ്പെടുത്തണമെന്നും ഇന്ന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി മാധ്യമ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ''നിങ്ങള്‍ എല്ലാവരും ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും പുതിയ പരീക്ഷണങ്ങള്‍ നടത്തുമെന്നും ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ എത്രത്തോളം ശക്തമായി പ്രവര്‍ത്തിക്കുന്നുവോ അത്രയധികം രാജ്യം പുരോഗമിക്കും'', അദ്ദേഹം ഉപസംഹരിച്ചു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബയസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാര്‍, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് ശ്രീ രാകേഷ് ശര്‍മ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Speaking at the inauguration of The Indian Newspaper Society Towers in Mumbai. https://t.co/InFU4355OK

— Narendra Modi (@narendramodi) July 13, 2024

आज भारत एक ऐसे कालखंड में है जब उसकी अगले 25 वर्षों की यात्रा बहुत अहम है: PM @narendramodi pic.twitter.com/hO3uNbE2o5

— PMO India (@PMOIndia) July 13, 2024

जिस देश के नागरिकों में अपने सामर्थ्य को लेकर आत्मविश्वास आ जाता है...वो सफलता की नई ऊंचाई प्राप्त करने लगते हैं।

भारत में भी आज यही हो रहा है: PM @narendramodi pic.twitter.com/D6PbpfG2Am

— PMO India (@PMOIndia) July 13, 2024

विश्व में भारत की साख बढ़ी है। pic.twitter.com/NDngvPO015

— PMO India (@PMOIndia) July 13, 2024

 

***

--NS--



(Release ID: 2033039) Visitor Counter : 25