പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓസ്ട്രിയ - ഇന്ത്യ സിഇഓമാരുടെ യോഗത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി

Posted On: 10 JUL 2024 7:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രിയൻ ചാൻസലർ കാൾ നെഹമെറും ഇന്ന് അടിസ്ഥാന സൗകര്യം, ഓട്ടോമൊബൈൽ, ഊർജം, എൻജിനിയറിങ്, സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ ഓസ്ട്രിയൻ - ഇന്ത്യൻ സിഇഒമാരെ അഭിസംബോധന ചെയ്തു.

ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും വ്യവസായ പ്രമുഖർ വഹിച്ച പങ്ക് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർഷങ്ങളായി വർദ്ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, കൂടുതൽ സഹകരണത്തിലൂടെ ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തിൻ്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ  നേതാക്കൾ ആഹ്വാനം ചെയ്തു.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറുമ്പോൾ, ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങൾ  പരിശോധിക്കാൻ ഓസ്ട്രിയൻ വ്യവസായ പങ്കാളികളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ പരിവർത്തനാത്മകമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ സ്ഥിരത, നയങ്ങളുടെ പ്രവചനാത്മകത, പരിഷ്‌കരണാധിഷ്‌ഠിത സാമ്പത്തിക നടപടികൾ എന്നിവയുടെ ശക്തി കണക്കിലെടുത്ത് അതേ പാതയിൽ തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായ നടത്തിപ്പു സുഗമമാക്കാൻ  ഗവൺമെൻ്റ് സ്വീകരിച്ച നടപടികൾക്ക് അദ്ദേഹം ഊന്നൽ നൽകുകയും അത് ആഗോള പ്രമുഖരെ ഇന്ത്യയിലേക്ക് ആകർഷിച്ചതായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇന്ത്യൻ സാമ്പത്തിക വളർച്ചയെയും പരിവർത്തനത്തെയും കുറിച്ച് സംസാരിക്കവെ, സ്റ്റാർട്ടപ്പ് മേഖലയിലും, അടുത്ത തലമുറ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും, ഹരിത നടപടികളിൽ മുന്നേറാനുള്ള പ്രതിബദ്ധതയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങളും  അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയ്ക്കും ഓസ്ട്രിയയ്ക്കും ഇടയിൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ് ബ്രിഡ്ജ് മെച്ചപ്പെട്ട ഫലം നൽകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും ഒന്നിച്ച് സംയുക്ത ഹാക്കത്തോൺ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്തെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ  വിജയത്തെക്കുറിച്ചും കണക്റ്റിവിറ്റിയും ലോജിസ്റ്റിക്സും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും അദ്ദേഹം തുടർന്നു സംസാരിച്ചു.

ഇന്ത്യയുടെ കരുത്ത് കണക്കിലെടുത്ത്, ആഭ്യന്തര - അന്തർദേശീയ വിപണികൾക്കും ആഗോള വിതരണ ശൃംഖലാ ലക്ഷ്യസ്ഥാനം എന്ന നിലയിലും മേക്ക് ഇൻ ഇന്ത്യ പരിപാടിക്കു കീഴിൽ ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ഉൽപ്പാദനത്തിനായി ഇന്ത്യൻ സാമ്പത്തിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി ഓസ്ട്രിയൻ വ്യവസായപ്രമുഖരോട് അഭ്യർത്ഥിച്ചു. ഈ സാഹചര്യത്തിൽ, സെമികണ്ടക്ടറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സോളാർ പിവി സെല്ലുകൾ തുടങ്ങിയ മേഖലകളിൽ ആഗോള ഉൽപ്പാദന കമ്പനികളെ ആകർഷിക്കുന്നതിനുള്ള ഇന്ത്യയുടെ ഉൽപ്പാദനബന്ധിത ആനുകൂല്യ പദ്ധതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ സാമ്പത്തിക ശക്തിയും നൈപുണ്യവും ഓസ്ട്രിയൻ സാങ്കേതികവിദ്യയും വ്യവസായം, വളർച്ച, സുസ്ഥിരത എന്നിവയുടെ സ്വാഭാവിക പങ്കാളികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇന്ത്യയുടെ മിന്നുന്ന വളർച്ചയുടെ ഭാഗമാകാനും അദ്ദേഹം ഓസ്ട്രിയൻ വ്യവസായങ്ങളെ ക്ഷണിച്ചു.

-NK-



(Release ID: 2032258) Visitor Counter : 52