കൃഷി മന്ത്രാലയം
സംസ്ഥാനങ്ങളുടെ പയറുവർഗ്ഗ ഉൽപ്പാദനത്തിൽ വർധന
Posted On:
21 JUN 2024 5:07PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 22 ജൂൺ 2024
തൂർ, ഉറദ്, മസൂർ എന്നീ പയർ വർഗ വിളകൾ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) സംഭരിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. കർഷകരുടെ രജിസ്ട്രേഷനായി, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) എന്നിവ വഴി ഇ-സമൃദ്ധി പോർട്ടൽ ആരംഭിച്ചതായി ഇന്ന് ന്യൂഡൽഹിയിലെ കൃഷിഭവനിൽ വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുമായി നടത്തിയ വെർച്വൽ യോഗത്തിൽ അധ്യക്ഷത വഹിച്ച ശ്രീ ചൗഹാൻ പറഞ്ഞു.ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം സംസ്ഥാന ഗവൺമെന്റുകളോട് അഭ്യർത്ഥിച്ചു.
ഈ മൂന്ന് വിളകളുടെയും ഉത്പാദനത്തിൽ രാജ്യം സ്വയം പര്യാപ്തമല്ലെന്നും 2027 ഓടെ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2015-16 മുതൽ പയറുവർഗങ്ങളുടെ ഉൽപ്പാദനം 50 ശതമാനം വർധിപ്പിക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ ശ്രീ ചൗഹാൻ അനുമോദിച്ചു. ഹെക്ടർ അടിസ്ഥാനത്തിൽ വിളവ് വർധിപ്പിക്കുന്നതിനും പയറുവർഗ്ഗങ്ങൾ കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിക്കുന്നതിനും കൂടുതൽ ശ്രമങ്ങൾ നടത്താൻ അദ്ദേഹം സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തു. ചെറുപയർ, ചന കടല എന്നിവയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നത് 30 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഖാരിഫ് സീസണിൽ ആരംഭിക്കുന്ന പുതിയ മാതൃകാ പയർ ഗ്രാമം പദ്ധതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നല്ല ഗുണനിലവാരമുള്ള വിത്തുകളുടെ ലഭ്യതയ്ക്കായി കേന്ദ്ര ഗവൺമെൻ്റ് 150 പൾസ് സീഡ് ഹബ്ബുകൾ തുറന്നിട്ടുണ്ടെന്നും ഉൽപ്പാദനക്ഷമത കുറഞ്ഞ ജില്ലകളിൽ ഐ സി എ ആർ മുഖേന ക്ലസ്റ്റർ ഫ്രണ്ട് ലൈൻ ഡെമോൺസ്ട്രേഷൻ (CFLD) പരിപാടി നടത്തുന്നതായും മന്ത്രി അറിയിച്ചു.
പ്രധാന പയറുവർഗ്ഗങ്ങൾ ഉത്പാദിപ്പിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, ബിഹാർ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രിമാരായ ശ്രീ രാം നാഥ് ഠാക്കൂർ, ശ്രീ ഭഗീരഥ് ചൗധരി, കൃഷി സെക്രട്ടറി ശ്രീ മനോജ് അഹൂജ, കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് (DARE) സെക്രട്ടറിയും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) ഡയറക്ടർ ജനറലുമായ ഡോ. ഹിമാൻഷു പഥക് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
(Release ID: 2027840)