പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ജമ്മു കശ്മീരിൽ 1500 കോടിയിലധികം രൂപയുടെ 84 പ്രധാന വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

കാർഷിക-അനുബന്ധ മേഖലകളിൽ (ജെകെസിഐപി) മത്സരക്ഷമത മെച്ചപ്പെടുത്തലിനുള്ള 1800 കോടി രൂപയുടെ പദ്ധതിക്കു തുടക്കംകുറിച്ചു

"ഗവണ്മെന്റിന്റെ ഉദ്ദേശ്യങ്ങളിലും നയങ്ങളിലും ജനങ്ങൾക്കു വിശ്വാസമുണ്ട്"

"നമ്മുടെ ഗവണ്മെന്റ് ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുംവിധത്തിൽ പ്രവർത്തനം കാഴ്ചവയ്ക്കുകയും അതിന്റെ ഫലം നൽകുകയും ചെയ്യുന്നു"

"സ്ഥിരതയാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ വലിയ സന്ദേശം"

"ഇൻസാനിയത്ത്, ജംഹൂരിയത്ത്, കശ്മീരിയത്ത് എന്ന അടൽജിയുടെ കാഴ്ചപ്പാടു യാഥാർഥ്യമാകുന്നതിന് ഇന്നു നാം സാക്ഷ്യം വഹിക്കുന്നു"

"ജനാധിപത്യത്തിന്റെ പതാക ഉയർത്തിപ്പിടിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്കു നന്ദി അറിയിക്കാനാണു ഞാൻ വന്നത്"

"ഇന്ന് ഇന്ത്യൻ ഭരണഘടന ജമ്മു കശ്മീരിൽ യഥാർഥ അർഥത്തിൽ നടപ്പാക്കി. അനുച്ഛേദം 370ന്റെ പ്രതിബന്ധങ്ങൾ തകർത്തു"

"ഹൃദയത്തിന്റെയോ ഡൽഹിയുടെയോ (ദിൽ യാ ദില്ലി) ദൂരമാകെ നീക്കം ചെയ്യാൻ ഞങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു"

"നിങ്ങളുടെ സ്വന്തം വോട്ടിലൂടെ ജമ്മു കശ്മീരിലെ പുതിയ ഗവണ്മെന്റിനെ തെരഞ്ഞെടുക്കുന്ന ദിവസം വിദൂരമല്ല. ജമ്മു കശ്മീർ സംസ്ഥാനമെന്ന നിലയിൽ അതിന്റെ ഭാവി വീണ്ടും രൂപപ്പെടുത്തുന്ന ദിവസം ഉടൻ വരും"

"സ്റ്റാർട്ട്-അപ്പുകൾ, നൈപുണ്യവികസനം, കായികമേഖല എന്നിവയുടെ പ്രധാന കേന്ദ്രമായി താഴ്‌വര ക്രമേണ ഉയർന്നുവരികയാണ്"

"ജമ്മു കശ്മീരിലെ പുതിയ തലമുറ ശാശ്വത സമാധാനത്തോടെ ജീവിക്കും"


Posted On: 20 JUN 2024 8:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ (എസ്‌കെഐസിസി) ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ അഭിസംബോധന ചെയ്തു. റോഡ്, ജലവിതരണം, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന 1500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. 1800 കോടി രൂപയുടെ കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിയും (ജെകെസിഐപി) അദ്ദേഹം സമാരംഭിച്ചു. ഗവണ്മെന്റ് സർവീസിലേക്കു പുതുതായി നിയമിക്കപ്പെട്ട 200 പേർക്കുള്ള നിയമനപത്രം വിതരണം ചെയ്യുന്നതിനും ശ്രീ മോദി തുടക്കം കുറിച്ചു. തദവസരത്തിൽ നടത്തിയ പ്രദർശനം പ്രധാനമന്ത്രി വീക്ഷിക്കുകയും കേന്ദ്രഭരണപ്രദേശത്ത് നേട്ടങ്ങൾ കൈവരിച്ച യുവാക്കളുമായി സംവദിക്കുകയും ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ജമ്മു കശ്മീർ സന്ദർശനത്തിൽ ആവേശം പ്രകടിപ്പിക്കുകയും അതിനുള്ള രണ്ട് പ്രത്യേക കാരണങ്ങൾ സൂചിപ്പിക്കുകയും ചെയ്തു. "ഒന്നാമതായി, ഇന്നത്തെ പരിപാടി ജമ്മു കശ്മീരിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമായി ബന്ധപ്പെട്ടതാണ്. രണ്ടാമതായി, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിലെ ജനങ്ങളുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്." ജി 7 ഉച്ചകോടിക്കായി അടുത്തിടെ ഇറ്റലി സന്ദർശിച്ച പ്രധാനമന്ത്രി, ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയതിനാൽ തുടർച്ചയായി മൂന്നാം തവണയും വന്ന ഗവണ്മെന്റിന്റെ സ്വാധീനം എടുത്തുപറഞ്ഞു. ഇന്ത്യക്കാരുടെ എക്കാലത്തെയും ഉയർന്ന അഭിലാഷങ്ങളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ ഉയർന്ന അഭിലാഷം ഗവണ്മെന്റിൽ നിന്നുള്ള ഉയർന്ന പ്രതീക്ഷകളിലേക്ക് നയിക്കുന്നുവെന്നും ഈ പശ്ചാത്തലത്തിൽ ഗവണ്മെന്റിന്റെ തുടർച്ചയായ മൂന്നാം കാലയളവ് സവിശേഷമാണെന്നും വികസനത്വരയുള്ള സമൂഹത്തിന്റെ ഏക മാനദണ്ഡം പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റിന്റെ ഉദ്ദേശ്യങ്ങളിലും നയങ്ങളിലും ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ വലിയ സന്ദേശം സുസ്ഥിരതയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ 10 വർഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകൾക്ക് രാജ്യം സാക്ഷ്യം വഹിച്ചപ്പോൾ അസ്ഥിരമായ ഗവണ്മെന്റുകളുടെ നീണ്ട ഘട്ടമുണ്ടായതായി അദ്ദേഹം അനുസ്മരിച്ചു. അതിന്റെ ഫലമായി വികസനം സ്തംഭിച്ചു. ആ ഘട്ടം ഉപേക്ഷിച്ച്, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന സ്ഥിരതയുള്ള ഗവൺമെന്റിന്റെ പുതിയ ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജമ്മു കശ്മീരിലെ ജനങ്ങളുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. അടൽജിയുടെ ‘ഇൻസാനിയത്ത്, ജംഹൂരിയത്ത്, കശ്മീരിയത്ത്’ എന്ന കാഴ്ചപ്പാട് യാഥാർഥ്യമാകുന്നതിന് ഇന്നു നാം സാക്ഷ്യം വഹിക്കുന്നു- പ്രധാനമന്ത്രി മോദി പറഞ്ഞു. സമീപകാല തെരഞ്ഞെടുപ്പുകളിലെ റെക്കോർഡ് വോട്ടിങ് ശതമാനം പരാമർശിച്ച പ്രധാനമന്ത്രി, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തെ പ്രശംസിച്ചു. "ജനാധിപത്യത്തിന്റെ പതാക ഉയർത്തിപ്പിടിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് നന്ദി അറിയിക്കാനാണ് ഞാൻ വന്നത്"- അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 10 വർഷത്തിനിടെ ഗവണ്മെന്റ് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ജമ്മു കശ്മീരിലെ പരിവർത്തനം- പ്രധാനമന്ത്രി മോദി പറഞ്ഞു. മേഖലയിലെ താഴ്ന്ന വരുമാന പശ്ചാത്തലത്തിലുള്ള സ്ത്രീകളുടെയും ജനങ്ങളുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 'ഏവർക്കുമൊപ്പം, ഏവരുടെയും വികസനം' എന്ന മന്ത്രം സ്വീകരിച്ച് അവസരങ്ങൾ കൊണ്ടുവരുന്നതിനും അവരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമാണ് ഇപ്പോഴത്തെ ഗവണ്മെന്റ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് കുടിയേറുന്ന അഭയാർഥികൾക്കും വാൽമീകി സമുദായത്തിൽപ്പെട്ടവർക്കും ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ഇതാദ്യമായി വോട്ടവകാശം ലഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എസ്‌സി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന വാൽമീകി സമുദായത്തിന്റെ ദീർഘകാല ആഗ്രഹം പൂർത്തീകരിക്കൽ, പട്ടികജാതി വിഭാഗത്തിന് നിയമസഭാ സീറ്റ് സംവരണം, പദ്ദാരി ഗോത്രം, പഹാരിയ ജാതി, ഗദ്ദ ബ്രാഹ്മൺ, കോലി സമുദായം എന്നിവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തൽ എന്നിവയും അദ്ദേഹം പരാമർശിച്ചു. പഞ്ചായത്ത്, നഗരപാലിക, നഗർ നിഗം തെരഞ്ഞെടുപ്പുകളിൽ ഒബിസി സംവരണം ബാധകമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അടിവരയിട്ടു. ഇന്ത്യൻ ഭരണഘടനയുടെ ശക്തിയെക്കുറിച്ചും അക്ഷരത്തിലും സത്തയിലുമുള്ള അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വെളിച്ചം വീശി, ഇന്ത്യയിലെ 140 കോടി പൗരന്മാരുടെ അവകാശങ്ങൾ അതുറപ്പിക്കുന്നുവെന്നും രാഷ്ട്രനിർമാണത്തിൽ പങ്കാളിയാകാൻ അവസരമൊരുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്തതിനെക്കുറിച്ചും ജമ്മു കശ്മീരിനോട് അവഗണന കാട്ടിയതിനെക്കുറിച്ചും പ്രധാനമന്ത്രി മോദി പറഞ്ഞു. “ഇന്ന് നാം ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് ജീവിക്കുന്നത് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഭരണഘടനയിലൂടെ, കശ്മീരിന്റെ മുഖച്ഛായ മാറ്റാനുള്ള പുതിയ വഴികൾ ഞങ്ങൾ കണ്ടെത്തുകയാണ്”- പ്രധാനമന്ത്രി അഭിമാനത്തോടെ പറഞ്ഞു. "ഇന്ത്യയുടെ ഭരണഘടന യഥാർഥ അർഥത്തിൽ ജമ്മു കശ്മീർ അംഗീകരിച്ചു. അനുച്ഛേദം 370ന്റെ പ്രതിബന്ധങ്ങൾ തകർത്തു" - പ്രധാനമന്ത്രി മോദി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ കശ്മീരിൽ നടന്ന സംഭവവികാസങ്ങൾ പരാമർശിച്ച പ്രധാനമന്ത്രി, കശ്മീർ താഴ്‌വരയിലെ സമീപകാല മാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുന്നുവെന്നു പറഞ്ഞു. ജി 20 ഉച്ചകോടിയിൽ ആതിഥ്യമരുളിയതിനു താഴ്‌വരയിലെ ജനങ്ങളെ ലോകം ഇപ്പോഴും പ്രശംസിക്കുകയാണ്. താഴ്‌വരയിൽ ജി20 ഉച്ചകോടി പോലുള്ള ആഗോള പരിപാടി സംഘടിപ്പിച്ചത് കശ്മീരിലെ ജനങ്ങളുടെ അഭിമാനമുയർത്തിയെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരംവരെ ലാൽ ചൗക്കിൽ കുട്ടികൾ കളിക്കുന്നത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്നു. അതുപോലെ, താഴ്‌വരയിലെ തിരക്കേറിയ കമ്പോളങ്ങൾ എല്ലാവരുടെയും മുഖത്ത് പ്രകാശം പരത്തുന്നു. ഈ വർഷം മാർച്ചിൽ ദാൽ തടാകത്തിന് സമീപം നടന്ന സ്‌പോർട്‌സ് കാർ ഷോ അനുസ്മരിച്ച പ്രധാനമന്ത്രി, താഴ്‌വരയിലെ പുരോഗതിയുടെ സാക്ഷ്യമായി നിലകൊള്ളുന്ന ആ പരിപാടി ലോകം മുഴുവൻ വീക്ഷിച്ചുവെന്ന് പറഞ്ഞു. കശ്മീരിലെ വിനോദസഞ്ചാരം എങ്ങനെയാണ് സംസാരവിഷയമായതെന്ന് സൂചിപ്പിച്ച അദ്ദേഹം, നാളത്തെ അന്താരാഷ്ട്ര യോഗാ ദിന പരിപാടി കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുമെന്നും കൂട്ടിച്ചേർത്തു. രണ്ട് കോടിയിലധികം വിനോദസഞ്ചാരികൾ താഴ്‌വര സന്ദർശിക്കുന്നത് റെക്കോർഡ് നേട്ടമാണെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സംഭാവന നൽകുന്നുവെന്നും ലെഫ്റ്റനന്റ് ഗവർണർ സിൻഹയെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.

“കഴിഞ്ഞ തലമുറയുടെ ദുരിതങ്ങളിൽ നിന്ന് ഒരു വഴി കണ്ടെത്തുമെന്ന് ഉറപ്പാക്കാൻ ഞാൻ പൂർണ അർപ്പണബോധത്തോടും സത്യസന്ധതയോടും കൂടി എന്നെത്തന്നെ അർപ്പിക്കുന്നു. ഹൃദയത്തിന്റെയോ ഡൽഹിയുടെയോ (ദിൽ യാ ദില്ലി) എല്ലാ അകലങ്ങളും ഇല്ലാതാക്കാൻ ഞങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ്"- പ്രധാനമന്ത്രി മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ ഫലം എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ കൂട്ടായ പരിശ്രമത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്രസഹായത്തിന്റെ ഓരോ പൈസയും ജമ്മു കശ്മീരിലെ ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ജമ്മു കശ്മീരിലെ ജനങ്ങൾ അവരുടെ പ്രതിനിധിയെ തെരഞ്ഞെടുത്ത് അവരിലൂടെ അവരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ മികച്ചതായി മറ്റെന്താണുള്ളത്. അതിനാലാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. നിങ്ങളുടെ സ്വന്തം വോട്ട് ഉപയോഗിച്ച് ജമ്മു കശ്മീരിലെ പുതിയ ഗവണ്മെന്റിനെ തെരഞ്ഞെടുക്കുന്ന ദിവസം വിദൂരമല്ല. ജമ്മു കശ്മീർ വീണ്ടും ഒരു സംസ്ഥാനമെന്ന നിലയിൽ അതിന്റെ ഭാവി രൂപപ്പെടുത്തുന്ന ദിവസം ഉടൻ വരും”- പ്രധാനമന്ത്രി പറഞ്ഞു.

തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച പദ്ധതികളെക്കുറിച്ച് പരാമർശിക്കവേ, 1500 കോടിയിലധികം രൂപയുടെ പ്രധാന വികസന പദ്ധതികളെക്കുറിച്ചും 1800 കോടി രൂപയുടെ കാർഷിക-അനുബന്ധ മേഖലകളുടെ (ജെകെസിഐപി) പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഗവണ്മെന്റ് ജോലികളിലെ അതിവേഗ നിയമനത്തിനു കേന്ദ്രഭരണപ്രദേശത്തെ ഭരണസംവിധാനത്തെ പ്രശംസിച്ച അദ്ദേഹം, കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഏകദേശം 40,000 നിയമനങ്ങൾ നടന്നതായും അറിയിച്ചു. ജമ്മു കശ്മീരിൽ വൻതോതിൽ നിക്ഷേപം നടത്തിയതിന്റെ ഗുണപരമായ സ്വാധീനവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീരിലെ പുരോഗതിയെ പ്രകീർത്തിച്ച പ്രധാനമന്ത്രി, റെയിൽ സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ, വൈദ്യുതി, വെള്ളം തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും വലിയ വികസന പ്രവർത്തനങ്ങൾക്കാണ് താഴ്‌വര ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് പറഞ്ഞു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയ്ക്ക് കീഴിൽ ആയിരക്കണക്കിന് കിലോമീറ്റർ റോഡുകൾ നിർമിച്ചിട്ടുണ്ടെന്നും പുതിയ ഹൈവേകൾക്കും അതിവേഗപാതകൾക്കും പുറമെ താഴ്‌വരയെ റെയിൽവേയുമായി ബന്ധിപ്പിക്കാൻ പോകുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ചെനാബ് റെയിൽവേ പാലത്തിന്റെ ആകർഷകമായ കാഴ്ച എല്ലാവരിലും അഭിമാനം നിറയ്ക്കുന്നു. വടക്കൻ കാശ്മീരിലെ ഗുരെസ് താഴ്‌വര ആദ്യമായി ഗ്രിഡ് കണക്റ്റിവിറ്റിയിലേക്ക് പ്രവേശനം നേടി എന്നത് ശ്രദ്ധേയമാണ്. കൃഷി, ഹോർട്ടികൾച്ചർ, കായികമേഖല, സ്റ്റാർട്ടപ്പുകൾ തുടങ്ങി എല്ലാ മേഖലകളിലും ഇന്ന് താഴ‌്‌വര അവസരങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്ന് ശ്രീ മോദി ആവർത്തിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ കശ്മീരിൽ നടന്ന വികസനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, സ്റ്റാർട്ടപ്പ്, നൈപുണ്യവികസനം, കായികമേഖല എന്നിവയുടെ പ്രധാന കേന്ദ്രമായി താഴ്‌വര ക്രമേണ ഉയർന്നുവരുകയാണെന്ന് പറഞ്ഞു. താഴ്‌വരയിലെ കാർഷിക മേഖലകളിൽ 70 ശതമാനവും സ്റ്റാർട്ടപ്പുകളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി താഴ്‌വരയിൽ 50-ലധികം ഡിഗ്രി കോളേജുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. “പോളിടെക്‌നിക്കുകളിൽ സീറ്റുകൾ വർധിച്ചു, പുതിയ കഴിവുകൾ പഠിക്കാനുള്ള അവസരങ്ങൾ വന്നു. ഐഐടി, ഐഐഎം, എയിംസ് എന്നിവ നിർമിക്കുന്നതിനൊപ്പം നിരവധി പുതിയ മെഡിക്കൽ കോളേജുകളും നിർമിക്കപ്പെട്ടു” - അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര-അതിഥിസൽക്കാര മേഖലകളിൽ പ്രാദേശിക തലത്തിൽ കഴിവുകൾ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് ഗൈഡുകൾക്കായി ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കൽ, സ്‌കൂൾ-കോളേജുകൾ-യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിൽ യുവജന വിനോദസഞ്ചാര ക്ലബ്ബുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇന്ന് കശ്മീരിൽ നടക്കുന്നുണ്ട്.

ജമ്മു കാശ്മീരിന്റെ സ്ത്രീശക്തിയിൽ വികസനപ്രവർത്തനങ്ങൾ ചെലുത്തുന്ന ഗുണപരമായ സ്വാധീനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രാദേശിക സ്വയംസഹായസംഘങ്ങളിലെ വനിതകൾക്ക് വിനോദസഞ്ചാരം, ഐടി പരിശീലനം നൽകുന്ന കാര്യവും അദ്ദേഹം പരാമർശിച്ചു.

രണ്ട് ദിവസം മുമ്പ് കൃഷിസഖി പദ്ധതി ആരംഭിച്ചതിനെക്കുറിച്ച് സംസാരിക്കവെ, ജമ്മു കശ്മീരിൽ നിന്നുള്ള 1200-ലധികം സ്ത്രീകൾ കൃഷിസഖികളായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. നമോ ഡ്രോൺ ദീദി പരിപാടിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ജമ്മു കശ്മീരിലെ പെൺമക്കൾക്ക് പദ്ധതിപ്രകാരം പരിശീലനം നൽകുന്നുണ്ടെന്നും പറഞ്ഞു. സ്ത്രീകളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും ഉപജീവനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഗവണ്മെന്റ് ഈ ശ്രമങ്ങൾ നടത്തുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.

"വിനോദസഞ്ചാരത്തിലും കായികരംഗത്തും ഇന്ത്യ പ്രധാന ലോകശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്" - ഈ രണ്ട് മേഖലകളിലും ജമ്മു കശ്മീരിന്റെ സാധ്യതകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും മികച്ച കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നത് എടുത്തുപറഞ്ഞ അദ്ദേഹം, ഏകദേശം 100 ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചും പരാമർശിച്ചു. ദേശീയ അന്തർദേശീയ മത്സരങ്ങൾക്കായി ജമ്മു കശ്മീരിലെ 4500 ഓളം യുവാക്കൾക്കു പരിശീലനം നൽകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ശൈത്യകാല കായിക വിനോദങ്ങൾ പരാമർശിച്ച അദ്ദേഹം, ജമ്മു കശ്മീർ ഇന്ത്യയുടെ ശൈത്യകാല കായിക തലസ്ഥാനമായി മാറുകയാണെന്ന് ചൂണ്ടിക്കാട്ടി. ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 800-ലധികം കളിക്കാർ പങ്കെടുത്ത ഖേലോ ഇന്ത്യ ശീതകാല ഗെയിംസിന്റെ നാലാം പതിപ്പിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "ഇത്തരം പരിപാടികൾ ഭാവിയിൽ ഇവിടെ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് പുതിയ സാധ്യതകൾ സൃഷ്ടിക്കും" -അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനത്തിനെതിരെ നിലകൊള്ളുന്ന സമാധാനത്തിന്റെയും മാനവികതയുടെയും ശത്രുക്കളെക്കുറിച്ച് പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. “ജമ്മു കശ്മീരിന്റെ വികസനം തടയാനും ഇവിടെ സമാധാനം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള അവരുടെ അവസാന ശ്രമമാണിത്”. സമീപകാല ഭീകരാക്രമണങ്ങളെ ഗവണ്മെന്റ് ഗൗരവമായി കാണുന്നുവെന്നും ജമ്മു കശ്മീർ ഭരണസംവിധാനവുമായി സഹകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി എല്ലാ ക്രമീകരണങ്ങളും അവലോകനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. “ജമ്മു കശ്മീരിലെ ശത്രുക്കളെ പാഠം പഠിപ്പിക്കുന്നതിൽ സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്ന് ഉറപ്പുനൽകുന്നു. ജമ്മു കശ്മീരിലെ പുതിയ തലമുറ ശാശ്വത സമാധാനത്തോടെ ജീവിക്കും. ജമ്മു കശ്മീർ തെരഞ്ഞെടുത്ത പുരോഗതിയുടെ പാത ഞങ്ങൾ ശക്തിപ്പെടുത്തും”. ഇന്നത്തെ വികസന പദ്ധതികൾക്ക് ജമ്മു കശ്മീരിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ, ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ പ്രതാപ് റാവു ജാദവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പശ്ചാത്തലം

“യുവജന ശാക്തീകരണം; ജമ്മു കശ്മീരിന്റെ പരിവർത്തനം” എന്ന പരിപാടി ഈ മേഖലയെ സംബന്ധിച്ച് സുപ്രധാനമാണ്. ഇതു മേഖലയുടെ പുരോഗതി പ്രദർശിപ്പിക്കുകയും യുവാക്കൾക്കു പ്രചോദനമേകുകയും ചെയ്യുന്നു.

1500 കോടിയിലധികം രൂപയുടെ 84 പ്രധാന വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. റോഡ് അടിസ്ഥാനസൗകര്യം, ജലവിതരണ പദ്ധതികൾ, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികൾ ഉദ്ഘാടനം ചെയ്തു. കൂടാതെ, ചെനാനി-പത്നിടോപ്പ്-നാശ്രീ ഭാഗം മെച്ചപ്പെടുത്തൽ, വ്യാവസായിക എസ്റ്റേറ്റുകളുടെ വികസനം, 6 ഗവണ്മെന്റ് ബിരുദ കോളേജുകളുടെ നിർമാണം തുടങ്ങിയ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.

കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തലി(ജെകെസിഐപി)നുള്ള 1800 കോടി രൂപയുടെ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീരിലെ 20 ജില്ലകളിലായി 90 ബ്ലോക്കുകളിൽ പദ്ധതി നടപ്പാക്കും. 15 ലക്ഷം ഗുണഭോക്താക്കളെ ഉൾക്കൊള്ളുന്ന 3,00,000 വീടുകളിൽ പദ്ധതി വ്യാപിപ്പിക്കും.

ഗവണ്മെന്റ് സർവീസിൽ നിയമിതരായ 2000-ലധികം പേർക്കുള്ള നിയമനപത്രങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്തു.

NK

(Release ID: 2027254) Visitor Counter : 56