പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ മോദി ഇറ്റലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 14 JUN 2024 11:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇറ്റലിയിലെ അപൂലിയയിൽ കൂടിക്കാഴ്ച നടത്തി. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശ്രീ മോദിയെ പ്രധാനമന്ത്രി മെലോണി അഭിനന്ദിച്ചു. ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിനു ശ്രീ മോദി പ്രധാനമന്ത്രി മെലോണിയോടു നന്ദി പറയുകയും ഉച്ചകോടി വിജയകരമായി പര്യവസാനിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

പതിവ് ഉന്നത രാഷ്ട്രീയ ചർച്ചകളിൽ സംതൃപ്തി രേഖപ്പെടുത്തിയ ഇരുനേതാക്കളും ഇന്ത്യ-ഇറ്റലി തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതിയും അവലോകനം ചെയ്തു. വർധിച്ചുവരുന്ന വ്യാപാര-സാമ്പത്തിക സഹകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച നേതാക്കൾ, സംശുദ്ധ ഊർജം, ഉൽപ്പാദനം, ബഹിരാകാശം, ശാസ്ത്ര-സാങ്കേതികവിദ്യ, ടെലികോം, നിർമിതബുദ്ധി, നിർണായക ധാതുക്കൾ എന്നിവയിൽ വാണിജ്യബന്ധം വിപുലമാക്കുവാൻ ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിൽ, പേറ്റന്റുകൾ, രൂപകൽപ്പനകൾ, വ്യാപാരമുദ്രകൾ എന്നിവയിൽ സഹകരണത്തിനുള്ള ചട്ടക്കൂടു നൽകുന്ന വ്യാവസായിക സ്വത്തവകാശങ്ങൾ (ഐപിആർ) സംബന്ധിച്ച ധാരണാപത്രം അടുത്തിടെ ഒപ്പുവച്ചതിനെ ഇരുവരും സ്വാഗതം ചെയ്തു.

ഉഭയകക്ഷി പ്രതിരോധവും സുരക്ഷാ സഹകരണവും ഇരുപക്ഷവും ചർച്ച ചെയ്യുകയും പ്രതിരോധ വ്യാവസായിക സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിക്കുകയും ചെയ്തു. ഈ വർഷാവസാനം ഇറ്റലിയുടെ വിമാനവാഹിനിക്കപ്പലായ ഐടിഎസ് കാവറിന്റെയും പരിശീലനക്കപ്പലായ ഐടിഎസ് വെസ്പുച്ചിയുടെയും ഇന്ത്യാ സന്ദർശനത്തെ അവർ സ്വാഗതം ചെയ്തു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഇറ്റലിക്കായി ഇന്ത്യൻ സൈന്യം നൽകിയ സംഭാവനകൾ അംഗീകരിച്ചതിന് ഇറ്റലി ഗവണ്മെന്റിനു പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ഇറ്റലിയിലെ മോണ്ടോണെയിലുള്ള യശ്വന്ത് ഘാഡ്‌ഗെ സ്മാരകം ഇന്ത്യ നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘ആഗോള ജൈവ ഇന്ധന സഖ്യ’ത്തിനു കീഴിലുള്ള ഏകോപനം കണക്കിലെടുത്ത്, സംശുദ്ധ-ഹരിത ഊർജത്തിൽ ഉഭയകക്ഷിസഹകരണം വർധിപ്പിക്കുന്ന ഊർജസംക്രമണത്തിലെ സഹകരണത്തിനുള്ള കത്ത് ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയിൽ സംയുക്ത ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി 2025-27 വർഷത്തേക്കുള്ള സഹകരണത്തിന്റെ പുതിയ എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.

ഇറ്റലിയിലെ ദീർഘകാല ഇൻഡോളജിക്കൽ പഠനപാരമ്പര്യത്താൽ, ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധം ഇരുരാജ്യങ്ങളും ആസ്വദിക്കുന്നു. മിലാൻ സർവകലാശാലയിൽ ഇന്ത്യാ പഠനങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ഐസിസിആർ ചെയർ സ്ഥാപിക്കുന്നതോടെ ഇതു കൂടുതൽ ശക്തിപ്പെടും. പ്രൊഫഷണലുകൾ, വിദഗ്ധ-അർധവിദഗ്ധ തൊഴിലാളികൾ, വിദ്യാർഥികൾ, ഗവേഷകർ എന്നിവരുടെ സഞ്ചാരം സുഗമമാക്കുന്ന മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി ഉടമ്പടി എത്രയും വേഗം നടപ്പാക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.

സ്വതന്ത്രമായ ഇന്തോ-പസഫിക്കിനായുള്ള കൂട്ടായ കാഴ്ചപ്പാടു നിറവേറ്റുന്നതിനായി ഇന്തോ-പസഫിക് സമുദ്രസംരംഭ ചട്ടക്കൂടിനു കീഴിൽ നടപ്പിലാക്കുന്ന സംയുക്ത പ്രവർത്തനങ്ങളിലേക്ക് ഇരുനേതാക്കളും ഉറ്റുനോക്കുന്നു. പ്രധാനപ്പെട്ട പ്രാദേശിക-ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുകയും ഇന്ത്യ-മധ്യ പൂർവേഷ്യ -യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉൾപ്പെടെയുള്ള ആഗോള വേദികളിലും ബഹുമുഖ സംരംഭങ്ങളിലും സഹകരണം ശക്തിപ്പെടുത്താനും ഇരുനേതാക്കൾ തമ്മിൽ ധാരണയായി.

 

NK
 



(Release ID: 2025464) Visitor Counter : 31