പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കുവൈറ്റിലെ തീപിടിത്തദുരന്തം പ്രധാനമന്ത്രി അവലോകനം ചെയ്തു



മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു

സാധ്യമായ എല്ലാ സഹായവും നൽകാൻ ഗവണ്മെന്റിനു പ്രധാനമന്ത്രിയുടെ നിർദേശം

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാനും മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനുമായി വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്കു പോകും

മരിച്ച ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങൾക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Posted On: 12 JUN 2024 10:00PM by PIB Thiruvananthpuram

കുവൈറ്റിലെ തീപിടിത്തത്തിൽ നിരവധി ഇന്ത്യക്കാർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ അവലോകനയോഗം ചേർന്നു.

നിർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സാധ്യമായ എല്ലാ സഹായവും ഇന്ത്യാ ഗവണ്മെന്റ് നൽകണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. ദുരിതാശ്വാസ നടപടികൾക്കു മേൽനോട്ടം വഹിക്കാനും മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനുമായി വിദേശകാര്യ സഹമന്ത്രി ഉടൻ കുവൈറ്റിലേക്കു പോകാനും നിർദേശിച്ചു.

മരിച്ച ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങൾക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2 ലക്ഷം രൂപ വീതം ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ, സഹമന്ത്രി ശ്രീ കീർത്തിവർധൻ സിങ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ പ്രമോദ് കുമാർ മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ശ്രീ വിനയ് ക്വാത്ര, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

****

NK


(Release ID: 2024868) Visitor Counter : 66