പ്രധാനമന്ത്രിയുടെ ഓഫീസ്
ദുരന്തനിവാരണ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉച്ചകോടിയുടെ ആറാം പതിപ്പിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
"നല്ല നാളേക്ക് വേണ്ടി നാമിന്ന് അതിജീവനശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങളിൽ നിക്ഷേപം നടത്തണം"
"ഓരോ രാജ്യവും തനത് രീതിയിൽ പ്രതിരോധിക്കുമ്പോൾ മാത്രമേ ലോകത്തിന് കൂട്ടായി പ്രതിരോധിക്കാൻ കഴിയൂ"
"കൂട്ടായ അതിജീവനശേഷി കൈവരിക്കുന്നതിന്, ഏറ്റവും ദുർബലരായവരെ നാം പിന്തുണയ്ക്കണം"
Posted On:
24 APR 2024 9:53AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ ദുരന്തനിവാരണ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടിയുടെ ആറാം പതിപ്പിനെ അഭിസംബോധന ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിക്കുകയും അവരുടെ പങ്കാളിത്തം ആഗോള വ്യവഹാരത്തെയും ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളുടെ സുപ്രധാന വിഷയത്തിലെ തീരുമാനങ്ങളെയും ശക്തിപ്പെടുത്തുമെന്നു പറഞ്ഞു. 2019-ൽ ആരംഭിച്ചത് മുതൽ ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള കൂട്ടായ്മയുടെ ശ്രദ്ധേയമായ വളർച്ചയെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, അത് ഇപ്പോൾ 39 രാജ്യങ്ങളുടെയും 7 സംഘടനകളുടെയും ആഗോള കൂട്ടായ്മയാണെന്ന് വ്യക്തമാക്കി. “ഇത് ഭാവിയിലേക്കുള്ള മികച്ച സൂചനയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിദുരന്തങ്ങളുടെ വർദ്ധിച്ചുവരുന്ന ആവൃത്തിയും തീവ്രതയും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ജനങ്ങൾ, കുടുംബങ്ങൾ, സമൂഹങ്ങൾ എന്നിവയിൽ അതിന്റെ യഥാർത്ഥ ആഘാതം കണക്കുകൾക്കപ്പുറമാണെന്ന് എടുത്തുപറഞ്ഞു. പ്രകൃതിദുരന്തങ്ങൾ മനുഷ്യരിൽ ചെലുത്തുന്ന ആഘാതത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച അദ്ദേഹം, ഭൂകമ്പങ്ങൾ ആയിരക്കണക്കിനുപേരെ ഭവനരഹിതരാക്കുന്നതും പ്രകൃതിദുരന്തങ്ങൾ ജല-മലിനജല സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നതും ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്നതും പരാമർശിച്ചു. ഊർജനിലയങ്ങളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
“നല്ല നാളേക്കായി നാം ഇന്ന് അതിജീവനശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കണം,” പ്രധാനമന്ത്രി പറഞ്ഞു. ദുരന്താനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമാകുമ്പോൾ തന്നെ പുതിയ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് അതിജീവനശേഷി വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദുരന്തത്തിന് ശേഷം ദുരിതാശ്വാസവും പുനരധിവാസവും നടത്തിക്കഴിഞ്ഞാൽ അടിസ്ഥാനസൗകര്യങ്ങളിലെ അതിജീവനശേഷിയിലേക്ക് ശ്രദ്ധ തിരിയണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രകൃതിക്കും ദുരന്തങ്ങൾക്കും അതിരുകളില്ലെന്ന് അടിവരയിട്ട അദ്ദേഹം, പരസ്പരബന്ധിതമായ ലോകത്ത് ദുരന്തങ്ങളും തടസ്സങ്ങളും വ്യാപകമായ ആഘാതം സൃഷ്ടിക്കുമെന്ന് പറഞ്ഞു. “ഓരോ രാജ്യവും അവരുടേതായ രീതിയിൽ പ്രതിരോധിക്കുമ്പോൾ മാത്രമേ ലോകത്തിന് കൂട്ടായി പ്രതിരോധിക്കാൻ കഴിയൂ,” പ്രധാനമന്ത്രി പറഞ്ഞു. ഏവർക്കും ഉണ്ടാവുന്ന അപകടസാധ്യതകൾ കാരണം കൂട്ടായ സഹിഷ്ണുതയുടെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി. ഈ കൂട്ടായ ദൗത്യത്തിനായി ലോകത്തെ ഒരുമിച്ചുചേരാൻ സിഡിആർഐയും ഈ സമ്മേളനവും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“കൂട്ടായ സഹിഷ്ണുത കൈവരിക്കുന്നതിന്, ഏറ്റവും ദുർബലരായവരെ നാം പിന്തുണയ്ക്കണം,” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദുരന്തസാധ്യത കൂടുതലുള്ള ചെറു ദ്വീപുകളായ വികസ്വര രാജ്യങ്ങളെ പരാമർശിച്ചുകൊണ്ട്, അത്തരം 13 സ്ഥലങ്ങളിലെ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുള്ള സിഡിആർഐ പരിപാടി പ്രധാനമന്ത്രി പരാമർശിച്ചു. ഡൊമിനിക്കയിലെ അതിജീവനശേഷിയുള്ള ഭവനങ്ങൾ, പാപുവ ന്യൂ ഗിനിയിലെ അതിജീവനശേഷിയുള്ള ഗതാഗത ശൃംഖലകൾ, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെയും ഫിജിയിലെയും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയുടെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. സിഡിആർഐ ഗ്ലോബൽ സൗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
ഇന്ത്യയുടെ ജി 20 അധ്യക്ഷ കാലയളവിൽ നടന്ന ചർച്ചകളിൽ, ധനസഹായത്തോടെയുള്ള പുതിയ ദുരന്ത അപായസാദ്ധ്യതാ ലഘൂകരണ കർമ്മ സമിതിയുടെ രൂപവൽക്കരണത്തെയും അദ്ദേഹം അനുസ്മരിച്ചു. അത്തരം നടപടികൾ സിഡിആർഐയുടെ വളർച്ചയ്‌ക്കൊപ്പം ലോകത്തെ സുസ്ഥിരമായ ഭാവിയിലേക്ക് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത രണ്ട് ദിവസങ്ങളിൽ ഐസിഡിആർഐയിൽ നടക്കുന്ന ഫലപ്രദമായ ചർച്ചകളെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.
*****
NK
(Release ID: 2018680)
Visitor Counter : 73
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada