പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വികസിത് ഭാരത് വികസിത് ഗുജറാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം

Posted On: 10 FEB 2024 5:25PM by PIB Thiruvananthpuram

നമസ്‌തേ!

ഗുജറാത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ! നിങ്ങള്‍ക്കെല്ലാവര്‍ക്കും എങ്ങനെയുണ്ട്? എല്ലാം നന്നായി പോകുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് 'വികസിത് ഭാരത് വികസിത് ഗുജറാത്ത്്' (വികസിത ഇന്ത്യ-വികസിത ഗുജറാത്ത്) എന്ന മഹത്തായ യജ്ഞം ആരംഭിക്കുകയാണ്. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ഗുജറാത്തിലെ എല്ലാ കോണുകളില്‍ നിന്നുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങള്‍ സാങ്കേതികവിദ്യയിലൂടെ ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. 'വികസിത് ഗുജറാത്തി'ന്റെ യാത്രയില്‍ എല്ലാവരും ആവേശത്തോടെ പങ്കുചേര്‍ന്നത് ശരിക്കും അഭിനന്ദനാര്‍ഹമാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

കഴിഞ്ഞ മാസം ഊര്‍ജസ്വല ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഊര്‍ജസ്വല ഗുജറാത്തിന്റെ ഇരുപത് വര്‍ഷം പൂര്‍ത്തിയായി. ഈ വര്‍ഷത്തെ പരിപാടിയും ഗംഭീരമായാണ് സംഘടിപ്പിച്ചത്. നിക്ഷേപത്തിന്റെ കാര്യത്തില്‍, ഗുജറാത്തിനും രാജ്യത്തിനും ഈ പരിപാടി വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇത്തവണ നിങ്ങളൊക്കെ ചെയ്തതു പോലെ ഒരു പരിപാടി ആസൂത്രണം ചെയ്യാന്‍ ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കഴിഞ്ഞില്ലല്ലോ എന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു, അത് കൊണ്ട് തന്നെ ആ മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ എന്റെ സന്തോഷം ഒന്നുകൂടി വര്‍ദ്ധിച്ചു. അതിനാല്‍, ഈ പരിപാടിയുടെ വിജയത്തില്‍ ഗുജറാത്തിലെ എല്ലാ ജനങ്ങള്‍ക്കും, ഗുജറാത്ത് ഗവണ്‍മെന്റിന്റെ മുഴുവന്‍ സംഘത്തിനും, മുഖ്യമന്ത്രിയുടെ സംഘത്തിനും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളെ

ഏതൊരു ദരിദ്രനെയും സംബന്ധിച്ചിടത്തോളം, അവരുടെ സ്വന്തം വീട് ശോഭനമായ ഭാവിയുടെ ഉറപ്പാണ്. എന്നിരുന്നാലും, കാലക്രമേണ കുടുംബങ്ങള്‍ വളരുന്നതിനനുസരിച്ച് പുതിയ വീടുകളുടെ ആവശ്യകതയും വര്‍ദ്ധിക്കുന്നു. ഓരോരുത്തര്‍ക്കും അവരുടെ തലയ്ക്ക് മുകളില്‍ ഉറച്ച മേല്‍ക്കൂര, സ്വന്തം വീട്, അവരുടെ സ്വപ്നങ്ങള്‍ക്ക് അനുയോജ്യമായ വാസസ്ഥലം എന്നിവ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഗവണ്‍മെന്റിന്റെ ഉദ്യമം. ഈ കാഴ്ചപ്പാടോടെ 1.25 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഇന്ന് ഗുജറാത്തില്‍ സ്വന്തമായി വീടുകള്‍ ലഭിച്ചു. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു കണക്കാണിത്, രാജ്യം മുഴുവനും മുമ്പൊരിക്കലും കൈവരിച്ചിട്ടില്ലാത്ത ഒരു ദൗത്യം. ഈ 1.25 ലക്ഷം വീടുകളില്‍ ദീപാവലിയുടെ വരവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയില്‍ ഒരു ഭവനം കണ്ടെത്തിയതുപോലെ, ഈ ഗ്രാമങ്ങളിലെ ഓരോ കുടുംബവും ഇന്ന് സ്വന്തമായി ഒരു വീട് കണ്ടെത്തി. ഇന്ന് വീട് ലഭിച്ച എല്ലാ കുടുംബങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും! അത്തരം പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍, 'മോദിയുടെ ഗ്യാരന്റി എന്നാല്‍ ഉറപ്പുകള്‍ നിറവേറ്റുമെന്നതിനുള്ള ഉറപ്പാണ'് എന്നാണ് രാജ്യം പ്രഖ്യാപിക്കുന്നത്.

സഹോദരീ സഹോദരന്മാരേ,

ഇന്ന് ബനാസ്‌കാണ്ഠയില്‍ നിന്നുള്ള നിരവധി പേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 182 നിയമസഭാ മണ്ഡലങ്ങളില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും ആയിരക്കണക്കിന് പേര്‍ ഒത്തുകൂടിയതായി എനിക്കറിയാന്‍ കഴിഞ്ഞു. ഇത്രയും മഹത്തായ ഒരു പരിപാടിക്ക് ഗുജറാത്ത് ബിജെപിയിലെ ജനങ്ങളെയും ഗുജറാത്തിലെ ജനങ്ങളെയും ഗുജറാത്ത് ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ടിവിയില്‍ പല സ്ഥലങ്ങളില്‍ നിന്നുമുള്ള ആളുകളെ കാണുമ്പോള്‍, പല പ്രദേശങ്ങളില്‍ നിന്നുള്ള പരിചിത മുഖങ്ങള്‍ ഞാന്‍ കാണുന്നു, ദൂരെയുള്ള മുഖങ്ങള്‍ കാണാന്‍ ഇന്ന് എനിക്ക് അവസരമുണ്ട്. വിദൂരവും ഒറ്റപ്പെട്ടതുമായ എല്ലാ പ്രദേശങ്ങളും എനിക്ക് കാണാന്‍ കഴിയും. അത്തരമൊരു മഹത്തായ സംഭവം! ഞാന്‍ വര്‍ഷങ്ങളായി സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അതിനാല്‍ ഒരേസമയം നിരവധി സ്ഥലങ്ങളില്‍ ദശലക്ഷക്കണക്കിന് പേരെ സംഘടിപ്പിക്കുന്നത് ചെറിയ കാര്യമല്ലെന്ന് എനിക്കറിയാം. നിങ്ങളുടെ അനുഗ്രഹങ്ങള്‍ ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ ദൃഢനിശ്ചയം ഞങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും. നമ്മുടെ ബനാസ്‌കാണ്ഠ ജില്ല, അതായത്, നമ്മുടെ വടക്കന്‍ ഗുജറാത്ത് മുഴുവന്‍... ഇവിടെ, ആളുകള്‍ക്ക് വെള്ളം കുടത്തില്‍ ചുമന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവന്നു. എന്നാല്‍ വടക്കന്‍ ഗുജറാത്തില്‍ നിന്നുള്ള നമ്മുടെ കര്‍ഷകര്‍ ഓരോ തുള്ളിയില്‍ നിന്നും കൂടുതല്‍ വിളവ്, തുള്ളി നന, ആധുനിക ജലസേചനം തുടങ്ങിയ സംരംഭങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്, ഈ സംരംഭങ്ങള്‍ കാരണം ഇന്ന് നമ്മുടെ കാര്‍ഷിക മേഖല അഭിവൃദ്ധി പ്രാപിക്കുന്നു.

മെഹ്‌സാന, അംബാജി, പഠാന്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം കാര്‍ഷികരംഗത്ത് പുതിയ ഉയരങ്ങളിലെത്തുകയാണ്. അംബാജി ധാമില്‍ നടക്കുന്ന വികസന  പദ്ധതികള്‍ കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വരും കാലങ്ങളില്‍ ഇവിടെ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. ഇപ്പോള്‍, തരംഗ കുന്നിലെയും അംബാജിയിലെയും പുരോഗതി നോക്കൂ. പ്രധാനമായി, അഹമ്മദാബാദില്‍ നിന്ന് അബു റോഡിലേക്ക് വരുന്ന പുതിയ റെയില്‍ പാതയില്‍, ഒരു പുതിയ ബ്രോഡ് ഗേജ് പാത ഉണ്ടാകും, നിങ്ങള്‍ ഈ പദ്ധതിയെക്കുറിച്ച് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ? 100 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ 100 വര്‍ഷമായി അത് ഏറ്റെടുക്കാതെ, മുടങ്ങിക്കിടക്കുകയായിരുന്നു, ഇന്ന് ഈ ജോലി 100 വര്‍ഷത്തിന് ശേഷം നടക്കുന്നു. ഈ പദ്ധതി വലിയ തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ പദ്ധതിയുടെ നിര്‍മ്മാണത്തോടെ അജിത്‌നാഥ് ജൈന ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത് എളുപ്പമാകും. അംബാജി ക്ഷേത്രത്തിന് സുഗമമായ റെയില്‍ സമ്പര്‍ക്കസൗകര്യം ലഭിക്കും. ഈയിടെ ഞാന്‍ പത്രത്തില്‍ വായിച്ചു. ഞാന്‍ അവിടെ ആയിരുന്നപ്പോള്‍, എനിക്കും അത്ര അറിവ് ഉണ്ടായിരുന്നില്ല. പുരാവസ്തുഗവേഷകര്‍ എന്റെ ഗ്രാമമായ വഡ്‌നഗറില്‍ (ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ വാസസ്ഥലങ്ങള്‍) കണ്ടെത്തി. ഏകദേശം 3,000 വര്‍ഷമായി ജീവിക്കുന്ന ഒരു ഗ്രാമം, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഇത് ഒരു അത്ഭുതമാണ്. ധാരാളം വിനോദസഞ്ചാരികള്‍ ഹത്‌കേശ്വര്‍ കാണാന്‍ വന്നിരുന്നു എന്നാല്‍ ഇപ്പോള്‍ അവര്‍ ഈ പുരാതന കാര്യങ്ങള്‍ കാണാന്‍ വരുന്നുവെന്നും പറയപ്പെടുന്നു. ഏകതാപ്രതിമ, അംബാജി, പഠാന്‍, തരംഗ എന്നിവ പോലെ ഈ പ്രദേശവും വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായി മാറും. ഇപ്പോള്‍, വടക്കന്‍ ഗുജറാത്തില്‍ നിന്നുള്ള ആളുകള്‍ പോലും നാദാബെത്ത് (ഇന്തോ-പാകിസ്ഥാന്‍ അതിര്‍ത്തി) കാണാന്‍ തിരക്കുകൂട്ടുന്നു. വികസനം എല്ലായിടത്തും ദൃശ്യമാണ്. വടക്കന്‍ ഗുജറാത്തിന് വളരെയധികം പ്രയോജനം ലഭിക്കാന്‍ പോകുന്നു, ഇത് വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ മറികടക്കാന്‍ പോകുന്നു.

സുഹൃത്തുക്കളെ,
നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ രാജ്യത്തുടനീളം വികസിത് ഭാരത് സങ്കല്‍പ് യാത്ര വിജയകരമായി നടപ്പാക്കുന്നതിന് നാം സാക്ഷ്യം വഹിച്ചു. ഗ്രാമങ്ങളില്‍ ഗുണഭോക്താക്കളെ തേടി മോദിയുടെ ഉറപ്പുമായി വാഹനം ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലേക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് നേരിട്ട് എത്തുന്നത്. നമ്മുടെ ഗുജറാത്തിലും കോടിക്കണക്കിന് ആളുകള്‍ ഈ പരിപാടികളോടൊത്തുചേര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഗവണ്‍മെന്റിന്റെ ഇത്തരം ശ്രമങ്ങളിലൂടെ, നടന്ന രാജ്യത്തെ ഏറ്റവും വലിയ പ്രവര്‍ത്തനമായി ഞാന്‍ കരുതുന്നു, നിങ്ങളും അതില്‍ തൃപ്തരാണ്. 10 വര്‍ഷം കൊണ്ട് 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഓരോ ഘട്ടത്തിലും ഈ 25 കോടി ജനങ്ങള്‍ക്കൊപ്പം ഗവണ്‍മെന്റ് നിന്നു, ഈ 25 കോടി കൂട്ടാളികള്‍ക്കും ഗവണ്‍മെന്റിന്റെ പദ്ധതികളില്‍ നിന്ന് ഗുണം ലഭിച്ചു, പണം ശരിയായി വിനിയോഗിച്ചു, പദ്ധതികള്‍ക്കായി ജീവിതം സമര്‍പ്പിച്ചു, ദാരിദ്ര്യത്തെ വിജയകരമായി പരാജയപ്പെടുത്തി. അതായത്, ദാരിദ്ര്യത്തെ തോല്‍പ്പിച്ച 25 കോടി പുതിയ കൂട്ടാളികളെ എനിക്ക് ലഭിച്ചു. ഈ പദ്ധതികള്‍ക്ക് നമ്മെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കഴിയുമെന്ന എന്റെ വിശ്വാസം എത്രത്തോളം വര്‍ദ്ധിച്ചുവെന്നും ഞാന്‍ എത്ര സന്തോഷവാനായിരിക്കുന്നെന്നും നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട്, ഭാരതത്തിലെ ദാരിദ്ര്യം തുടച്ചുനീക്കാന്‍ വരും ദിവസങ്ങളില്‍ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്.
ദാരിദ്ര്യത്തെ നിങ്ങള്‍ തോല്‍പ്പിച്ചതുപോലെ, നിങ്ങള്‍ എന്റെ കൂട്ടാളികളാകുകയും ദാരിദ്ര്യത്തെ പരാജയപ്പെടുത്താന്‍ ദരിദ്രരായ ആളുകള്‍ക്ക് ശക്തി നല്‍കുകയും വേണം. മാത്രമല്ല, എന്റെ സൈനീകരായി, എന്റെ കൂട്ടാളികളാകുന്നതിലൂടെ, ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ നിങ്ങള്‍ എന്നെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. നിങ്ങള്‍ക്ക് ലഭിച്ച അധികാരം ഉപയോഗിച്ച്, നിങ്ങള്‍ തീര്‍ച്ചയായും ഈ ജോലി ചെയ്യും, അങ്ങനെ മറ്റ് പാവപ്പെട്ടവരും ശാക്തീകരിക്കപ്പെടും. ഇപ്പോഴാണ്, സഹോദരിമാരോട് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്, അവരില്‍ ഞാന്‍ കണ്ട ആത്മവിശ്വാസം, ഒരു വീട് കിട്ടിയതിന് ശേഷം അവരുടെ ജീവിതത്തില്‍ ഉണ്ടായ വിശ്വാസം... ഞാന്‍ അവരുടെ വീടുകള്‍ കാണുകയായിരുന്നു, അത്ര മനോഹരമായ വീടുകള്‍ ആയിരുന്നു അവ; കൊള്ളാം... എന്റെ ഗുജറാത്തിലെ ജനങ്ങളും എന്റെ രാജ്യത്തെ മറ്റ് ആളുകളെപ്പോലെ സമൃദ്ധമായ ജീവിതത്തിലേക്ക് മുന്നേറുകയാണ്.

സുഹൃത്തുക്കളെ,
ഇത് ചരിത്രം നിര്‍മ്മിക്കാനും ചരിത്രം സൃഷ്ടിക്കാനുമുള്ള സമയമാണ്. സ്വാതന്ത്ര്യ സമര കാലത്ത് നമ്മള്‍ കണ്ട അതേ സമയമാണിത്. സ്വാതന്ത്ര്യ സമര കാലത്തെ സ്വദേശി പ്രസ്ഥാനമായാലും, ക്വിറ്റ് ഇന്ത്യ സമരമായാലും, ദണ്ഡി മാര്‍ച്ചായാലും, ഈ സമരങ്ങളെല്ലാം ഓരോ വ്യക്തിയുടെയും പ്രതിജ്ഞയായി മാറിയിരുന്നു. അതുപോലെ, വികസിത ഭാരതം (വികസിത ഇന്ത്യ) കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞയും ഇന്ന് രാജ്യത്തിന് ഒരു സുപ്രധാന പ്രതിബദ്ധതയായി മാറിയിരിക്കുന്നു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭാരതം ഒരു വികസിത രാഷ്ര്ടമായി മാറണമെന്നാണ് രാജ്യത്തെ ഓരോ കുട്ടിയും ആഗ്രഹിക്കുന്നത്. ഈ പ്രതിജ്ഞ സാക്ഷാത്കരിക്കാന്‍ സാദ്ധ്യമായ വഴികളിലെല്ലാം എല്ലാവരും സംഭാവന ചെയ്യുന്നുമുണ്ട്. ഗുജറാത്തില്‍ എപ്പോഴും ഈ സമീപനം ഉണ്ടായിരുന്നു. ഞാന്‍ ഇവിടെ (ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍) ആയിരുന്നപ്പോഴും സംസ്ഥാനത്തിന്റെ വികസനമാണ് രാജ്യത്തിന്റെ വികസനത്തിലേക്ക് നയിക്കുന്നത് എന്ന ഈ ചിന്താഗതി ഗുജറാത്തിന് ഉണ്ടായിരുന്നു. ഈ പരമ്പരയുടെ ഭാഗമാണ് ഒരു വികസിത് ഭാരതിന്(വികസിത ഇന്ത്യ) വേണ്ടി ഒരു വികസിത ഗുജറാത്ത് എന്ന ഈ പരിപാടി.

സഹോദരീ സഹോദരന്മാരേ,
പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ ഗുജറാത്ത് എന്നും മുന്‍പന്തിയിലാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ പദ്ധതി പ്രകാരം നഗരപ്രദേശങ്ങളില്‍ 8 ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണിന് കീഴില്‍ 5 ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു. വേഗത്തിലും കാര്യക്ഷമമായും വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഞങ്ങള്‍ ഞങ്ങളുടെ ഭവന പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴില്‍ 1100-ലധികം വീടുകള്‍ നിര്‍മ്മിച്ചു.
സുഹൃത്തുക്കളെ,
പാവപ്പെട്ടവരുടെ വീടുകള്‍ക്കായി മോദി ഗവണ്‍മെന്റ് ഖജനാവ് തുറന്നു. വല്‍സാദില്‍ പോരാടുന്ന നമ്മുടെ ഹല്‍പതി സൊസൈറ്റിക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയ സാഹചര്യം ഞാന്‍ ഓര്‍ക്കുന്നു. അവിടെ ഒരു ദിവസം പോലും തങ്ങാന്‍ ആരും പോയില്ല. ഹല്‍പതിക്കാര്‍ പോലും താമസിക്കാന്‍ പോകാത്ത ആ വീടുകളുടെ അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാം. പതിയെ ആ വീടുകള്‍ തകര്‍ന്നു. അതുപോലെ, ഭാവ്‌നഗറിലേക്ക് പോകുമ്പോള്‍, വഴിയില്‍ ധാരാളം വീടുകള്‍ കാണാം. ആളുകളെയാരെയും കാണാനുമാവില്ല. എല്ലാവരും പതിയെ ആ വീടുകളുടെ ജനലുകളും വാതിലുകളും മോഷ്ടിച്ചു. 40 വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. എല്ലാം നശിച്ചു. എന്തെന്നാല്‍ ആരും താമസിക്കാന്‍ പോയില്ല, ആ വീടുകള്‍ അങ്ങനെയാണ് നിര്‍മ്മിച്ചത്. 2014-ന് മുമ്പുള്ള 10 വര്‍ഷങ്ങളില്‍ പാവപ്പെട്ടവരുടെ വീടുകള്‍ക്കായി അനുവദിച്ച തുകയുമായി താരതമ്യം ചെയ്താല്‍, ഇന്ന് ഈ തുക കഴിഞ്ഞ 10 വര്‍ഷം ചെലവഴിച്ചതിന്റെ ഏകദേശം പത്തിരട്ടിയാകും. ഈ വര്‍ഷത്തെ ബജറ്റില്‍ 2 കോടി പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്നും ഞങ്ങള്‍ പ്രഖ്യാപിച്ചു, അങ്ങനെ ഓരോ പാവപ്പെട്ടവര്‍ക്കും ഒരു പക്കാ വീടാകും

സുഹൃത്തുക്കളെ,
2014-ന് മുമ്പ് പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നത് എന്ത് വേഗത്തിലാണ്, ഇന്ന് പാവപ്പെട്ടവര്‍ക്കുള്ള വീടുകള്‍ വളരെ വേഗത്തിലാണ് നിര്‍മ്മിക്കുന്നത്. നേരത്തെ, പാവപ്പെട്ടവരുടെ വീടുകള്‍ക്കുള്ള പണം തികയില്ലായിരുന്നു, ഉള്ളതും ഇടനിലക്കാരും കമ്പനികളും ബ്രോക്കര്‍മാരും ചേര്‍ന്ന് തട്ടിയെടുത്തു; ചിലര്‍ 15,000 രൂപ എടുക്കും, മറ്റു ചിലര്‍ 20,000 രൂപ എടുക്കും, അവര്‍ ഈ പണം കൊള്ളയടിക്കും. ഇപ്പോള്‍, അനുവദിക്കുന്ന പണം 2.25 ലക്ഷം രൂപയിലധികമാണ്, അത് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നു. ഇന്ന്, പാവപ്പെട്ടവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വന്തമായി വീട് നിര്‍മ്മിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അതിനാല്‍ വീടുകള്‍ അതിവേഗം നിര്‍മ്മിക്കപ്പെടുന്നു, അവ വളരെ മികച്ചതുമാണ്. മുമ്പ് ചെറിയ വീടുകളായിരുന്നു ഉണ്ടായിരുന്നത്. ഏതുതരം വീടായിരിക്കുമെന്ന് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരാണ് തീരുമാനിച്ചിരുന്നത്. ഒരു വീടു നിര്‍മ്മിച്ചാല്‍ പോലും ശൗചാലയം, വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളോളം ലഭ്യമായിരുന്നില്ല. ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്കുവേണ്ടിപോലും പാവങ്ങള്‍ ആയിരക്കണക്കിന് രൂപ ചെലവഴിച്ചിരുന്നു. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളിലെ പല വീടുകളിലും ആളുകള്‍ താമസിക്കാന്‍ പോലും പോയിരുന്നില്ല. ഇന്ന് വീടിനൊപ്പം ഈ സൗകര്യങ്ങളും ലഭ്യമാണ്. ഇന്ന് ഓരോ ഗുണഭോക്താവും സന്തോഷത്തോടെ അവരുടെ ഉറച്ച വീട്ടിലേക്ക് പ്രവേശിക്കുന്നു. ദശലക്ഷക്കണക്കിന് സഹോദരിമാരുടെ പേരില്‍ ഈ വീടുകളില്‍ ആദ്യമായി ശരിയായ ആസ്തി രജിസ്‌ട്രേഷനുമുണ്ടായി. ഒരു വീടുണ്ടെങ്കില്‍ അത് പുരുഷന്റെയോ ഭര്‍ത്താവിന്റെയോ മകന്റെയോ പേരിലായിരിക്കുമായിരുന്നു; ഒരു കടയുണ്ടെങ്കില്‍ അതും ഒരു പുരുഷ അംഗത്തിന്റെ പേരിലായിരിക്കുമായിരുന്നു ്; ഭൂമിയുണ്ടെങ്കില്‍ അതും ഒരു പുരുഷ അംഗത്തിന്റെ പേരിലായിരിക്കും; വീട്ടില്‍ വാഹനമുണ്ടെങ്കില്‍ അതും പുരുഷ അംഗത്തിന്റെ പേരിലായിരിക്കും എന്ന രീതിയാണ് മുന്‍പ് നടന്നിരുന്നത്. അപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, നമ്മള്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്ന വീടുകള്‍ വീട്ടിലെ മുതിര്‍ന്ന സഹോദരിയുടെ പേരിലായിരിക്കുമെന്ന്. അമ്മമാരും സഹോദരിമാരും ഇപ്പോള്‍ വീടിന്റെ ഉടമകളായി മാറിയിരിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ദരിദ്രര്‍, യുവജനങ്ങള്‍, നമ്മുടെ കര്‍ഷകര്‍, നമ്മുടെ അമ്മമാര്‍, നമ്മുടെ സ്ത്രീകള്‍, സഹോദരിമാര്‍, അവര്‍ ഒരു 'വികസിത ഭാരത'ത്തിന്റെ തൂണുകളാണ്. അതുകൊണ്ട് അവരെ ശാക്തീകരിക്കുക എന്നത് നമ്മുടെ പ്രതിബദ്ധതയാണ്. ഞാന്‍ പാവപ്പെട്ടവരെക്കുറിച്ച് പറയുമ്പോള്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും അതിലേക്ക് കടന്നുവരും. വീടുകള്‍ നല്‍കുന്നുണ്ടെങ്കില്‍ അതില്‍ എല്ലാ ജാതിയിലും പെട്ട പാവപ്പെട്ട കുടുംബങ്ങളുണ്ട്. സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതില്‍ ഓരോ ജാതിയില്‍പ്പെട്ട ഓരോ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കുന്നു. സൗജന്യ ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ എല്ലാ ജാതിയില്‍പ്പെട്ട പാവപ്പെട്ട ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കുന്നു. വിലകുറഞ്ഞ വളം നല്‍കുന്നതിനാല്‍ ഓരോ ജാതിയിലും പെട്ട ഓരോ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എല്ലാ ജാതിയില്‍പ്പെട്ട കര്‍ഷകരിലേക്കും എത്തുകയാണ്. ഏത് സമൂഹത്തിലെ ദരിദ്ര കുടുംബമായാലും, അവരുടെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും ബാങ്കുകളുടെ വാതിലുകള്‍ നേരത്തെ അടച്ചിരുന്നു. ബാങ്കിന് ഗ്യാരന്റിയായി നല്‍കാന്‍ അവര്‍ക്ക് ഒന്നുമില്ലായിരുന്നു. ഗ്യാരണ്ടിയില്ലാത്തവരുടെ ഗ്യാരണ്ടി മോദി സ്വീകരിച്ചു. മുദ്ര യോജനയും അത്തരമൊരു ഉറപ്പാണ്. ഈ സ്‌കീമിന് കീഴില്‍, എല്ലാ സൊസൈറ്റികളിലെയും പാവപ്പെട്ട യുവാക്കള്‍ യാതൊരു ഗ്യാരണ്ടിയുമില്ലാതെ വായ്പ എടുത്ത് അവരുടെ ചെറുകിട ബിസിനസ്സ് ചെയ്യുന്നു. തെരുവ് കച്ചവടക്കാരായ നമ്മുടെ വിശ്വകര്‍മ തൊഴിലാളികളുടെ ഗ്യാരണ്ടിയും മോദി എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ജീവിതവും ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ദരിദ്രരുടെ ക്ഷേമത്തിനായുള്ള എല്ലാ പദ്ധതിയുടെയും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ എന്റെ ദളിത് സഹോദരീസഹോദരന്മാരും, എന്റെ ഒബിസി സഹോദരീസഹോദരന്മാരും, പിന്നാക്കക്കാരും നമ്മുടെ ആദിവാസി കുടുംബങ്ങളുമാണ്. മോദിയുടെ ഉറപ്പ് കൊണ്ട് ആര്‍ക്കെങ്കിലും കൂടുതല്‍ നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഈ കുടുംബങ്ങള്‍ക്കാണ്.

സഹോദരീ സഹോദരന്മാരേ,

സഹോദരിമാരെ 'ലക്ഷാധിപതി ചേച്ചിമാര്‍'ആക്കാന്‍ മോദി വലിയ ഉറപ്പ് നല്‍കിയിട്ടുണ്ട്. മോദി ചെയ്യുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എല്ലാ ഗ്രാമങ്ങളിലും 'ലക്ഷാധിപതി ചേച്ചിമാരെ' ഉണ്ടാക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു. ഇതുവരെ ഒരു കോടി 'ലക്ഷാധിപതി ചേച്ചിമാര്‍' രാജ്യത്തുണ്ട്. ഇവരില്‍ ഗുജറാത്തില്‍ നിന്നുള്ള നിരവധി അമ്മമാരും സഹോദരിമാരും ഉണ്ട്. ഇനിയുള്ള വര്‍ഷങ്ങളില്‍ മൂന്ന് കോടി സഹോദരിമാരെ 'ലക്ഷാധിപതി ചേച്ചിമാര്‍' ആക്കാനാണ് ഞങ്ങളുടെ ശ്രമം. ഗുജറാത്തിലെ ആയിരക്കണക്കിന് സഹോദരിമാര്‍ക്കും ഇത് പ്രയോജനപ്പെടും. പുതിയ 'ലക്ഷാധിപതി ചേച്ചിമാര്‍' പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പുതിയ ശക്തി നല്‍കും. ഈ വര്‍ഷത്തെ ബജറ്റില്‍ നമ്മുടെ ആശാ, അങ്കണവാടി സഹോദരിമാര്‍ക്കായി ഒരു വലിയ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഈ സഹോദരിമാര്‍ക്ക് അവരുടെ ചികിത്സയെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ഇവരുടെയും കുടുംബത്തിന്റെയും ചികിത്സ മോദി ഏറ്റെടുക്കും. എല്ലാ ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ആയുഷ്മാന്‍ പദ്ധതി പ്രകാരം സൗജന്യ ചികില്‍സയ്ക്കുള്ള സൗകര്യം ഇനി മുതല്‍ ലഭിക്കും.

സുഹൃത്തുക്കളേ,

സമീപ വര്‍ഷങ്ങളില്‍, ദരിദ്രരുടെയും ഇടത്തരക്കാരുടെയും ചെലവുകള്‍ കുറയ്ക്കുന്നതിനാണ് ഞങ്ങളുടെ നിരന്തര ശ്രമം. സൗജന്യ റേഷന്‍, ചെലവുകുറഞ്ഞ ആരോഗ്യ പരിരക്ഷ, താങ്ങാനാവുന്ന വിലയ്ക്കു മരുന്നുകള്‍, കുറഞ്ഞ മൊബൈല്‍ ബില്ലുകള്‍ എന്നിവ ഗണ്യമായ സമ്പാദ്യത്തിന് കാരണമായി. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും വളരെ കുറഞ്ഞ വിലയില്‍ ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കുന്നു. എല്‍ഇഡി ബള്‍ബുകള്‍ കൊണ്ടുവന്ന വിപ്ലവം എല്ലാ വീട്ടിലും വൈദ്യുതി ബില്‍ കുറച്ചു. ഇപ്പോള്‍ ഞങ്ങളുടെ ശ്രമം സാധാരണ കുടുംബങ്ങളുടെ വൈദ്യുതി ബില്‍ പൂജ്യമാക്കാനും അവര്‍ക്ക് വൈദ്യുതിയില്‍ നിന്ന് വരുമാനം നേടാനുമാണ്. അതുകൊണ്ട് തന്നെ വളരെ വലിയ ഒരു പദ്ധതിയാണ് കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് കീഴില്‍ ഒരു കോടി കുടുംബങ്ങളുടെ വീടുകളില്‍ തുടക്കത്തില്‍ സൗരോര്‍ജ്ജ മേല്‍ക്കൂര സ്ഥാപിക്കും. ഞങ്ങള്‍ രാധന്‍പൂരിനടുത്ത് വളരെ വലിയ സൗരോര്‍ജ്ജ ഫാം സ്ഥാപിച്ചതുപോലെ, കച്ചിലും, അത് വീടുകളുടെ മേല്‍ക്കൂരയില്‍ സ്ഥാപിക്കും, അതിന്റെ ഫലമായി വൈദ്യുതി സൗജന്യമായിരിക്കും. ഈ ക്രമീകരണം ഏകദേശം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കും. ഇത് ആയിരക്കണക്കിന് രൂപയുടെ ലാഭം ഉറപ്പാക്കും, നിങ്ങള്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍, അത് ഗവണ്‍മെന്റ് വാങ്ങുകയും വൈദ്യുതി വിറ്റ് സമ്പാദിക്കുകയും ചെയ്യാം. ഗുജറാത്തിലെ മൊധേരയില്‍ സൗരോര്‍ജ്ജ ഗ്രാമം സ്ഥാപിക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇനി അങ്ങനെയൊരു വിപ്ലവം രാജ്യത്തുടനീളം ഉണ്ടാകും. കര്‍ഷകരെ ഊര്‍ജ ഉല്‍പാദകരാക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നു. തരിശായി കിടക്കുന്ന ഭൂമിയില്‍ സൗരോര്‍ജ്ജ പമ്പുകളും ചെറിയ സൗരോര്‍ജ്ജ പ്ലാന്റുകളും സ്ഥാപിക്കാന്‍ കര്‍ഷകര്‍ക്ക് ഗവണ്‍മെന്റ് സഹായം നല്‍കുന്നുണ്ട്. സോളാര്‍ എനര്‍ജി വഴി കര്‍ഷകര്‍ക്ക് പ്രത്യേക ഫീഡര്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും ഗുജറാത്തില്‍ നടക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് പകല്‍സമയത്തും ജലസേചനത്തിനുള്ള വൈദ്യുതി ലഭ്യമാക്കും.

സുഹൃത്തുക്കളേ,

ഗുജറാത്ത് ഒരു വ്യാപാര സംസ്ഥാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. വികസനത്തിന്റെ പ്രയാണത്തില്‍ ഗുജറാത്ത് വ്യാവസായിക വികസനത്തിന് പുതിയ ഉണര്‍വ് നല്‍കി. വ്യാവസായിക ശക്തികേന്ദ്രങ്ങളുടെ സാന്നിധ്യം കാരണം ഗുജറാത്തിലെ യുവജനങ്ങള്‍ക്ക് അഭൂതപൂര്‍വമായ അവസരങ്ങളുണ്ട്. ഇന്ന്, ഗുജറാത്തിലെ യുവജനങ്ങള്‍ സംസ്ഥാനത്തെ എല്ലാ മേഖലകളെയും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഈ സംരംഭങ്ങളെല്ലാം ഗുജറാത്തിലെ യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുകയും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും 'വികസിത ഗുജറാത്തിനെ' വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് എല്ലായിടത്തും, ഓരോ ഘട്ടത്തിലും നിങ്ങളോടൊപ്പമുണ്ട്.
 ഇന്ന് നിങ്ങളെ എല്ലാവരെയും കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷമുണ്ട്. ഒരിക്കല്‍ കൂടി, ഇന്ന് വീട് ലഭിച്ച എല്ലാവര്‍ക്കും ശോഭനമായ ഭാവിക്കായി എന്റെ ആശംസകള്‍ നേരുന്നു. എന്നില്‍ വിശ്വാസമര്‍പ്പിക്കുക, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേരിട്ട പ്രശ്നങ്ങള്‍ നിങ്ങളുടെ കുട്ടികളെ നേരിടാന്‍ മോദി അനുവദിക്കില്ലെന്ന് നിങ്ങളുടെ കുട്ടികളോട് പറയുക. ഗുജറാത്തിനെ ഇതുപോലെയാക്കണം, രാജ്യവും ഇതുപോലെയാക്കണം.

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.
നന്ദി.


NS


നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.

 


(Release ID: 2015196) Visitor Counter : 82