പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഝാർഖണ്ഡിലെ സിന്ദ്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 01 MAR 2024 1:32PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട ഝാർഖണ്ഡ് ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ ജി, മുഖ്യമന്ത്രി ശ്രീ ചമ്പൈ സോറെൻ ജി, മന്ത്രിസഭയിലെ ബഹുമാനപ്പെട്ട എന്റെ സഹപ്രവർത്തകൻ അർജുൻ മുണ്ഡ ജി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, മറ്റു വിശിഷ്ടവ്യക്തികൾ, ഝാർഖണ്ഡിലെ പ്രിയ സഹോദരീസഹോദരന്മാരേ, ജോഹാർ (അഭിവാദ്യം)! ഇന്ന് 35,000 കോടിയിലധികം രൂപയുടെ പദ്ധതികളാൽ അനുഗൃഹീതമാണു ഝാർഖണ്ഡ്. ഈ സംരംഭങ്ങൾക്ക് എന്റെ കർഷക സഹോദരങ്ങളെയും ഗോത്രവിഭാഗക്കാരെയും ഝാർഖണ്ഡിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്നു നാം സിന്ദ്രി വളം ഫാക്ടറി ഉദ്ഘാടനം ചെയ്തു. സിന്ദ്രിയിൽ ഈ വളം പ്ലാന്റ് തുടങ്ങുക എന്നത് എന്റെ പ്രതിബദ്ധതയായിരുന്നു. മോദിയുടെ ഉറപ്പ് ഇന്നു പൂർത്തീകരിച്ചുവെന്നതിൽ അഭിമാനമുണ്ട്. 2018ലാണു ഞാൻ ഈ പ്ലാന്റിന്റെ തറക്കല്ലിട്ടത്. ഇപ്പോൾ, സിന്ദ്രി ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കുക മാത്രമല്ല, ഭാരതത്തിലെയും ഝാർഖണ്ഡിലെയും യുവാക്കൾക്ക് ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങൾ ഇതു തുറന്നുകൊടുക്കുകയും ചെയ്തു. ഈ വളം ഫാക്ടറിയുടെ സമാരംഭത്തോടെ, ഇന്ത്യ സ്വയംപര്യാപ്തതയിലേക്കു സുപ്രധാന മുന്നേറ്റം നടത്തി. ഇന്ത്യക്കു പ്രതിവർഷം ഏകദേശം 360 ലക്ഷം മെട്രിക് ടൺ യൂറിയ ആവശ്യമാണ്. 2014ൽ നമ്മുടെ ഗവണ്മെന്റ് അധികാരമേൽക്കുമ്പോൾ രാജ്യത്തെ യൂറിയ ഉൽപ്പാദനം 225 ലക്ഷം മെട്രിക് ടൺ മാത്രമായിരുന്നു. ഈ ഗണ്യമായ വിടവു നികത്താൻ, ഗണ്യമായ അളവിൽ യൂറിയ ഇറക്കുമതി ചെയ്യേണ്ടി വന്നു. അതിനാൽ, യൂറിയ ഉൽപ്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുമെന്നു ഞങ്ങൾ പ്രതിജ്ഞയെടുത്തു. നമ്മുടെ ഗവണ്മെന്റിന്റെ ശ്രമങ്ങളാൽ, കഴിഞ്ഞ ദശകത്തിൽ യൂറിയ ഉൽപ്പാദനം 310 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഞങ്ങൾ രാമഗുണ്ഡം, ഗോരഖ്പുർ, ബറൗനി എന്നിവിടങ്ങളിൽ വളം പ്ലാന്റുകൾ പുനരുജ്ജീവിപ്പിച്ചു. ഇന്നു സിന്ദ്രിയും ഈ പട്ടികയിൽ ഇടംപിടിച്ചു. താൽച്ചെർ വളം പ്ലാന്റ് അടുത്ത 1.5 വർഷത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും. അത് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യവും ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. മൊത്തത്തിൽ, ഈ അഞ്ചു പ്ലാന്റുകൾ ഇന്ത്യയെ 60 ലക്ഷം മെട്രിക് ടൺ യൂറിയ ഉൽപ്പാദിപ്പിക്കാൻ പ്രാപ്തമാക്കും, ഈ നിർണായകമേഖലയിൽ രാജ്യത്തെ അതിവേഗം സ്വയംപര്യാപ്തതയിലേക്കു നയിക്കും. ഈ നേട്ടം വിദേശനാണ്യം ലാഭിക്കുക മാത്രമല്ല, കർഷകരുടെ പ്രയോജനത്തിനായി ധനസഹായം എത്തിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഝാർഖണ്ഡിൽ റെയിൽവേ മേഖലയിൽ പുതിയൊരു യുഗത്തിന് ഇന്നു തുടക്കമിടുകയാണ്. പുതിയ റെയിൽവേ പാതയുടെ ഉദ്ഘാടനവും നിലവിലുള്ള പാത ഇരട്ടിപ്പിക്കലും ഉൾപ്പെടെ നിരവധി പദ്ധതികൾക്കാണ് ഇന്നു തുടക്കമായത്. ധൻബാദ്-ചന്ദ്രപുര റെയിൽവേ പാതയ്ക്കു തറക്കല്ലിടുന്നത് ഈ പ്രദേശങ്ങളിൽ ഭൂഗർഭതീപിടിത്തത്തിൽനിന്നു സുരക്ഷിതമായ പുതിയ പാത പ്രദാനം ചെയ്യും. കൂടാതെ, ദേവ്ഘർ-ഡിബ്രൂഗഢ് ട്രെയിൻ അവതരിപ്പിക്കുന്നതു ബാബ ബൈദ്യനാഥ ക്ഷേത്രത്തിന്റെയും മാതാ കാമാഖ്യ ശക്തിപീഠത്തിന്റെയും ആരാധനാലയങ്ങളെ തമ്മിൽ കൂട്ടിയിണക്കും. ചത്ര, ഹസാരിബാഗ്, രാംഗഢ്, ബൊക്കാറോ എന്നിവയുൾപ്പെടെ ഝാർഖണ്ഡിലുടനീളം യാത്രാവേഗത ഗണ്യമായി വർധിപ്പിക്കുമെന്ന് ഉറപ്പാക്കുന്ന, വാരാണസി-കൊൽക്കത്ത റാഞ്ചി അതിവേഗപാത അടുത്തിടെ ഞാൻ ഉദ്ഘാടനം ചെയ്തു. കൂടാതെ, കാർഷികോൽപ്പന്നങ്ങൾ, നമ്മുടെ ധാന്യശേഖരത്തിനുള്ള കൽക്കരി, അല്ലെങ്കിൽ കിഴക്കൻ ഇന്ത്യയിൽനിന്നു രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും സിമന്റ് പോലുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുപോകൽ എന്നിവയുമായി ബന്ധപ്പെട്ട്, നമ്മുടെ കർഷകസമൂഹത്തിനു കാര്യമായ സൗകര്യമൊരുക്കും. ഈ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ പ്രാദേശിക സമ്പർക്കസൗകര്യം വർധിപ്പിക്കുക മാത്രമല്ല, ഝാർഖണ്ഡിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശാബ്ദത്തിലേറെയായി, ഝാർഖണ്ഡിലെ ഗോത്രസമൂഹങ്ങളുടെയും ദരിദ്രരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനാണു ഞങ്ങൾ മുൻഗണന നൽകിയത്.

സുഹൃത്തുക്കളേ,

2047നുമുമ്പു നമ്മുടെ രാഷ്ട്രം വികസിപ്പിക്കുക എന്നതാണു ഞങ്ങൾ ആഗ്രഹിക്കുന്നത്. നിലവിൽ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ എന്നത് അഭിമാനാർഹമാണ്. അടുത്തിടെ പുറത്തുവിട്ട പ്രോത്സാഹജനകമായ സാമ്പത്തിക കണക്കുകളിൽ ഇതു വ്യക്തമാണ്. എല്ലാ പ്രതീക്ഷകളെയും മറികടന്ന്, ഒക്ടോബർമുതൽ ഡിസംബർവരെയുള്ള പാദത്തിൽ ഇന്ത്യ 8.4 ശതമാനം വളർച്ച കൈവരിക്കുകയും ദ്രുതഗതിയിലുള്ള പുരോഗതി പ്രകടമാക്കുകയും ചെയ്തു. വികസിതരാഷ്ട്രമെന്ന നിലയിൽ പുരോഗതി കൈവരിക്കുന്നതിന്, ഝാർഖണ്ഡിന്റെ വികസനവും ഇതോടൊപ്പം മുന്നോട്ടുകൊണ്ടുപോകേണ്ടത് അത്യന്താപേക്ഷിതമാണ്. ഝാർഖണ്ഡിന്റെ പുരോഗതിക്കു പിന്തുണയേകി കേന്ദ്രഗവണ്മെന്റ് ഉറച്ചുനിൽക്കുന്നു. വികസിത ഭാരതമെന്ന അഭിലാഷങ്ങളെ നയിക്കുന്ന ശക്തികേന്ദ്രമായി ഭഗവാൻ ബിർസ മുണ്ഡയുടെ നാട് ഉയർന്നുവരുമെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

എന്റെ നന്ദി പ്രകടിപ്പിക്കുന്നതിനുമുമ്പ് എന്റെ ചിന്തകൾ ഹ്രസ്വമായി പ്രകടിപ്പിക്കാൻ എന്നെ അനുവദിക്കൂ. ഞാൻ ഇപ്പോൾ ധൻബാദിലേക്കു പോകും. അവിടത്തെ ഊഷ്മളതയും നിശ്ചയദാർഢ്യവും അഭിലാഷങ്ങളും ശക്തമായ ദൃഢനിശ്ചയങ്ങളും നിറഞ്ഞ അന്തരീക്ഷം സംഭാഷണത്തിനു കൂടുതൽ അനുയോജ്യമാകും. അടുത്ത അരമണിക്കൂറിനുള്ളിൽ ധൻബാദിലെത്താനാണു ഞാൻ ലക്ഷ്യമിടുന്നത്. അവിടെ എത്തിക്കഴിഞ്ഞാൽ, ഞാൻ ഝാർഖണ്ഡുമായും രാജ്യവുമായും കൂടുതൽ ഉൾക്കാഴ്ചകൾ പങ്കിടും. എല്ലാ പദ്ധതികൾക്കും സംരംഭങ്ങൾക്കും എല്ലാവർക്കും എന്റെ ആത്മാർത്ഥമായ ആശംസകൾ. വളരെ നന്ദി.

ജോഹാർ (അഭിവാദ്യം)!

--NS---

 



(Release ID: 2014801) Visitor Counter : 24