പ്രധാനമന്ത്രിയുടെ ഓഫീസ്
ബീഹാറിലെ ഔറംഗബാദില്‍ വിവിധ പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
Posted On:
02 MAR 2024 4:57PM by PIB Thiruvananthpuram
ബീഹാര്‍ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, കൂടാതെ ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റെല്ലാ മുതിര്‍ന്ന നേതാക്കളേ! എല്ലാവരുടെയും പേര് ഞാന്‍ ഓര്‍ക്കുന്നില്ല, എന്നാല്‍ ഇന്ന് കണ്ടുമുട്ടിയ പഴയ സഹപ്രവര്‍ത്തകര്‍ക്കും വലിയതോതില്‍ ഇവിടെ എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.
ലോകപ്രശസ്ത സൂര്യക്ഷേത്രം, ഉംഗേശ്വരി മാതാവ്, ദേവ് കുണ്ഡ് എന്നിവയുടെ പുണ്യഭൂമിക്ക് ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു! ഞാന്‍ എല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു! സൂര്യഭഗവാന്റെ അനുഗ്രഹം എല്ലാവരിലുമുണ്ടാകട്ടെ!
സുഹൃത്തുക്കളെ,
ഒട്ടനവധി സ്വാതന്ത്ര്യ സമര സേനാനികളുടെ ജന്മസ്ഥലമാണ് ഔറംഗബാദ്. 'ബിഹാര്‍ വിഭൂതി' അനുഗ്രഹ് നാരായണ്‍ സിന്‍ഹ ജിയെപ്പോലുള്ള മഹത്തായ വ്യക്തികളുടെ നാടാണിത്. ഔറംഗബാദിന്റെ ഈ മണ്ണില്‍ ബിഹാറിന്റെ പുതിയ വികസന അദ്ധ്യായം ഇന്ന് എഴുതപ്പെടുകയാണ്. ഏകദേശം 21,500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം തറക്കല്ലിടല്‍ ചടങ്ങുകള്‍ ഇന്ന് ഇവിടെ നടന്നു. റോഡ് അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍, റെയില്‍ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തിള്‍, കൂടാതെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ആധുനിക ബീഹാറിന്റെ ശക്തമായ സൂചനകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അമസ്-ദര്‍ഭംഗ നാലുവരി ഇടനാഴിക്ക് ഇന്ന് ഇവിടെ തറക്കല്ലിട്ടു. ഇന്ന് ദനാപൂര്‍-ബിഹ്ത നാലുവരി എലിവേറ്റഡ് റോഡിന്റെ തറക്കല്ലിടലും നടന്നു. പട്‌നാ റിങ്‌റോഡിന്റെ ഷെര്‍പൂര്‍ മുതല്‍ ദിഗ്‌വാര ഭാഗം വരെയുള്ളതിനും തറക്കല്ലിട്ടു. ഇതാണ് എന്‍.ഡി.എയുടെ മുഖമുദ്ര. ഞങ്ങള്‍ പ്രവൃത്തി തുടങ്ങുക മാത്രമല്ല, അത് പൂര്‍ത്തിയാക്കുകയും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇതാണ് മോദിയുടെ ഉറപ്പ്! ഭോജ്പൂര്‍ ജില്ലയില്‍ അര ബൈപാസ് റെയില്‍ പാതയ്ക്കും തറക്കല്ലിട്ടു. നമാമി ഗംഗേ സംഘടിതപ്രവര്‍ത്തനത്തിന് കീഴില്‍ 12 പദ്ധതികളുടെ സമ്മാനവും ഇന്ന് ബിഹാറിന് ലഭിച്ചിട്ടുണ്ട്. ബനാറസ്-കൊല്‍ക്കത്ത അതിവേഗ പാതയ്ക്കായി ബീഹാറിലെ ജനങ്ങള്‍, പ്രത്യേകിച്ച് ഔറംഗബാദിലെ എന്റെ സഹോദരങ്ങള്‍, ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. ഈ അതിവേഗ പാതയോടെ ഉത്തര്‍പ്രദേശ് ഏതാനും മണിക്കൂറുകള്‍ മാത്രം അകലെയാകും, ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്‍ക്കത്തയില്‍ എത്തിച്ചേരാനുമാകും. ഇതാണ് എന്‍ഡിഎയുടെ പ്രവര്‍ത്തനരീതി. ബീഹാറിലെ വികസന പ്രവാഹത്തിന് നിങ്ങളെ ബീഹാറിലെ ജനങ്ങളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
പല തരത്തിലുള്ള സവിശേഷമായ പ്രാധാന്യം ഇന്നത്തെ എന്റെ ബീഹാര്‍ സന്ദര്‍ശനത്തിനുണ്ട്. ബിഹാറിന്റെ അഭിമാനമായ കര്‍പ്പൂരി താക്കൂര്‍ ജിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, രാജ്യം ഭാരതരത്‌ന സമ്മാനിച്ചു. ഈ ബഹുമതി ബീഹാറിന്റെ മുഴുവന്‍ അഭിമാനമാണ്! കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അയോദ്ധ്യയില്‍ രാമലല്ലയുടെ മഹത്തായ ക്ഷേത്രത്തിന്റെ മഹാസമര്‍പ്പണംം നടന്നു. രാം ലല്ല ഇപ്പോള്‍ അയോദ്ധ്യയില്‍ താമസിക്കുന്നതിനാല്‍, ഏറ്റവും വലിയ സന്തോഷവും ആഘോഷവും സീത മാതാവിന്റെ നാട്ടിലായിരിക്കുമെന്നത് സ്വാഭാവികമാണ്. രാം ലല്ലയുടെ സമര്‍പ്പണവുമായി ബന്ധപ്പെട്ട്, ബീഹാറിലെ ജനങ്ങളിലുണ്ടായ ആഘോഷവും സന്തോഷവും, രാം ലല്ലയ്ക്ക് അവര്‍ അയച്ച സമ്മാനങ്ങള്‍ എന്നിവയിലെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ഇതോടൊപ്പം ബിഹാര്‍ വീണ്ടും ഇരട്ട എന്‍ജിന്‍ വളര്‍ച്ചയുടെ ഗതിവേഗവും കൈവരിച്ചു. അതുകൊണ്ട്, ബീഹാര്‍ നിലവില്‍ ആവേശഭരിതമാണെന്ന് മാത്രമല്ല ആത്മവിശ്വാസം നിറഞ്ഞതുമാണ്. ഈ ആവേശം ഞാന്‍ എന്റെ മുന്നില്‍ കാണുന്നു. എന്റെ കാഴ്ച എത്തുന്നതുവരെയുള്ള ഇത്രയധികം അമ്മമാരും സഹോദരിമാരും യുവജനങ്ങളും, അത്തരം ഉത്സാഹത്തോടെയും ആവേശത്തോടെയും എന്നെ അനുഗ്രഹിക്കാനാണ് നിങ്ങളെല്ലാവരും ഇവിടെ വന്നത്. നിങ്ങളുടെ മുഖത്തെ പ്രസരിപ്പ് ബീഹാറിനെ കൊള്ളയടിക്കാന്‍ സ്വപ്‌നം കാണുന്നവരില്‍ അങ്കലാപ്പുണ്ടാക്കുന്നു.
സുഹൃത്തുക്കളെ,
ബിഹാറില്‍ എന്‍.ഡി.എ ശക്തിപ്പെട്ടതോടെ കുടുംബരാഷ്ട്രീയം പിന്നിലേക്ക് മങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. കുടുംബരാഷ്ട്രീയത്തിന് മറ്റൊരു വിരോധാഭാസമുണ്ട്. മാതാപിതാക്കളില്‍ നിന്ന് പാര്‍ട്ടിയുടെയും അധികാരത്തിന്റെയും അനന്തരാവകാശം ഉറപ്പാക്കപ്പെടുന്നു, മാതാപിതാക്കളുടെ ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പറയാനുള്ള ധൈര്യം ഒരിക്കല്‍ പോലും അവിടെയില്ല. ഇതാണ് കുടുംബപാര്‍ട്ടികളുടെ അവസ്ഥ. അവരുടെ പ്രമുഖ നേതാക്കള്‍ പോലും ഇത്തവണ ബിഹാറില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് ഞാന്‍ കേള്‍ക്കാനിടയായി. അവരെല്ലാം ഓടിപ്പോകുകയാണെന്ന് ഞാന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അവര്‍ ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അവര്‍ രാജ്യസഭാ സീറ്റുകള്‍ തേടുകയാണ്. അവരെ പിന്തുണയ്ക്കാന്‍ ജനങ്ങള്‍ തയ്യാറല്ല. ഇതാണ് നിങ്ങളുടെ വിശ്വാസത്തിന്റെയും ഉത്സാഹത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്ത്. ഈ വിശ്വാസത്തിന് ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കാനാണ് മോദി എത്തിയത്.
സുഹൃത്തുക്കളെ,
ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റില്‍ എത്ര പെട്ടെന്നാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നതിന്റെ തെളിവാണ് ഒറ്റ ദിവസം കൊണ്ടുള്ള വ്യാപകമായ ഈ വികസന മുന്നേറ്റം! റോഡുകളും ഹൈവേകളുമായി ബന്ധപ്പെട്ട ഈ പദ്ധതികള്‍ ഇന്ന്, ബിഹാറിലെ പല ജില്ലകളുടെയും ചിത്രം തന്നെ മാറ്റാന്‍ പോകുകയാണ്. ഗയ, ജെഹാനാബാദ്, നളന്ദ, പട്‌ന, വൈശാലി, സമസ്തിപൂര്‍, ദര്‍ഭംഗ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിലെ ആധുനിക ഗതാഗത സൗകര്യം അനുഭവിക്കാനാകും. അതുപോലെ, ബുദ്ധഗയ, വിഷ്ണുപദ്, രാജ്ഗിര്‍, നളന്ദ, വൈശാലി, പാവപുരി, പോഖര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ജെഹാനാബാദിലെ നാഗാര്‍ജുന ഗുഹകളില്‍ എത്തിച്ചേരാന്‍ ഇത് സൗകര്യപ്രദമാകുകയും ചെയ്യും. ബീഹാറിലെ എല്ലാ നഗരങ്ങളിലും തീര്‍ത്ഥാടനത്തിനും വിനോദസഞ്ചാരത്തിനും വലിയ സാദ്ധ്യതകളുണ്ട്. ദര്‍ഭംഗയിലെയും ബിഹ്തയിലെയും പുതിയ വിമാനത്താവളങ്ങളും ഈ പുതിയ റോഡ് അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധിപ്പിക്കും, ഇത് പുറത്തുനിന്ന് വരുന്ന ജനങ്ങള്‍ക്ക് സൗകര്യപ്രദമാകും.
സുഹൃത്തുക്കളെ,
ബീഹാറിലെ ജനങ്ങള്‍ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍, ബീഹാറില്‍ ടൂറിസം സാദ്ധ്യതകള്‍ വികസിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. അമൃത് സ്‌റ്റേഷനുകളുടെ വികസനം പുരോഗമിക്കുന്ന ബിഹാറില്‍ വന്ദേ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ആധുനിക ട്രെയിനുകളും ഉണ്ട്. പഴയകാലത്ത് ബിഹാറിനെ അശാന്തിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും ഭീകരതയിലേക്കും തള്ളിവിട്ടിരുന്നു. ബീഹാറിലെ യുവജനങ്ങള്‍ക്ക് സംസ്ഥാനത്ത് നിന്ന് പലായനം ചെയ്യേണ്ടി വന്നു. നമ്മള്‍ യുവജനങ്ങളുടെ വൈദഗ്ധ്യങ്ങള്‍ വികസിപ്പിക്കുകയും അവരുടെ ശേഷികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സമയമാണ് ഇപ്പോള്‍. ബീഹാറിലെ കരകൗശല വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 200 കോടി രൂപ ചെലവില്‍ ഞങ്ങള്‍ ഏകതാ മാളിന് അടിത്തറ പാകി. ഇതാണ് പുതിയ ബീഹാറിന്റെ പുതിയ ദിശ. ഇതാണ് ബിഹാറിന്റെ ഗുണകരമായ ചിന്താഗതി. ബീഹാറിനെ പഴയ കാലത്തേക്ക് തിരിച്ചുപോകാന്‍ അനുവദിക്കില്ലെന്ന ഉറപ്പാണിത്.
സുഹൃത്തുക്കളെ,
ബീഹാറിലെ പാവപ്പെട്ടവര്‍ പുരോഗമിക്കുമ്പോള്‍ ബിഹാറും പുരോഗമിക്കും. അതുകൊണ്ട്, രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും ദളിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ബിഹാറിലെ 9 കോടി ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ നിന്നുള്ള പ്രയോജനം ലഭിക്കുന്നു. ബീഹാറിലെ ഉജ്ജ്വല പദ്ധതി പ്രകാരം ഒരു കോടിയിലധികം സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ബിഹാറിലെ 90 ലക്ഷത്തോളം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഈ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 22,000 കോടിയിലധികം രൂപ കൈമാറ്റം ചെയ്തിട്ടുണ്ട്. 5 വര്‍ഷം മുമ്പ് വരെ ബീഹാറില്‍ ഗ്രാമങ്ങളിലെ 2% വീടുകളില്‍ മാത്രമാണ് പൈപ്പ് വെള്ളം ലഭ്യമായിരുന്നത്. ഇന്ന് ഇവിടെയുള്ള 90% വീടുകളിലും പൈപ്പ് വെള്ളമാണ് എത്തുന്നത്. ബീഹാറിലെ 80 ലക്ഷത്തിലധികം ആയുഷ്മാന്‍ കാര്‍ഡ് ഉടമകള്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന നോര്‍ത്ത് കോയല്‍ റിസര്‍വോയര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ബീഹാറിലെയും ജാര്‍ഖണ്ഡിലെയും നാല് ജില്ലകളിലെ ഒരു ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളില്‍ ജലസേചനത്തിന് ഈ ജലസംഭരണിയിലെ വെള്ളം ലഭ്യമാകും.
സുഹൃത്തുക്കളെ,
ബിഹാറിലെ വികസനം മോദിയുടെ ഉറപ്പാണ്. ബീഹാറില്‍ സമാധാനവും ക്രമസമാധാനവും പുനഃസ്ഥാപിക്കുമെന്നത് മോദിയുടെ ഉറപ്പാണ്. ബീഹാറിലെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അവകാശങ്ങള്‍ ഉറപ്പാക്കുന്നത് മോദിയുടെ ഉറപ്പാണ്. മൂന്നാം ടേമില്‍, ഈ ഉറപ്പുകള്‍ നിറവേറ്റാനും ബീഹാറിനെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താന്‍ പ്രവര്‍ത്തിക്കാനും ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇന്ന് വികസനത്തിന്റെ ആഘോഷമാണ്. നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ എടുത്ത് ഫ്‌ളാഷ്‌ലൈറ്റ് ഓണാക്കി വികസനത്തിന്റെ ഈ ഉത്സവം ആഘോഷിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ദൂരെയുള്ളവര്‍ പോലും ഇത് ചെയ്യണം. എല്ലാവരും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ എടുത്ത് വികസനത്തിന്റെ ഈ ഉത്സവം ആഘോഷിക്കണം. എന്നോടൊപ്പം പറയൂ -
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
വളരെയധികം നന്ദി.
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
NS
(Release ID: 2014109)
Visitor Counter : 57
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada