പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഛത്തീസ്ഗഢിൽ മഹ്താരി വന്ദൻ യോജന ഉദ്ഘാടനം ചെയ്തു
മഹ്താരി വന്ദൻ യോജനയുടെ ആദ്യ ഗഡു വിതരണം ചെയ്തു
പദ്ധതിയിലൂടെ ഛത്തീസ്ഗഢിലെ വിവാഹിതരായ വനിതകളിൽ അർഹരായവർക്കു പ്രതിമാസം 1000 രൂപ ഡിബിറ്റിവഴി ധനസഹായം നൽകും
“ഓരോ കുടുംബത്തിന്റെയും സമഗ്രക്ഷേമം ഉറപ്പാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്; ഇത് ആരംഭിക്കുന്നതു സ്ത്രീകളുടെ ആരോഗ്യത്തിലും അന്തസ്സിലുമാണ്”
Posted On:
10 MAR 2024 2:55PM by PIB Thiruvananthpuram
ഛത്തീസ്ഗഢിൽ സ്ത്രീശാക്തീകരണത്തിനു വലിയ ഉത്തേജനം പകരുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹ്താരി വന്ദൻ യോജനയ്ക്കു തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യ ഗഡു അദ്ദേഹം വിതരണം ചെയ്തു. വിവാഹിതരായ സ്ത്രീകൾക്കു പ്രതിമാസം 1000 രൂപവീതം നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ നൽകുന്നതിനാണു ഛത്തീസ്ഗഢിൽ ഈ പദ്ധതി ആരംഭിച്ചത്. സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം ഉറപ്പാക്കാനും അവർക്കു സാമ്പത്തികസുരക്ഷ നൽകാനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനും കുടുംബത്തിൽ സ്ത്രീകളുടെ നിർണായക പങ്കിനു കരുത്തേകാനും വിഭാവനം ചെയ്യുന്നതാണു പദ്ധതി.
2024 ജനുവരി ഒന്നിന് 21 വയസ്സിനു മുകളിലുള്ള സംസ്ഥാനത്തെ അർഹരായ എല്ലാ വിവാഹിതരായ സ്ത്രീകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കും ഈ പദ്ധതിക്ക് അർഹതയുണ്ട്. 70 ലക്ഷം സ്ത്രീകൾക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ചടങ്ങിൽ സംസാരിക്കവേ മാ ദന്തേശ്വരി, മാ ബംലേശ്വരി, മാ മഹാമായ എന്നിവരെ ശ്രീ മോദി വണങ്ങി. 35,000 കോടിരൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നടത്തുന്നതിനായി സംസ്ഥാനം സന്ദർശിച്ചതു പ്രധാനമന്ത്രി അനുസ്മരിച്ചു. മഹ്താരി വന്ദൻ യോജനയുടെ ആദ്യ ഗഡുവായി 655 കോടിരൂപ വിതരണം ചെയ്തു ഗവണ്മെന്റ് വാഗ്ദാനം നിറവേറ്റിയതായി അദ്ദേഹം പറഞ്ഞു. വിവിധ സ്ഥലങ്ങളിൽനിന്നു പരിപാടിയിൽ പങ്കെടുത്ത നാരീശക്തിക്കു പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും നേരിട്ടെത്താൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുകയും ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനായി ഇന്നലെ രാത്രി കാശി വിശ്വനാഥ് ധാമിൽ നടത്തിയ പ്രാർഥനകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “ഈ ആയിരം രൂപ നിങ്ങൾക്ക് എല്ലാ മാസവും ലഭിക്കും. ഇതാണു മോദിയുടെ ഉറപ്പ്” - അദ്ദേഹം പറഞ്ഞു.
“അമ്മമാരും പെൺമക്കളും ശക്തരാകുമ്പോൾ, കുടുംബം ശക്തിപ്പെടും. അമ്മമാരുടെയും പെൺമക്കളുടെയും ക്ഷേമമാണു നമ്മുടെ ഗവണ്മെന്റിന്റെ മുൻഗണന” - പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് അവരുടെ പേരിൽ അടച്ചുറപ്പുള്ള വീടുകളും ഉജ്വല ഗ്യാസ് സിലിൻഡറുകളും ലഭിക്കുന്നു. 50 ശതമാനം ജൻധൻ അക്കൗണ്ടുകൾ സ്ത്രീകളുടെ പേരിലാണ്. 65 ശതമാനം മുദ്ര വായ്പകൾ സ്ത്രീകൾ പ്രയോജനപ്പെടുത്തി. പത്തു കോടിയിലധികം സ്വയംസഹായസംഘങ്ങളിലൂടെ സ്ത്രീകൾക്കു പ്രയോജനം ലഭിച്ചു. ഒരു കോടിയിലധികം സ്ത്രീകൾ ‘ലഖ്പതി ദീദി’കളായി. മൂന്നുകോടി ‘ലഖ്പതി ദീദി’കൾ എന്ന ലക്ഷ്യവും പ്രധാനമന്ത്രി ആവർത്തിച്ചു. ‘നമോ ദീദി’ പരിപാടി ജീവിതത്തെ മാറ്റിമറിക്കുകയാണെന്നും നാളെ താൻ ഇക്കാര്യവുമായി ബന്ധപ്പെട്ടു പ്രധാന പരിപാടി സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ ക്ഷേമത്തിൽനിന്നാണ് ആരോഗ്യമുള്ള കുടുംബം ഉടലെടുക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി കുടുംബക്ഷേമത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. “ഓരോ കുടുംബത്തിന്റെയും സമഗ്രക്ഷേമം ഉറപ്പാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഇതാരംഭിക്കുന്നതു സ്ത്രീകളുടെ ആരോഗ്യത്തിലും അന്തസ്സിലുമാണ്” - പ്രധാനമന്ത്രി പറഞ്ഞു. മാതൃ-ശിശു മരണനിരക്കുൾപ്പെടെ ഗർഭിണികൾ നേരിടുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം അടിവരയിട്ടു.
ഈ വെല്ലുവിളികൾക്കു മറുപടിയായി, ഗർഭിണികൾക്കു സൗജന്യ പ്രതിരോധകുത്തിവയ്പും ഗർഭകാലത്ത് 5000 രൂപയുടെ സാമ്പത്തിക സഹായവും ഉൾപ്പെടെ നിരവധി പ്രധാന നടപടികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആശ, അങ്കണവാടി തുടങ്ങിയ മുന്നണിപ്പോരാളികൾക്ക് അഞ്ചുലക്ഷംരൂപവരെ സൗജന്യ ആരോഗ്യസേവനങ്ങൾ നൽകുന്നതിനും അദ്ദേഹം ഊന്നൽ നൽകി.
ശരിയായ ശുചിത്വസൗകര്യങ്ങളുടെ അഭാവത്താൽ സ്ത്രീകൾ നേരിട്ടിരുന്ന മുൻകാല ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി, “നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും അവരുടെ വീടുകളിൽ ശൗചാലയം ഇല്ലാത്തതിനാൽ വേദനയും അപമാനവും സഹിക്കേണ്ടിവന്ന കാലം കഴിഞ്ഞു” എന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വീട്ടിലും ശൗചാലയങ്ങൾ ഒരുക്കി സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
കൂടാതെ, തിരഞ്ഞെടുപ്പുകാലത്തു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനുള്ള തന്റെ ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ച പ്രധാനമന്ത്രി, “ഗവണ്മെന്റ് പ്രതിബദ്ധതകളിൽ ഉറച്ചുനിൽക്കുകയും അവ നിറവേറ്റുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു” എന്നു വ്യക്തമാക്കി. ഛത്തീസ്ഗഢിലെ ജനങ്ങൾക്കു നൽകിയ ഉറപ്പുകൾ പാലിച്ചുകൊണ്ടു മഹ്താരി വന്ദൻ യോജന വിജയകരമായി നടപ്പാക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി.
അതുപോലെ, അടച്ചുറപ്പുള്ള 18 ലക്ഷം വീടുകൾ എന്ന ഉറപ്പിൽ പൂർണ ദൃഢനിശ്ചയത്തോടെയാണു പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക പരിഷ്കരണങ്ങളുടെ കാര്യത്തിൽ, ഛത്തീസ്ഗഢിലെ നെൽക്കർഷകർക്കു നൽകിയ പ്രതിജ്ഞ മാനിച്ച്, തീർപ്പാക്കാത്ത ബോണസ് സമയബന്ധിതമായി നൽകുമെന്നു പ്രധാനമന്ത്രി ഉറപ്പു നൽകി. അടൽജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് 3700 കോടി രൂപയുടെ ബോണസ് വിതരണം ചെയ്യുന്നതുൾപ്പെടെ കർഷകരെ സഹായിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഗവണ്മെന്റിന്റെ സംഭരണ ഉദ്യമങ്ങൾ ഉയർത്തിക്കാട്ടി, “ഞങ്ങളുടെ ഗവണ്മെന്റ് ഛത്തീസ്ഗഢിൽ ക്വിന്റലിന് 3100 രൂപ താങ്ങുവിലയ്ക്ക് അരി സംഭരിക്കു”മെന്നു പ്രധാനമന്ത്രി പറഞ്ഞു. 145 ലക്ഷം ടൺ അരിയുടെ റെക്കോർഡ് സംഭരണത്തെക്കുറിച്ചു പറഞ്ഞ അദ്ദേഹം, കർഷകരോടുള്ള പ്രതിബദ്ധത നിറവേറ്റിയതായും പുതിയ നാഴികക്കല്ലു സ്ഥാപിച്ചതായും ചൂണ്ടിക്കാട്ടി.
പ്രസംഗം ഉപസംഹരിക്കവേ, സമഗ്രവികസനം എന്ന ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകുന്നതിൽ എല്ലാ പങ്കാളികളുടേയും, പ്രത്യേകിച്ചു സ്ത്രീകളുടെ, കൂട്ടായ ശ്രമങ്ങളിൽ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാഗ്ദാനങ്ങൾ നിറവേറ്റാനും എല്ലാവർക്കും പുരോഗതി ഉറപ്പാക്കാനും ബിജെപി ഗവണ്മെന്റിൽനിന്നു തുടർച്ചയായ അർപ്പണബോധവും സേവനവും ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് അദ്ദേഹം ഉറപ്പു നൽകി.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണുദേവ് സായി, മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
**********
--SK--
(Release ID: 2013217)
Visitor Counter : 108
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada