പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡല്‍ഹിയില്‍ മാര്‍ച്ച് 11-ന് നടക്കുന്ന സശക്ത് നാരി-വികസിത് ഭാരത് പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

നമോ ഡ്രോണ്‍ ദീദിമാരുടെ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനം പ്രധാനമന്ത്രി വീക്ഷിക്കും

പ്രധാനമന്ത്രി, 1,000 നമോ ഡ്രോണ്‍ ദീദിമാര്‍ക്ക് ഡ്രോണുകള്‍ കൈമാറും

എസ്.എച്ച്.ജികള്‍ക്ക് ഏകദേശം 8,000 കോടി രൂപയുടെ ബാങ്ക് വായ്പയും 2,000 കോടി രൂപ മൂലധന പിന്തുണാ ഫണ്ടും പ്രധാനമന്ത്രി വിതരണം ചെയ്യും

ലാഖ്പതി ദീദിമാരെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്യും

Posted On: 10 MAR 2024 11:14AM by PIB Thiruvananthpuram

ന്യൂഡല്‍ഹിയിലെ പുസയിലുള്ള ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാര്‍ച്ച് 11 ന് രാവിലെ 10 മണിക്ക് നടക്കുന്ന സശക്ത് നാരി - വികസിത് ഭാരത് പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കുകയും നമോ ഡ്രോണ്‍ ദീദിമാര്‍ നടത്തുന്ന കാര്‍ഷിക ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയും ചെയ്യും. രാജ്യവ്യാപകമായി 11 വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള നമോ ഡ്രോണ്‍ ദീദിമാര്‍ ഡ്രോണ്‍ പ്രദര്‍ശനത്തില്‍ ഒരേസമയം പങ്കെടുക്കും. പരിപാടിയില്‍ 1000 നമോ ഡ്രോണ്‍ ദീദിമാര്‍ക്ക് പ്രധാനമന്ത്രി ഡ്രോണുകള്‍ കൈമാറുകയും ചെയ്യും.

സ്ത്രീകളില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവരില്‍ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വയംഭരണവും വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അവിഭാജ്യ ഘടകമാണ് നമോ ഡ്രോണ്‍ ദീദി, ലഖ്പതി ദീദി പദ്ധതികള്‍. ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായി ദീന്‍ദയാല്‍ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ പിന്തുണയോടെ വിജയം കൈവരിക്കുകയും മറ്റ് സ്വയം സഹായ സംഘാംഗങ്ങളെ അവരുടെ ഉന്നമനത്തിനായി പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ലഖ്പതി ദീദിമാരെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്യും.

ഓരോ ജില്ലയിലും ബാങ്കുകള്‍ സംഘടിപ്പിക്കുന്ന ബാങ്ക് ലിങ്കേജ് ക്യാമ്പുകള്‍ വഴി സബ്‌സിഡി നിരക്കില്‍ സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് (എസ്.എച്ച്.ജി) നല്‍കുന്ന 8,000 കോടി രൂപ ബാങ്ക് വായ്പയും പ്രധാനമന്ത്രി വിതരണം ചെയ്യും. സ്വാശ്രയ സംഘങ്ങള്‍ക്ക് 2,000 കോടി രൂപയുടെ മൂലധന സഹായ നിധിയും പ്രധാനമന്ത്രി വിതരണം ചെയ്യും.

--SK--


(Release ID: 2013138) Visitor Counter : 97