പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 14 FEB 2024 8:35PM by PIB Thiruvananthpuram

ഉന്നത, ശ്രേഷ്ഠ വ്യക്തിത്വങ്ങളേ,

മഹതികളെ മാന്യവ്യക്തികളേ,

നമസ്‌കാരം!

ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍, പ്രത്യേകിച്ച് രണ്ടാം തവണ മുഖ്യപ്രഭാഷണം നടത്താന്‍ സാധിച്ചത് വലിയ ബഹുമതിയാണ്. ഈ ക്ഷണം നീട്ടിയതിനും ഇത്രയും ഊഷ്മളമായ സ്വാഗതം വാഗ്ദാനം ചെയ്തതിനും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ജിയോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ബഹുമാന്യനായ സഹോദരന്‍, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. അടുത്തിടെ പല അവസരങ്ങളിലും അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹം കാഴ്ചപ്പാടിന്റെ നേതാവ് മാത്രമല്ല, ദൃഢനിശ്ചയത്തിന്റെയും പ്രതിബദ്ധതയുടെയും നേതാവ് കൂടിയാണ്.

സുഹൃത്തുക്കളേ,

ലോക ഗവണ്‍മെന്റ് ഉച്ചകോടി ലോകമെമ്പാടുമുള്ള ചിന്താ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു സുപ്രധാന വേദിയായി മാറിയിരിക്കുന്നു. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥ, വാണിജ്യം, സാങ്കേതിക വിദ്യ എന്നിവയുടെ കേന്ദ്രമായി ദുബായിയെ മാറ്റിയെടുത്തത് തീര്‍ച്ചയായും പ്രശംസനീയമാണ്. കോവിഡ്-19 മഹാമാരിയുടെ സമയത്ത് എക്സ്പോ 2020-ന്റെ വിജയകരമായ ഓര്‍ഗനൈസേഷനോ അല്ലെങ്കില്‍ COP-28 ന്റെ സമീപകാല ഹോസ്റ്റിംഗോ ആകട്ടെ, ഈ ഇവന്റുകള്‍ 'ദുബായ് സ്റ്റോറി'യെ ഉദാഹരിക്കുന്നു. ഈ ഉച്ചകോടിയില്‍ ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും നിങ്ങള്‍ക്ക് എല്ലാ വിജയങ്ങളും നേരുന്നു.

സുഹൃത്തുക്കളേ,

ഇന്ന് നമ്മള്‍ 21-ാം നൂറ്റാണ്ടിലാണ്. ലോകം ആധുനികതയിലേക്ക് മുന്നേറവേ, കഴിഞ്ഞ നൂറ്റാണ്ട് മുതല്‍ നിലനില്‍ക്കുന്ന വെല്ലുവിളികളും അത് മുറുകെ പിടിക്കുന്നു. ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, ജലസുരക്ഷ, ഊര്‍ജ സുരക്ഷ, വിദ്യാഭ്യാസം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഓരോ ഗവണ്‍മെന്റിനും നിര്‍ണായകമായ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു. സാങ്കേതികവിദ്യ ഒരു പ്രധാന തടസ്സമായി ഉയര്‍ന്നുവരുന്നു, ജീവിതത്തിന്റെ എല്ലാ മേഖലകളിലും സുനിശ്ചിതവും പ്രതികൂലവുമായ സ്വാധീനം ചെലുത്തുന്നു. ഭീകരത മനുഷ്യരാശിക്ക് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് തുടരുന്നു, അതേസമയം കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വലുതായിക്കൊണ്ടിരിക്കുകയാണ്. ഒരു വശത്ത്, ഗവണ്‍മെന്റുകള്‍ ആഭ്യന്തര ആശങ്കകള്‍ അഭിമുഖീകരിക്കുന്നു, അതേസമയം അന്തര്‍ദ്ദേശീയമായി, സംവിധാനങ്ങള്‍ ഛിന്നഭിന്നമായി കാണപ്പെടുന്നു. ഈ ചോദ്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും സാഹചര്യങ്ങള്‍ക്കുമിടയില്‍, ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ പ്രാധാന്യം എന്നത്തേക്കാളും കൂടുതല്‍ വ്യക്തമാണ്.


സുഹൃത്തുക്കളേ,

ഇന്ന്, ഓരോ സര്‍ക്കാരും മുന്നോട്ട് പോകുന്നതിനുള്ള സമീപനത്തെക്കുറിച്ച് ചിന്തിക്കണം. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരുന്ന ഗവണ്‍മെന്റുകളാണ് ലോകത്തിന് ആവശ്യമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സ്മാര്‍ട്ടായ, നൂതനമായ, പരിവര്‍ത്തനാത്മകമായ മാറ്റത്തിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഗവണ്‍മെന്റുകളാണ് നമുക്ക് വേണ്ടത്. അഴിമതിക്കെതിരെ പോരാടാനുള്ള പ്രതിബദ്ധതയോടെ സുതാര്യതയും സമഗ്രതയുമാകണം ഭരണത്തെ നിര്‍വചിക്കേണ്ടത്. പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതില്‍ ഹരിത സൗഹൃദവും ഗൗരവതരവുമായ ഗവണ്‍മെന്റുകളെയാണ് ഇന്ന് ലോകത്തിന് ആവശ്യം. ഈസ് ഓഫ് ലിവിംഗ്, ഈസ് ഓഫ് ജസ്റ്റിസ്, ഈസ് ഓഫ് മൊബിലിറ്റി, ഈസ് ഓഫ് ഇന്നൊവേഷന്‍, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ഗവണ്‍മെന്റുകളാണ് ഇന്ന് ലോകത്തിന് ആവശ്യം.

സുഹൃത്തുക്കളേ,

ഞാന്‍ തുടര്‍ച്ചയായി ഗവണ്‍മെന്റിന്റെ തലവനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 23 വര്‍ഷമായി. ഭാരതത്തിലെ ഒരു പ്രധാന സംസ്ഥാനത്തെ നയിക്കുന്ന ഗുജറാത്തിലെ ജനങ്ങളെ സേവിക്കുന്നതിനായി ഞാന്‍ 13 വര്‍ഷം സമര്‍പ്പിച്ചു, ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റില്‍ രാജ്യത്തെ സേവിക്കുന്നതിന്റെ പത്താം വര്‍ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും കുറഞ്ഞ സര്‍ക്കാര്‍ ഇടപെടലും ഗവണ്‍മെന്റില്‍ നിന്ന് ജനങ്ങളുടെമേല്‍ സമ്മര്‍ദവും ഉണ്ടാകരുതെന്നാണ് എന്റെ വിശ്വാസം. മറിച്ച്, പൗരന്മാരുടെ ജീവിതത്തില്‍ ഏറ്റവും കുറഞ്ഞ ഇടപെടലുകള്‍ ഉറപ്പാക്കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്.

കോവിഡ് മഹാമാരിക്ക് ശേഷം ലോകമെമ്പാടും ഗവണ്‍മെന്റുകളിലുള്ള വിശ്വാസം കുറഞ്ഞുവെന്ന് പല വിദഗ്ധരില്‍ നിന്നും നാം കേള്‍ക്കാറുണ്ട്. എന്നാല്‍, ഭാരതത്തില്‍ നമുക്ക് നേരെ മറിച്ചാണ് അനുഭവപ്പെട്ടത്. കാലക്രമേണ, ഇന്ത്യാ ഗവണ്‍മെന്റിലുള്ള ജനങ്ങളുടെ വിശ്വാസം ഗണ്യമായി ദൃഢമായിട്ടുണ്ട്. നമ്മുടെ സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങളിലും പ്രതിബദ്ധതകളിലും ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഇത് എങ്ങനെ സംഭവിച്ചു? ഭരണത്തില്‍ ജനവികാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയതുകൊണ്ടാണിത്. ഞങ്ങള്‍ രാജ്യക്കാരുടെ ആവശ്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്ന് അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ഈ 23 വര്‍ഷത്തെ ഗവണ്‍മെന്റിലെ എന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വം 'മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്' എന്നതാണ്. പൗരന്മാര്‍ക്കിടയില്‍ സംരഭകത്വവും ഊര്‍ജ്ജവും പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഞാന്‍ സ്ഥിരമായി വാദിച്ചു. ടോപ്പ്-ഡൌണ്‍, ബോട്ടം-അപ്പ് സമീപനത്തോടൊപ്പം, സമൂഹത്തിന്റെ മുഴുവന്‍ സമീപനവും ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ സമഗ്രമായ സമീപനത്തിന് ഊന്നല്‍ നല്‍കുകയും ജനങ്ങളുടെ പങ്കാളിത്തത്തിന് മുന്‍തൂക്കം നല്‍കുകയും ചെയ്തിട്ടുണ്ട്. ഗവണ്‍മെന്റ് കാമ്പെയ്നുകള്‍ ജനങ്ങള്‍ തന്നെ നയിക്കുന്ന താഴേത്തട്ടിലുള്ള പ്രസ്ഥാനങ്ങളായി മാറാനാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്. പൊതുപങ്കാളിത്തത്തിന്റെ ഈ തത്വം പിന്തുടര്‍ന്ന്, ഭാരതത്തില്‍ കാര്യമായ പരിവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. അത് ഞങ്ങളുടെ ശുചിത്വ ഡ്രൈവ് ആയാലും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പെയ്നുകളായാലും അല്ലെങ്കില്‍ ഡിജിറ്റല്‍ സാക്ഷരതാ സംരംഭങ്ങളായാലും, ജനങ്ങളുടെ പങ്കാളിത്തത്തിലൂടെയാണ് അവരുടെ വിജയം ഉറപ്പാക്കുന്നത്.

സുഹൃത്തുക്കളേ,

നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളുടെ അടിസ്ഥാനശിലയാണ് സാമൂഹികവും സാമ്പത്തികവുമായ ഉള്‍പ്പെടുത്തല്‍. മുമ്പ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനമില്ലാത്ത 50 കോടിയിലധികം ആളുകളുമായി ഞങ്ങള്‍ ബാങ്കിംഗ് സേവനങ്ങള്‍ ബന്ധിപ്പിച്ചു. അവബോധം വളര്‍ത്തുന്നതിനായി ഞങ്ങള്‍ വിപുലമായ ഒരു കാമ്പെയ്ന്‍ ആരംഭിച്ചു, അതിന്റെ ഫലമായി ഭാരത് ഫിന്‍ടെക്, ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഗണ്യമായ പുരോഗതി കൈവരിക്കുന്നു. ഞങ്ങള്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് വേണ്ടി പോരാടി, ഇന്ത്യന്‍ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശാക്തീകരണത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് നിയമനിര്‍മ്മാണം നടത്തി ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കുകയും ചെയ്തു. ഇന്ന്, ഞങ്ങള്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും അവരുടെ നൈപുണ്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, നമ്മുടെ സ്റ്റാര്‍ട്ടപ്പ് ലാന്‍ഡ്സ്‌കേപ്പില്‍ ഒരു സുപ്രധാന കുതിച്ചുചാട്ടം രേഖപ്പെടുത്തിക്കൊണ്ട്, ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഭാരതം മാറി.


സുഹൃത്തുക്കള്‍,

'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മന്ത്രത്തിന് അനുസൃതമായി, 'ലാസ്റ്റ് മൈല്‍ ഡെലിവറി ആന്‍ഡ് സാച്ചുറേഷന്‍' (അവസാന ഇടത്തേക്കും എത്തിക്കലും പരിപൂര്‍ണതയും) എന്ന സമീപനത്തിന് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു. സര്‍ക്കാരിന്റെ പദ്ധതികളില്‍ നിന്ന് ഒരു ഗുണഭോക്താവിനെയും ഒഴിവാക്കുന്നില്ലെന്ന് പരിപൂര്‍ണതാ സമീപനം ഉറപ്പാക്കുന്നു, ഗവണ്‍മെന്റ് നേരിട്ട് അവരിലേക്ക് എത്തിച്ചേരുന്നു. ഈ ഭരണ മാതൃക വിവേചനവും അഴിമതിയും ഇല്ലാതാക്കുന്നു. ഒരു പഠനമനുസരിച്ച്, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭാരത് 250 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി, ഈ നാഴികക്കല്ല് കൈവരിക്കുന്നതില്‍ ഈ ഭരണ മാതൃക ഒരു പ്രധാന പങ്ക് വഹിച്ചു.

സുഹൃത്തുക്കളേ,

ഗവണ്‍മെന്റുകള്‍ സുതാര്യതയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍, പ്രത്യക്ഷമായ ഫലങ്ങള്‍ ഉണ്ടാകുന്നു, ഈ തത്വത്തിന്റെ പ്രധാന ഉദാഹരണമായി ഭാരതം നിലകൊള്ളുന്നു. നിലവില്‍, 130 കോടിയിലധികം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി ഉണ്ട്, അവരുടെ ബാങ്ക് അക്കൗണ്ടുകളും ഐഡന്റിറ്റിയും മൊബൈല്‍ ഫോണുകളും സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, കഴിഞ്ഞ ദശകത്തില്‍ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 400 ബില്യണ്‍ ഡോളറിലധികം നേരിട്ട് കൈമാറ്റം ചെയ്യുന്നതിനായി ഞങ്ങള്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) സംവിധാനം സ്ഥാപിച്ചു. 33 ബില്യണ്‍ ഡോളറിലധികം തെറ്റായ കൈകളില്‍ അകപ്പെടാതെ സംരക്ഷിച്ചുകൊണ്ട് ഈ സംരഭത്തിലൂടെ അഴിമതിക്കുളള വഴി ഫലപ്രദമായി വേരോടെ പിഴുതെറിഞ്ഞു.

സുഹൃത്തുക്കളേ,

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഭാരതം ഒരു സവിശേഷമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജം, ജലവൈദ്യുതി, ജൈവ ഇന്ധനങ്ങള്‍, ഹരിത ഹൈഡ്രജന്‍ തുടങ്ങിയ വഴികള്‍ ഞങ്ങള്‍ ഉത്സാഹത്തോടെ പര്യവേക്ഷണം ചെയ്യുകയാണ്. നമ്മുടെ സാംസ്‌കാരിക ധാര്‍മ്മികത, പ്രകൃതിയില്‍ നിന്ന് നമുക്ക് ലഭിച്ചത് പ്രകൃതിക്ക് തിരിച്ചു നല്‍കി പ്രതികരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അതിനാല്‍, 'മിഷന്‍ ലൈഫ്' - പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, പരിസ്ഥിതിക്ക് അനുകൂലമായ ഒരു ജീവിതശൈലിക്ക് വേണ്ടി വാദിക്കുന്ന ഒരു നവീനമായ പാതയ്ക്കായി ഭാരതം വാദിക്കുന്നു. കൂടാതെ, കാര്‍ബണ്‍ ക്രെഡിറ്റ് പോലുള്ള ആശയങ്ങളെക്കുറിച്ച് ഞങ്ങള്‍ കുറച്ച് കാലമായി ചര്‍ച്ച ചെയ്യുന്നു, എന്നാല്‍ ഇപ്പോള്‍, ഗ്രീന്‍ ക്രെഡിറ്റ് നാം ആലോചിക്കണം. ദുബായില്‍ നടന്ന COP-28 കാലത്ത് ഈ നിര്‍ദ്ദേശം വിപുലമായി ചര്‍ച്ച ചെയ്യപ്പെട്ടു.

സുഹൃത്തുക്കളേ,

ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോള്‍, സര്‍ക്കാരുകള്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ദേശീയ പരമാധികാരവും അന്തര്‍ദേശീയ പരസ്പരാശ്രിതത്വവും തമ്മിലുള്ള സന്തുലിതാവസ്ഥ നമുക്ക് എങ്ങനെ ഉണ്ടാക്കാം? ദേശീയ താല്‍പ്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ അന്താരാഷ്ട്ര നിയമവാഴ്ചയോടുള്ള നമ്മുടെ പ്രതിബദ്ധത എങ്ങനെ ഉയര്‍ത്തിപ്പിടിക്കാം? ദേശീയ പുരോഗതിയില്‍ മുന്നേറുന്നതിനിടയില്‍ ആഗോള നന്മയ്ക്ക് കൂടുതല്‍ സംഭാവന നല്‍കുന്നത് എങ്ങനെയാണ്? നമ്മുടെ സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് ജ്ഞാനം ഉള്‍ക്കൊണ്ടുകൊണ്ട് നാം എങ്ങനെയാണ് സാര്‍വത്രിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്? സമൂഹത്തെ അതിന്റെ ദൂഷ്യഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുമ്പോള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയെ നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താം? ആഗോളസമാധാനത്തിനായി പരിശ്രമിക്കുമ്പോള്‍ നാം എങ്ങനെയാണ് ഭീകരതയെ കൂട്ടായി ചെറുക്കുക? നമ്മള്‍ ദേശീയ പരിവര്‍ത്തനത്തിലേക്ക് കടക്കുമ്പോള്‍, ആഗോള ഭരണ സ്ഥാപനങ്ങളിലും പരിഷ്‌കരണം ഉണ്ടാകേണ്ടതല്ലേ? നമ്മുടെ ഗവണ്‍മെന്റുകള്‍ക്കുള്ള കോഴ്സ് ചാര്‍ട്ട് ചെയ്യുകയും ഭാവിയിലേക്കുള്ള ആസൂത്രണം നടത്തുകയും ചെയ്യുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ശ്രദ്ധാപൂര്‍വമായ പരിഗണന ആവശ്യമാണ്.


* നമ്മള്‍ ഒരുമിച്ച്, ഒരു ഏകീകൃതവും സഹകരണപരവും സഹകരിക്കുന്നതുമായ ആഗോള സമൂഹത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടണം.

* വികസ്വര ലോകത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വാദിക്കുകയും ആഗോള തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഗ്ലോബല്‍ സൗത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

* ഗ്ലോബല്‍ സൗത്തിന്റെ ശബ്ദങ്ങള്‍ നാം ശ്രദ്ധിക്കുകയും അവരുടെ ആശങ്കകള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം.

* നമ്മുടെ വിഭവങ്ങളും കഴിവുകളും കുറഞ്ഞ പ്രത്യേകാവകാശമുള്ള രാജ്യങ്ങളുമായി പങ്കിടേണ്ടത് അത്യാവശ്യമാണ്.

* AI, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്രിപ്റ്റോകറന്‍സി, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ ഒരു ആഗോള പ്രോട്ടോക്കോള്‍ സ്ഥാപിക്കുന്നത് നിര്‍ണായകമാണ്.

* നാം നമ്മുടെ ദേശീയ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുകയും അന്തര്‍ദേശീയ നിയമത്തിന്റെ തത്വങ്ങളെ മാനിക്കുകയും വേണം.

ഈ തത്ത്വങ്ങള്‍ പാലിക്കുന്നതിലൂടെ, ഗവണ്‍മെന്റുകള്‍ നേരിടുന്ന വെല്ലുവിളികളെ ഞങ്ങള്‍ അഭിമുഖീകരിക്കുക മാത്രമല്ല, ആഗോള ഐക്യദാര്‍ഢ്യം വളര്‍ത്തുകയും ചെയ്യും. ഭാരതം, ഒരു ആഗോള സഖ്യകക്ഷി (വിശ്വ-മിത്ര) എന്ന നിലയില്‍, ഈ ധാര്‍മ്മികത മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണ്. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന തത്വം ഉള്‍ക്കൊണ്ടുകൊണ്ട്, ഞങ്ങളുടെ G20 പ്രസിഡന്‍സി കാലത്ത് ഞങ്ങള്‍ ഈ മനോഭാവം ഉയര്‍ത്തി.

സുഹൃത്തുക്കളേ,

നാമെല്ലാവരും അതുല്യമായ ഭരണാനുഭവങ്ങള്‍ മേശപ്പുറത്ത് കൊണ്ടുവരുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കുക മാത്രമല്ല, പരസ്പരം പഠിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യം. നമ്മുടെ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന പരിഹാരങ്ങള്‍ സൃഷ്ടിക്കാനും ഈ ഉച്ചകോടി ലക്ഷ്യമിടുന്നു. ഈ കാഴ്ചപ്പാട് മനസ്സില്‍ വെച്ചുകൊണ്ട്, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു!

നന്ദി.

വളരെ നന്ദി.

--NS--



(Release ID: 2009262) Visitor Counter : 42