പ്രധാനമന്ത്രിയുടെ ഓഫീസ്
'മൻ കി ബാത്തിന്റെ' 110-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
Posted On:
25 FEB 2024 12:08PM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്തി'ന്റെ 110-ാം ഭാഗത്തിലേക്ക് സ്വാഗതം. എല്ലായ്പ്പോഴും പോലെ, ഇത്തവണയും ഞങ്ങള്‍ക്ക് നിങ്ങളുടെ ധാരാളം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും എന്നപോലെ, ഇത്തവണയും ഈ ഭാഗത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് വെല്ലുവിളി. പോസിറ്റിവിറ്റി നിറഞ്ഞ ഒന്നിനൊന്ന് മെച്ചപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ കിരണമായി മാറി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി നാട്ടുകാരെക്കുറിച്ച് പരാമര്‍ശമുണ്ട്.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 8 ന് നാം 'വനിതാദിനം' ആഘോഷിക്കും. രാജ്യത്തിന്റെ വികസന യാത്രയില്‍ സ്ത്രീ ശക്തിയുടെ സംഭാവനകളെ അഭിവാദ്യം ചെയ്യാനുള്ള അവസരമാണ് ഈ പ്രത്യേക ദിനം. സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമേ ലോകം അഭിവൃദ്ധി പ്രാപിക്കൂ എന്ന് മഹാകവി ഭാരതിയാര്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ സ്ത്രീശക്തി ഓരോ മേഖലയിലും പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ഗ്രാമങ്ങളില്‍ താമസിക്കുന്ന സ്ത്രീകളും ഡ്രോണുകള്‍ പറത്തുമെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ആരാണ് കരുതിയിരുന്നത്? എന്നാല്‍ ഇന്ന് ഇത് സാധ്യമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് എല്ലാ ഗ്രാമാന്തരങ്ങളിലും ഡ്രോണ്‍ ദീദിയെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടക്കുന്നു. നമോ ഡ്രോണ്‍ ദീദി, എല്ലാവരുടെയും നാവിന്‍ തുമ്പില്‍ അതേയുള്ളൂ, നമോ ഡ്രോണ്‍ ദീദി. എല്ലാവരും അവരെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരു വലിയ കൗതുകം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തവണ മന്‍ കി ബാത്തില്‍ എന്തുകൊണ്ട് നമോ ഡ്രോണ്‍ ദീദിയോട് സംസാരിച്ചുകൂടാ എന്ന് ഞാനും ചിന്തിച്ചത്. നമോ ഡ്രോണ്‍ ദീദി സുനിതാ ജി ഇപ്പോള്‍ നമ്മോടൊപ്പം ചേരുന്നു. അവര്‍ ഉത്തര്‍പ്രദേശിലെ സീതാപൂര്‍ സ്വദേശിനിയാണ്. നമുക്ക് അവരോട് സംസാരിക്കാം.
മോദി ജി: സുനിതാ ദേവി ജി, നമസ്‌കാരം.
സുനിതാ ദേവി: നമസ്‌കാരം
മോദി ജി: ശരി സുനിതാ ജി, ആദ്യം എനിക്ക് നിങ്ങളെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. നിങ്ങളുടെ കുടുംബത്തെക്കുറിച്ചും അറിയണം. അതിനെക്കുറിച്ച് പറയൂ.
സുനിതാദേവി: സര്‍, ഞങ്ങളുടെ കുടുംബത്തില്‍ രണ്ട് കുട്ടികളുണ്ട്, ഞാനും ഭര്‍ത്താവും അമ്മയുമുണ്ട്.
മോദി ജി: സുനിതാ ജി നിങ്ങളുടെ വിദ്യാഭ്യാസം?
സുനിതാ ദേവി: സര്‍, ഞാന്‍ ബിഎ അവസാനവര്‍ഷം പഠിക്കുന്നു.
മോദി ജി: പിന്നെ വീട്ടിലെ ബിസിനസ്സും മറ്റും എന്താണ്?
സുനിതാ ദേവി: കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നു.
മോദി ജി: അതിരിക്കട്ടെ, ഈ ഡ്രോണ്‍ ദീദി ആകാനുള്ള നിങ്ങളുടെ യാത്ര എങ്ങനെ ആരംഭിച്ചു? നിങ്ങള്‍ക്ക് എവിടെ നിന്നാണ് പരിശീലനം ലഭിച്ചത്? എന്തെന്ത് തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചു, തുടക്കം മുതലുള്ള കാര്യങ്ങള്‍ അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.
സുനിതാ ദേവി: അതെ സര്‍, ഞങ്ങളുടെ പരിശീലനം അലഹബാദിലെ ഫുല്‍പൂര്‍ ഇഫ്കോ കമ്പനിയിലാണ് നടന്നത്. ഞങ്ങള്‍ അവിടെ നിന്നാണ് പരിശീലനം നേടിയത്.
മോദി ജി: അപ്പോള്‍ അതുവരെ നിങ്ങള്‍ ഡ്രോണുകളെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നോ?
സുനിതാദേവി: സര്‍, കേട്ടിട്ടുണ്ടായിരുന്നില്ല. ഒരിക്കല്‍ അങ്ങനെയൊന്ന് സീതാപൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍, ഞങ്ങള്‍ കാണാന്‍ ഇടയായി. ആദ്യമായി ഞങ്ങള്‍ അവിടെ വച്ചാണ് ഡ്രോണ്‍ കാണുന്നത്.
മോദി ജി: സുനിതാ ജീ, നിങ്ങള്‍ ആദ്യദിവസം പോയല്ലോ, അവിടെ നടന്ന കാര്യങ്ങളാണ് എനിക്ക് അറിയേണ്ടത്.
സുനിതാ ദേവി: ശരി സര്‍
മോദി ജി: ആദ്യദിവസം തന്നെ നിങ്ങളെ ഡ്രോണ്‍ കാണിച്ചിട്ടുണ്ടാകും. പിന്നെ ബോര്‍ഡില്‍ എന്തെങ്കിലും പഠിപ്പിച്ചിരിക്കണം, കടലാസില്‍ എഴുതി പഠിപ്പിച്ചിരിക്കണം, പിന്നെ തുറസ്സായ സ്ഥലത്ത് കൊണ്ടുപോയി പരിശീലിച്ചിരിക്കണം. എന്തെല്ലാം കാര്യങ്ങള്‍ നടന്നുവെന്ന് വിശദീകരിക്കാമോ?
സുനിതാദേവി: തീര്‍ച്ചയായും സര്‍. ആദ്യദിവസം ഞങ്ങള്‍ പോയി. രണ്ടാം ദിവസം മുതല്‍ ഞങ്ങളുടെ പരിശീലനം ആരംഭിച്ചു. ആദ്യം തിയറി പഠിപ്പിച്ചു. പിന്നെ ക്ലാസ്സ് രണ്ടു ദിവസം. ക്ലാസില്‍ ഡ്രോണിന്റെ ഭാഗങ്ങള്‍ ഏതൊക്കെ, എങ്ങനെ എന്തൊക്കെ ചെയ്യണം - ഇതെല്ലാം തിയറിയില്‍ പഠിപ്പിച്ചു. മൂന്നാം ദിവസം ഞങ്ങള്‍ക്ക് പരീക്ഷയുണ്ടായിരുന്നു. കമ്പ്യൂട്ടറിലായിരുന്നു പരീക്ഷ. അതായത് ആദ്യം ക്ലാസ് നടത്തി, തുടര്‍ന്ന് ടെസ്റ്റ് നടത്തി. പിന്നെ പ്രാക്ടിക്കല്‍ നടത്തി, ഡ്രോണ്‍ എങ്ങനെ പറത്തണം, എങ്ങനെ നിയന്ത്രിക്കണം തുടങ്ങിയവ പ്രായോഗിക രൂപത്തില്‍ പഠിപ്പിച്ചു.
മോദി ജി: അപ്പോള്‍ ഡ്രോണിന്റെ ജോലി എന്താണെന്ന് എങ്ങനെ പഠിപ്പിച്ചു?
സുനിതാദേവി: സര്‍, ഡ്രോണിന്റെ ജോലിയോ. അതായത് വിളവെടുക്കാറായി എന്നു വിചാരിക്കുക. മഴ കാരണമോ അതോ മറ്റെന്തെങ്കിലും പ്രതികൂല സാഹചര്യങ്ങളിലോ വിളവെടുക്കാന്‍ പാടത്ത് ഇറങ്ങാന്‍ കഴിയാതെ വന്നാല്‍ തൊഴിലാളികള്‍ എങ്ങനെ പാടത്തേക്ക് പോകും. അപ്പോള്‍ ഡ്രോണിനെ കൊണ്ട് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കും. വയലില്‍ പോലും ഇറങ്ങേി വരുന്നില്ല. നമുക്ക് ഡ്രോണ്‍ ഉപയോഗിച്ച് വരമ്പില്‍ നിന്നുകൊണ്ട് തന്നെ ജോലി ചെയ്യാം. പാടത്തിനുള്ളില്‍ വിളവിനെ ബാധിക്കുന്ന കീടങ്ങള്‍ ഉണ്ടെന്ന് വയ്ക്കുക. നമ്മള്‍ വളരെ ശ്രദ്ധിക്കണം, അക്കാര്യത്തില്‍ നമുക്ക്് ഒരു ബുദ്ധിമുട്ടുമില്ല. കര്‍ഷകര്‍ക്കും ഇത് വളരെ നല്ലതാണ്. സര്‍, ഞങ്ങള്‍ ഇതുവരെ 35 ഏക്കറില്‍ സ്േ്രപ അടിച്ചു കഴിഞ്ഞു.
മോദി ജി: അപ്പോള്‍ കര്‍ഷകര്‍ക്കും അതിന്റെ ഗുണങ്ങള്‍ മനസ്സിലായിത്തുടങ്ങിയല്ലേ?
സുനിതാദേവി: അതെ സര്‍, കര്‍ഷകര്‍ വളരെ സംതൃപ്തരാണ്. ഞങ്ങള്‍ക്ക് വളരെ നല്ലതായി തോന്നുന്നുണ്ടെന്ന് അവര്‍ പറയുന്നു. സമയവും ലാഭിക്കുന്നു. എല്ലാം ഡ്രോണ്‍ തന്നെ നോക്കിക്കൊള്ളും. വെള്ളം, മരുന്ന് എല്ലാം കൂടെ കരുതും. നാം പറഞ്ഞുകൊടുത്താല്‍ മതി, എവിടെ നിന്ന് എവിടെ വരെയാണ് കൃഷിയിടം എന്ന്. മുഴുവന്‍ ജോലിയും അരമണിക്കൂറിനുള്ളില്‍ ചെയ്തുതീര്‍ക്കും.
മോദി ജി: അപ്പോള്‍ ഈ ഡ്രോണ്‍ കാണാന്‍ മറ്റുള്ളവരും വരുന്നുണ്ടാകും അല്ലേ?
സുനിതാദേവി: സര്‍, വലിയ തിരക്കുണ്ട്, ഡ്രോണ്‍ കാണാന്‍ ധാരാളം ആളുകള്‍ വരുന്നു. വന്‍കിട കര്‍ഷകര്‍, ഞങ്ങള്‍ നിങ്ങളെ സ്‌പ്രേ ചെയ്യാന്‍ വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് നമ്പറും വാങ്ങാറുണ്ട്.
മോദി ജി: ശരി. ലഖ്പതി ദീദിയാക്കാനുള്ള ദൗത്യം എനിക്കുള്ളതിനാല്‍, ഇന്ന് രാജ്യത്തുടനീളമുള്ള സഹോദരിമാര്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, ഒരു ഡ്രോണ്‍ ദീദി ആദ്യമായി എന്നോട് സംവദിക്കുന്നു. അപ്പോള്‍, നിങ്ങള്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്?
സുനിതാ ദേവി: ഇന്ന് ഞാന്‍ ഒരേയൊരു ഡ്രോണ്‍ ദീദിയാണ്. എന്നെപ്പോലെ ആയിരക്കണക്കിന് സഹോദരിമാര്‍ ഡ്രോണ്‍ ദീദിയാകാന്‍ മുന്നോട്ട് വരണം. അപ്പോള്‍ എനിക്കേറെ സന്തോഷമാകും. നിലവില്‍ ഞാന്‍ മാത്രമേയുള്ളൂ. ആയിരക്കണക്കിന് പേര്‍ എന്നോടൊപ്പം ചേര്‍ന്നാല്‍ അവരും ഡ്രോണ്‍ ദീദി എന്നറിയപ്പെടും. ഞാന്‍ ഒറ്റയ്ക്കല്ലെന്നറിയുമ്പോള്‍ എനിക്ക് സന്തോഷമാകും.
മോദി ജി: സുനിതാ ജീ അങ്ങനെയാവട്ടെ. നിങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. നമോ ഡ്രോണ്‍ ദീദി, രാജ്യത്തെ കൃഷിയെ നവീകരിക്കുന്നതിനുള്ള മികച്ച മാധ്യമമായി ഇത് മാറുകയാണ്. എന്റെ എല്ലാവിധ ആശംസകളും.
സുനിതാ ദേവി: നന്ദി, വളരെ നന്ദി സര്‍.
മോദി ജി: നന്ദി
സുഹൃത്തുക്കളേ, ഇന്ന് സ്ത്രീശക്തി പിന്നോക്കം പോയ ഒരു മേഖലയും നമ്മുടെ രാജ്യത്തില്ല. ജൈവകൃഷി, ജലസംരക്ഷണം, ശുചിത്വം എന്നിവയാണ് സ്ത്രീകള്‍ തങ്ങളുടെ നേതൃത്വപാടവം തെളിയിച്ച മറ്റ് മേഖലകള്‍. രാസപദാര്‍ത്ഥങ്ങള്‍ മൂലം നമ്മുടെ ഭൂമി എന്തെല്ലാം യാതനകളും വേദനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്നുവോ അവയില്‍ നിന്നെല്ലാം നമ്മുടെ മാതൃഭൂമിയെ രക്ഷിക്കുന്നതില്‍ രാജ്യത്തിലെ സ്ത്രീശക്തി വലിയ പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്ത് പലയിടത്തും സ്ത്രീകള്‍ ഇപ്പോള്‍ ജൈവകൃഷി വികസിപ്പിക്കുന്നുണ്ട്. ഇന്ന് 'ജല്‍ ജീവന്‍ മിഷന്റെ' കീഴില്‍ രാജ്യത്ത് ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ജലസമിതികള്‍ക്കും വലിയ പങ്കുണ്ട്. ഈ ജലസമിതിയുടെ നേതൃത്വം സ്ത്രീകളാണ് വഹിക്കുന്നത്. ഇതിനുപുറമെ, നമ്മുടെ സഹോദരിമാരും പെണ്‍മക്കളും ജലസംരക്ഷണത്തിനായുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിവരുന്നു. അത്തരത്തിലുള്ള ഒരു സ്ത്രീയാണ് കല്യാണി പ്രഫുല്ല പാട്ടീല്‍. അവര്‍ മഹാരാഷ്ട്ര സ്വദേശിനിയാണ്. അവര്‍ എന്നോടൊപ്പം ഫോണില്‍ സംസാരിക്കാന്‍ എത്തിയിട്ടുണ്ട്്. വരൂ, കല്യാണി പ്രഫുല്ല പാട്ടീലിനോട് സംസാരിക്കാം. അവരുടെ അനുഭവം മനസ്സിലാക്കാം.
പ്രധാനമന്ത്രി - കല്യാണി ജി നമസ്‌തേ
കല്യാണി ജി - നമസ്‌തേ സര്‍.
പ്രധാനമന്ത്രി - കല്യാണി ജി, ആദ്യം നിങ്ങളെയും കുടുംബത്തെയും ജോലിയെയും കുറിച്ച് പറയൂ.
കല്യാണി ജി - സര്‍, ഞാന്‍ എം.എസ്.സി മൈക്രോബയോളജി ആണ്. എന്റെ വീട്ടില്‍ ഭര്‍ത്താവും അമ്മായിയമ്മയും രണ്ട് കുട്ടികളുമുണ്ട്. ഞാന്‍ മൂന്ന് വര്‍ഷമായി ഗ്രാമപഞ്ചായത്തില്‍ ജോലി ചെയ്യുന്നു.
പ്രധാനമന്ത്രി - എന്നിട്ട് ഗ്രാമത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടോ? താങ്കള്‍ക്ക് അടിസ്ഥാനപരമായ അറിവുണ്ട്. പഠനവും ഈ മേഖലയിലാണ്. കൃഷിയില്‍ എന്തൊക്കെ പുതിയ പരീക്ഷണങ്ങളാണ് നിങ്ങള്‍ നടത്തിയത്?
കല്യാണി ജി - സര്‍, ഞങ്ങള്‍ പത്ത് തരം സസ്യങ്ങള്‍ ശേഖരിച്ച്, അതില്‍ നിന്ന് ഒരു ജൈവ സ്‌പ്രേ ഉണ്ടാക്കി. കീടനാശിനികളും മറ്റും തളിക്കുമ്പോള്‍ കീടങ്ങളോടൊപ്പം മിത്രകീടങ്ങളും നശിക്കുന്നു. നമ്മുടെ മണ്ണിന് മലിനീകരണമുണ്ടാക്കുന്നു. രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരുന്നത് മൂലം നമ്മുടെ ശരീരത്തില്‍ ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു. അതുകാരണം ഞങ്ങള്‍ ചെറിയതോതില്‍ മാത്രം കീടനാശിനികള്‍ ഉപയോഗിച്ചു വരുന്നു.
പ്രധാനമന്ത്രി - അതായത് നിങ്ങള്‍ പൂര്‍ണ്ണമായും ജൈവകൃഷിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കല്യാണി ജി - അതെ, ഞങ്ങളുടെ പരമ്പരാഗത കൃഷിരീതി എങ്ങനെയായിരുന്നുവോ അതോപോലെയാണ് സര്‍, കഴിഞ്ഞവര്‍ഷം ഞങ്ങള്‍ കൃഷിചെയ്തത്.
പ്രധാനമന്ത്രി - ജൈവകൃഷിയില്‍ നിങ്ങള്‍ക്കുണ്ടായ അനുഭവം എന്താണ്?
കല്യാണി ജി - സാര്‍, ഞങ്ങളുടെ സ്ത്രീകളില്ലേ, അവരുടെ ചെലവ് കുറഞ്ഞു. അവരുടെ ജൈവ ഉല്‍പ്പന്നങ്ങള്‍ ഉണ്ടല്ലോ അതൊരു പരിഹാരമായി മുന്നില്‍ കണ്ടുകൊണ്ട് കീടനാശിനിമുക്തമായ കൃഷിരീതി അവലംബിച്ചു. കാരണം ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നു. നമ്മുടെ ഗ്രാമങ്ങളിലും അതിന്റെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരുന്നു. അതിനാല്‍, നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കണമെങ്കില്‍, ഈ പാത സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാരണത്താല്‍ നമ്മുടെ സ്ത്രീകളും ഇതില്‍ സജീവ പങ്കാളിത്തം കാണിച്ചു വരുന്നു.
പ്രധാനമന്ത്രി - ശരി കല്യാണി ജി, ജലസംരക്ഷണത്തിനുവേണ്ടിയും നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതിനുവേണ്ടി നിങ്ങള്‍ എന്താണ് ചെയ്തത്?
കല്യാണി ജി - സര്‍, പ്രൈമറി സ്‌കൂള്‍, അങ്കണവാടി, ഗ്രാമപഞ്ചായത്ത് കെട്ടിടം തുടങ്ങി ഞങ്ങളുടെ ഗവണ്‍മെന്റിന്റെ എല്ലാ കെട്ടിടങ്ങളിലെയും മഴവെള്ളം മുഴുവന്‍ ഞങ്ങള്‍ ഒരിടത്ത് സംഭരിച്ചു. റീചാര്‍ജ് ഷാഫ്റ്റ് അതായത് മഴവെള്ളം ഒലിച്ചുപോകാതെ ഗ്രൗണ്ടിനുള്ളില്‍ പെര്‍കോലേറ്റ് ചെയ്യുണം. അതനുസരിച്ച് ഞങ്ങളുടെ ഗ്രാമത്തില്‍ 20 റീചാര്‍ജ് ഷാഫ്റ്റുകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 50 റീചാര്‍ജ് ഷാഫ്റ്റുകള്‍ക്ക് കൂടി അനുമതി ലഭിച്ചിട്ടുണ്ട്. ആ ജോലിയും ഉടന്‍ ആരംഭിക്കാന്‍ പോകുന്നു.
പ്രധാനമന്ത്രി - കല്യാണി ജി, നിങ്ങളോട് സംസാരിച്ചതില്‍ വളരെ സന്തോഷമുണ്ട്. നിങ്ങള്‍ക്ക് ഒരുപാട് ആശംസകള്‍.
കല്യാണി ജി - നന്ദി സര്‍, നന്ദി സര്‍. താങ്കളോട് സംസാരിക്കാനായതില്‍ എനിക്കും വളരെ സന്തോഷമുണ്ട്. എന്റെ ജീവിതം പൂര്‍ണ്ണമായും സാര്‍ത്ഥകമായെന്നു ഞാന്‍ കരുതുന്നു.
പ്രധാനമന്ത്രി - സേവനം തുടരുക. നിങ്ങളുടെ പേര് തന്നെ കല്യാണി എന്നാണല്ലോ. അപ്പോള്‍ ക്ഷേമകാര്യങ്ങള്‍ ചെയ്യുകതന്നെ വേണം. നമസ്‌കാരം
കല്യാണി ജി - നന്ദി സര്‍. നന്ദി
സുഹൃത്തുക്കളേ, ശ്രീമതി സുനിതയായാലും ശ്രീമതി കല്യാണിയായാലും വ്യത്യസ്ത മേഖലകളിലെ സ്ത്രീശക്തിയുടെ വിജയം വളരെ പ്രചോദനകരമാണ്. നമ്മുടെ സ്ത്രീശക്തിയുടെ ഈ മനോഭാവത്തെ ഒരിക്കല്‍ക്കൂടി ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും എല്ലാവരുടെയും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുടെ സഹായത്തോടെ, വന്യമൃഗങ്ങളോടൊത്തു പോകാന്‍ ഇത് ഇപ്പോള്‍ നമ്മെ സഹായിക്കുന്നുവെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മാര്‍ച്ച് 3, ലോക വന്യജീവി ദിനമാണ്. വന്യമൃഗ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഈവര്‍ഷം, ലോക വന്യജീവിദിന പ്രമേയത്തില്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ പരമപ്രധാനമായി നിലനിര്‍ത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്യജീവികളുടെ സംരക്ഷണത്തിനായി സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാരിന്റെ ശ്രമഫലമായി രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ കടുവ സംരക്ഷണ കേന്ദ്രത്തില്‍ കടുവകളുടെ എണ്ണം 250 ലധികമായിട്ടുണ്ട് ചന്ദ്രപൂര്‍ ജില്ലയില്‍ മനുഷ്യരും കടുവകളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടിവരുന്നു. ഇവിടെ ഗ്രാമത്തിന്റെയും വനത്തിന്റെയും അതിര്‍ത്തിയില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിന് സമീപം കടുവ വരുമ്പോഴെല്ലാം, എ.ഐ യുടെ സഹായത്തോടെ, പ്രദേശവാസികള്‍ക്ക് അവരുടെ മൊബൈലില്‍ ഒരു മുന്നറിയിപ്പ് ലഭിക്കുന്നു. ഇന്ന്, ഈ സംവിധാനം മൂലം ഈ കടുവാ സങ്കേതത്തിന് ചുറ്റുമുള്ള 13 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വളരെയധികം സൗകര്യപ്രദമാവുകയും കടുവകള്‍ക്കും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഇന്ന് യുവ സംരംഭകരും വന്യമൃഗ സംരക്ഷണത്തിനും ഇക്കോ-ടൂറിസത്തിനുമായി പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടുവരുന്നു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍, റോട്ടോര്‍ പ്രിസിഷന്‍ ഗ്രൂപ്പുകള്‍ വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കെന്‍ നദിയിലെ മുതലകളെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഡ്രോണ്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപോലെ ബംഗളൂരുവിലെ ഒരു കമ്പനി 'ബഗീര', 'ഗരുഡ' എന്നീ പേരുകളില്‍ ആപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബഗീര ആപ്പ് ഉപയോഗിച്ച്, ജംഗിള്‍ സഫാരി സമയത്ത് വാഹനത്തിന്റെ വേഗതയും മറ്റ് പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനാകും. രാജ്യത്തെ പല ടൈഗര്‍ റിസര്‍വുകളിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗരുഡ ആപ്പിനെ ഏതെങ്കിലും സിസിടിവിയുമായി ബന്ധിപ്പിക്കുന്നതിലൂടെ തത്സമയ അലര്‍ട്ടുകള്‍ ലഭിക്കാന്‍ തുടങ്ങുന്നു. വന്യമൃഗ സംരക്ഷണത്തിനായുള്ള ഇത്തരം ഓരോ ശ്രമങ്ങളിലും നമ്മുടെ രാജ്യത്തിന്റെ ജൈവവൈവിധ്യം കൂടുതല്‍ സമ്പന്നമായിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നത് നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്രകൃതിയോടും വന്യജീവികളോടും പരസ്പര സഹവര്‍ത്തിത്വത്തിലാണ് നാം ജീവിക്കുന്നത്. മഹാരാഷ്ട്രയിലെ മെല്‍ഘാ കടുവാ സങ്കേതത്തില്‍ നിങ്ങള്‍ എപ്പോഴെങ്കിലും പോയാല്‍, നിങ്ങള്‍ക്കത് സ്വയം അനുഭവപ്പെടും. ഈ കടുവാസങ്കേതത്തിന് സമീപമുള്ള ഖട്കലി ഗ്രാമത്തില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ തങ്ങളുടെ വീടുകള്‍ ഹോം സ്റ്റേകളാക്കി മാറ്റിയിട്ടുണ്ട്. ഇത് അവര്‍ക്ക് വലിയ വരുമാന മാര്‍ഗമായി മാറുകയാണ്. ഇതേ ഗ്രാമത്തില്‍ താമസിക്കുന്ന കോര്‍കു ഗോത്രത്തില്‍പ്പെട്ട ശ്രീ പ്രകാശ് ജാംകര്‍ തന്റെ രണ്ട് ഹെക്ടര്‍ സ്ഥലത്ത് ഏഴ് മുറികളുള്ള ഹോം സ്റ്റേ തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹോം സ്‌റ്റേയില്‍ താമസിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണവും പാനീയവും നല്‍കാനുള്ള ക്രമീകരണങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം ചെയ്തു വരുന്നു. അദ്ദേഹത്തിന്റെ വീടിനുചുറ്റും ഔഷധച്ചെടികള്‍ക്കൊപ്പം മാവ്, കാപ്പി എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുകയും മാത്രമല്ല, മറ്റ് ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മൃഗസംരക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ പലപ്പോഴും പശുക്കളേയും എരുമകളേയും കുറിച്ച് മാത്രമാണ് പറയാറ്. എന്നാല്‍ ആടും ഒരു മൃഗസമ്പത്താണ്. അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു രാജ്യത്തിന്റെ വിവിധ മേഖലകളിലെ നിരവധി ആളുകള്‍ ആടുവളര്‍ത്തലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒഡീഷയിലെ കലഹന്ദിയില്‍, ആടുവളര്‍ത്തല്‍ ഗ്രാമവാസികളുടെ ഉപജീവനമാര്‍ഗവും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഉപാധിയായി മാറിയിരിക്കുന്നു. ഈ ശ്രമത്തിനു പിന്നില്‍ ശ്രീമതി ജയന്തി മഹാപാത്രയുടെയും ഭര്‍ത്താവ് ശ്രീമാന്‍. ബിരേന്‍ സാഹുവിന്റെയും വലിയൊരു നിശ്ചയദാര്‍ഢ്യമുണ്ട്. ഇരുവരും ബംഗളൂരുവില്‍ മാനേജ്മെന്റ് പ്രൊഫഷണലുകളായിരുന്നു. എന്നാല്‍ ഇടവേളയെടുത്ത് കലഹന്ദിയിലെ സാലേഭട്ട ഗ്രാമത്തിലേക്ക് വരാന്‍ തീരുമാനിച്ചു. ഇവിടുത്തെ ഗ്രാമീണരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം അവരെ ശാക്തീകരിക്കുന്ന എന്തെങ്കിലും ചെയ്യാന്‍ ഇവര്‍ ആഗ്രഹിച്ചു. സേവനവും അര്‍പ്പണബോധവും നിറഞ്ഞ ഈ ചിന്തയില്‍ അവര്‍ മണികാസ്തു അഗ്രോ സ്ഥാപിച്ച് കര്‍ഷകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ശ്രീമതി ജയന്തിയും ശ്രീമാന്‍. ബിരേനും ചേര്‍ന്ന് അവിടെ രസകരമായ ഒരു മണികാസ്തു ഗോട്ട് ബാങ്ക് തുറന്നിട്ടുണ്ട്. അവര്‍ ആടുവളര്‍ത്തല്‍ സാമൂഹിക തലത്തില്‍ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഡസന്‍ കണക്കിന് ആടുകളുണ്ട്. മണികാസ്തു ആട് ബാങ്ക് കര്‍ഷകര്‍ക്കായി സമ്പൂര്‍ണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് 24 മാസത്തേക്ക് രണ്ട് ആടുകളെയാണ് നല്‍കുന്നത്. ആടുകള്‍ 2 വര്‍ഷത്തിനുള്ളില്‍ 9 മുതല്‍ 10 വരെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. അതില്‍ 6 കുട്ടികളെ ബാങ്കില്‍ സൂക്ഷിക്കുന്നു. ബാക്കിയുള്ളവ ആടുകളെ വളര്‍ത്തുന്ന അതേ കുടുംബത്തിന് നല്‍കുന്നു. മാത്രമല്ല, ആടുകളുടെ പരിപാലനത്തിനും ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ന് 50 ഗ്രാമങ്ങളില്‍ നിന്നുള്ള 1000-ലധികം കര്‍ഷകര്‍ ഈ ദമ്പതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവരുടെ സഹായത്താല്‍ മൃഗസംരക്ഷണ മേഖലയില്‍ സ്വാശ്രയത്വത്തിലേക്ക് നീങ്ങുകയാണ് ഗ്രാമവാസികള്‍. ചെറുകിട കര്‍ഷകരെ ശാക്തീകരിക്കാനും സ്വയം പര്യാപ്തരാക്കാനും വിവിധ മേഖലകളില്‍ വിജയിച്ച പ്രൊഫഷണലുകള്‍ പുതിയ രീതികള്‍ അവലംബിക്കുന്നത് കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. ഇവരുടെ ഈ പ്രയത്നങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാകുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സംസ്‌കാരം നല്‍കുന്ന പാഠം ഇതാണ്, 'പരമാര്‍ത്ഥ പരമോ ധര്‍മ്മഃ' അതായത് മറ്റുള്ളവരെ സഹായിക്കുക എന്നതാണ് ഏറ്റവും വലിയ കടമ. ഈ വികാരത്തെ പിന്തുടര്‍ന്ന്, നമ്മുടെ രാജ്യത്ത് എണ്ണമറ്റ ആളുകള്‍ നിസ്വാര്‍ത്ഥമായി മറ്റുള്ളവരെ സേവിക്കുന്നതിനായി അവരുടെ ജീവിതം സമര്‍പ്പിക്കുന്നു. അത്തരത്തിലൊരാളാണ് ബീഹാറിലെ ഭോജ്പൂരിലെ ശ്രീ. ഭീം സിംഗ് ഭവേഷ്. അദ്ദേഹത്തിന്റെ പ്രദേശത്തെ മുസഹര്‍ ജാതിയില്‍പ്പെട്ട ആളുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വലിയ മതിപ്പാണ്. അതുകൊണ്ടാണ് ഇന്ന് നിങ്ങളോട് ഇവരെക്കുറിച്ച് സംസാരിക്കാത്തത് എന്ന് ഞാന്‍ ചിന്തിച്ചത്. ബിഹാറിലെ വളരെ ബഹിഷ്‌കൃതവും ദരിദ്രവുമായ സമൂഹമാണ് മുസഹര്‍. ശ്രീ. ഭീം സിംഗ് ഭവേഷ് ഈ സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു, അതുവഴി അവരുടെ ഭാവി ശോഭനമാകുമല്ലോ. മുസഹര്‍ വിഭാഗത്തില്‍പ്പെട്ട എണ്ണായിരത്തോളം കുട്ടികളെ അദ്ദേഹം സ്‌കൂളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരു വലിയ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. അതുവഴി കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുന്നു. ആവശ്യമായ രേഖകള്‍ ഉണ്ടാക്കുന്നതിനും അവരുടെ അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കുന്നതിനും ശ്രീ. ഭീം സിംഗ് തന്റെ സമുദായാംഗങ്ങളെ സഹായിക്കുന്നു. ഇതുമൂലം ഗ്രാമവാസികളുടെ അവശ്യ വിഭാഗങ്ങളിലേക്കുള്ള പ്രവേശനം കൂടുതല്‍ സുഗമമായി. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം നൂറിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കൊറോണ പ്രതിസന്ധി രൂക്ഷമായപ്പോള്‍, ശ്രീ. ഭീം സിംഗ് തന്റെ പ്രദേശത്തെ ജനങ്ങളെ വാക്‌സിനേഷന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിച്ചു. ശ്രീ. ഭീം സിംഗ് ഭവേഷിനെ പോലെ സമൂഹത്തില്‍ ഇത്തരം അനേകം മഹത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ നാം നമ്മുടെ കടമകള്‍ നിര്‍വഹിക്കുകയാണെങ്കില്‍, അത് ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വളരെ സഹായകമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിന്റെ സൗന്ദര്യം അതിന്റെ വൈവിധ്യങ്ങളിലും നമ്മുടെ സംസ്‌കാരത്തിന്റെ വ്യത്യസ്ത നിറങ്ങളിലുമാണ് നിലകൊള്ളുന്നത്. ഭാരതീയ സംസ്‌കാരം സംരക്ഷിക്കാനും മനോഹരമാക്കാനും എത്രപേര്‍ നിസ്വാര്‍ത്ഥമായി പരിശ്രമിക്കുന്നുവെന്നത് കാണുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഭാരതത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം ആളുകളെ കാണാം. ഇവരില്‍ വലിയൊരു വിഭാഗം ഭാഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. ജമ്മു കശ്മീരിലെ ഗന്ദര്‍ബാലിലെ ശ്രീ. മുഹമ്മദ് മന്‍ഷാ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗോജ്രി ഭാഷയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഗോത്ര സമുദായമായ ഗുജ്ജര്‍ ബക്കര്‍വാള്‍ സമുദായത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. കുട്ടിക്കാലത്ത് പഠിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്ന അദ്ദേഹം ദിവസവും 20 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചിരുന്നു. അത്തരം വെല്ലുവിളികള്‍ക്കിടയില്‍, അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. തന്റെ ഭാഷ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. സാഹിത്യരംഗത്ത് ശ്രീ. മാന്‍ഷയുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. ഏകദേശം 50 വാല്യങ്ങളായി സംരക്ഷിച്ച കവിതകളും നാടന്‍ പാട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം നിരവധി പുസ്തകങ്ങള്‍ ഗോജ്രി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ, അരുണാചല്‍ പ്രദേശിലെ തിരപ്പിലെ ശ്രീ. ബന്‍വങ് ലോസു ഒരു അധ്യാപകനാണ്. വാഞ്ചോ ഭാഷയുടെ വികസനത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, അസമിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നു. അദ്ദേഹം ഒരു ഭാഷാവിദ്യാലയം സ്ഥാപിച്ചിട്ടുണ്ട്. വാഞ്ചോ ഭാഷയുടെ ലിപിയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. വാഞ്ചോ ഭാഷയെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ വരും തലമുറകളെയും അദ്ദേഹം ആ ഭാഷ പഠിപ്പിക്കുന്നു.
സുഹൃത്തുക്കളേ, പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും തങ്ങളുടെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. കര്‍ണാടകയിലെ ശ്രീ. വെങ്കപ്പ അംബാജി സുഗേത്കറിന്റെ ജീവിതവും ഇക്കാര്യത്തില്‍ വളരെ പ്രചോദനകരമാണ്. ഇവിടുത്തെ ബാഗല്‍കോട്ടില്‍ താമസിക്കുന്ന ശ്രീ. സുഗേത്കര്‍ ഒരു നാടോടി ഗായകനാണ്. 1000-ലധികം ഗോന്ദലി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അദ്ദേഹം ഈ ഭാഷയില്‍ കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫീസ് ഈടാക്കാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം പരിശീലനവും നല്‍കിയിട്ടുണ്ട്. നമ്മുടെ സംസ്‌കാരത്തെ തുടര്‍ച്ചയായി സമ്പന്നമാക്കുന്ന, ഉല്ലാസവും ഉത്സാഹവും നിറഞ്ഞ അത്തരം ആളുകള്‍ക്ക് ഭാരതത്തില്‍ കുറവില്ല. നിങ്ങളും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിങ്ങളുടേതായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് അത് വളരെ സംതൃപ്തി നല്‍കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രണ്ട് ദിവസം മുമ്പ് ഞാന്‍ വരാണസിയില്‍ ആയിരുന്നു, അവിടെ ഞാന്‍ വളരെ മനോഹരമായ ഒരു ഫോട്ടോ പ്രദര്‍ശനം കണ്ടു. കാശിയിലെയും പരിസര പ്രദേശങ്ങളിലെയും യുവാക്കള്‍ ക്യാമറയില്‍ പകര്‍ത്തിയ നിമിഷങ്ങള്‍ വിസ്മയകരമാണ്. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ നിരവധി ഫോട്ടോകള്‍ അതിലുണ്ട്. തീര്‍ച്ചയായും, ഇന്ന് മൊബൈല്‍ കൈയിലുള്ളവരെല്ലാം ഓരോ കണ്ടന്റ് ക്രിയേറ്ററായി മാറിയിരിക്കുന്നു. ആളുകളെ അവരുടെ കലാവിരുതും പ്രതിഭയും പ്രദര്‍ശിപ്പിക്കുന്നതില്‍ സൂഹ്യമാധ്യമങ്ങളും വളരെയധികം സഹായിക്കുന്നുണ്ട്. ഭാരതത്തിലെ നമ്മുടെ യുവസുഹൃത്തുക്കള്‍ കണ്ടന്റ് ക്രിയേഷന്‍ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. അത് ഏത് സാമൂഹ്യ മാധ്യമ രംഗത്തായാലും വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്തമായ ഉള്ളടക്കം പങ്കിടുന്ന യുവ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് തീര്‍ച്ചയായും കണാനാകും. അത് വിനോദസഞ്ചാരമായാലും സാമൂഹികകാരണങ്ങളായാലും പൊതു പങ്കാളിത്തമോ പ്രചോദനാത്മകമായ ജീവിതയാത്രയോ ആയാലും ഇവയുമായി ബന്ധപ്പെട്ട വിവിധതരം ഉള്ളടക്കങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ലഭ്യമാണ്. കണ്ടന്റ് ക്രിയേഷന്‍ സൃഷ്ടിക്കുന്ന യുവാക്കളുടെ ശബ്ദം ഇന്ന് രാജ്യത്തെ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. അവരുടെ കഴിവുകളെ ആദരിക്കുന്നതിനായി രാജ്യത്ത് നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ഇതിനുകീഴില്‍, സാമൂഹിക മാറ്റത്തിന്റെ ഫലപ്രദമായ ശബ്ദങ്ങളായി മാറാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിവിധ വിഭാഗങ്ങളില്‍ മാറ്റം സൃഷ്ടിക്കുന്നവരെ ആദരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. ഈ മത്സരം MyGov-ല്‍ നടന്നുവരുന്നു.
ഇതില്‍ ചേരാനായി ഞാന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിനോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഇത്തരം നിലവാരമുള്ള കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ അറിയാമെങ്കില്‍, തീര്‍ച്ചയായും അവരെ നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു കാമ്പയിന് തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ട് - 'എന്റെ ആദ്യ വോട്ട് രാഷ്ട്രത്തിനായി' (മേരാ പെഹ്ല വോട്ട് - ദേശ് കേലിയേ'.) ഇതിലൂടെ പരമാവധി കന്നിവോട്ടര്‍മാരോട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആവേശവും ഊര്‍ജവും നിറഞ്ഞ യുവശക്തിയില്‍ ഭാരതത്തിന് അഭിമാനമുണ്ട്. നമ്മുടെ യുവ സുഹൃത്തുക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എത്രത്തോളം പങ്കെടുക്കുന്നുവോ അത്രത്തോളം അതിന്റെ ഫലം രാജ്യത്തിന് ഗുണകരമാകും. ആദ്യമായി വോട്ട് ചെയ്യുന്നവരോട് റെക്കോര്‍ഡ് സംഖ്യയില്‍ വോട്ട് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 18 വയസ്സ് തികയുമ്പോള്‍, 18-ാം ലോക്‌സഭയിലേക്ക് അംഗത്തെ തിരഞ്ഞെടുക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കുന്നു. അതായത് ഇവര്‍ ഈ 18-ാം ലോക്സഭയിലെ യുവ പ്രതീക്ഷയുടെ പ്രതീകമാകും. അതിനാല്‍ നിങ്ങളുടെ വോട്ടിന്റെ പ്രാധാന്യം ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. പൊതുതിരഞ്ഞെടുപ്പിന്റെ ഈ തിരക്കിനിടയിലും, യുവാക്കളായ നിങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുക മാത്രമല്ല, ഈ കാലയളവിലെ ചര്‍ച്ചകളെയും സംവാദങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കുകയും വേണം. ഒപ്പം ഓര്‍മ്മയിരിക്കട്ടെ 'എന്റെ ആദ്യ വോട്ട് രാഷ്ട്രത്തിനായി'. രാജ്യത്തെ സ്വാധീനിക്കുന്നവര്‍, കായികലോകം, സിനിമ വ്യവസായം, സാഹിത്യലോകം, മറ്റ് പ്രൊഫഷണലുകള്‍ അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലൂടെ സ്വാധീനം ചെലുത്തുന്നവരും ഈ കാമ്പെയ്നില്‍ സജീവമായി പങ്കെടുക്കുകയും ആദ്യ വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, 'മന്‍ കി ബാത്തിന്റെ' ഈ ഭാഗത്തില്‍ ഇത്രമാത്രം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്, കഴിഞ്ഞ തവണത്തെ പോലെ മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ 110 എപ്പിസോഡുകളില്‍ സര്‍ക്കാരിന്റെ നിഴലില്‍ നിന്ന് ഞങ്ങള്‍ അതിനെ അകറ്റി നിര്‍ത്തിയത് 'മന്‍ കി ബാത്തിന്റെ' വന്‍ വിജയമാണ്. 'മന്‍ കി ബാത്തില്‍' രാജ്യത്തിന്റെ കൂട്ടായ ശക്തിയെക്കുറിച്ച് സംസാരിക്കുന്നു. രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍, ജനങ്ങള്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍ തയ്യാറാക്കിയ പരിപാടിയാണിത്. എന്നിട്ടും, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഈ ദിവസങ്ങളില്‍ രാഷ്ട്രീയ മര്യാദകള്‍ പാലിച്ച് അടുത്ത മൂന്ന് മാസത്തേക്ക് 'മന്‍ കി ബാത്ത്' പ്രക്ഷേപണം ചെയ്യുന്നതല്ല. ഇനി നിങ്ങളുമായി 'മന്‍ കി ബാത്തില്‍' സംവദിക്കുമ്പോള്‍, അത് 'മന്‍ കി ബാത്തിന്റെ' 111-ാം ഭാഗമായിരിക്കും. അടുത്ത തവണ 'മന്‍ കി ബാത്ത്' ആരംഭിക്കുന്നത് ശുഭസൂചകമായ 111 എന്ന സംഖ്യയിലാണ്. ഇതിലും മികച്ചത് മറ്റെന്താണ്. പക്ഷേ സുഹൃത്തുക്കളേ, നിങ്ങള്‍ എനിക്കായി ഒരുകാര്യം ചെയ്തുകൊണ്ടേയിരിക്കണം. 'മന്‍ കി ബാത്ത്' മൂന്ന് മാസത്തേക്ക് നിലച്ചേക്കാം, പക്ഷേ രാജ്യത്തിന്റെ നേട്ടങ്ങള്‍ ഒരുനിമിഷം പോലും നിലയ്ക്കുന്നില്ല. അതിനാല്‍, സമൂഹത്തിന്റെയും രാജ്യത്തിന്റെയും നേട്ടങ്ങള്‍ 'മന്‍ കി ബാത്' ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുക. കുറച്ചുനാള്‍ മുമ്പ് ഒരു യുവാവ് എനിക്ക് ഒരു നല്ല നിര്‍ദ്ദേശം നല്‍കി. ചെറിയ ചെറിയ വീഡിയോകള്‍ യൂട്യൂബ് ഷോര്‍ട്‌സ് രൂപത്തില്‍ ഷെയര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അതിനാല്‍ മന്‍ കി ബാത്തിന്റെ' ശ്രോതാക്കളോട് അത്തരം ഹ്രസ്വചിത്രങ്ങള്‍ വ്യാപകമായി പങ്കിടാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, അടുത്ത തവണ ഞാന്‍ നിങ്ങളുമായി ആശയവിനിമയം നടത്തുമ്പോള്‍, പുതിയ ഊര്‍ജ്ജവും പുതിയ അറിവുകളുമായി ഞാന്‍ നിങ്ങളെ കാണും. സുരക്ഷിതരായിരിക്കുക. വളരെ നന്ദി. നമസ്‌കാരം.
--NS--
(Release ID: 2008771)
Visitor Counter : 136
Read this release in:
Gujarati
,
Kannada
,
Urdu
,
Telugu
,
Manipuri
,
Assamese
,
English
,
Marathi
,
Hindi
,
Bengali
,
Punjabi
,
Odia
,
Tamil