പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഫെബ്രുവരി 24നും 25 നും ഗുജറാത്ത് സന്ദര്‍ശിക്കും

52,250 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും

ആരോഗ്യം, റോഡ്, റെയില്‍, ഊര്‍ജം, പെട്രോളിയം, പ്രകൃതിവാതകം, വിനോദസഞ്ചാരം തുടങ്ങിയ സുപ്രധാന മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതികള്‍

ഓഖയുടെ പ്രധാന മേഖലയെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു പ്രധാനമന്ത്രി സമര്‍പ്പിക്കും

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേബിള്‍ സ്റ്റേയ്ഡ് പാലമാണിത്

രാജ്കോട്ട്, ഭട്ടിന്‍ഡ, റായ്ബറേലി, കല്യാണി, മംഗളഗിരി എന്നിവിടങ്ങളില്‍ അഞ്ച് എയിംസുകള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

200-ലധികം ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി തറക്കല്ലിട്ട് രാജ്യത്തിന് സമര്‍പ്പിക്കും

ഇഎസ്‌ഐസിയുടെ 21 പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമര്‍പ്പിക്കും

ന്യു മുന്ദ്ര-പാനിപ്പത്ത് പൈപ്പ് ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും


Posted On: 24 FEB 2024 10:45AM by PIB Thiruvananthpuram

 

പ്രധാനമന്ത്രി 2024 ഫെബ്രുവരി 24നും 25നും ഗുജറാത്ത് സന്ദര്‍ശിക്കും. ഫെബ്രുവരി 25ന് രാവിലെ 7:45 ന് പ്രധാനമന്ത്രി ബെയ്റ്റ് ദ്വാരക ക്ഷേത്രത്തില്‍  പൂജയും ദര്‍ശനവും നടത്തും. തുടര്‍ന്ന് രാവിലെ 8:25ന് സുദര്‍ശന്‍ സേതു സന്ദര്‍ശിക്കുന്ന അദ്ദേഹം രാവിലെ 9.30ന് ദ്വാരകാധീഷ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

ഉച്ചയ്ക്ക് ഒരു മണിയോടെ ദ്വാരകയില്‍ 4150 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

തുടര്‍ന്ന് 3.30ന് പ്രധാനമന്ത്രി രാജ്കോട്ട് എയിംസ് സന്ദര്‍ശിക്കും. വൈകിട്ട് 4:30 ന്, രാജ്‌കോട്ടിലെ റേസ് കോഴ്‌സ് ഗ്രൗണ്ടില്‍ 48,100 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും

പ്രധാനമന്ത്രി ദ്വാരകയില്‍

ദ്വാരകയില്‍ നടക്കുന്ന പൊതുചടങ്ങില്‍ 980 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച, ഓഖയുടെ പ്രധാന മേഖലയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന, സുദര്‍ശന്‍ സേതു പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. 2.32 കിലോമീറ്റര്‍ നീളമുള്ള ഇത് രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കേബിള്‍ സ്റ്റേയ്ഡ് പാലമാണ്.

ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാല്‍ അലങ്കരിച്ച നടപ്പാതയും ഇരുവശത്തും ഭഗവാന്‍ കൃഷ്ണന്റെ ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന സവിശേഷമായ രൂപകല്‍പ്പനയാണ് സുദര്‍ശന്‍ സേതുവിനുള്ളത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ പാനലുകളും നടപ്പാതയുടെ മുകള്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പാലം ഗതാഗതം സുഗമമാക്കുകയും ദ്വാരകയ്ക്കും ബെയ്റ്റ്-ദ്വാരകയ്ക്കും ഇടയില്‍ ഭക്തരുടെ യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. പാലം പണിയുന്നതിനുമുമ്പ് തീര്‍ഥാടകര്‍ക്ക് ബെയ്റ്റ് ദ്വാരകയിലെത്താന്‍ ബോട്ട് ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു. ദേവഭൂമി ദ്വാരകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായും ഈ ഐതിഹാസിക പാലം വര്‍ത്തിക്കും.

നിലവിലുള്ള ഓഫ്ഷോര്‍ ലൈനുകള്‍ മാറ്റിസ്ഥാപിക്കുക, നിലവിലുള്ള പൈപ്പ്ലൈന്‍ എന്‍ഡ് മാനിഫോള്‍ഡ് (പിഎല്‍ഇഎം) ഉപേക്ഷിക്കുക, മുഴുവന്‍ സംവിധാനവും (പൈപ്പ്ലൈനുകള്‍, പിഎല്‍ഇഎം, ഇന്റര്‍കണക്റ്റിംഗ് ലൂപ്പ് ലൈന്‍) അടുത്തുള്ള പുതിയ സ്ഥലത്തേക്ക് മാറ്റുക എന്നിവ ഉള്‍പ്പെടുന്ന പൈപ്പ്ലൈന്‍ പദ്ധതി പ്രധാനമന്ത്രി വാഡീനാറില്‍ സമര്‍പ്പിക്കും. രാജ്‌കോട്ട്-ഓഖ, രാജ്‌കോട്ട്-ജേതല്‍സര്‍-സോമനാഥ്, ജേതല്‍സര്‍-വാന്‍സ്ജലിയ റെയില്‍ വൈദ്യുതീകരണ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

ദേശീയ പാത 927 ഡിയുടെ ധോറാജി-ജംകന്ദോര്‍ണ-കലവാദ് സെക്ഷന് വീതികൂട്ടുന്നതിനും ജാംനഗറിലെ റീജണല്‍ സയന്‍സ് സെന്റര്‍; ജാംനഗറിലെ സിക്ക താപവൈദ്യുത നിലയത്തില്‍ ഫ്‌ലൂ ഗ്യാസ് ഡെസള്‍ഫറൈസേഷന്‍ (എഫ്ജിഡി) സംവിധാനം സ്ഥാപിക്കല്‍ എന്നിവയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും.

പ്രധാനമന്ത്രി രാജ്‌കോട്ടില്‍

രാജ്‌കോട്ടില്‍ നടക്കുന്ന പൊതുചടങ്ങില്‍ വച്ച് ആരോഗ്യം, റോഡ്, റെയില്‍, ഊര്‍ജ്ജം, പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം തുടങ്ങിയ സുപ്രധാന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന 48,000 കോടി രൂപയിലധികം ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
രാജ്യത്തെ തൃതീയ ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായി, രാജ്‌കോട്ട് (ഗുജറാത്ത്), ഭട്ടിന്ധ (പഞ്ചാബ്), റായ്ബറേലി (ഉത്തര്‍പ്രദേശ്), കല്യാണി (പശ്ചിമ ബംഗാള്‍), മംഗളഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ അഞ്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും.

ഇരുപത്തി മൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 11,500 കോടിയിലധികം രൂപ ചെലവുവരുന്ന 200-ലധികം ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കുകയും ചെയ്യും.

മറ്റുള്ളവയ്‌ക്കൊപ്പം പുതുച്ചേരിയിലെ കാരയ്ക്കലിലുള്ള ജിപ്മറിന്റെ മെഡിക്കല്‍ കോളേജും പഞ്ചാബിലെ സംഗ്രൂരിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ റിസര്‍ച്ചിന്റെ (പി.ജി.ഐ.എംഇആര്‍) 300 കിടക്കകളുള്ള ഉപഗ്രഹകേന്ദ്രവും പ്രധാനമന്ത്രി സമര്‍പ്പിക്കും. പുതുച്ചേരിയിലെ യാനത്തില്‍ ജിപ്മറിന്റെ 90 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടിംഗ് യൂണിറ്റ്, ചെന്നൈയിലെ വയോജന ദേശീയ കേന്ദ്രം; ബിഹാറിലെ പുര്‍ണിയയിലെ പുതിയ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്; ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരള യൂണിറ്റ്, തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസ് (ദേശീയ ക്ഷയരോഗ ഗവേഷണ കേന്ദ്രം, എന്‍.ഐ.ആര്‍.ടി):  ന്യൂ കോമ്പോസിറ്റ് ടിബി റിസര്‍ച്ച് ഫെസിലിറ്റി എന്നിവയും മറ്റുള്ളവയ്‌ക്കൊപ്പം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പഞ്ചാബിലെ ഫിറോസ്പൂരില്‍ പിജിഐഎംഇആറിന്റെ 100 കിടക്കകളുള്ള ഉപകേന്ദ്രം, ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ പുതിയ മെഡിക്കല്‍ കോളേജ് കെട്ടിടം; ഇംഫാല്‍ റിംസിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്; ജാര്‍ഖണ്ഡിലെ കോഡെര്‍മയിലെയും ദുംകയിലെയും നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പെടെ. വിവിധ ആരോഗ്യ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും;

ഇവ കൂടാതെ, ദേശീയ ആരോഗ്യ ദൗത്യത്തിനും പ്രധാനമന്ത്രി-ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനും (പി.എം.എ.ബി.എച്ച്.ഐ.എം) കീഴില്‍, 115 പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കുകയും ചെയ്യും. പി.എം.എ.ബി.എച്ച്.ഐ.എമ്മിന് കീഴിലുള്ള 78 പദ്ധതികളും (ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ 50 യൂണിറ്റുകള്‍, ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകളുടെ 15 യൂണിറ്റുകള്‍, ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകളുടെ 13 യൂണിറ്റുകള്‍); ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍, മോഡല്‍ ഹോസ്പിറ്റല്‍, ട്രാന്‍സിറ്റ് ഹോസ്റ്റല്‍ തുടങ്ങി വിവിധ പദ്ധതികളുടെ 30 യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

പൂനെയില്‍ 'നിസര്‍ഗ് ഗ്രാം' എന്ന് പേരിട്ടിരിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നാച്ചുറോപ്പതി മെഡിക്കല്‍ കോളേജും മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സെന്ററും ഉള്ള 250 കിടക്കകളുള്ള ആശുപത്രിയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഹരിയാനയിലെ ജജ്ജറില്‍ റീജിയണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ആന്‍ഡ് നാച്ചുറോപ്പതി മേഖലാ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. യോഗ, പ്രകൃതിചികിത്സാ ഗവേഷണ സൗകര്യങ്ങള്‍ ഇതിലുണ്ടാകും

ചടങ്ങില്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്‌ഐസി) ഏകദേശം 200 കോടി രൂപയുടെ 21 പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. 2280 കോടി. രാജ്യത്തിന് സമര്‍പ്പിക്കുന്ന പദ്ധതികളില്‍ പട്ന (ബിഹാര്‍), അല്‍വാര്‍ (രാജസ്ഥാന്‍) എന്നിവിടങ്ങളിലെ 2 മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ഉള്‍പ്പെടുന്നു; കോര്‍ബ (ഛത്തീസ്ഗഡ്), ഉദയ്പൂര്‍ (രാജസ്ഥാന്‍), ആദിത്യപൂര്‍ (ജാര്‍ഖണ്ഡ്), ഫുല്‍വാരി ഷെരീഫ് (ബീഹാര്‍), തിരുപ്പൂര്‍ (തമിഴ്‌നാട്), കാക്കിനഡ (ആന്ധ്രാപ്രദേശ്), ഛത്തീസ്ഗഡിലെ റായ്ഗഡ്, ഭിലായ് എന്നിവിടങ്ങളില്‍ 8 ആശുപത്രികള്‍; രാജസ്ഥാനിലെ നീമ്രാന, അബു റോഡ്, ഭില്‍വാര എന്നിവിടങ്ങളിലായി 3 ഡിസ്‌പെന്‍സറികളും. രാജസ്ഥാനിലെ അല്‍വാര്‍, ബെഹ്റോര്‍, സീതാപുര, സെലാഖി (ഉത്തരാഖണ്ഡ്), ഗോരഖ്പൂര്‍ (ഉത്തര്‍പ്രദേശ്), കേരളത്തിലെ കൊരട്ടി, നാവായിക്കുളം; പൈഡിഭീമാവരം (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലായി എട്ട് സ്ഥലങ്ങളിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളും ഉദ്ഘാടനം ചെയ്യും.

മേഖലയിലെ പുനരുപയോഗ ഊര്‍ജത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള 300 മെഗാവാട്ട് ഭുജ്-II സൗരോര്‍ജ്ജ പദ്ധതി ഉള്‍പ്പെടെ വിവിധ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും; ഗ്രിഡ് കണക്റ്റഡ് 600 മെഗാവാട്ട് സൗരോര്‍ജ്ജ പിവി വൈദ്യുതി പദ്ധതി; ഖവ്ദ സൗരോര്‍ജ്ജ പദ്ധതി; 200 മെഗാവാട്ട് ദയാപൂര്‍-II കാറ്റാടി ഊര്‍ജ്ജ പദ്ധതി എന്നിവയും ഇവയില്‍പ്പെടുന്നു.

9000 കോടിയിലധികം രൂപയുടെ 1194 കിലോമീറ്റര്‍ മുന്ദ്ര-പാനിപ്പത്ത് പൈപ്പ് ലൈന്‍ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഗുജറാത്ത് തീരത്തെ മുന്ദ്രയില്‍ നിന്ന് ഹരിയാനയിലെ പാനിപ്പത്തിലുള്ള ഇന്ത്യന്‍ ഓയിലിന്റെ റിഫൈനറിയിലേക്ക് അസംസ്‌കൃത എണ്ണ കൊണ്ടുപോകാന്‍ വര്‍ഷത്തില്‍ 8.4 ലക്ഷം കോടി മെട്രിക് ടണ്‍ സ്ഥാപിത ശേഷിയുള്ള, മുന്ദ്ര-പാനിപ്പത്ത് പൈപ്പ് ലൈന്‍ പദ്ധതി കമ്മീഷന്‍ ചെയ്തു. മേഖലയിലെ റോഡ്, റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട്, സുരേന്ദ്രനഗര്‍-രാജ്‌കോട്ട് റെയില്‍പ്പാത; പഴയ എന്‍എച്ച് എസ് ഇ യുടെ ഭാവ്നഗര്‍- തലജ (പാക്കേജ്-I) നാലുവരിപ്പാത; എന്‍എച്ച്-751-ന്റെ പിപ്ലി-ഭാവ്നഗര്‍ (പാക്കേജ്-I) എന്നിവയുടെ ഇരട്ടിപ്പിക്കല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും;  എന്‍എച്ച്-27-ന്റെ സന്താല്‍പൂര്‍ വരെയുള്ള ഭാഗത്തെ സമഖിയാലി- സന്താല്‍പ്പൂര്‍ ആറുവരിപ്പാതയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.

--NS--



(Release ID: 2008569) Visitor Counter : 76