പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു
‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ന്റെ നാലാമതു സമാരംഭച്ചടങ്ങിൽ ഉത്തർപ്രദേശിലുടനീളം 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 14000 പദ്ധതികൾക്കു തുടക്കംകുറിച്ചു
“ഉത്തർപ്രദേശിലെ ഇരട്ട എൻജിൻ ഗവണ്മെന്റ് സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ രാവും പകലും പ്രവർത്തിക്കുന്നു”
“കഴിഞ്ഞ 7 വർഷത്തിനിടെ ഉത്തർപ്രദേശിൽ വ്യവസായം, വികസനം, വിശ്വാസ്യത എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു”
“മാറ്റത്തിനു യഥാർഥത്തിൽ ലക്ഷ്യമിടുന്നുണ്ടെങ്കിൽ ആർക്കും അതു തടയാൻ കഴിയില്ലെന്ന് ഇരട്ട എൻജിൻ ഗവണ്മെന്റ് തെളിയിച്ചു”
“ആഗോളതലത്തിൽ, ഇന്ത്യയുടെ കാര്യത്തിൽ അഭൂതപൂർവമായ ശുഭചിത്തതയുണ്ട്”
“ഉത്തർപ്രദേശിൽ ജീവിതവും വ്യവസായനടത്തിപ്പും സുഗമമാക്കുന്നതിനു ഞങ്ങൾ തുല്യപ്രാധാന്യം നൽകി”
“ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാവരിലും എത്തുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല”
“ഏറ്റവും കൂടുതൽ അതിവേഗപാതകളും അന്താരാഷ്ട്ര വിമാനത്താവളങ്ങളുമുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്”
“ഉത്തർപ്രദേശ് മണ്ണിന്റെ പുത്രൻ ചൗധരി ചരൺ സിങ്ജിയെ ആദരിക്കുന്നതു രാജ്യത്തെ കോടിക്കണക്കിനു കർഷകർക്കുള്ള ബഹുമതിയാണ്”
Posted On:
19 FEB 2024 4:36PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു. 2023 ഫെബ്രുവരിയിൽ നടന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ന്റെ നാലാമത്തെ സമാരംഭച്ചടങ്ങിൽ ഉത്തർപ്രദേശിലുടനീളം 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 14,000 പദ്ധതികൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. ഉൽപ്പാദനം, പുനരുപയോഗ ഊർജം, ഐടി, ഐടിഇഎസ്, ഭക്ഷ്യസംസ്കരണം, ഭവനനിർമാണം, റിയൽ എസ്റ്റേറ്റ്, അതിഥിസൽക്കാരവും വിനോദവും, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇത്.
വികസിത ഉത്തർപ്രദേശിന്റെ വികസനത്തിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഇന്നത്തെ പരിപാടിയെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. വിദൂരദൃശ്യസംവിധാനത്തിലൂടെ ഉത്തർപ്രദേശിലെ 400ലധികം നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു ജനങ്ങൾ പരിപാടിയിൽ പങ്കെടുത്തതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവരെ സ്വാഗതം ചെയ്യുകയും, 7-8 വർഷം മുമ്പു സങ്കൽപ്പിക്കാൻപോലും കഴിയാത്ത സാങ്കേതികവിദ്യയുടെ സഹായത്തോടെ പൗരന്മാർക്ക് ഇപ്പോൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ മുമ്പുണ്ടായിരുന്ന കുറ്റകൃത്യങ്ങളുടെ ഉയർന്ന നിരക്കു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നിക്ഷേപങ്ങളെയും തൊഴിലവസരങ്ങളെയും സംബന്ധിച്ചു സംസ്ഥാനത്തു സംജാതമായ അനുകൂല അന്തരീക്ഷത്തെ അഭിനന്ദിച്ചു. “ഇന്ന്, ഉത്തർപ്രദേശ് ലക്ഷക്കണക്കിനു കോടി രൂപയുടെ നിക്ഷേപത്തിനു സാക്ഷ്യം വഹിക്കുന്നു” - വാരാണസിയിൽനിന്നുള്ള പാർലമെന്റംഗം കൂടിയായതിനാൽ സംസ്ഥാനത്തിന്റെ പുരോഗതിയിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്നത്തെ വികസനപദ്ധതികളെക്കുറിച്ചു സംസാരിക്കവെ, ഇത് ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറ്റുമെന്നു പറഞ്ഞ പ്രധാനമന്ത്രി, നിക്ഷേപകരെയും യുവാക്കളെയും അഭിനന്ദിക്കുയും ചെയ്തു.
ഉത്തർപ്രദേശിലെ ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ ഏഴുവർഷത്തെ ഭരണത്തെ പരാമർശിച്ച പ്രധാനമന്ത്രി, ഈ കാലഘട്ടത്തിൽ ‘ചുവന്ന നാട സംസ്കാര’ത്തിനുപകരം ‘ചുവന്ന പരവതാനി സംസ്‌കാരം’ വന്നതായി പറഞ്ഞു. കഴിഞ്ഞ ഏഴുവർഷത്തിനിടെ ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്നും വ്യാവസായിക സംസ്കാരം അഭിവൃദ്ധി പ്രാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ 7 വർഷത്തിനിടെ ഉത്തർപ്രദേശിൽ വ്യവസായം, വികസനം, വിശ്വാസ്യത എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു”- പ്രധാനമന്ത്രി പറഞ്ഞു. മാറ്റത്തിനു യഥാർഥത്തിൽ ലക്ഷ്യമിടുന്നുണ്ടെങ്കിൽ ആർക്കും അതു തടയാൻ കഴിയില്ലെന്ന് ഇരട്ട എൻജിൻ ഗവണ്മെന്റ് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാലയളവിൽ സംസ്ഥാനത്തുനിന്നുള്ള കയറ്റുമതി ഇരട്ടിയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദ്യുതി ഉൽപ്പാദനത്തിലും പ്രസരണത്തിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു. “ഇന്ന്, രാജ്യത്ത് ഏറ്റവും കൂടുതൽ അതിവേഗപാതകളും അന്താരാഷ്ട്ര വിമാനത്താവളങ്ങളുമുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. രാജ്യത്തെ ആദ്യത്തെ റാപ്പിഡ് റെയിൽ ഓടുന്ന സംസ്ഥാനമാണിത്” - കിഴക്കൻ, പടിഞ്ഞാറൻ പ്രാന്തപ്രദേശത്തെ അതിവേഗപാതകളുടെ വലിയൊരു ഭാഗം സംസ്ഥാനത്ത് ഉണ്ടെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നദീജലപാതകളുടെ ഉപയോഗത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, സംസ്ഥാനത്തെ സമ്പർക്കസൗകര്യങ്ങളെയും യാത്ര സുഗമമാക്കലിനെയും പ്രശംസിച്ചു.
ഇന്നത്തെ വികസനപദ്ധതികൾ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല വിലയിരുത്തപ്പെടുന്നതെന്നും മികച്ച ഭാവിക്കായുള്ള സമഗ്രമായ കാഴ്ചപ്പാടും നിക്ഷേപകർക്ക് പ്രതീക്ഷയുടെ കിരണവുമാണ് അവ അവതരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ നടത്തിയ യുഎഇ-ഖത്തർ സന്ദർശനം അനുസ്മരിച്ച പ്രധാനമന്ത്രി, ലോകമെമ്പാടും ഇന്ത്യയുടെ കാര്യത്തിലുള്ള അഭൂതപൂർവമായ ശുഭചിത്തത ചൂണ്ടിക്കാട്ടി. ഓരോ രാജ്യത്തിനും ഇന്ത്യയുടെ വളർച്ചാഗാഥയിൽ ഉറപ്പും വിശ്വാസവുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “‘മോദിയുടെ ഉറപ്പ്’ ഇന്നു രാജ്യത്തുടനീളം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, മെച്ചപ്പെട്ട വരുമാനത്തിനുള്ള ഉറപ്പായി ലോകം ഇന്ത്യയെ കാണുന്നു” - പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പു പടിവാതിൽക്കലെത്തുമ്പോൾ ഗവണ്മെന്റുകൾ നിക്ഷേപങ്ങളിൽനിന്നു വ്യതിചലിക്കുന്ന പ്രവണത ഇന്ത്യ തകർത്തെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു നിക്ഷേപകരുടെ വിശ്വാസം ഊട്ടിയുറപ്പിച്ചു. “ലോകമെമ്പാടുമുള്ള നിക്ഷേപകർ ഗവണ്മെന്റിന്റെ നയങ്ങളിലും സ്ഥിരതയിലും വിശ്വസിക്കുന്നു” - ഉത്തർപ്രദേശിലും സമാനമായ പ്രവണത ഉയർന്നുവരുന്നതായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഭാരതത്തിനു പുതിയ ചിന്തയുടെയും ദിശാബോധത്തിന്റെയും ആവശ്യകതയുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാരുടെ നിലനിൽപ്പിനു കുറഞ്ഞ പരിഗണന നൽകുകയും പ്രാദേശിക അസന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്ത മുൻകാല സമീപനം രാജ്യത്തിന്റെ വികസനത്തിന് അനുയോജ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സമീപനത്താൽ ഉത്തർപ്രദേശും ദുരിതത്തിലായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ, ഓരോ കുടുംബത്തിന്റെയും ജീവിതം സുഗമമാക്കുന്നതിൽ ഇരട്ട എൻജിൻ ഗവണ്മെന്റ് ഇടപെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ആവാസിനുകീഴിൽ 4 കോടി അടച്ചുറപ്പുള്ള വീടുകൾ നിർമിച്ചുനൽകിയതിനൊപ്പം നഗരങ്ങളിലെ ഇടത്തരം കുടുംബങ്ങൾക്കു സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 7000 കോടി രൂപയുടെ സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഉത്തർപ്രദേശിൽനിന്നുള്ള 1.5 ലക്ഷം കുടുംബങ്ങൾ ഉൾപ്പെടെ 25 ലക്ഷം ഗുണഭോക്താക്കൾക്കു പലിശയിൽ ഇളവു ലഭിച്ചതായി അദ്ദേഹം അറിയിച്ചു. 2014ലെ ഇളവുകളുടെ പരിധി 2 ലക്ഷത്തിൽനിന്ന് 7 ലക്ഷമാക്കി ഉയർത്തിയതുൾപ്പെടെയുള്ള ആദായനികുതി പരിഷ്കാരങ്ങൾ ഇടത്തരക്കാരെ സഹായിച്ചിട്ടുണ്ട്.
ജീവിതം സുഗമമാക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും (ഈസ് ഓഫ് ലിവിംഗ് ആന്‍ഡ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്) ഗവണ്‍മെന്റ് നല്‍കുന്ന തുല്യ ഊന്നല്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ഓരോ ഗുണഭോക്താവിനും എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് പരിശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളുടെ വാതില്‍പ്പടിയില്‍ എത്തിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്ത വികസിത് ഭാരത് സങ്കല്‍പ് യാത്രയേയും അദ്ദേഹം പരാമർശിച്ചു. ''മോദി കി ഗ്യാരന്റി വാഹനം മിക്കവാറും എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും എത്തിയിട്ടുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് പദ്ധതികള്‍ പരിപൂര്‍ണ്ണതയില്‍ എത്തുന്നത് സാമൂഹിക നീതിയുടെ യഥാര്‍ത്ഥ രൂപത്തെ സ്ഥാപിക്കുന്നുവെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ''ഇതാണ് യഥാര്‍ത്ഥ മതേതരത്വം'', മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ അഴിമതിയുടെ ആധിക്യവും അസമത്വവും മടുപ്പുളവാക്കുന്ന പ്രക്രിയകളിലേക്ക് ഗുണഭോക്താക്കളെ നയിച്ചതായി ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ''പക്കാ വീടോ വൈദ്യുതി വിതരണമോ, ഗ്യാസ് കണക്ഷനോ, ടാപ്പിലൂടെയുള്ള വെള്ളമോ എന്തായാലും എല്ലാ ഗുണഭോക്താക്കള്‍ക്കും, അര്‍ഹമായത് ലഭിക്കുന്നത് വരെ ഗവണ്‍മെന്റ് വിശ്രമിക്കില്ലെന്നതാണ് മോദിയുടെ ഉറപ്പ്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
''മുന്‍പ് എല്ലാവരും അവഗണിച്ചവരെയാണ് മോദി പരിപാലിക്കുന്നത്'' പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രധാനമന്ത്രി സ്വനിധി പദ്ധതിക്ക് കീഴില്‍ തെരുവ് കച്ചവടക്കാര്‍ക്ക് 10,000 കോടി രൂപയുടെ സഹായം ലഭ്യമാക്കിയതിന്റെ ഉദാഹരണങ്ങള്‍ നല്‍കികൊണ്ട് അക്കാര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. യുപിയില്‍ ഏകദേശം 22 ലക്ഷത്തോളം വഴിയോര കച്ചവടക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 23,000 രൂപയുടെ അധിക വാര്‍ഷിക വരുമാനം അനുഭവേദ്യമായതായും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രി സ്വനിധിയുടെ 75 ശതമാനം ഗുണഭോക്താക്കളും എസ്.സി, എസ്.ടി, പിന്നാക്ക അല്ലെങ്കില്‍ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും അവരില്‍ തന്നെ പകുതിയും സ്ത്രീകളാണെന്നും അദ്ദേഹം അറിയിച്ചു. ''മുന്‍കാലങ്ങളില്‍ അവര്‍ക്ക് ബാങ്കുകള്‍ക്ക് ആവശ്യമായ ഉറപ്പുകള്‍ ഇല്ലായിരുന്നു, ഇന്ന് അവര്‍ക്ക് മോദിയുടെ ഉറപ്പുണ്ട്,'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയ് പ്രകാശ് നരായണ്‍ന്റേയും രാം മനോഹര്‍ ലോഹ്യയുടെയും സ്വപ്‌നങ്ങളിലെ സാമൂഹിക നീതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ലാഖ്പതി ദീദി പദ്ധതിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ നയങ്ങളും തീരുമാനങ്ങളും സാമൂഹിക നീതിയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുന്നുവെന്നും പ്രസ്താവിച്ചു. 10 കോടിയിലധികം സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരു കോടി സ്ത്രീകള്‍ ഇതിനകം ലാഖ്‌പതി ദീദികളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന 3 കോടി ലാഖ്പതി ദിദികളെ സൃഷ്ടിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ഉത്തര്‍പ്രദേശിലെ ചെറുകിട, സൂക്ഷ്മ, കുടില്‍ വ്യവസായങ്ങളുടെ ശക്തിയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, പ്രതിരോധ ഇടനാഴി പോലുള്ള പദ്ധതികളുടെ നേട്ടങ്ങള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക (എം.എസ്.എം.ഇ) മേഖലയുടെ വിപുലീകരണവും പിന്തുണ ലഭ്യമാക്കിയതും പരാമര്‍ശിച്ചു. ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതിക്ക് കീഴില്‍ എല്ലാ ജില്ലയിലേയും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ. 13,000 കോടി രൂപയുടെ പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതി യുപിയിലെ ലക്ഷക്കണക്കിന് വിശ്വകര്‍മ്മജ കുടുംബങ്ങളെ ആധുനിക രീതികളുമായി ബന്ധിപ്പിക്കും.
ഗവണ്‍മെന്റിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനം എടുത്തുപറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ പരാമർശിക്കുകയും ചെയ്തു. ഈ മേഖലയില്‍ നിന്നുള്ള പാര്‍ലമെന്റംഗമെന്ന നിലയില്‍ വരാണാസിയില്‍ നിര്‍മ്മിച്ച തടി കളിപ്പാട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു. തലമുറകളായി കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വൈദഗ്ധ്യമുള്ള ജനങ്ങളുണ്ടായിട്ടും രാജ്യത്തിന് സമ്പന്നമായ പാരമ്പര്യമുണ്ടായിട്ടും കളിപ്പാട്ടങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ശ്രീ മോദി പരിവേദനപ്പെട്ടു. ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കാത്തതും ആധുനിക ലോകവുമായി പൊരുത്തപ്പെടാന്‍ കരകൗശല വിദഗ്ധര്‍ക്ക് സഹായം നല്‍കാത്തതും മൂലം വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ കളിപ്പാട്ട വിപണിയെ പിന്നിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മാറ്റാനുള്ള തന്റെ ദൃഢനിശ്ചയത്തിന് അടിവരയിട്ട പ്രധാനമന്ത്രി, കളിപ്പാട്ടങ്ങളുടെ കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായ ഈ ലക്ഷ്യത്തെ പിന്തുണയ്ക്കാന്‍ രാജ്യത്തുടനീളമുള്ള കളിപ്പാട്ട നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചതും അനുസ്മരിച്ചു.
''ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം ഹബ്ബായി മാറാനുള്ള ശേഷി യുപിക്കുണ്ട്,'' വരാണാസിയും അയോദ്ധ്യയും സന്ദര്‍ശിക്കാന്‍ രാജ്യത്തെ ഓരോ വ്യക്തിയും ഇന്ന് ആഗ്രഹിക്കുന്നത് ലക്ഷക്കണക്കിന് സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുമെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇതുമൂലം ചെറുകിട സംരംഭകര്‍, എയര്‍ലൈന്‍ കമ്പനികള്‍, ഹോട്ടല്‍-റെസേ്റ്റാറന്റ് ഉടമകള്‍ എന്നിവര്‍ക്ക് ഇവിടെ യുപിയില്‍ മുന്‍പൊന്നുമില്ലാത്ത അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിയുടെ മെച്ചപ്പെട്ട പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ ബന്ധിപ്പിക്കലിനേക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി മോദി വരാണാസി വഴി അടുത്തിടെ ആരംഭിച്ച ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്രൂയിസ് സര്‍വീസ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. 2025-ല്‍ കുംഭമേള സംഘടിപ്പിക്കാന്‍ പോകുകയാണെന്നും ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും കാലങ്ങളില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹന സൗകര്യത്തിലും ഹരിതോര്‍ജ്ജത്തിലുമുള്ള ഇന്ത്യയുടെ ശ്രദ്ധയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, അത്തരം സാങ്കേതികവിദ്യയിലും ഉല്‍പ്പാദനത്തിലും ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനുള്ള ഗവണ്‍മെന്റിന്റെ ഊന്നല്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''രാജ്യത്തെ എല്ലാ വീടുകളും എല്ലാ കുടുംബങ്ങളും സൗരോര്‍ജ്ജ ജനറേറ്ററായി മാറ്റാനാണ് ഞങ്ങളുടെ ശ്രമം,'' പിഎം സൂര്യഘര്‍ അഥവാ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാകുന്നതും അധിക വൈദ്യുതി ഗവണ്‍മെന്റിനു വില്‍ക്കാന്‍ കഴിയുന്നതുമായ സൗജന്യ വൈദ്യുതി പദ്ധതിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. നിലവില്‍ 1 കോടി കുടുംബങ്ങള്‍ക്ക് ലഭ്യമായ ഈ പദ്ധതി പ്രകാരം ഓരോ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 30,000 മുതല്‍ 80,000 രൂപ വരെ നേരിട്ട് നിക്ഷേപിക്കുമെന്ന് ശ്രീ മോദി അറിയിച്ചു. എല്ലാ മാസവും 100 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് 30,000 രൂപയും 300 യൂണിറ്റോ അതില്‍ കൂടുതലോ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് 80,000 രൂപയും സഹായം ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇ വി മേഖലയിലേക്കുള്ള ഗവണ്‍മെന്റിന്റെ മുന്നേറ്റവും പ്രധാനമന്ത്രി മോദി എടുത്തുകാണിക്കുകയും നിര്‍മ്മാണ പങ്കാളികള്‍ക്കായുള്ള പിഎല്‍ഐ പദ്ധതിയും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നികുതി ഇളവുകളും പരാമര്‍ശിക്കുകയും ചെയ്തു. ''ഇതിന്റെ ഫലമായി, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 34.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ''ഞങ്ങള്‍ അതിവേഗത്തില്‍ ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കുന്നു. അത് സൗരോര്‍ജ്ജമായാലും ഇ വി ആയാലും ഉത്തര്‍പ്രദേശില്‍ രണ്ട് മേഖലകളിലും ഒരുപാട് സാധ്യതകളുണ്ട്.
''ഉത്തര്‍പ്രദേശിന്റെ മണ്ണിന്റെ മകന്‍ ചൗധരി സാഹിബിനെ ആദരിക്കുന്നത് രാജ്യത്തെ കോടിക്കണക്കിന് അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് ലഭിച്ച ബഹുമതിയാണ്.'' ചൗധരി ചരണ്‍ സിങ്ങിന് ഭാരതരത്ന നല്‍കാനുള്ള സമീപകാല തീരുമാനത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. ഗവണ്‍മെന്റിന്റെ ആദരവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയുള്ള വിവേചനപരമായ നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് ചൗധരി ചരണ്‍ സിംഗ് നല്‍കിയ സംഭാവനകളെ അദ്ദേഹം പ്രശംസിക്കുകയും ചൗധരി സാഹിബിന്റെ പ്രചോദനത്താല്‍ രാജ്യത്തെ കര്‍ഷകരെ ഞങ്ങള്‍ ശാക്തീകരിക്കുകയാണെന്ന് പറയുകയും ചെയ്തു. കാര്‍ഷികരംഗത്ത് പുതിയ വഴികള്‍ തേടുന്നതില്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു, 'നമ്മുടെ രാജ്യത്തെ കൃഷിയെ ഒരു പുതിയ പാതയിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ കര്‍ഷകരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്', എന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഗംഗാതീരത്ത് വലിയ തോതിലുള്ള പ്രകൃതിദത്ത കൃഷിയുടെ ആവിര്‍ഭാവത്തെ ഉദ്ധരിച്ച് അദ്ദേഹം പ്രകൃതി കൃഷിയിലും ചെറു ധാന്യങ്ങളെക്കുറിച്ചും സംസാരിച്ചു. ഇത് കര്‍ഷകരെ മാത്രമല്ല, നമ്മുടെ പുണ്യനദികളുടെ പരിശുദ്ധി സംരക്ഷിക്കാനും സഹായിക്കുന്നു.
ഭക്ഷ്യസംസ്‌കരണ സംരംഭകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി അവരുടെ ശ്രമങ്ങളില്‍ 'ആഘാതവും പ്രത്യാഘാതവും ശൂന്യമായിരിക്കുന്ന' മന്ത്രത്തിന് മുന്‍ഗണന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ലോകമെമ്പാടുമുള്ള ഭക്ഷണ മേശകളില്‍ ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഉണ്ടായിരിക്കുക എന്ന പൊതു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സിദ്ധാര്‍ത്ഥ് നഗറിലെ കലാ നാമക് അരി, ചന്ദൗലിയുടെ കറുത്ത അരി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിജയഗാഥകള്‍ ഉയര്‍ത്തിക്കാട്ടി, അവ ഇപ്പോള്‍ ഗണ്യമായ അളവില്‍ കയറ്റുമതി ചെയ്യുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചെറുധാന്യങ്ങള്‍ സൂപ്പര്‍ ഭക്ഷണങ്ങളായി വളരുന്ന പ്രവണത എടുത്തുകാട്ടി, ഈ മേഖലയില്‍ നിക്ഷേപത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, '' ചെറുധാന്യങ്ങള്‍ പോലുള്ള സൂപ്പര്‍ഫുഡുകളില്‍ നിക്ഷേപിക്കാനുള്ള ശരിയായ സമയമാണിത്,'' എന്നു വ്യക്തമാക്കി. കര്‍ഷകരുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി സംരംഭകരെ പ്രോത്സാഹിപ്പിച്ചു, ചെറുകിട കര്‍ഷകരെ കര്‍ഷക ഉല്‍പാദക സംഘടനകളിലൂടെയും (എഫ്പിഒ) സഹകരണ സംഘങ്ങളിലൂടെയും ശാക്തീകരിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് അദ്ദേഹം അടിവരയിട്ടു. ''കര്‍ഷകര്‍ക്കും കൃഷിക്കും പ്രയോജനം നിങ്ങളുടെ വ്യവസായത്തിനും നല്ലതാണ്,'' പ്രധാനമന്ത്രി മോദി നിക്ഷേപകരോട് പറഞ്ഞു.
ഇന്ത്യയുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും കാര്‍ഷിക അധിഷ്ഠിത സമ്പദ്വ്യവസ്ഥയെയും നയിക്കുന്നതില്‍ ഉത്തര്‍പ്രദേശിന്റെ നിര്‍ണായക പങ്കിനെക്കുറിച്ച് പ്രതിഫലിപ്പിച്ച പ്രധാനമന്ത്രി, ഈ അവസരത്തിന്റെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പങ്കാളികളോട് ആഹ്വാനം ചെയ്തു. ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ കഴിവുകളിലും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് അടിത്തറ പാകുന്നതില്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളിലും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ വ്യവസായികള്‍, പ്രമുഖ ആഗോള, ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികള്‍, അംബാസഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരുള്‍പ്പെടെ അയ്യായിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
*****
SK
(Release ID: 2007192)
Visitor Counter : 68
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada