പ്രധാനമന്ത്രിയുടെ ഓഫീസ്
ഹരിയാനയിലെ രേവാരിയില്‍ 9,750 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
5,450 കോടിയോളം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഗുരുഗ്രാം മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടു
1,650 കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന റെവാരി എയിംസിനു തറക്കല്ലിട്ടു
കുരുക്ഷേത്രയിലെ ജ്യോതിസാറില്‍ അനുഭവ കേന്ദ്ര എന്ന പേരിൽ വേറിട്ട അനുഭവം നൽകുന്ന മ്യൂസിയം ഉദ്ഘാടനം ചെയ്തു
വിവിധ റെയില്‍വേ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും പുതിയ പദ്ധതികൾ രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
റോഹ്തക്-മെഹാം-ഹാന്‍സി സെക്ഷനിലെ ട്രെയിന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു
'ഹരിയാനയിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്'
'വികസിത് ഭാരത് എന്ന ലക്ഷ്യം നേടാൻ ഹരിയാന വികസിക്കേണ്ടത് വളരെ പ്രധാനം'
'ഭഗവദ് ഗീതയിലെ ശ്രീകൃഷ്ണന്റെ പാഠങ്ങള്‍, അനുഭവ കേന്ദ്ര ജ്യോതിസർ ലോകത്തിന് പരിചയപ്പെടുത്തും'
'ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിൽ ഹരിയാന സര്‍ക്കാരിന്റേത് പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍'
'വസ്ത്ര വ്യവസായത്തില്‍ ഹരിയാന വലിയ പേര് നേടുന്നു'
'നിക്ഷേപത്തിന് ഏറ്റവും മികച്ച സംസ്ഥാനമായി ഹരിയാന ഉയര്‍ന്നു വരുന്നു, നിക്ഷേപത്തിലെ വര്‍ധനവ് പുതിയ തൊഴിലവസരങ്ങളുടെ വര്‍ദ്ധനവാണ്'
Posted On:
16 FEB 2024 3:32PM by PIB Thiruvananthpuram
ഹരിയാനയിലെ രേവാരിയില്‍ ഇന്ന് 9750 കോടിയിലധികം തുക ചിലവഴിച്ച് നടത്തുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. നഗര ഗതാഗതം, ആരോഗ്യം, റെയില്‍, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന മേഖലകള്‍ക്ക് പദ്ധതികള്‍ പ്രയോജനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനങ്ങള്‍ ശ്രീ മോദി നടന്നുകൊണ്ട് വീക്ഷിച്ചു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ധീരന്‍മാരുടെ നാടായ രേവാരിക്ക് ആദരവ് അര്‍പ്പിക്കുകയും, മേഖലയിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തോടുളള അടുപ്പത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. 2013ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ റെവാരിയില്‍ നടന്ന തന്റെ ആദ്യ പരിപാടിയെക്കുറിച്ചും ജനങ്ങള്‍ നല്‍കിയ ആശംസകളെക്കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു. ജനങ്ങളുടെ അനുഗ്രഹം തനിക്ക് വലിയ സമ്പത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യക്ക് ജനങ്ങളുടെ അനുഗ്രഹം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ യു എ ഇ, ഖത്തര്‍ സന്ദര്‍ശനത്തെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ആഗോള വേദിയില്‍ ഇന്ത്യക്ക് ലഭിക്കുന്ന ബഹുമാനത്തിനും സല്‍കീര്‍ത്തിക്കുമുള്ള കാരണക്കാര്‍ ഇന്ത്യയിലെ ജനങ്ങളാണെന്ന് പറഞ്ഞു. അതുപോലെ, ജി 20, ചന്ദ്രയാന്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11-ല്‍ നിന്ന് 5-ആം സ്ഥാനത്തേക്ക് ഉയര്‍ന്നത് എന്നിവ പൊതുജനങ്ങളുടെ പിന്തുണയാല്‍ നേടിയ മികച്ച വിജയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ലോകത്തിലെത്തന്നെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതിന് അദ്ദേഹം ജനങ്ങളുടെ അനുഗ്രഹം തേടി.
രാജ്യം വികസിത് ഭാരതമാകാന്‍ ഹരിയാനയുടെ വികസനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയുടെ വികസനത്തിനായി റോഡ് - റെയില്‍വേ ശൃംഖലകൾ നവീകരിക്കുന്നതിനും സുസജ്ജമായ ആശുപത്രികള്‍ നിര്‍മ്മിക്കുന്നതിനും ഏകദേശം 10,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ അദ്ദേഹം ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. രേവാരി എയിംസ്, ഗുരുഗ്രാം മെട്രോ, നിരവധി റെയില്‍ പാതകള്‍, അനുഭവ കേന്ദ്ര ജ്യോതിസർ എന്നിവയ്‌ക്കൊപ്പം പുതിയ ട്രെയിനുകളും വികസന പദ്ധതികളുടെ പട്ടികയില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. അനുഭവ കേന്ദ്ര ജ്യോതിസറിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ഭഗവദ് ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ പാഠങ്ങള്‍ ലോകത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം ഭാരതീയ സംസ്‌കാരത്തില്‍ ഹരിയാന എന്ന മഹത്തായ ഭൂമിയുടെ സംഭാവനകള്‍ എടുത്തുകാട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികള്‍ക്ക് ഹരിയാനയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
'മോദിയുടെ ഗ്യാരന്റി'യെക്കുറിച്ചുള്ള ദേശീയവും ആഗോളപരവുമായ ചര്‍ച്ചയെക്കുറിച്ച് സംസാരിക്കവേ, 'മോദിയുടെ ഗ്യാരണ്ടി'യുടെ ആദ്യ സാക്ഷിയാണ് റെവാരിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യത്തിന്റെ യശസ്സിനെക്കുറിച്ചും അയോധ്യധാമിലെ ശ്രീരാമക്ഷേത്രം സ്ഥാപിതമാകുന്നതിനെക്കുറിച്ചും താന്‍ ഇവിടെ നല്‍കിയ ഉറപ്പുകള്‍ അദ്ദേഹം അനുസ്മരിച്ചു. അതുപോലെ, പ്രധാനമന്ത്രി മോദി നല്‍കിയ ഉറപ്പ് പ്രകാരം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. 'ഇന്ന് സ്ത്രീകള്‍, പിന്നോക്കക്കാര്‍, ദളിതര്‍, ആദിവാസികള്‍ എന്നിവര്‍ക്ക് ജമ്മു കശ്മീരില്‍ അവരുടെ അവകാശങ്ങള്‍ ലഭിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമുക്തഭടന്മാര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ എന്ന ഗ്യാരന്റി ഇവിടെ റെവാരിയില്‍ നിര്‍വഹിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിക്കുകയും ഹരിയാനയില്‍ നിന്നുള്ള നിരവധി വിമുക്തഭടന്‍മാര്‍ക്കടക്കം ഇതിന്റെ ഗുണഫലം ലഭിച്ചതായും ഇതുവരെ ഒരു ലക്ഷം കോടി രൂപ ഇതിനായി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. . ഒആര്‍ഒപിയുടെ ഗുണഭോക്താക്കള്‍ക്ക് ഇതുവരെ 600 കോടിയിലധികം രൂപ ലഭിച്ചതായി റെവാരിയില്‍ പ്രധാനമന്ത്രി അറിയിച്ചു. മുന്‍ സര്‍ക്കാര്‍ ഒആര്‍ഒപിക്കായി 500 കോടി രൂപ വകയിരുത്തിയിരുന്നു, ഇത് റെവാരിയിലെ സൈനികരുടെ കുടുംബങ്ങള്‍ക്ക് മാത്രം ലഭിച്ച തുകയേക്കാള്‍ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രേവാരിയില്‍ എയിംസ് സ്ഥാപിക്കുമെന്ന ഗ്യാരണ്ടി ഇന്നത്തെ തറക്കല്ലിടലോടെ നിറവേറ്റപ്പെടുകയാണ്. റെവാരി എയിംസിന്റെ ഉദ്ഘാടനവും താന്‍ നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഇത് പ്രാദേശിക പൗരന്മാര്‍ക്ക് മികച്ച ചികിത്സയും ഡോക്ടറാകാനുള്ള അവസരവും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രേവാരി എയിംസ് ഇരുപത്തിരണ്ടാമത് എയിംസ് ആണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി മോദി, കഴിഞ്ഞ 10 വര്‍ഷത്തിനിടെ 15 പുതിയ എയിംസുകള്‍ അനുവദിച്ചതായി അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 300-ലധികം മെഡിക്കല്‍ കോളേജുകള്‍ നിലവില്‍ വന്നു. ഹരിയാനയിൽ എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളെജെങ്കിലും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
നിലവിലുള്ള സര്‍ക്കാരുകളുടെയും മുന്‍ സര്‍ക്കാരുകളുടെയും നല്ലതും ചീത്തയുമായ ഭരണം താരതമ്യം ചെയ്ത പ്രധാനമന്ത്രി, ഹരിയാനയില്‍ കഴിഞ്ഞ 10 വര്‍ഷമായി ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ സാന്നിധ്യം എടുത്തുകാട്ടി. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച നയങ്ങള്‍ പാലിക്കുന്നതില്‍ മുന്നില്‍ നിൽക്കുന്നത് ഹരിയാന ആണെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷിക മേഖലയിലെ ഹരിയാനയുടെ വളര്‍ച്ചയെയും സംസ്ഥാനത്തിന്റെ വ്യവസായ വിപുലീകരണത്തെയും അദ്ദേഹം സ്പര്‍ശിച്ചു. റോഡ്, റെയില്‍ അല്ലെങ്കില്‍ മെട്രോ സേവനങ്ങള്‍ എന്നിവയില്‍ പതിറ്റാണ്ടുകളായി പിന്നാക്കമായിരുന്ന ദക്ഷിണ ഹരിയാനയുടെ ദ്രുതഗതിയിലുള്ള വികസനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഡല്‍ഹി-ദൗസ-ലാല്‍സോട്ട് സെക്ഷന്റെ ആദ്യഘട്ടം ഇതിനോടകം ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയായ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്വേ ഹരിയാനയിലെ ഗുരുഗ്രാം, പല്‍വാല്‍, നൂഹ് ജില്ലകളിലൂടെ കടന്നുപോകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. .
2014-ന് മുമ്പ് ശരാശരി 300 കോടി രൂപയായിരുന്ന ഹരിയാനയുടെ വാര്‍ഷിക റെയില്‍വേ ബജറ്റ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 3,000 കോടിയായി ഉയര്‍ത്തിയതായി പ്രധാനമന്ത്രി മോദി അറിയിച്ചു. റോഹ്തക്-മെഹാം-ഹന്‍സി, ജിന്ദ്-സോനിപത് എന്നിവിടങ്ങളിലേക്കുള്ള പുതിയ റെയില്‍വേ ലൈനുകളും അംബാല കാന്ത്-ദാപ്പാര്‍ പോലെയുള്ള പാത ഇരട്ടിപ്പിക്കലും സാധ്യമാകുന്നതു വഴി ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും ജീവിക്കാനും ബിസിനസ്സ് ചെയ്യാനും എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നൂറുകണക്കിന് ബഹുരാഷ്ട്ര കമ്പനികളുടെ ആവാസ കേന്ദ്രമായ സംസ്ഥാനത്ത് ജല സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
35 ശതമാനത്തിലധികം പരവതാനികള്‍ കയറ്റുമതി ചെയ്യുകയും 20 ശതമാനത്തോളം വസ്ത്രങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ടെക്‌സ്റ്റൈല്‍, വസ്ത്ര വ്യവസായത്തിന്റെ കാര്യത്തില്‍ ഹരിയാന സ്വയം പ്രശസ്തി നേടുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഹരിയാനയിലെ തുണി വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ചെറുകിട വ്യവസായങ്ങളെ സ്പര്‍ശിച്ച പ്രധാനമന്ത്രി, പാനിപ്പത്ത് കൈത്തറി ഉല്‍പന്നങ്ങള്‍ക്കും, ഫരീദാബാദ് തുണി ഉല്‍പ്പാദനത്തിനും, ഗുരുഗ്രാം റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും, സോനിപത് സാങ്കേതിക തുണിത്തരങ്ങള്‍ക്കും, ഭിവാനി നോണ്‍-നെയ്ത തുണിത്തരങ്ങള്‍ക്കും പേരുകേട്ടതാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എംഎസ്എംഇകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നൽകിയ ലക്ഷക്കണക്കിന് കോടി രൂപയുടെ സഹായത്തെ കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു, ഇത് പഴയ ചെറുകിട വ്യവസായങ്ങളെയും കുടില്‍ വ്യവസായങ്ങളെയും ശക്തിപ്പെടുത്തുന്നതിനൊപ്പം ആയിരക്കണക്കിന് പുതിയ വ്യവസായങ്ങള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനും കാരണമായി. .
രേവാരിയിലെ വിശ്വകര്‍മയുടെ പിച്ചള പണിയെക്കുറിച്ചും കരകൗശല വിദ്യകളിലേക്കും വെളിച്ചം വീശിക്കൊണ്ട്, 18 തൊഴിലുകളുമായി ബന്ധപ്പെട്ട അത്തരം പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്കായി പ്രധാനമന്ത്രി-വിശ്വകര്‍മ യോജന ആരംഭിച്ചത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ പ്രധാനമന്ത്രി വിശ്വകര്‍മ യോജനയുടെ ഭാഗമാകുകയാണെന്നും നമ്മുടെ പരമ്പരാഗത കരകൗശല തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം മാറ്റിമറിക്കാന്‍ സര്‍ക്കാര്‍ 13,000 കോടി രൂപ ചെലവഴിക്കാന്‍ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
'മോദിയുടെ ഗ്യാരന്റി, ബാങ്കുകള്‍ക്ക് ഗ്യാരന്റി നല്‍കാന്‍ ഒന്നുമില്ലാത്തവരെ ഉദ്ദേശിച്ചുള്ളതാണ്', ചെറുകിട കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പിന്നാക്കക്കാരും ഒബിസി വിഭാഗങ്ങള്‍ക്കും ഈടില്ലാത്ത വായ്പകള്‍ക്കുള്ള മുദ്ര യോജന, തെരുവ് കച്ചവടക്കാര്‍ക്കായി പ്രധാനമന്ത്രി സ്വാനിധി യോജന എന്നീ പദ്ധതികള്‍ വഴിയാണ് സഹായമെത്തിക്കുന്നത്.
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഹരിയാനയില്‍ നിന്നുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 10 കോടി സ്ത്രീകളെ സ്വയം സഹായ സംഘങ്ങളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം സൗജന്യ ഗ്യാസ് കണക്ഷനുകളെക്കുറിച്ചും ടാപ്പ് ജലവിതരണത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ സ്വാശ്രയ സംഘങ്ങള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ധനസഹായവും അദ്ദേഹം പരാമര്‍ശിച്ചു. ലക്ഷാധിപതി ദീദി പദ്ധതികളെക്കുറിച്ച് സംസാരിക്കവെ, ഈ വര്‍ഷത്തെ ബജറ്റിന് കീഴില്‍ അവരുടെ എണ്ണം 3 കോടിയായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇതുവരെ ഒരു കോടി സ്ത്രീകള്‍ ലക്ഷാധിപതി ദീദിയായി മാറിയെന്ന് പ്രധാനമന്ത്രി അറിയിച്ചു. നമോ ഡ്രോണ്‍ ദീദി പദ്ധതിയെക്കുറിച്ചും പരാമര്‍ശിച്ച പ്രധാനമന്ത്രി സ്ത്രീകളുടെ ഗ്രൂപ്പുകള്‍ക്ക് ഡ്രോണുകള്‍ കൃഷിയില്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതു വഴി അവര്‍ക്ക് അധിക വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നതായും ചൂണ്ടിക്കാട്ടി.
'അത്ഭുതകരമായ സാധ്യതകളുള്ള ഒരു സംസ്ഥാനമാണ് ഹരിയാന', ഹരിയാനയിലെ കന്നി വോട്ടര്‍മാരുടെ ശോഭനമായ ഭാവി ഊന്നിപ്പറയിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റാനും സാങ്കേതികമായാലും തുണിത്തരമായാലും വിനോദസഞ്ചാരമായാലും വ്യാപാരമായാലും എല്ലാ മേഖലകളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. ''നിക്ഷേപത്തിനുള്ള നല്ല സംസ്ഥാനമായി ഹരിയാന ഉയര്‍ന്നുവരുന്നു, നിക്ഷേപം വര്‍ധിക്കുന്നത് പുതിയ തൊഴിലവസരങ്ങളുടെ വര്‍ദ്ധനവാണ്,'' പ്രധാനമന്ത്രി ഉപസംഹരിച്ചു.
ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയും ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ഖട്ടറും ഹരിയാന സര്‍ക്കാരിലെ മറ്റ് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ഏകദേശം 5450 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഗുരുഗ്രാം മെട്രോ റെയില്‍ പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. മൊത്തം 28.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതി, മില്ലേനിയം സിറ്റി സെന്ററിനെ ഉദ്യോഗ് വിഹാര്‍ ഫേസ്-5-ലേക്ക് ബന്ധിപ്പിക്കുകയും സൈബര്‍ സിറ്റിക്ക് സമീപമുള്ള മൗല്‍സാരി അവന്യൂ സ്റ്റേഷനിലെ റാപ്പിഡ് മെട്രോ റെയില്‍ ഗുരുഗ്രാമിന്റെ നിലവിലുള്ള മെട്രോ ശൃംഖലയില്‍ ലയിക്കുകയും ചെയ്യും. ദ്വാരക എക്‌സ്പ്രസ് വേയിലും ഇതിന് ഒരു കുതിച്ചുചാട്ടമുണ്ടാകും. ലോകോത്തര പരിസ്ഥിതി സൗഹൃദ ബഹുജന അതിവേഗ നഗര ഗതാഗത സംവിധാനങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി.
രാജ്യത്തുടനീളം പൊതുജനാരോഗ്യ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഹരിയാനയിലെ റെവാരിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) തറക്കല്ലിട്ടു. ഏകദേശം 1650 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന എയിംസ് റെവാരി റെവാരിയിലെ മജ്ര മുസ്തില്‍ ഭല്‍ഖി ഗ്രാമത്തില്‍ 203 ഏക്കര്‍ സ്ഥലത്താണ് വികസിപ്പിക്കുന്നത്. 720 കിടക്കകളുള്ള ആശുപത്രി കോംപ്ലക്‌സ്, 100 സീറ്റുകളുള്ള മെഡിക്കല്‍ കോളേജ്, 60 സീറ്റുകളുള്ള നഴ്‌സിംഗ് കോളേജ്, 30 കിടക്കകളുള്ള ആയുഷ് ബ്ലോക്ക്, ഫാക്കല്‍റ്റികള്‍ക്കും ജീവനക്കാര്‍ക്കും താമസസൗകര്യം, യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ താമസം, നൈറ്റ് ഷെല്‍ട്ടര്‍, ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും.പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) യ്ക്ക് കീഴില്‍ സ്ഥാപിതമായ AIIMS രേവാരി ഹരിയാനയിലെ ജനങ്ങള്‍ക്ക് സമഗ്രവും ഗുണനിലവാരവും സമഗ്രവുമായ ത്രിതീയ പരിചരണ ആരോഗ്യ സേവനങ്ങള്‍ നല്‍കും. കാര്‍ഡിയോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, നെഫ്രോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, എന്‍ഡോക്രൈനോളജി, ബേണ്‍സ് & പ്ലാസ്റ്റിക് സര്‍ജറി എന്നിവയുള്‍പ്പെടെ 18 സ്പെഷ്യാലിറ്റികളിലും 17 സൂപ്പര്‍ സ്പെഷ്യാലിറ്റികളിലും പേഷ്യന്റ് കെയര്‍ സേവനങ്ങള്‍ ഈ സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, എമര്‍ജന്‍സി & ട്രോമ യൂണിറ്റ്, പതിനാറ് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഡയഗ്നോസ്റ്റിക് ലബോറട്ടറികള്‍, ബ്ലഡ് ബാങ്ക്, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരിക്കും. ഹരിയാനയിലെ ജനങ്ങള്‍ക്ക് സമഗ്രവും ഗുണനിലവാരവും സമഗ്രവുമായ തൃതീയ പരിചരണ സേവനങ്ങള്‍ നല്‍കുന്നതിന് ഹരിയാനയില്‍ എയിംസ് സ്ഥാപിക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാകും.
കുരുക്ഷേത്രയില്‍ പുതുതായി നിര്‍മിച്ച അനുഭവ കേന്ദ്ര ജ്യോതിസാറിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഏകദേശം 240 കോടി രൂപ ചെലവിലാണ് ഈ അനുഭവ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. 100,000 ചതുരശ്ര അടി ഇന്‍ഡോര്‍ സ്പേസ് ഉള്‍ക്കൊള്ളുന്ന മ്യൂസിയം 17 ഏക്കറില്‍ പരന്നുകിടക്കുന്നു. ഇത് മഹാഭാരതത്തിന്റെ ഇതിഹാസ വിവരണവും ഗീതയുടെ പഠിപ്പിക്കലുകളും ജീവനോടെ കൊണ്ടുവരും. സന്ദര്‍ശകരുടെ അനുഭവം സമ്പന്നമാക്കുന്നതിനായി ഓഗ്മെന്റഡ് റിയാലിറ്റി (AR), 3D ലേസര്‍, പ്രൊജക്ഷന്‍ മാപ്പിംഗ് എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയും മ്യൂസിയം പ്രയോജനപ്പെടുത്തുന്നു. ജ്യോതിസാര്‍, അര്‍ജ്ജുനന് ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയുടെ ശാശ്വത ജ്ഞാനം പകര്‍ന്നു നല്‍കിയ പുണ്യസ്ഥലമാണ് കുരുക്ഷേത്ര.
ഒന്നിലധികം റെയില്‍വേ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. തറക്കല്ലിടുന്ന പദ്ധതികളില്‍ രേവാരി-കതുവാസ് റെയില്‍ പാത ഇരട്ടിപ്പിക്കല്‍ (27.73 കി.മീ); കതുവാസ്-നാര്‍നോള്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ (24.12 കി.മീ); ഭിവാനി-ദോഭ് ഭാലി റെയില്‍ പാത ഇരട്ടിപ്പിക്കല്‍ (42.30 കി.മീ); മന്‍ഹേരു-ബവാനി ഖേര റെയില്‍ പാത (31.50 കി.മീ) ഇരട്ടിപ്പിക്കലും. ഉള്‍പ്പെടുന്നു. ഈ റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കുന്നത് മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പാസഞ്ചര്‍, ചരക്ക് ട്രെയിനുകള്‍ സമയബന്ധിതമായി ഓടുന്നതിന് സഹായിക്കുകയും ചെയ്യും. റോഹ്തക്കിനും ഹിസാറിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുന്ന റോഹ്തക്-മെഹാം-ഹന്‍സി റെയില്‍ ലൈന്‍ (68 കിലോമീറ്റര്‍) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. റോഹ്തക്-മെഹാം-ഹാന്‍സി സെക്ഷനിലെ ട്രെയിന്‍ സര്‍വീസ് അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു, ഇത് റെയില്‍ യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന റോഹ്തക്, ഹിസാര്‍ മേഖലയിലെ റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.
NK
(Release ID: 2006689)
Visitor Counter : 94
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada