പ്രധാനമന്ത്രിയുടെ ഓഫീസ്‌

2024 ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

Posted On: 14 FEB 2024 5:10PM by PIB Thiruvananthpuram

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ 2024 ഫെബ്രുവരി 14 ന് വിശിഷ്ടാതിഥിയായി പങ്കെടുത്തു. 'ഭാവി ഗവണ്‍മെന്റുകളെ രൂപപ്പെടുത്തുക' എന്ന വിഷയത്തില്‍ അദ്ദേഹം പ്രത്യേക മുഖ്യപ്രഭാഷണം നടത്തി. 2018 ലെ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇത്തവണത്തെ ഉച്ചകോടിയില്‍ 10 പ്രസിഡന്റുമാരും 10 പ്രധാനമന്ത്രിമാരും ഉള്‍പ്പടെ 20 ലോക നേതാക്കള്‍ പങ്കെടുത്തു. 120-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗവണ്‍മെന്റ് പ്രതിനിധികളും ആഗോള സമ്മേളനത്തില്‍ പങ്കെടുത്തു.

ഭരണത്തിന്റെ മാറുന്ന സ്വഭാവത്തെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പങ്കുവെച്ചു. 'പരിമിത ഗവണ്‍മെന്റ്, പരമാവധി  ഭരണനിര്‍വഹണം' എന്ന മന്ത്രത്തില്‍ അധിഷ്ഠിതമായ ഇന്ത്യയുടെ പരിവര്‍ത്തന പരിഷ്‌കാരങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികവിദ്യയെ കൂടുതല്‍ ക്ഷേമത്തിനും ഉള്‍ച്ചേര്‍ക്കലിനും സുസ്ഥിരതയ്ക്കുമായി രാജ്യം എങ്ങനെ പ്രയോജനപ്പെടുത്തി എന്നതിനെക്കുറിച്ചുള്ള ഇന്ത്യന്‍ അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഭരണത്തിലെ മാനുഷികമായ സമീപനത്തിന് ആഹ്വാനം ചെയ്തു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കൈവരിക്കുന്നതിന് ജനങ്ങളുടെ പങ്കാളിത്തം, അവസാനയിടം വരെയെത്തിക്കുന്ന രീതി, സ്ത്രീകള്‍ നയിക്കുന്ന വികസനം എന്നിവയില്‍ ഇന്ത്യയുടെ ശ്രദ്ധ അദ്ദേഹം അടിവരയിട്ടു.

ലോകത്തിന്റെ പരസ്പര ബന്ധിതമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാരുകള്‍ പരസ്പരം സഹകരിക്കുകയും പഠിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഭരണം എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും, സാങ്കേതികമായി മികച്ചതും, വൃത്തിയും സുതാര്യവും, ഹരിതവും ആയിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ പശ്ചാത്തലത്തില്‍, പൊതുസേവനത്തോടുള്ള അവരുടെ സമീപനത്തില്‍ ഗവണ്‍മെന്റുകള്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തനങ്ങളോടുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കാന്‍ മിഷന്‍ ലൈഫില്‍ (പരിസ്ഥിതിക്കുള്ള ജീവിതശൈലി) ചേരാന്‍ ആളുകളെ ആഹ്വാനം ചെയ്തു.

ലോകം അഭിമുഖീകരിക്കുന്ന വൈവിധ്യമാര്‍ന്ന പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കഴിഞ്ഞ വര്‍ഷം ജി-20 അധ്യക്ഷതയില്‍ ഇന്ത്യ വഹിച്ച നേതൃത്വപരമായ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഈ സാഹചര്യത്തില്‍, ഗ്ലോബൽ സൗത്ത് അഭിമുഖീകരിക്കുന്ന വികസന ആശങ്കകള്‍ ആഗോള വ്യവഹാരത്തിന്റെ കേന്ദ്ര ഘട്ടത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ബഹുമുഖ സ്ഥാപനങ്ങളുടെ പരിഷ്‌കരണത്തിനായി ആഹ്വാനം ചെയ്ത അദ്ദേഹം, ഗ്ലോബല്‍ സൗത്തിന് വേണ്ടി തീരുമാനമെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശബ്ദം ഉയര്‍ത്തണമെന്നും പറഞ്ഞു.  'വിശ്വ ബന്ധു' എന്ന നിലയില്‍ ഇന്ത്യ ആഗോള പുരോഗതിക്ക് സംഭാവന നല്‍കുന്നത് തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

--SK--



(Release ID: 2006011) Visitor Counter : 72