പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോമണ്‍വെല്‍ത്ത് ലീഗല്‍ എജ്യുക്കേഷന്‍ അസോസിയേഷന്‍ - കോമണ്‍വെല്‍ത്ത് അറ്റോര്‍ണി ആന്‍ഡ് സോളിസിറ്റേഴ്സ് ജനറല്‍ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ വാചകം

Posted On: 03 FEB 2024 12:19PM by PIB Thiruvananthpuram
വിശിഷ്ട നിയമ പ്രതിഭകള്‍, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ള അതിഥികള്‍, ബഹുമാനപ്പെട്ട സദസ്സ്, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

സുഹൃത്തുക്കളെ,
ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള നിയമജ്ഞര്‍ ഇവിടെയുണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 140 കോടി ഇന്ത്യക്കാര്‍ക്കുവേണ്ടി, ഞങ്ങളുടെ എല്ലാ അന്താരാഷ്ട്ര അതിഥികളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. അവിശ്വസനീയമായ ഇന്ത്യ പൂര്‍ണമായി അനുഭവിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,
ആഫ്രിക്കയില്‍ നിന്നുള്ള ധാരാളം സുഹൃത്തുക്കള്‍ ഇവിടെയുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ആഫ്രിക്കന്‍ യൂണിയനുമായി ഇന്ത്യക്ക് പ്രത്യേക ബന്ധമുണ്ട്. ഇന്ത്യ അധ്യക്ഷസ്ഥാനത്തിരിക്കെ ആഫ്രിക്കന്‍ യൂണിയന്‍ ജി20യുടെ ഭാഗമായി മാറിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ആഫ്രിക്കയിലെ ജനങ്ങളുടെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഇത് വളരെയധികം സഹായിക്കും.

സുഹൃത്തുക്കളെ,
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഞാന്‍ പല അവസരങ്ങളിലും നിയമരംഗത്തെ സഹോദരങ്ങളുമായി ഇടപഴകിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഞാന്‍ ഇന്ത്യയുടെ സുപ്രീം കോടതിയുടെ 75-ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്തു. കഴിഞ്ഞ സെപ്റ്റംബറില്‍, ഈ സ്ഥലത്ത് തന്നെ, ഞാന്‍ അന്താരാഷ്ട്ര അഭിഭാഷക സമ്മേളനത്തിന് വന്നിരുന്നു. ഇത്തരം ആശയവിനിമയങ്ങള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാന്‍ നമ്മെ സഹായിക്കുന്നു. മെച്ചപ്പെട്ട നിലയില്‍ നീതി ഉറപ്പാക്കുന്നതിനു ദൃഢനിശ്ചയം കൈക്കൊള്ളാനുള്ള അവസരങ്ങള്‍ കൂടിയാണിത്.

സുഹൃത്തുക്കളെ,
ഇന്ത്യന്‍ ചിന്തകളില്‍ നീതിക്ക് വലിയ പ്രാധാന്യമുണ്ട്. പുരാതന ഇന്ത്യന്‍ ചിന്തകര്‍ പറഞ്ഞു: ന്യായമൂലം സ്വരാജ്യം സ്യാത്. സ്വതന്ത്രമായ സ്വയം ഭരണത്തിന്റെ അടിത്തട്ടില്‍ നീതിയാണ് എന്നര്‍ത്ഥം. നീതിയില്ലാതെ ഒരു രാജ്യത്തിന്റെ നിലനില്‍പ്പ് പോലും സാധ്യമല്ല.

സുഹൃത്തുക്കളെ,
'നീതി ലഭിക്കുന്നതിലുള്ള, അതിര്‍ത്തി കടന്നുള്ള വെല്ലുവിളികള്‍' എന്നതാണ് ഈ സമ്മേളനത്തിന്റെ വിഷയം. വളരെ ബന്ധിതമായ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇത് വളരെ പ്രസക്തമായ ഒരു വിഷയമാണ്. ചിലപ്പോള്‍, ഒരു രാജ്യത്ത് നീതി ഉറപ്പാക്കാന്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, നമുക്ക് പരസ്പരമുള്ള സംവിധാനങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയും. മികച്ച ധാരണ കൂടുതല്‍ സമന്വയം സാധ്യമാക്കുന്നു. കൂട്ടായ പ്രവര്‍ത്തനം മികച്ച നീതി  വേഗത്തില്‍ ലഭ്യമാക്കുന്നതു വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം വേദികളും സമ്മേളനങ്ങളും പ്രധാനമാണ്.

സുഹൃത്തുക്കളെ,
നമ്മുടെ സംവിധാനങ്ങള്‍ ഇതിനകം തന്നെ നിരവധി മേഖലകളില്‍ പരസ്പരം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന്, വ്യോമ ഗതാഗത നിയന്ത്രണവും നാവിക ഗതാഗതവും. അതുപോലെ, അന്വേഷണത്തിനും നീതി നിര്‍വഹണത്തിനും സഹകരണം വിപുലപ്പെടുത്തേണ്ടതുണ്ട്. പരസ്പരം അധികാരപരിധിയെ മാനിക്കുമ്പോഴും സഹകരണം ഉണ്ടാവാം. നാം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, നീതി നടപ്പാക്കാനുള്ള ഒരു ഉപകരണമായി അധികാരപരിധി മാറുന്നു, അത് വൈകിക്കരുത്.

സുഹൃത്തുക്കളെ,
സമീപകാലത്ത്, കുറ്റകൃത്യങ്ങളുടെ സ്വഭാവവും വ്യാപ്തിയും സമൂലമായ മാറ്റത്തിനു വിധേയമായി. വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും ക്രിമിനലുകള്‍ക്ക് വിപുലമായ ശൃംഖലയുണ്ട്. പണം ലഭിക്കാനും പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഒരു പ്രദേശത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മറ്റ് പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യാന്‍ ഉപയോഗിക്കുന്നു. ക്രിപ്റ്റോകറന്‍സിയുടെ വര്‍ദ്ധനവും സൈബര്‍ ഭീഷണികളും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ 20-ാം നൂറ്റാണ്ടിലെ സമീപനം കൊണ്ട് നേരിടാനാവില്ല. പുനര്‍വിചിന്തനവും പരിഷ്‌കരണവും ആവശ്യമാണ്. നീതി ലഭ്യമാക്കുന്ന നിയമസംവിധാനങ്ങള്‍ നവീകരിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. നമ്മുടെ സംവിധാനങ്ങളെ കൂടുതല്‍ അയവുള്ളതും അനുയോജ്യവുമാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

സുഹൃത്തുക്കളെ,
പരിഷ്‌കാരങ്ങളെക്കുറിച്ച് പറയുമ്പോള്‍, നീതിന്യായ വ്യവസ്ഥകളെ കൂടുതല്‍ പൗരകേന്ദ്രീകൃതമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നീതി ലഭ്യമാക്കുന്നത് എളുപ്പമാക്കുക ് എന്നത് നീതിന്യായ വിതരണത്തിന്റെ ഒരു സ്തംഭമാണ്. ഈ ഇടത്തില്‍ ഇന്ത്യക്ക് പങ്കുവെക്കാന്‍ ധാരാളം പഠനങ്ങളുണ്ട്. 2014ല്‍ പ്രധാനമന്ത്രിയാകാനുള്ള ഉത്തരവാദിത്തം നല്‍കി ഇന്ത്യയിലെ ജനങ്ങള്‍ എന്നെ അനുഗ്രഹിച്ചു. അതിനുമുമ്പ് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ സായാഹ്ന കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇത് ആളുകളെ അവരുടെ ജോലി സമയത്തിന് ശേഷം കോടതിയില്‍ ഹാജരാകാന്‍ സഹായിച്ചു. ഇത് നീതി ലഭ്യമാക്കുക മാത്രമല്ല, സമയവും പണവും ലാഭിക്കാനും സഹായകമായി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

സുഹൃത്തുക്കളെ,
ലോക് അദാലത്ത് എന്ന സവിശേഷമായ സങ്കല്‍പ്പവും ഇന്ത്യക്കുണ്ട്. അതിന്റെ അര്‍ത്ഥം ജനകീയ കോടതി എന്നാണ്. പൊതു ഉപയോഗത്തിനുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട ചെറിയ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള സംവിധാനം ഈ കോടതികള്‍ നല്‍കുന്നു. ഇത് വ്യവഹാരത്തിന് മുമ്പുള്ള പ്രക്രിയയാണ്. ഇത്തരം കോടതികള്‍ ആയിരക്കണക്കിന് കേസുകള്‍ പരിഹരിക്കുകയും എളുപ്പത്തിലുള്ള നീതി വിതരണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം സംരംഭങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ലോകമെമ്പാടും വലിയ മൂല്യമുണ്ടാകും.

സുഹൃത്തുക്കളെ,
നീതി നിര്‍വഹണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന ഉപകരണമാണ് നിയമ വിദ്യാഭ്യാസം. വിദ്യാഭ്യാസത്തില്‍ അഭിനിവേശവും തൊഴില്‍പരമായ കഴിവും യുവമനസ്സുകളില്‍ പരിചയപ്പെടുത്തപ്പെടുന്നു. ലോകമെമ്പാടും, എല്ലാ മേഖലകളിലേക്കും കൂടുതല്‍ സ്ത്രീകളെ എങ്ങനെ കൊണ്ടുവരാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതിനുള്ള ആദ്യപടി വിദ്യാഭ്യാസ തലത്തില്‍ ഓരോ മേഖലയും ഉള്‍പ്പെടുത്തുക എന്നതാണ്. നിയമവിദ്യാലയങ്ങളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അഭിഭാഷകവൃത്തിയിലുള്ള സ്ത്രീകളുടെ എണ്ണവും വര്‍ധിക്കും. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കു കൂടുതല്‍ സ്ത്രീകളെ നിയമവിദ്യാഭ്യാസത്തിലേക്ക് എങ്ങനെ കൊണ്ടുവരാം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ കൈമാറാം.

സുഹൃത്തുക്കളെ,
വൈവിധ്യമാര്‍ന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ള യുവ നിയമ മനസ്സുകളെ ലോകത്തിന് ആവശ്യമുണ്ട്. നിയമവിദ്യാഭ്യാസവും മാറുന്ന കാലത്തിനും സാങ്കേതിക വിദ്യകള്‍ക്കും അനുസൃതമായി മാറേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍, അന്വേഷണം, തെളിവുകള്‍ എന്നിവയിലെ ഏറ്റവും പുതിയ പ്രവണതകള്‍ മനസ്സിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സഹായകമാകും.

സുഹൃത്തുക്കളെ,
കൂടുതല്‍ അന്താരാഷ്ട്ര അനുഭവങ്ങളുള്ള യുവ നിയമ പ്രഫഷണലുകളെ സഹായിക്കേണ്ടതുണ്ട്. നമ്മുടെ ഏറ്റവും മികച്ച നിയമ സര്‍വകലാശാലകള്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള വിനിമയ പരിപാടികള്‍ ശക്തിപ്പെടുത്താന്‍ കഴിയും. ഉദാഹരണത്തിന്, ഫോറന്‍സിക് സയന്‍സിന് സമര്‍പ്പിച്ചിരിക്കുന്ന ലോകത്തിലെ ഏക സര്‍വ്വകലാശാല ഇന്ത്യയിലായിരിക്കാം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, നിയമരംഗത്തെ അധ്യാപകര്‍, ജഡ്ജിമാര്‍ എന്നിവര്‍ക്ക് ഹ്രസ്വകാല  കോഴ്സുകളെക്കുറിച്ച പഠിക്കാന്‍ ഈ സ്ഥാപനം സഹായകമാകും.  കൂടാതെ, നീതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ഉണ്ട്. അവിടങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാനായി വികസ്വര രാജ്യങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. അത്തരം സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് കണ്ടെത്താന്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ സഹായിക്കാനാകും. ഇത് നമ്മുടെ നിയമസംവിധാനങ്ങളെ അന്താരാഷ്ട്ര തലത്തിലുള്ള മികച്ച രീതികളില്‍ നിന്ന് പഠിക്കാന്‍ സഹായിക്കും.

സുഹൃത്തുക്കളെ,
കൊളോണിയല്‍ കാലം മുതല്‍ ഇന്ത്യയ്ക്ക് ഒരു നിയമവ്യവസ്ഥ പാരമ്പര്യമായി ലഭിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ അതില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തി. ഉദാഹരണത്തിന്, കൊളോണിയല്‍ കാലം മുതല്‍ക്കുള്ള, കാലഹരണപ്പെട്ട ആയിരക്കണക്കിന് നിയമങ്ങള്‍ ഇന്ത്യ ഇല്ലാതാക്കി. ഈ നിയമങ്ങളില്‍ ചിലത് ആളുകളെ ഉപദ്രവിക്കാനുള്ള ഉപകരണങ്ങളായി ഉപയോഗപ്പെടുത്താവുന്നതായിരുന്നു. ഇത് ജീവിത സൗകര്യവും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവും വര്‍ദ്ധിപ്പിച്ചു. നിലവിലെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി ഇന്ത്യയും നിയമങ്ങള്‍ നവീകരിക്കുകയാണ്. ഇപ്പോള്‍, 100 വര്‍ഷത്തിലേറെ പഴക്കമുള്ള കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം 3 പുതിയ നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടായിരിക്കുന്നു. നേരത്തെ, ശിക്ഷയിലും ശിക്ഷാനടപടികളിലും ആയിരുന്നു ശ്രദ്ധ. ഇപ്പോള്‍, നീതി ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാല്‍, പൗരന്മാര്‍ക്ക് ഭയത്തേക്കാള്‍ അനുഭവപ്പെടുന്നത് ഉറപ്പാണ്.

സുഹൃത്തുക്കളെ,
സാങ്കേതിക വിദ്യയ്ക്ക് നീതിന്യായ വ്യവസ്ഥകളിലും നല്ല സ്വാധീനം ചെലുത്താനാകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നതിനും ഗ്രാമീണര്‍ക്ക് സ്ഥലം സംബന്ധഇച്ച വ്യക്തമായ രേഖകള്‍ നല്‍കുന്നതിനും ഇന്ത്യ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. തര്‍ക്കങ്ങള്‍ കുറയുന്നു. വ്യവഹാരത്തിനുള്ള സാധ്യത കുറയുന്നു. നീതിന്യായ വ്യവസ്ഥയുടെ ഭാരം കുറയുകയും അത് കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഡിജിറ്റലൈസേഷന്‍ ഇന്ത്യയിലെ പല കോടതികളെയും ഓണ്‍ലൈനായി നടപടികള്‍ സ്വീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും നീതി ലഭ്യമാക്കാന്‍ ഇത് ആളുകളെ സഹായിച്ചു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ മറ്റു രാജ്യങ്ങളുമായി പങ്കുവെക്കുന്നതില്‍ ഇന്ത്യ സന്തോഷിക്കുന്നു. മറ്റ് രാജ്യങ്ങളിലെ സമാന സംരംഭങ്ങളെക്കുറിച്ച് പഠിക്കാന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,
നീതി നിര്‍വഹണത്തിലെ എല്ലാ വെല്ലുവിളികളും നേരിടാന്‍ കഴിയും. എന്നാല്‍ യാത്ര ആരംഭിക്കുന്നത് ഒരു പൊതു മൂല്യത്തില്‍ നിന്നാണ്. നീതിക്കുവേണ്ടിയുള്ള അഭിനിവേശം നാം പങ്കുവയ്ക്കണം. ഈ സമ്മേളനം ഈ മനോഭാവം ശക്തിപ്പെടുത്തട്ടെ. എല്ലാവര്‍ക്കും കൃത്യസമയത്ത് നീതി ലഭിക്കുകയും ആരും അവശേഷിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ലോകം നമുക്ക് കെട്ടിപ്പടുക്കാം.

നന്ദി.
 
NS


(Release ID: 2002422) Visitor Counter : 55