പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡെല്‍ഹിയില്‍ എന്‍സിസി, എന്‍എസ്എസ് കെഡറ്റുകളുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 24 JAN 2024 5:46PM by PIB Thiruvananthpuram

രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ജി, മന്ത്രിസഭയിലെ എന്റെ സഹമന്ത്രിമാര്‍, ഡിജി എന്‍സിസി, ഓഫീസര്‍മാര്‍, ബഹുമാനപ്പെട്ട അതിഥികള്‍, അധ്യാപകര്‍, എന്‍സിസിയിലെയും എന്‍എസ്എസിലെയും എന്റെ യുവസുഹൃത്തുക്കള്‍,

നിങ്ങള്‍ ഇപ്പോള്‍ ഇവിടെ അവതരിപ്പിച്ച സാംസ്‌കാരിക അവതരണം അഭിമാനബോധം ഉണര്‍ത്തുന്നതാണ്. റാണി ലക്ഷ്മിഭായിയുടെ ചരിത്രപരമായ വ്യക്തിത്വത്തിനും ചരിത്രത്തിലെ സംഭവങ്ങള്‍ക്കും ഏതാനും നിമിഷങ്ങള്‍കൊണ്ട് നിങ്ങള്‍ ജീവന്‍ നല്‍കി. ഈ സംഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്, എന്നാല്‍ നിങ്ങള്‍ അത് അവതരിപ്പിച്ച രീതി ശരിക്കും അതിശയകരമാണ്. നിങ്ങള്‍ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകാന്‍ പോകുന്നു. രണ്ട് കാരണങ്ങളാല്‍ ഇത്തവണ ആ ദിനം കൂടുതല്‍ സവിശേഷമാണ്. ഒന്നാമതായി, ഇത് 75-ാമത് റിപ്പബ്ലിക് ദിനമാണ്. രണ്ടാമതായി, റിപ്പബ്ലിക് ദിന പരേഡ് ആദ്യമായി രാജ്യത്തിന്റെ 'നാരീശക്തി'(സ്ത്രീ ശക്തി)ക്കായി സമര്‍പ്പിക്കപ്പെടുകയാണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ഒരുപാട് പെണ്‍മക്കളെയാണ് ഇന്ന് ഞാന്‍ കാണുന്നത്. നിങ്ങള്‍ തനിച്ചല്ല ഇവിടെ വന്നിരിക്കുന്നത്; നിങ്ങള്‍ എല്ലാവരും നിങ്ങളുടെ സംസ്ഥാനങ്ങളുടെ സുഗന്ധം, വിവിധ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും അനുഭവങ്ങള്‍, നിങ്ങളുടെ സമൂഹങ്ങളുടെ സമൃദ്ധമായ ചിന്തകള്‍ എന്നിവയുമായാണു നിങ്ങള്‍ എത്തിയിരിക്കുന്നത്. നിങ്ങളെ എല്ലാവരെയും കണ്ടുമുട്ടാന്‍ സാധിക്കുന്ന ഈ ദിവസവും സവിശേഷമാണ്. ഇന്ന് ദേശീയ പെണ്‍കുട്ടി ദിനമാണ്. പെണ്‍മക്കളുടെ ധൈര്യവും ഉത്സാഹവും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണ് ഇന്ന്. സമൂഹത്തെയും നാടിനെയും നന്നാക്കാനുള്ള കഴിവ് പെണ്‍മക്കള്‍ക്കുണ്ട്. ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍, ഭാരതത്തിന്റെ പുത്രിമാര്‍ അവരുടെ ധീരമായ ലക്ഷ്യങ്ങളും അര്‍പ്പണബോധവുംകൊണ്ട് നിരവധി വലിയ മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടിട്ടുണ്ട്. അല്‍പം മുമ്പ് നിങ്ങള്‍ കാഴ്ചവെച്ച അവതരണത്തില്‍ ഈ വികാരത്തിന്റെ ഒരു നേര്‍ക്കാഴ്ച ഉണ്ടായിരുന്നു.

എന്റെ പ്രിയ സുഹൃത്തുക്കളെ,
രാജ്യം ഇന്നലെ ഒരു സുപ്രധാന തീരുമാനമെടുത്തത് നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചിരിക്കണം. ജന നായകന്‍ കര്‍പൂരി താക്കൂര്‍ ജിക്ക് ഭാരതരത്നം നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടു. കര്‍പ്പൂരി ഠാക്കൂര്‍ ജിയെക്കുറിച്ച് അറിയേണ്ടതും അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്ന് ഇന്നത്തെ യുവജനങ്ങള്‍ പാഠം ഉള്‍ക്കൊള്ളേണ്ടതും  അത്യന്താപേക്ഷിതമാണ്. ജന നായകന്‍ കര്‍പ്പൂരി ഠാക്കൂറിനെ ഭാരതരത്ന നല്‍കി ആദരിക്കാന്‍ അവസരം ലഭിച്ചത് നമ്മുടെ ബിജെപി ഗവണ്‍മെന്റിന്റെ ഭാഗ്യമാണ്. കടുത്ത ദാരിദ്ര്യം, സാമൂഹിക അസമത്വം തുടങ്ങിയ വെല്ലുവിളികള്‍ നേരിട്ടിട്ടും അദ്ദേഹം ദേശീയ തലത്തില്‍ വലിയ ഉയരങ്ങളിലെത്തി. രണ്ടു തവണ ബിഹാര്‍ മുഖ്യമന്ത്രിയായി. ഇതൊക്കെയാണെങ്കിലും, അദ്ദേഹം തന്റെ എളിമ കൈവിടാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ചു. ജന നായകന്‍ കര്‍പൂരി ഠാക്കൂര്‍ എപ്പോഴും ലാളിത്യത്തിന് പേരുകേട്ട ആളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ സാമൂഹിക നീതിക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി സമര്‍പ്പിച്ചു. ഇന്നും അദ്ദേഹം സത്യസന്ധതയുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദരിദ്രരുടെ വേദന മനസ്സിലാക്കുക, അവരുടെ ആശങ്കകള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുക, ദരിദ്രരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുക, പാവപ്പെട്ട ഗുണഭോക്താക്കളില്‍ എത്താന്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര പോലുള്ള പ്രചരണങ്ങള്‍ നടത്തുക, സമൂഹത്തിലെ പിന്നാക്കക്കാര്‍ക്കും അങ്ങേയറ്റം പിന്നാക്കക്കാര്‍ക്കുമായി തുടര്‍ച്ചയായി പുതിയ പദ്ധതികള്‍ സൃഷ്ടിക്കുക തുടങ്ങി നമ്മുടെ ഗവണ്‍മെന്റിന്റെ ഈ സംരംഭങ്ങളിലെല്ലാം നിങ്ങള്‍ക്ക് കര്‍പ്പൂരി ബാബുവിന്റെ ചിന്തകളില്‍ നിന്നുള്ള പ്രചോദനം കാണാന്‍ കഴിയും. നിങ്ങള്‍ എല്ലാവരും അദ്ദേഹത്തെക്കുറിച്ച് വായിക്കുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും വേണം. ഇത് നിങ്ങളുടെ വ്യക്തിത്വത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തും.

എന്റെ പ്രിയ യുവ സുഹൃത്തുക്കളെ,
നിങ്ങളില്‍ പലരും ആദ്യമായാണ് ഡല്‍ഹി സന്ദര്‍ശിക്കുന്നത്. നിങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ആവേശഭരിതരാണ് എങ്കിലും നിങ്ങളില്‍ പലരും ആദ്യമായാണ് ഡല്‍ഹിയിലെ കൊടും തണുപ്പ് അനുഭവിക്കുന്നത് എന്ന് എനിക്കറിയാം. കാലാവസ്ഥയുടെ കാര്യത്തില്‍പ്പോലും നമ്മുടെ രാജ്യം വൈവിധ്യങ്ങളാല്‍ നിറഞ്ഞതാണ്. അതികഠിനമായ തണുപ്പിനും കനത്ത മൂടല്‍മഞ്ഞിനുമിടയില്‍, നിങ്ങള്‍ രാവും പകലും പരിശീലിക്കുകയും അതിശയകരമായ പ്രകടനം ഇവിടെ നടത്തുകയും ചെയ്തു. നിങ്ങള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍, റിപ്പബ്ലിക് ദിനത്തെക്കുറിച്ച് നിങ്ങള്‍ക്ക് പങ്കിടാന്‍ നിരവധി അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. വൈവിധ്യമാര്‍ന്ന നമ്മുടെ രാജ്യത്ത്, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര നമ്മുടെ ജീവിതത്തിലേക്ക് പുതിയ അനുഭവങ്ങള്‍ കൊണ്ടുവരുന്നു.

എന്റെ പ്രിയ സുഹൃത്തുക്കളെ,
നിങ്ങളുടെ തലമുറയെ 'ജെന്‍ സി' എന്ന് വിളിക്കാറുണ്ട്, എന്നാല്‍ ഞാന്‍ നിങ്ങളെ 'അമൃത തലമുറ'യായി കണക്കാക്കുന്നു. 'അമൃത  കാല'ത്തില്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഊര്‍ജം പകരുന്ന ആളുകളാണ് നിങ്ങള്‍. 2047-ഓടെ ഭാരതം ഒരു വികസിത രാഷ്ട്രമായി മാറാന്‍ തീരുമാനിച്ചുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അടുത്ത 25 വര്‍ഷം രാജ്യത്തിനും നിങ്ങളുടെ ഭാവിക്കും നിര്‍ണായകമാണ്. നിങ്ങളുടെ അമൃത് തലമുറയുടെ ഓരോ സ്വപ്നവും സാക്ഷാത്കരിക്കപ്പെടുന്നു എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത. അമൃത് തലമുറയ്ക്ക് അവസരങ്ങള്‍ ധാരാളമുണ്ട് എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത. അമൃത് തലമുറയുടെ പാതയില്‍ നിന്ന് എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത. നിങ്ങളുടെ പ്രകടനത്തില്‍ ഞാന്‍ നിരീക്ഷിച്ച അച്ചടക്കവും ഏകാഗ്രമായ മാനസികാവസ്ഥയും ഏകോപനവുമാണ് 'അമൃത് കാല'ത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള അടിത്തറ.

സുഹൃത്തുക്കളെ,
അമൃത കാലത്തിന്റെ ഈ യാത്രയില്‍, നിങ്ങള്‍ ഒരു കാര്യം എപ്പോഴും ഓര്‍ക്കണം: നിങ്ങള്‍ എന്ത് ചെയ്താലും അത് രാജ്യത്തിന് വേണ്ടി ചെയ്യണം. 'രാഷ്ട്രപ്രഥം', 'രാഷ്ട്രം ആദ്യം' എന്നതായിരിക്കണം നിങ്ങളുടെ മാര്‍ഗനിര്‍ദേശക തത്വം. നിങ്ങള്‍ എന്ത് ഏറ്റെടുത്താലും അത് രാജ്യത്തിന് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ആദ്യം ചിന്തിക്കുക. രണ്ടാമതായി, നിങ്ങളുടെ ജീവിതത്തിലെ പരാജയങ്ങളില്‍ ഒരിക്കലും നിരാശപ്പെടരുത്. ഇനി നമ്മുടെ ചന്ദ്രയാന്‍ നോക്കൂ; അതിന് ആദ്യം ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി എത്തി ഞങ്ങള്‍ ഒരു റെക്കോര്‍ഡ് സ്ഥാപിച്ചു. അതിനാല്‍, അത് വിജയമായാലും തോല്‍വിയായാലും, നിങ്ങള്‍ സ്ഥിരോത്സാഹം നിലനിര്‍ത്തണം. നമ്മുടെ രാജ്യം വിശാലമാണ്, പക്ഷേ അത് വിജയകരമാക്കുന്നത് ചെറിയ പരിശ്രമങ്ങളാണ്. ഓരോ ചെറിയ പരിശ്രമവും പ്രധാനമാണ്; ഓരോ സംഭാവനയും പ്രധാനമാണ്.

എന്റെ യുവ സുഹൃത്തുക്കളെ,
നിങ്ങളാണ് എന്റെ മുന്‍ഗണന. ലോകത്തെ നയിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. ഞാന്‍ ചെങ്കോട്ടയില്‍നിന്ന് പറഞ്ഞിരുന്നു, 'ഇതാണ് സമയം, ശരിയായ സമയം' എന്ന്. ഇത് നിങ്ങളുടെ സമയമാണ്. ഈ സമയം നിങ്ങളുടെ ഭാവിയും രാജ്യത്തിന്റെ ഭാവിയും നിര്‍ണ്ണയിക്കും. 'വികസിത് ഭാരത്' എന്ന ലക്ഷ്യം കൈവരിക്കാന്‍ നിങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാരതത്തിന്റെ ബുദ്ധിക്ക് ലോകത്തെ പുതിയ ദിശകളിലേക്ക് നയിക്കാന്‍ സാധിക്കണമെങ്കില്‍ നിങ്ങളുടെ അറിവ് വികസിപ്പിക്കേണ്ടതുണ്ട്. ലോകത്തിന്റെ വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ ഭാരതത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഗവണ്‍മെന്റ് യുവസുഹൃത്തുക്കളുമായി കൈകോര്‍ത്ത് മുന്നേറുകയാണ്. ഇന്ന് നിങ്ങള്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. വിവിധ മേഖലകളില്‍ ഇന്ന് നിങ്ങള്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ബഹിരാകാശ മേഖലയില്‍ നിങ്ങള്‍ക്ക് മുന്നേറാന്‍ പുതിയ പാതകള്‍ ഒരുങ്ങുകയാണ്. നിങ്ങള്‍ക്കായി 'ബിസിനസ് ചെയ്യുന്നതു സുഗമമാക്കല്‍' സംരംഭത്തിന് ശക്തമായ ഊന്നല്‍ നല്‍കുന്നു. പ്രതിരോധ മേഖലയില്‍ സ്വകാര്യ മേഖലയ്ക്ക് ഇടം സൃഷ്ടിക്കുകയാണ്. നിങ്ങള്‍ക്കായി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിച്ചു.

21-ാം നൂറ്റാണ്ടില്‍ ഏതു തരത്തിലുള്ള ആധുനിക വിദ്യാഭ്യാസമാണ് വേണ്ടത് എന്നതിലാണു ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം നമ്മള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്ന്, നിങ്ങളുടെ മാതൃഭാഷയില്‍ ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരമുണ്ട്. ഇന്ന്, നിങ്ങള്‍ക്ക് ഏതെങ്കിലും ധാരയോ വിഷയമോ ആയി ബന്ധിക്കപ്പെട്ടു പഠിക്കേണ്ട ബാധ്യതയില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് വിഷയവും എപ്പോള്‍ വേണമെങ്കിലും പഠിക്കാം. നിങ്ങള്‍ എല്ലാവരും ഗവേഷണവും നൂതനാശയവുമായി കൂടുതല്‍ ബന്ധം പുലര്‍ത്തേണ്ടതുണ്ട്. അടല്‍ ടിങ്കറിങ് ലാബുകള്‍ സര്‍ഗ്ഗാത്മകതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. സൈന്യത്തില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കായി ഗവണ്‍മെന്റ് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോള്‍, പെണ്‍കുട്ടികള്‍ക്കും  സൈനിക സ്‌കൂളുകളില്‍ ചേരാം. പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം. നിങ്ങളുടെ പരിശ്രമം, നിങ്ങളുടെ കാഴ്ചപ്പാട്, നിങ്ങളുടെ കഴിവുകള്‍ എന്നിവ ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കും.

സുഹൃത്തുക്കളെ,
നിങ്ങളെല്ലാവരും സന്നദ്ധപ്രവര്‍ത്തകരാണ്, നിങ്ങളുടെ ഊര്‍ജ്ജം ശരിയായ ദിശയിലേക്കു തിരിച്ചുവിടുന്നതു കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ ഇത് കുറച്ചുകാണരുത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. അച്ചടക്ക ബോധം ഉള്ളതും നാട്ടില്‍ പലയിടത്തും യാത്ര ചെയ്തിട്ടുള്ളതും വിവിധ പ്രദേശങ്ങളിലെ സുഹൃത്തുക്കളുള്ളതും വ്യത്യസ്ത ഭാഷകള്‍ അറിയാവുന്നതുമൊക്കെ ഒരാളുടെ വ്യക്തിത്വത്തിന് സ്വാഭാവികമായ ഒരു ചാരുത നല്‍കുന്നു. നിങ്ങള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ട മറ്റൊരു കാര്യം ഫിറ്റ്‌നസ് ആണ്. നിങ്ങളെല്ലാവരും ഫിറ്റാണെന്ന് എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഫിറ്റ്‌നസായിരിക്കണം നിങ്ങളുടെ പ്രഥമ പരിഗണന. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ അച്ചടക്കം നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രചോദനം ചിലപ്പോള്‍ കുറവായിരിക്കാം; അച്ചടക്കമാണ് നിങ്ങളെ ശരിയായ പാതയില്‍ നിലനിര്‍ത്തുന്നത്. നിങ്ങള്‍ അച്ചടക്കത്തെ പ്രചോദനമാക്കി മാറ്റുകയാണെങ്കില്‍ എല്ലാ മേഖലയിലും വിജയം ഉറപ്പാണ്.

സുഹൃത്തുക്കളെ,
ഞാനും എന്‍സിസിയുടെ ഭാഗമായിരുന്നു. എന്‍സിസിയില്‍ക്കൂടിയുമാണ് ഞാന്‍ ഉയര്‍ന്നുവന്നത്. അതേ വഴിയിലൂടെയാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നത്. എന്‍സിസി, എന്‍എസ്എസ്, അല്ലെങ്കില്‍ സാംസ്‌കാരിക ക്യാമ്പുകള്‍ പോലുള്ള സംഘടനകള്‍ യുവാക്കളെ സാമൂഹികവും പൗരപരവുമായ കടമകളെക്കുറിച്ച് ബോധവാന്മാരാക്കുന്നുവെന്ന് എനിക്കറിയാം. ഇതിന്റെ ഭാഗമായി രാജ്യത്ത് മറ്റൊരു സംഘടനകൂടി നിലവില്‍ വന്നിട്ടുണ്ട്. 'എന്റെ യുവഭാരതം' എന്നാണ് ഈ സംഘടനയുടെ പേര്. 'മൈ ഭാരത്' സന്നദ്ധപ്രവര്‍ത്തകരായി സ്വയം രജിസ്റ്റര്‍ ചെയ്യാനും 'മൈ ഭാരത്' വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,
റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പരേഡില്‍ പങ്കെടുക്കുന്നതിനു പുറമേ, നിങ്ങള്‍ നിരവധി ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും നിരവധി വിദഗ്ധരെ കാണുകയും ചെയ്യും. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കുന്ന ഒരു അനുഭവമായിരിക്കും അത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിന പരേഡ് കാണുമ്പോള്‍ ഈ ദിനവും നിങ്ങളുമായി ഞാന്‍ നടത്തിയ സംഭാഷണവും നിങ്ങള്‍ ഓര്‍ക്കും. അതിനാല്‍, എനിക്ക് ഒരു ഉപകാരം ചെയ്യൂ. നിങ്ങള്‍ ഇത് ചെയ്യുമോ? കൈ ഉയര്‍ത്തി എന്നെ അറിയിക്കുമോ? പെണ്‍മക്കളുടെ ശബ്ദം ശക്തമാണ്; ആണ്‍മക്കളുടെ ശബ്ദം കുറവാണ്. നിങ്ങള്‍ അത് ചെയ്യുമോ? ഇപ്പോള്‍ ശരിയായി. നിങ്ങളുടെ അനുഭവം എവിടെയെങ്കിലും എഴുതുമെന്ന് ഉറപ്പാക്കുക; ഒരുപക്ഷേ ഒരു ഡയറിയില്‍. രണ്ടാമതായി, റിപ്പബ്ലിക് ദിനത്തില്‍ നിന്ന് നിങ്ങള്‍ പഠിച്ച നമോ ആപ്പില്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് എനിക്ക് അയയ്ക്കുക. അയച്ചുതരുമോ? ശബ്ദം കുറഞ്ഞു. ഇന്നത്തെ യുവാക്കള്‍ക്ക് നമോ ആപ്പിലൂടെ എന്നോട് തുടര്‍ച്ചയായി ബന്ധപ്പെടാന്‍ കഴിയും. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ സൂക്ഷിക്കുമ്പോള്‍, 'ഞാന്‍ നരേന്ദ്ര മോദിയെ പോക്കറ്റില്‍ വഹിക്കുന്നു' എന്ന് നിങ്ങള്‍ക്ക് ലോകത്തോട് പറയാന്‍ കഴിയും.

എന്റെ യുവ സുഹൃത്തുക്കളെ,
നിങ്ങളുടെ കഴിവുകളില്‍ എനിക്ക് വിശ്വാസമുണ്ട്, ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു. നന്നായി പഠിക്കുക, ഉത്തരവാദിത്തമുള്ള പൗരനാകുക, പരിസ്ഥിതി സംരക്ഷിക്കുക, ദുശ്ശീലങ്ങള്‍ ഒഴിവാക്കുക, നിങ്ങളുടെ പൈതൃകത്തിലും സംസ്‌കാരത്തിലും അഭിമാനിക്കുക. രാജ്യത്തിന്റെ അനുഗ്രഹങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. പരേഡില്‍ നിങ്ങള്‍ എല്ലാവരുടെയും മനസ്സിനെ ജയിക്കുകയും എല്ലാവരുടെയും ഹൃദയം കീഴടക്കുകയും ചെയ്യട്ടെ. ഇതാണ് എന്റെ ആഗ്രഹം. എല്ലാവര്‍ക്കും വളരെ നന്ദി. എന്നോടൊപ്പം കൈകള്‍ ഉയര്‍ത്തി ഒരുമിച്ച് പറയുക:

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

നന്നായി പറഞ്ഞു!

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.

 

NS

 



(Release ID: 2000398) Visitor Counter : 38