മന്ത്രിസഭ

ഇന്ത്യയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കും തമ്മില്‍ സംയുക്ത സാമ്പത്തിക വാണിജ്യ സമിതി രൂപീകരിക്കുന്നതിനുള്ള പ്രോട്ടോക്കോളിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

Posted On: 24 JAN 2024 6:01PM by PIB Thiruvananthpuram

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ വാണിജ്യ വകുപ്പും വാണിജ്യ വ്യവസായ മന്ത്രാലയവും, ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രാലയവും തമ്മില്‍ സംയുക്ത സാമ്പത്തിക, വ്യാപാര സമിതി (ജെറ്റ്‌കോ) സ്ഥാപിക്കുന്നതിനായി പ്രോട്ടോക്കോള്‍ ഒപ്പിടുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 

ഇന്ത്യയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എക്കാലത്തും സൗഹൃദപരമായിരുന്നു. ഇത് വരുംകാലത്തും എല്ലാ മേഖലകളിലും ആഴത്തില്‍ തുടരുകയും ചെയ്യും. നിലവില്‍ ഇന്ത്യയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കും തമ്മില്‍ വ്യാപാര-വാണിജ്യ വിഷയങ്ങളില്‍ ഉഭയകക്ഷി സംവിധാനങ്ങളൊന്നുമില്ല. ഇന്ത്യ പ്രാഥമികമായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുകയും ഫാര്‍മസ്യൂട്ടിക്കല്‍സ്, സമുദ്രോത്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ മുതലായവ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

ജെറ്റ്കോ സ്ഥാപിതമാകുന്നതോടെ ഇന്ത്യയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുകയും സുപ്രധാന പങ്ക് വഹിക്കുന്ന ചര്‍ച്ചകള്‍, വിവരങ്ങള്‍, അറിവ്, ആശയങ്ങള്‍ എന്നിവയുടെ കൈമാറ്റത്തിന് ഒരു വേദി പ്രദാനം ചെയ്യുകയും ചെയ്യും. വിശാലമായ ലാറ്റിനമേരിക്കന്‍, കരീബിയന്‍ വിപണികളിലേക്കുള്ള ഒരു ഫലപ്രദമായ ഗേറ്റ്‌വേയായി പ്രോട്ടോക്കോള്‍ വര്‍ത്തിക്കും.

വിവിധ അധികാരികളും അവരുടെ സഹപ്രവര്‍ത്തകരും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു വേദി സംയുക്ത സമിതി ഒരുക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം സുഗമമാക്കുന്നതിനും തല്‍ഫലമായി ഇരു രാജ്യങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും ഇത് സഹായിക്കും.

ജെറ്റ്കോയുടെ സ്ഥാപനം പരസ്പര സംഭാഷണത്തിലൂടെയുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലെ വെല്ലുവിളികള്‍ ലഘൂകരിക്കാനും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ്, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ആത്മനിര്‍ഭര്‍ ഭാരതത്തിന് കൂടുതല്‍ വിദേശ നാണ്യ നേട്ടത്തിനും വഴിയൊരുക്കും.

--NK--



(Release ID: 1999296) Visitor Counter : 55