പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയില്‍ മതിപ്പുളവാക്കി വനിതാ അവബോധ പ്രചാരണത്തില്‍ വ്യാപൃതയായ ദുംഗര്‍പൂര്‍ വനിതാ സംരംഭക


ദുംഗര്‍പൂരിലെ ഒരു ചെറിയ ഗ്രാമത്തില്‍ എന്റെ അമ്മമാരും സഹോദരിമാരവും വളരെ സന്തോഷമായിരിക്കുന്നതിലും എന്നെ അനുഗ്രഹിക്കുന്നതിലും ഞാന്‍ ആഹ്ലാദിക്കുന്നു: പ്രധാനമന്ത്രി

Posted On: 18 JAN 2024 3:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഗ്രാമീണ ആജീവിക മിഷനു കീഴില്‍ സ്വയം തൊഴില്‍ ചെയ്യുന്ന രാജസ്ഥാനിലെ ദുംഗര്‍പൂരിലുള്ള ശ്രീമതി മംമ്ത ദിന്‍ധോറുമായി പ്രധാനമന്ത്രി സംവദിച്ചു. ഒരു സ്വയം സഹായ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അവര്‍ക്ക് ഗുജറാത്തി ഭാഷയും നന്നായി അറിയാമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 5 പേരടങ്ങുന്ന ഒരു കൂട്ടുകുടുംബത്തില്‍ നിന്നുള്ള മംമ്ത ദിൻധോർ 150 ഗ്രൂപ്പുകളിലായി 7500 സ്ത്രീകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്ന അവർ, സ്ത്രീകൾക്ക് പരിശീലനവും ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനുള്ള സഹായവും നല്‍കുന്നു.

കിണര്‍ കുഴിക്കുന്നതിനായി മംമ്തയും സ്വയം വായ്പയെടുത്തിട്ടുണ്ട്. പച്ചക്കറി കൃഷി ചെയ്യുന്ന മംമ്ത, ഒപ്പം ഒരു പച്ചക്കറി കടയും ആരംഭിച്ചു. ഒരു തൊഴില്‍ ദാതാവു കൂടിയാണവർ. ഉറപ്പുള്ള വീട് എന്ന തൻ്റെ സ്വപ്നം പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പൂര്‍ത്തീകരിച്ചതായി ശ്രീമതി മമത അറിയിച്ചു. തനിക്ക് ലഭിച്ച തുകയും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനുള്ള സുഗമമായ അഴിമതി രഹിത പ്രക്രിയയും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. മോദിയുടെ ഗ്യാരൻ്റിയുടെ വാഹനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതില്‍ മുൻനിരയിൽത്തന്നെയുണ്ട് അവര്‍. പദ്ധതികൾക്കായി അപേക്ഷിക്കണമെന്നും അതുവഴി പ്രയോജനം ലഭിക്കുമെന്നും അവര്‍ ജനങ്ങളോട് പറയുന്നു.

ആധുനിക ലോകത്തെക്കുറിച്ചുള്ള മംമ്തയുടെ അവബോധത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. കൂടാതെ, അവരുടെ സംഘത്തിലെ സ്ത്രീകള്‍ പശ്ചാത്തലത്തില്‍ ചെയ്യുന്ന വീഡിയോ റെക്കോര്‍ഡിംഗ് ശ്രദ്ധിക്കുകയും ചടങ്ങില്‍ സന്നിഹിതരായ വനിതാ സംരംഭകരുമായി സംസാരിക്കുകയും ചെയ്തു. 'ദുംഗര്‍പൂരിലെ ഒരു ചെറിയ ഗ്രാമത്തില്‍ എന്റെ അമ്മമാരും സഹോദരിമാരും വളരെ സന്തോഷവതികളായിരിക്കുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്യുന്നതിൽ ഞാന്‍ ആഹ്ലാദിക്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു. മറ്റ് സ്ത്രീകളെ ഒപ്പം ചേർത്തു നിർത്താനുള്ള മംമ്തയുടെ പരിശ്രമത്തെയും ശ്രീ മോദി പ്രശംസിച്ചു. കഴിഞ്ഞ 9 വര്‍ഷമായി സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീശാക്തീകരണത്തിനുള്ള ശ്രമമാണ് ഗവണ്‍മെന്റ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2 കോടി ലാഖ്പതി ദീദികളെ സൃഷ്ടിക്കാനുള്ള പദ്ധതി അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ഈ പദ്ധതിയില്‍ മംമ്തയെപ്പോലുള്ളവരുടെ സ്വയം സഹായ ഗ്രൂപ്പുകളുടെ പങ്ക് ഊന്നിപ്പറയുകയും ചെയ്തു.

--SK--



(Release ID: 1997568) Visitor Counter : 47