പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജനുവരി 19 ന് പ്രധാനമന്ത്രി മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും


ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

നവീകരിച്ച ഡിഡി പൊധിഗൈ ചാനല്‍ ഡിഡി തമിഴ് എന്ന പേരില്‍ പ്രധാനമന്ത്രി ലോഞ്ച് ചെയ്യും; രാജ്യത്തെ പ്രക്ഷേപണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 250 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും തുടക്കമിടുകയും ചെയ്യും

ബംഗളൂരുവിലെ പുതിയ അത്യാധുനിക ബോയിംഗ് ഇന്ത്യ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബോയിംഗിന്റെ അമേരിക്കക്ക് പുറത്തുള്ള ഇത്തരത്തിലെ ഏറ്റവും വലിയ നിക്ഷേപം

മഹാരാഷ്ട്രയില്‍ ഏകദേശം 2000 കോടിയോളം വരുന്ന 8 അമൃത് പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും

Posted On: 17 JAN 2024 8:05PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 19 ന് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 10:45 ന്, മഹാരാഷ്ട്രയിലെ സോലാപൂരില്‍ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഉച്ചക്ക് ഏകദേശം 2:45 ന് പ്രധാനമന്ത്രി കര്‍ണാടകയിലെ ബെംഗളൂരുവില്‍ ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് & ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനവും ബോയിംഗ് സുകന്യ പ്രോഗ്രാമിന്റെ സമാരംഭവും നിര്‍വഹിക്കും. അതിനുശേഷം, വൈകുന്നേരം 6 മണിക്ക് തമിഴ്നാട്ടിലെ ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

പ്രധാനമന്ത്രി സോലാപൂരില്‍

മഹാരാഷ്ട്രയിലെ സോലാപൂരിലെ ഒരു പൊതുപരിപാടിയില്‍, പ്രധാനമന്ത്രി 2000 കോടിയോളം മുതല്‍മുടക്കില്‍ 8 അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍) പദ്ധതികളുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കുും. 

മഹാരാഷ്ട്രയില്‍ പിഎംഎവൈ-അര്‍ബന് കീഴില്‍ പൂര്‍ത്തിയാക്കിയ 90,000-ത്തിലധികം വീടുകളും,  സോലാപൂരിലെ റായ്‌നഗര്‍ ഹൗസിംഗ് സൊസൈറ്റിയുടെ 15,000 വീടുകളും പ്രധാനമന്ത്രി സമര്‍പ്പിക്കും. അതിന്റെ ഗുണഭോക്താക്കളില്‍ ആയിരക്കണക്കിന് കൈത്തറി തൊഴിലാളികള്‍, വെണ്ടര്‍മാര്‍, പവര്‍ ലൂം തൊഴിലാളികള്‍, റാഗ് പിക്കര്‍മാര്‍, ബീഡി തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

കൂടാതെ, മഹാരാഷ്ട്രയിലെ PM-SVANIDHI യുടെ 10,000 ഗുണഭോക്താക്കള്‍ക്കുള്ള ഒന്നും രണ്ടും ഗഡുക്കളുടെ വിതരണവും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

പ്രധാനമന്ത്രി ബെംഗളൂരുവില്‍

ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിംഗ് ഇന്ത്യ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി സെന്റര്‍ (ബിഐഇടിസി) കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 43 ഏക്കര്‍ കാമ്പസ് 1600 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. യുഎസ്എയ്ക്ക് പുറത്തുള്ള ബോയിംഗിന്റെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യയിലെ ബോയിങ്ങിന്റെ പുതിയ കാമ്പസ്, ഇന്ത്യയിലെ ഊർജസ്വലമായ സ്റ്റാർട്ടപ്പ്, സ്വകാര്യ, സർക്കാർ ഇക്കോസിസ്റ്റം എന്നിവയുമായുള്ള പങ്കാളിത്തത്തിനുള്ള പ്രധാന കേന്ദ്രമായി മാറുകയും ആഗോള എയ്‌റോസ്‌പേസ്, പ്രതിരോധ വ്യവസായത്തിനായുള്ള ഭാവി ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

രാജ്യത്തെ വളര്‍ന്നുവരുന്ന വ്യോമയാന മേഖലയിലേക്ക് ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കൂടുതല്‍ പെണ്‍കുട്ടികളുടെ പ്രവേശനത്തെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബോയിംഗ് സുകന്യ പ്രോഗ്രാമും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്ര  (STEM) മേഖലകളില്‍ നിര്‍ണായക വൈദഗ്ധ്യം ആര്‍ജ്ജിക്കുവാനും വ്യോമയാന മേഖലയിലെ ജോലികള്‍ക്കായി പരിശീലനം നേടുവാനും ഈ പ്രോഗ്രാം അവസരമൊരുക്കും. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്കായി, STEM കരിയറില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതിന് 150 നിശ്ചിത സ്ഥലങ്ങളില്‍ പ്രോഗ്രാം STEM ലാബുകള്‍ സൃഷ്ടിക്കും. പൈലറ്റുമാരാകാന്‍ പരിശീലനം നേടുന്ന സ്ത്രീകള്‍ക്ക് സ്‌കോളര്‍ഷിപ്പും പദ്ധതിയിലൂടെ നല്‍കും.

2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പ്രധാനമന്ത്രി

അടിസ്ഥാന കായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ന്നുവരുന്ന കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് തുടക്കമിട്ടത്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. ദക്ഷിണേന്ത്യയില്‍ ഇതാദ്യമായാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നത്. 2024 ജനുവരി 19 മുതല്‍ 31 വരെ തമിഴ്നാട്ടിലെ ചെന്നൈ, മധുരൈ, ട്രിച്ചി, കോയമ്പത്തൂര്‍ എന്നീ നാല് നഗരങ്ങളിലായാണ് ഗെയിംസ് നടക്കുന്നത്.

ഗെയിംസിന്റെ ഭാഗ്യചിഹ്നം വീര മംഗൈ ആണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരെ യുദ്ധം ചെയ്ത ഒരു ഇന്ത്യന്‍ രാജ്ഞിയാണ് വീര മംഗൈ എന്ന് വിളിക്കപ്പെടുന്ന റാണി വേലു നാച്ചിയാര്‍. ഈ ഭാഗ്യചിഹ്നം ഇന്ത്യന്‍ സ്ത്രീകളുടെ വീരത്തിന്റെയും ചൈതന്യത്തിന്റെയും പ്രതീകമാണ്. കവി തിരുവള്ളുവരുടെ രൂപം ഉള്‍പ്പെടുത്തിയ ലോഗോയാണ് ഗെയിംസിനുളളത്.

15 വേദികളില്‍ 13 ദിവസങ്ങളിലായി 26 കായിക ഇനങ്ങളും 275-ലധികം മത്സര ഇനങ്ങളും 1 ഡെമോ സ്പോര്‍ട്സുമുള്ള ഗെയിംസിന്റെ ഈ പതിപ്പില്‍ 5600-ലധികം അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. 26 കായിക ഇനങ്ങള്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ പരമ്പരാഗത കായിക ഇനങ്ങളുടെയും കളരിപ്പയറ്റ്, ഗട്ക, താങ്ട, കബഡി, യോഗാസനം തുടങ്ങിയ പരമ്പരാഗത കായിക ഇനങ്ങളുടെയും വൈവിധ്യമാര്‍ന്ന മിശ്രിതമാണ്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി തമിഴ്നാടിന്റെ പരമ്പരാഗത കായിക ഇനമായ സിലംബം ഒരു ഡെമോ കായിക ഇനമായി അവതരിപ്പിക്കുന്നു.

പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട 250 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. നവീകരിച്ച ഡിഡി പൊതിഗൈ ചാനല്‍ ഡിഡി തമിഴായി സമാരംഭിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു; 8 സംസ്ഥാനങ്ങളിലായി 12 ആകാശവാണി എഫ്എം പദ്ധതികള്‍; കൂടാതെ ജമ്മു കശ്മീരിലെ 4 ഡിഡി ട്രാന്‍സ്മിറ്ററുകളും. കൂടാതെ, 12 സംസ്ഥാനങ്ങളിലായി 26 പുതിയ എഫ്എം ട്രാന്‍സ്മിറ്റര്‍ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും.

 

NK



(Release ID: 1997206) Visitor Counter : 131