പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജനുവരി 16നും 17നും ആന്ധ്രാപ്രദേശും കേരളവും സന്ദർശിക്കും
ഇന്ത്യയുടെ തുറമുഖങ്ങൾ, കപ്പൽവ്യാപാരം, ജലപാതകൾ എന്നീ മേഖലകൾ പരിവർത്തനം ചെയ്യുന്നതിന്റെ ഭാഗമായി കൊച്ചിയിൽ 4000 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സിഎസ്എൽ) പുതിയ ‘ഡ്രൈ ഡോക്കും’ കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള അന്താരാഷ്ട്ര കേന്ദ്രവും (ഐഎസ്ആർഎഫ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി, വലിയ വ്യാപാരക്കപ്പലുകൾ സിഎസ്‌എല്ലിൽ ഡോക്കിങ് ചെയ്യാൻ പുതിയ ‘ഡ്രൈ ഡോക്ക്’ സഹായിക്കും
കൊച്ചി പുതുവൈപ്പിനിൽ ഐഒസിഎല്ലിന്റെ എൽപിജി ഇറക്കുമതി ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ആന്ധ്രാപ്രദേശിലെ വീർഭദ്ര ക്ഷേത്രത്തിൽ പ്രധാനമന്ത്രി പൂജയും ദർശനവും നടത്തും
ഗുരുവായൂർ ക്ഷേത്രത്തിലും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി പൂജയും ദർശനവും നടത്തും
ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തിൽ കസ്റ്റംസ് - പരോക്ഷനികുതി – നർക്കോട്ടിക്സ് ദേശീയ അക്കാദമിയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Posted On:
14 JAN 2024 8:35PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 16നും 17നും ആന്ധ്രപ്രദേശും കേരളവും സന്ദർശിക്കും.
ജനുവരി 16 ന് ഉച്ചയ്ക്ക് 1:30 ന് പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലെ ലെപ്കാശിയിലുള്ള വീർഭദ്ര ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. ഉച്ചകഴിഞ്ഞ് 3.30നു പ്രധാനമന്ത്രി ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തിൽ കസ്റ്റംസ് - പരോക്ഷനികുതി - നർക്കോട്ടിക്സ് ദേശീയ അക്കാദമിയുടെ (National Academy of Customs, Indirect Taxes & Narcotics - NACIN) പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ റവന്യൂ സർവീസിലെ (കസ്റ്റംസ് - പരോക്ഷനികുതി) 74, 75 ബാച്ചുകളിലെ ഓഫീസർ ട്രെയിനികളുമായും ഭൂട്ടാനിലെ റോയൽ സിവിൽ സർവീസിലെ ഓഫീസർ ട്രെയിനികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
ജനുവരി 17നു രാവിലെ 7.30നു പ്രധാനമന്ത്രി കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലും 10.30നു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പൂജയും ദർശനവും നടത്തും. അതിനുശേഷം, തുറമുഖങ്ങൾ, കപ്പൽവ്യാപാരം, ജലപാത എന്നീ മേഖലകളുമായി ബന്ധപ്പെട്ട സുപ്രധാന അടിസ്ഥാനസൗകര്യപദ്ധതികളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12നു പ്രധാനമന്ത്രി നിർവഹിക്കും.
തുറമുഖ – കപ്പൽവ്യാപാര - ജലപാതാ മേഖലകൾക്ക് വലിയ ഉത്തേജനം
കൊച്ചി സന്ദർശനവേളയിൽ പ്രധാനമന്ത്രി, 4000 കോടിയിലധികം രൂപ മൂല്യമുള്ള മൂന്നു പ്രധാന അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ (സിഎസ്എൽ) പുതിയ ഡ്രൈ ഡോക്ക് (എൻഡിഡി); കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള സിഎസ്എലിന്റെ അന്താരാഷ്ട്ര കേന്ദ്രം (International Ship Repair Facility - ISRF); കൊച്ചി പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്ത്യയുടെ തുറമുഖ – കപ്പൽവ്യാപാര - ജലപാതാ മേഖലകളെ പരിവർത്തനം ചെയ്യാനും കാര്യശേഷിയും സ്വയംപര്യാപ്തതയും വളർത്തിയെടുക്കാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ.
കൊച്ചിയിൽ സിഎസ്എല്ലിന്റെ നിലവിലെ സ്ഥലത്ത് ഏകദേശം 1800 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഡ്രൈ ഡോക്ക്, നവഇന്ത്യയുടെ എൻജിനിയറിങ് വൈദഗ്ധ്യം പ്രതിഫലിപ്പിക്കുന്ന പ്രധാന പദ്ധതിയാണ്. 75/60 മീറ്റർ വീതിയും 13 മീറ്റർ ആഴവും കപ്പൽതാഴുന്നതിന് 9.5 മീറ്റർ വരെ ആഴവുമുള്ള 310 മീറ്റർ നീളമുള്ള സ്റ്റെപ്പ്ഡ് ഡ്രൈ ഡോക്ക് ഈ മേഖലയിലെ ഏറ്റവും വലിയ സമുദ്ര അടിസ്ഥാനസൗകര്യങ്ങളിൽ ഒന്നാണ്. പുതിയ ഡ്രൈ ഡോക്ക് പദ്ധതിയിൽ കരുത്തുറ്റ ഗ്രൗണ്ട് ലോഡിങ് സൗകര്യമുണ്ട്. ഇതു ഭാവിയിൽ 70,000T വരെയുള്ള വിമാനവാഹിനിക്കപ്പലുകളും വലിയ വാണിജ്യക്കപ്പലുകളും പോലുള്ള തന്ത്രപ്രധാനമായ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനുള്ള വിപുലമായ കഴിവുകൾ ഇന്ത്യക്കു സമ്മാനിക്കും. അതിലൂടെ അടിയന്തര ദേശീയ ആവശ്യങ്ങൾക്കായി ഇന്ത്യ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.
ഏകദേശം 970 കോടി രൂപ ചെലവിൽ നിർമ്മിച്ച കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള അന്താരാഷ്ട്ര കേന്ദ്രം (ഐഎസ്ആർഎഫ്) പദ്ധതി തനതു സവിശേഷതകളുള്ള ഒന്നാണ്. 6000T ശേഷിയുള്ള ഷിപ്പ് ലിഫ്റ്റ് സംവിധാനം, ട്രാൻസ്ഫർ സംവിധാനം, ആറു പ്രവർത്തനനിലയങ്ങൾ, 130 മീറ്റർ നീളമുള്ള 7 കപ്പലുകളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന 1400 മീറ്ററോളമുള്ള ബെർത്ത് എന്നിവ ഇവിടെയുണ്ട്. സിഎസ്എലിന്റെ കപ്പൽ അറ്റകുറ്റപ്പണിശേഷി നവീകരിക്കാനും വികസിപ്പിക്കാനും ഐഎസ്ആർഎഫിനു കഴിയും. കൊച്ചിയെ കപ്പൽ അറ്റകുറ്റപ്പണികളുടെ ആഗോളകേന്ദ്രമാക്കി മാറ്റുന്നതിനുള്ള ചുവടുവയ്പാകും ഇത്.
കൊച്ചി പുതുവൈപ്പിനിൽ 1236 കോടി രൂപ ചെലവിൽ നിർമിച്ച ഇന്ത്യൻ ഓയിലിന്റെ എൽപിജി ഇറക്കുമതി ടെർമിനൽ അത്യാധുനിക സൗകര്യങ്ങളുള്ളതാണ്. 15,400 മെട്രിക് ടൺ സംഭരണശേഷിയുള്ള ടെർമിനൽ മേഖലയിലെ ദശലക്ഷക്കണക്കിനു വീടുകളിലും വ്യവസായങ്ങൾക്കും എൽപിജിയുടെ സ്ഥിരമായ വിതരണം ഉറപ്പാക്കും. ഏവർക്കും പ്രാപ്യവും താങ്ങാനാകുന്നതുമായ ഊർജം ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ പദ്ധതി കൂടുതൽ കരുത്തേകും.
ഈ മൂന്നു പദ്ധതികളും കമ്മീഷൻ ചെയ്യുന്നതോടെ രാജ്യത്തിന്റെ കപ്പൽ നിർമാണ - അറ്റകുറ്റപ്പണി ശേഷി, അനുബന്ധ വ്യവസായങ്ങൾ ഉൾപ്പെടെയുള്ള ഊർജ അടിസ്ഥാനസൗകര്യങ്ങളുടെ വളർച്ച എന്നിവയ്ക്ക് ഉത്തേജനം ലഭിക്കും. പദ്ധതികൾ കയറ്റുമതി - ഇറക്കുമതി വ്യാപാരം വർധിപ്പിക്കുകയും ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുകയും സാമ്പത്തിക വളർച്ചയെ മുന്നോട്ടുനയിക്കുകയും സ്വയംപര്യാപ്തത വർധിപ്പിക്കുകയും നിരവധി ആഭ്യന്തര-അന്താരാഷ്ട്ര വ്യാവസായിക അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
കസ്റ്റംസ് - പരോക്ഷ നികുതി -നർക്കോട്ടിക്സ് ദേശീയ അക്കാദമി (NACIN)
സിവിൽ സർവീസ് കാര്യശേഷി കെട്ടിപ്പടുക്കുന്നതിലൂടെ ഭരണം മെച്ചപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തിൽ കസ്റ്റംസ് - പരോക്ഷ നികുതി - നർക്കോട്ടിക്സ് ദേശീയ അക്കാദമിയുടെ (NACIN) പുതിയ അത്യാധുനിക ക്യാമ്പസ് വിഭാവനംചെയ്തതും നിർമിച്ചതും. പരോക്ഷ നികുതി (കസ്റ്റംസ്, കേന്ദ്ര എക്സൈസ്, ചരക്കു സേവന നികുതി), മയക്കുമരുന്നു നിയന്ത്രണ സംവിധാനം എന്നീ മേഖലകളിൽ ശേഷി വർധിപ്പിക്കുന്നതിനുള്ള ഇന്ത്യാഗവൺമെന്റിന്റെ പരമോന്നത സ്ഥാപനമാണ് അക്കാദമി. ദേശീയതലത്തിലുള്ള ഈ ലോകോത്തര പരിശീലന സ്ഥാപനം ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസ് - പരോക്ഷനികുതി) ഉദ്യോഗസ്ഥർക്കും കേന്ദ്ര അനുബന്ധ സേവനങ്ങൾക്കും സംസ്ഥാന ഗവണ്മെന്റുകൾക്കും പങ്കാളിത്ത രാജ്യങ്ങൾക്കും പരിശീലനം നൽകും.
പുതിയ ക്യാമ്പസ് കൂടിവരുന്നതോടെ, പരിശീലനത്തിനും ശേഷി വർധിപ്പിക്കുന്നതിനുമായി ഓഗ്മെന്റഡ് & വെർച്വൽ റിയാലിറ്റി, ബ്ലോക്ക്-ചെയിൻ, നിർമിതബുദ്ധി, ഉയർന്നുവരുന്ന മറ്റു സാങ്കേതികവിദ്യകൾ തുടങ്ങിയ നവയുഗ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ NACIN ശ്രദ്ധ കേന്ദ്രീകരിക്കും.
--NK--
(Release ID: 1996095)
Visitor Counter : 163
Read this release in:
Tamil
,
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada