പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ രാംലാലയുടെ ‘പ്രാൺപ്രതിഷ്ഠ’യ്ക്കായി പ്രധാനമന്ത്രി 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനങ്ങൾ ആരംഭിച്ചു
നാഷിക് ധാം - പഞ്ചവടിയിൽ ഇന്നു ചടങ്ങുകൾ ആരംഭിക്കും
“ഞാൻ വികാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്! ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നത്"
“ഇന്ത്യയിലെ എല്ലാ ജനങ്ങളെയും പ്രതിനിധാനം ചെയ്യാനുള്ള ഉപകരണമാക്കി ദൈവം എന്നെ മാറ്റിയിരിക്കുന്നു. ഇതൊരു വലിയ ഉത്തരവാദിത്വമാണ്”
“‘പ്രാൺപ്രതിഷ്ഠ’യുടെ നിമിഷം നമുക്കെല്ലാവർക്കുമായി പങ്കുവയ്ക്കപ്പെട്ട അനുഭവമായിരിക്കും. രാമക്ഷേത്രത്തിന്റെ ലക്ഷ്യത്തിനായി ജീവിതം സമർപ്പിച്ച എണ്ണമറ്റ വ്യക്തികളുടെ പ്രചോദനവും ഞാൻ മുന്നോട്ടു കൊണ്ടുപോകും”
“ഞാൻ ദൈവത്തെപ്പോലെ കണക്കാക്കുന്നവർ അവരുടെ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കുകയും അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമ്പോൾ എന്നിൽ പുതിയ ഊർജം നിറയുന്നു. ഇന്ന് എനിക്കു നിങ്ങളുടെ അനുഗ്രഹം വേണം”
Posted On:
12 JAN 2024 10:31AM by PIB Thiruvananthpuram
അയോധ്യാധാമിലെ ക്ഷേത്രത്തിൽ ജനുവരി 22നു നടക്കുന്ന ശ്രീരാംലാലയുടെ ‘പ്രാൺ പ്രതിഷ്ഠ’യ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11 ദിവസത്തെ പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ ആരംഭിച്ചു. “ഇതൊരു വലിയ ഉത്തരവാദിത്വമാണ്. നമ്മുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ, യാഗത്തിനും ദൈവാരാധനയ്ക്കും വേണ്ടി നമ്മിൽത്തന്നെ ദൈവികബോധം ഉണർത്തേണ്ടതുണ്ട്. അതിനായി വിശുദ്ധ ഗ്രന്ഥങ്ങളിൽ വ്രതാനുഷ്ഠാനങ്ങളും കർശനമായ നിയമങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. അത് പ്രതിഷ്ഠയ്ക്കുമുമ്പു പാലിക്കേണ്ടതാണ്. അതിനാൽ, ചില പുണ്യാത്മാക്കളിൽനിന്നും ആത്മീയയാത്രയിലെ മഹാന്മാരിൽനിന്നും എനിക്ക് ലഭിച്ച മാർഗനിർദേശം അനുസരിച്ച്, അവർ നിർദേശിച്ച ‘യമ-നിയമങ്ങൾ’ അനുസരിച്ച്, ഞാൻ ഇന്നു മുതൽ 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനങ്ങൾ ആരംഭിക്കുകയാണ്”- ‘പ്രാൺ പ്രതിഷ്ഠ’യ്ക്കു മുന്നോടിയായി രാമഭക്തി രാജ്യത്താകെ നിറയ്ക്കുന്ന വികാരത്തെ വികാരഭരിതമായ സന്ദേശത്തിൽ ശ്രീ മോദി കുറിച്ചു.
ഈ നിമിഷത്തെ സർവശക്തന്റെ അനുഗ്രഹമായി അദ്ദേഹം വിശേഷിപ്പിച്ചു. “ഞാൻ വികാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്! എന്റെ ജീവിതത്തിൽ ആദ്യമായി, ഞാൻ അത്തരം വികാരങ്ങളിലൂടെ കടന്നുപോകുന്നു. ഞാൻ ഭക്തിയുടെ വ്യത്യസ്തമായ ഭക്തി അനുഭൂതിയിലാണ്. എന്റെ ഉള്ളിലെ ഈ വൈകാരിക യാത്ര ആവിഷ്കാരത്തിനുള്ള അവസരമല്ല; മറിച്ച്, അനുഭവത്തിനുള്ള അവസരമാണ്. ആഗ്രഹമുണ്ടെങ്കിലും അതിന്റെ ആഴവും പരപ്പും തീവ്രതയും വാക്കുകളാൽ വിവരിക്കാൻ എനിക്കാകുന്നില്ല. നിങ്ങൾക്ക് എന്റെ അവസ്ഥ നന്നായി മനസ്സിലാക്കാൻ കഴിയും” – ശ്രീ മോദി പറഞ്ഞു.
ഈ അവസരം ലഭിച്ചതിൽ ശ്രീ മോദി നന്ദി അറിയിച്ചു. “വർഷങ്ങളായി ദൃഢനിശ്ചയം പോലെ നിരവധി തലമുറകൾ അവരുടെ ഹൃദയത്തിൽ കൊണ്ടുനടന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന സമയത്ത് സന്നിഹിതനാകാനുള്ള അവസരം എനിക്കു ലഭിച്ചു. ഇന്ത്യയിലെ എല്ലാ ജനങ്ങളെയും പ്രതിനിധാനം ചെയ്യാനുള്ള ഉപകരണമാക്കി ദൈവം എന്നെ മാറ്റിയിരിക്കുന്നു. ഇതൊരു വലിയ ഉത്തരവാദിത്തമാണ്” – അദ്ദേഹം പറഞ്ഞു.
ഈ ഉദ്യമത്തിനായി ശ്രീ മോദി ജനങ്ങളുടെയും ഋഷിമാരുടെയും ദൈവത്തിന്റെയും അനുഗ്രഹം തേടുകയും ശ്രീരാമൻ ഗണ്യമായ സമയം ചെലവഴിച്ച നാഷിക് ധാം - പഞ്ചവടിയിൽനിന്ന് അനുഷ്ഠാനങ്ങൾക്കു തുടക്കം കുറിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് സ്വാമി വിവേകാനന്ദന്റെയും മാതാ ജീജാബായിയുടെയും ജയന്തിയാണെന്ന സന്തോഷകരമായ യാദൃച്ഛികതയെക്കുറിച്ച് അദ്ദേഹം പറയുകയും രാഷ്ട്രാവബോധത്തിന് ഊർജം പകർന്ന രണ്ടു പ്രതിഭകൾക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. സീതാരാമനോടുള്ള ഭക്തി എപ്പോഴും കൊണ്ടുനടന്ന സ്വന്തം അമ്മയെയും പ്രധാനമന്ത്രി ഈ നിമിഷത്തിൽ അനുസ്മരിച്ചു.
“ശാരീരികമായി, ആ പുണ്യനിമിഷത്തിന് ഞാൻ സാക്ഷിയായിരിക്കും, എന്നാൽ എന്റെ മനസ്സിൽ, എന്റെ ഹൃദയത്തിന്റെ ഓരോ സ്പന്ദനത്തിലും, 140 കോടി ഇന്ത്യക്കാർ എന്നോടൊപ്പമുണ്ടാകും. നിങ്ങൾ എന്റെ കൂടെയുണ്ടാകും... ഓരോ രാമഭക്തനും എന്റെ കൂടെയുണ്ടാകും. ഉണർവേറിയ ആ നിമിഷം നമുക്കെല്ലാവർക്കുമായി പങ്കുവയ്ക്കപ്പെട്ട അനുഭവമായിരിക്കും... രാമക്ഷേത്രത്തിന്റെ ലക്ഷ്യത്തിനായി ജീവിതം സമർപ്പിച്ച എണ്ണമറ്റ വ്യക്തികളുടെ പ്രചോദനവും ഞാൻ മുന്നോട്ടു കൊണ്ടുപോകും” - ശ്രീരാമഭക്തരുടെ ത്യാഗത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.
തനിക്കൊപ്പം ചേരാൻ രാഷ്ട്രത്തോട് ആവശ്യപ്പെട്ട ശ്രീ മോദി ജനങ്ങളുടെ അനുഗ്രഹം തേടുകയും അവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. “ദൈവം ‘നിരാകാർ’ ആണെന്ന സത്യം നമുക്കെല്ലാം അറിയാം. എന്നാൽ ദൈവം, ഭൗതികരൂപത്തിൽ പോലും നമ്മുടെ ആത്മീയ യാത്രയെ ശക്തിപ്പെടുത്തുന്നു. മനുഷ്യരിൽ ദൈവത്തിന്റെ രൂപമുണ്ടെന്ന് ഞാൻ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ ദൈവത്തെപ്പോലെ കണക്കാക്കുന്നവർ അവരുടെ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കുകയും അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമ്പോൾ എന്നിൽ പുതിയ ഊർജം നിറയുന്നു. ഇന്ന് എനിക്കു നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്”- അദ്ദേഹം പറഞ്ഞു.
NK
(Release ID: 1995440)
Visitor Counter : 106
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada