പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനുവരി 12നു മഹാരാഷ്ട്ര സന്ദര്‍ശിക്കും

പ്രധാനമന്ത്രി  മഹാരാഷ്ട്രയില്‍ 30,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും

ഗതാഗതം സുഗമമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി, അടല്‍ ബിഹാരി വാജ്‌പേയി സെവാരി - നവ ഷേവ അടല്‍സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

17,840 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച അടല്‍ സേതു ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലവും രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലവുമാണ്

കിഴക്കൻ ഫ്രീവേയുടെ ഓറഞ്ച് ഗേറ്റിനെ മറൈന്‍ ഡ്രൈവുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റോഡ് തുരങ്കത്തിന് പ്രധാനമന്ത്രി തറക്കല്ലിടും

രത്ന-ആഭരണ മേഖലയ്ക്ക് ഊര്‍ജം പകരുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി, SEEPZ SEZൽ 'ഭാരത് രത്ന'വും ന്യൂ എന്റര്‍പ്രൈസസ് & സര്‍വീസ് ടവറും (NEST) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

റെയില്‍വേയുമായും കുടിവെള്ളവുമായും ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കും

സ്ത്രീശാക്തീകരണത്തിലേക്കുള്ള മറ്റൊരു ശ്രമമായി, മഹാരാഷ്ട്രയില്‍ നമോ മഹിള സശാക്തീകരണ്‍ അഭിയാനും പ്രധാനമന്ത്രി തുടക്കം കുറിക്കും

27-ാം ദേശീയ യുവജനമേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മേളയുടെ പ്രമേയം - വികസിത ഭാരതം@2047 ‘യുവാ കേ ലിയേ, യുവാ കേ ദ്വാരാ’

Posted On: 11 JAN 2024 11:12AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 12നു മഹാരാഷ്ട്ര സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12.15ന് നാഷിക്കില്‍ എത്തുന്ന അദ്ദേഹം 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് മുംബൈയില്‍ അടല്‍ ബിഹാരി വാജ്‌പേയി സെവാരി - നവ ഷേവ അടല്‍സേതു ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പാലത്തിലൂടെ യാത്രയും ചെയ്യും. വൈകുന്നേരം 4.15നു നവി മുംബൈയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.

അടല്‍ ബിഹാരി വാജ്‌പേയി സെവാരി - നവ ഷേവ അടല്‍സേതു

നഗര ഗതാഗത അടിസ്ഥാനസൗകര്യങ്ങളും സമ്പര്‍ക്കസൗകര്യവും ശക്തിപ്പെടുത്തി പൗരന്മാരുടെ ‘ചലനാത്മകത സുഗമമാക്കുക’ എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന് അനുസൃതമായാണ്, ഇപ്പോള്‍ ‘അടല്‍ ബിഹാരി വാജ്പേയി സേവാരി - നവ ഷേവ അടല്‍ സേതു’ എന്ന് പേരിട്ടിരിക്കുന്ന മുംബൈ ട്രാന്‍സ്ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) നിർമിച്ചത്. 2016 ഡിസംബറില്‍ പ്രധാനമന്ത്രിയാണ് പാലത്തിന് തറക്കല്ലിട്ടത്.

മൊത്തം 17,840 കോടിയിലധികം രൂപ ചെലവിലാണ് അടല്‍ സേതു നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 21.8 കിലോമീറ്റര്‍ നീളമുള്ള 6 വരി പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലവും, ഏറ്റവും നീളം കൂടിയ കടല്‍പ്പാലവുമാണ് ഇത്. ഇത് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അതിവേഗ സമ്പര്‍ക്കസൗകര്യം നല്‍കുകയും മുംബൈയില്‍ നിന്ന് പുണെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. ഇത് മുംബൈ തുറമുഖവും ജവഹര്‍ലാല്‍ നെഹ്റു തുറമുഖവും തമ്മിലുള്ള സമ്പര്‍ക്കസൗകര്യവും മെച്ചപ്പെടുത്തും.

നവി മുംബൈയിലെ പൊതുപരിപാടി

നവി മുംബൈയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി 12,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും  രാഷ്ട്ര സമര്‍പ്പണവും നിര്‍വ്വഹിക്കും.

ഈസ്റ്റേണ്‍ ഫ്രീവേയുടെ ഓറഞ്ച് ഗേറ്റിനെ മറൈന്‍ ഡ്രൈവുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റോഡ് തുരങ്കത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. 8700 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 9.2 കിലോമീറ്റര്‍ തുരങ്കം ഓറഞ്ച് ഗേറ്റിനും മറൈന്‍ ഡ്രൈവിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുന്ന മുംബൈയിലെ പ്രധാന അടിസ്ഥാനസൗകര്യ വികസനമായിരിക്കും.

സൂര്യ റീജണല്‍ ബള്‍ക്ക് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. 1975 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച പദ്ധതി മഹാരാഷ്ട്രയിലെ പാല്‍ഘര്‍, താനെ ജില്ലകളില്‍ കുടിവെള്ളം ലഭ്യമാക്കും. ഇത് ഏകദേശം 14 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും. പരിപാടിയില്‍ 2000 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. 'ഉറാന്‍-ഖാര്‍കോപര്‍ റെയില്‍വേ ലൈനിന്റെ രണ്ടാം ഘട്ട' സമര്‍പ്പണവും ഇതില്‍ ഉള്‍പ്പെടുന്നു. നെരുള്‍/ബേലാപൂര്‍ മുതല്‍ ഖാര്‍കോപ്പര്‍ വരെയുള്ള സബര്‍ബന്‍ സര്‍വീസുകള്‍ ഇപ്പോള്‍ ഉറാനിലേക്ക് നീട്ടുന്നതിനാല്‍ നവി മുംബൈയിലേക്കുള്ള സമ്പര്‍ക്കസൗകര്യം വർധിപ്പിക്കാൻ പദ്ധതിക്കാവും. ഉറാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഖാര്‍കോപ്പറിലേക്കുള്ള ഇഎംയു ട്രെയിനിന്റെ ഉദ്ഘാടന സർവീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.

താനെ-വാഷി/പന്‍വേല്‍ ട്രാന്‍സ്-ഹാര്‍ബര്‍ ലൈനിലെ പുതിയ സബര്‍ബന്‍ സ്റ്റേഷന്‍ 'ദീഘ ഗാവ്', ഖാര്‍ റോഡിനും ഗോരേഗാവ് റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള പുതിയ ആറാമത്തെ പാത എന്നിവ രാജ്യത്തിന് സമര്‍പ്പിക്കുന്ന മറ്റ് റെയില്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. മുംബൈയിലെ ആയിരക്കണക്കിന് പ്രതിദിന യാത്രക്കാര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. 

സാന്താക്രൂസ് ഇലക്‌ട്രോണിക് എക്‌സ്‌പോര്‍ട്ട് പ്രോസസിംഗ് സോണില്‍ (എസ്.ഇ.ഇ.പി.ഇസഡ്-സെസ്) ജെംസ് ആന്‍ഡ് ജ്വല്ലറി മേഖലയ്ക്കായുള്ള 'ഭാരത് രത്‌നം' (മെഗാ കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ത്രി ഡി മെറ്റല്‍ പ്രിന്റിംഗ് ഉള്‍പ്പെടെ ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച യന്ത്രങ്ങളുള്ള ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണിത്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഈ മേഖലയിലെ തൊഴില്‍ശക്തിയുടെ നൈപുണ്യത്തിനായി ഒരു പരിശീലന സ്‌കൂളും ഇവിടെ സ്ഥാപിക്കും. മെഗാ സി.എഫ്.സി ജെംസ് ആന്‍ഡ് ജ്വല്ലറി വ്യാപാരത്തിലെ കയറ്റുമതി മേഖലയെ പരിവര്‍ത്തനപ്പെടുത്തുകയും ആഭ്യന്തര ഉല്‍പ്പാദനത്തെ സഹായിക്കുകയും ചെയ്യും.

എസ്.ഇ.ഇ.പി.ഇസഡ്-സെസില്‍ പുതിയ എന്റര്‍പ്രൈസസ് സര്‍വീസസ് ടവര്‍ (നെസ്റ്റ്) 01ന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി - 1ല്‍ നിന്ന് മാറ്റി സ്ഥാപിക്കുന്ന ജെം ജ്വല്ലറി മേഖലയിലെ യൂണിറ്റുകള്‍ക്കായാണ് നെസ്റ്റ് -01. വന്‍തോതിലുള്ള ഉല്‍പ്പാദനത്തിന് വ്യവസായത്തിന്റെ ആവശ്യാനുസരണമാണ് പുതിയ ടവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നമോ മഹിളാ ശശക്തികരണ്‍ അഭിയാന്റെ ഉദ്ഘാടനവും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. നൈപുണ്യ വികസന പരിശീലനവും സംരംഭകത്വ വികസനവുമായി സമ്പര്‍ക്കവും നല്‍കി മഹാരാഷ്ട്രയിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് അഭിയാന്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വനിതാ വികസന പരിപാടികളുടെ സംയോജനത്തിനും പരിപൂര്‍ണ്ണതയ്ക്കുമുള്ള ശ്രമവും അഭിയാന്‍ ഏറ്റെടുക്കും.

27-ാമത് ദേശീയ യുവജനോത്സവം

യുവജനങ്ങളെ രാജ്യത്തിന്റെ വികസന യാത്രയുടെ പ്രധാന ഭാഗമാക്കുക എന്നത് പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണ്. ഈ ഉദ്യമത്തിന്റെ ഭാഗമായി, 27-ാമത് ദേശീയ യുവജനോത്സവം (എന്‍.വൈ.എഫ്) പ്രധാനമന്ത്രി നാസിക്കില്‍ ഉദ്ഘാടനം ചെയ്യും.
എല്ലാവര്‍ഷവും സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 മുതല്‍ 16 വരെ ദേശീയ യുവജനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്നത് മഹാരാഷ്ട്രയാണ്. ''വികസിത് ഭാരത് 2047: യുവാ കേലിയേ, യുവാ കെ ദ്വാരാ' എന്നതാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ ആശയം.

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന മനോഭാവത്തോടെ, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കിടാനും ഐക്യമുള്ള ഒരു രാഷ്ട്രത്തിനായുള്ള അടിത്തറ ശക്തിപ്പെടുത്താനും കഴിയുന്ന ഒരു വേദി സൃഷ്ടിക്കാനാണ് എന്‍.വൈ.എഫ് ശ്രമിക്കുന്നത്. നാസിക്കില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7500ത്തോളം യുവജന പ്രതിനിധികള്‍ പങ്കെടുക്കും. സാംസ്‌കാരിക പ്രകടനങ്ങള്‍, തദ്ദേശീയ കായികവിനോദങ്ങള്‍, ഡിക്ലമേഷന്‍ ആന്റ് തീമാറ്റിക് അവതരണം, യുവകലാകാരന്മാരുടെ ക്യാമ്പ്, പോസ്റ്റര്‍ നിര്‍മ്മാണം, കഥാരചന, യൂത്ത് കണ്‍വെന്‍ഷന്‍, ഫുഡ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

--SK--

 


(Release ID: 1995115) Visitor Counter : 121