പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഗുണഭോക്താക്കളുമായി നാളെ (ജനുവരി 8ന്) സംവദിക്കും


രാജ്യത്തുടനീളമുള്ള ആയിരക്കണക്കിനു ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുക്കും

Posted On: 07 JAN 2024 7:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 8 പകൽ 12.30നു വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. തുടർന്നു പ്രധാനമന്ത്രി‌ സദസിനെ അഭിസംബോധന ചെയ്യും.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര യുടെ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിനു ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രാദേശികതലത്തിലുള്ള പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

2023 നവംബർ 15നാണു വികസിത് ഭാരത് സങ്കൽപ്പ് യാത്ര ആരംഭിച്ചത്. അതിനുശേഷം, രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി പതിവായി ആശയവിനിമയം നടത്താറുണ്ട്. വിദൂരദൃശ്യസംവിധാനത്തിലൂടെ (നവംബർ 30, ഡിസംബർ 9, ഡിസംബർ 16, ഡിസംബർ 27) നാലുതവണ ആശയവിനിമയം നടത്തി. കഴിഞ്ഞ മാസം വാരാണസി സന്ദർശിച്ച പ്രധാനമന്ത്രി തുടർച്ചയായി രണ്ടുദിവസം (ഡിസംബർ 17നും 18നും) വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഗുണഭോക്താക്കളുമായി നേരിട്ടു സംവദിച്ചിരുന്നു.

ലക്ഷ്യമിടുന്ന എല്ലാ ഗുണഭോക്താക്കളിലേക്കും പദ്ധതികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ, ഗവണ്മെന്റിന്റെ മുൻനിരപദ്ധതികളുടെ പൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണു വികസിത് ഭാരത് സങ്കൽപ്പ് യാത്ര രാജ്യത്തുടനീളം നടത്തുന്നത്.

യാത്രയിൽ പങ്കെടുത്തവരുടെ എണ്ണം 10 കോടി കടന്നു. 2024 ജനുവരി 5നാണു വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഈ സുപ്രധാന നാഴികക്കല്ലു പിന്നിട്ടത്. യാത്ര ആരംഭിച്ച് 50 ദിവസത്തിനുള്ളിൽ അതിശയകരമായ ഈ എണ്ണത്തിൽ യാത്ര എത്തിച്ചേർന്നത്, വികസിത ഭാരതം എന്ന കൂട്ടായ കാഴ്ചപ്പാടിലേക്കു രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിൽ യാത്രയ്ക്കുള്ള അഗാധമായ സ്വാധീനവും സമാനതകളില്ലാത്ത പാടവവും സൂചിപ്പിക്കുന്നു.

--NK--


(Release ID: 1994014) Visitor Counter : 123