ആഭ്യന്തരകാര്യ മന്ത്രാലയം

ഭാരതീയ ന്യായ (രണ്ടാം) സംഹിത, 2023; ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സംഹിത, 2023; ഭാരതീയ സാക്ഷ്യ (രണ്ടാം) ബില്‍, 2023 എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ. അമിത് ഷാ ലോക്സഭയില്‍ മറുപടി നല്‍കി. ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് സഭ ബില്ലുകള്‍ പാസാക്കി


ഇതാദ്യമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഏകദേശം 150 വര്‍ഷത്തോളം പഴക്കമുള്ള ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്ന മൂന്ന് നിയമങ്ങളില്‍, ഭാരതീയത, ഇന്ത്യന്‍ ഭരണഘടന, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ വരുത്തി.

ഇരയ്ക്ക് നീതി ലഭ്യമാക്കുകയും സമൂഹത്തിനു മാതൃക സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരിക്കണം ശിക്ഷയുടെ ലക്ഷ്യം

ഇന്ത്യയുടെ ആത്മാവിനാല്‍ ഉണ്ടാക്കപ്പെട്ട ഈ മൂന്ന് നിയമങ്ങള്‍ നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ വലിയ മാറ്റം കൊണ്ടുവരും

ഭീകരതയ്ക്കെതിരെ ഒരു സഹിഷ്ണുതയില്ലാത്ത നയമാണ് മോദി ഗവണ്‍മെന്റിനുള്ളത്' ഈ നിയമങ്ങളിലും അത്തരം വകുപ്പുകളുണ്ട് എന്നതിനാല്‍ ഒരു ഭീകരനും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.

പഴയ നിയമങ്ങളില്‍, നരഹത്യയ്ക്കും സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനും പകരം, ഖജനാവിന്റെയും ബ്രിട്ടീഷ് കിരീടത്തിന്റെയും സംരക്ഷണത്തിന് മാത്രമാണ് മുന്‍ഗണന നല്‍കിയിരുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍; മനുഷ്യശരീരത്തെ ബാധിക്കുന്ന കാര്യങ്ങള്‍; രാജ്യത്തിന്റെ അതിര്‍ത്തികളുടെ സുരക്ഷ; കരസേന, നാവികസേന, വ്യോമസേന എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍; തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍; നാണയങ്ങളില്‍ കൃത്രിമം കാണിക്കല്‍; കറന്‍സി നോട്ടുകള്‍, സര്‍ക്കാര്‍ സ്റ്റാമ്പുകള്‍ തുടങ്ങിയവയാണ് പുതിയ നിയമങ്ങളില്‍ ആദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Posted On: 20 DEC 2023 8:43PM by PIB Thiruvananthpuram

ഭാരതീയ ന്യായ (രണ്ടാം) സന്‍ഹിത, 2023; ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സംഹിത, 2023; ഭാരതീയ സാക്ഷ്യ (രണ്ടാം) ബില്‍, 2023 എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ ലോക്സഭയില്‍ മറുപടി നല്‍കി. ഇന്ന്. ചര്‍ച്ചയ്ക്കുശേഷം ബില്ലുകള്‍ സഭ പാസാക്കി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആദ്യമായി 150 വര്‍ഷത്തോളം പഴക്കമുള്ള ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്ന മൂന്ന് നിയമങ്ങളിലും ഒപ്പം ഭാരതീയത, ഇന്ത്യന്‍ ഭരണഘടന എന്നിവയിലും മാറ്റങ്ങള്‍ വരുത്തിയതായി ചര്‍ച്ചയ്ക്ക് മറുപടിയായി ശ്രീ അമിത് ഷാ പറഞ്ഞു. 1860ല്‍ രൂപംനല്‍കിയ ഇന്ത്യന്‍ പീനല്‍ കോഡിന്റെ ഉദ്ദേശ്യം നീതി നല്‍കാനല്ല, ശിക്ഷ നല്‍കുക എന്നതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് (ഐപിസി) പകരമായി ഭാരതീയ ന്യായ സന്‍ഹിത, 2023ഉം ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന് (സിആര്‍പിസി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയും വരുമെന്നും ഭാരതീയ സാക്ഷ്യ ബില്‍ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്, 1872 ന് പകരം വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ സഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷം രാജ്യത്തുടനീളം നടപ്പിലാക്കുമെന്നും വെളിപ്പെടുത്തി. ഇന്ത്യന്‍ ആത്മാവ് ഉപയോഗിച്ച് ഉണ്ടാക്കിയ ഈ മൂന്ന് നിയമങ്ങള്‍ നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ ബില്ലുകളില്‍ 35 എംപിമാര്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അടിമത്തത്തിന്റെ മാനസികാവസ്ഥയും പ്രതീകങ്ങളും തുടച്ചുനീക്കാനും പുതിയ ആത്മവിശ്വാസത്തോടെ മഹത്തായ ഇന്ത്യയുടെ സൃഷ്ടിക്ക് വഴിയൊരുക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ നിയമങ്ങളില്‍ നിന്ന് ഈ രാജ്യം ഉടന്‍ മോചനം നേടണമെന്ന് പ്രധാനമന്ത്രി മോദിജി ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഉദ്ബോധിപ്പിച്ചതായും അതനുസരിച്ച് 2019 മുതല്‍ പഴയ ഈ മൂന്ന് നിയമങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ആഭ്യന്തര മന്ത്രാലയം തീവ്രമായ ചര്‍ച്ചകള്‍ ആരംഭിച്ചതായും ശ്രീ ഷാ പറഞ്ഞു. ഒരു വിദേശ ഭരണാധികാരി ഭരണം നടത്താനും അടിമ പ്രജകളെ ഭരിക്കാനും വേണ്ടിയാണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയതെന്ന് ശ്രീ ഷാ പറഞ്ഞു. പഴയ മൂന്നു നിയമങ്ങള്‍ക്കു പകരം നമ്മുടെ ഭരണഘടനയുടെ മൂന്ന് അടിസ്ഥാനപരമായ ആശയങ്ങളായ വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, എല്ലാവരോടും തുല്യ പരിഗണന എന്ന ആശയം എന്നിവയ്ക്ക് ഊന്നിയാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. നിലവിലെ മൂന്ന് നിയമങ്ങളിലും നീതി ഉദ്ദേശിച്ചിട്ടില്ലെന്നും ശിക്ഷ മാത്രമാണ് നീതിയായി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരയ്ക്ക് നീതി ലഭിക്കാനും മറ്റാരും ഇത്തരമൊരു തെറ്റ് ചെയ്യാതിരിക്കാന്‍ സമൂഹത്തിന് മാതൃകയാക്കാനുമാണ് ശിക്ഷ നല്‍കുന്നതിലൂടെ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഈ മൂന്ന് പുതിയ നിയമങ്ങള്‍ മാനുഷികവല്‍ക്കരിക്കപ്പെടുന്നതെന്ന് ശ്രീ ഷാ പറഞ്ഞു.

പ്രധാനമന്ത്രി മോദിയെടുത്ത ഈ മുന്‍കൈ പ്രസ്തുത മൂന്ന് നിയമങ്ങളെയും അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്നും അടയാളങ്ങളില്‍ നിന്നും മോചിപ്പിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. പഴയ നിയമങ്ങള്‍ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ലെന്നും ബ്രിട്ടീഷ് ഭരണത്തിന്റെ സുരക്ഷയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. പഴയ നിയമങ്ങളില്‍, നരഹത്യയ്ക്കും സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിനും മുന്‍ഗണന നല്‍കുന്നതിനുപകരം, ഖജനാവ് സംരക്ഷണം, റെയില്‍വേ സംരക്ഷണം, ബ്രിട്ടീഷ് കിരീടത്തിന്റെ സുരക്ഷ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിരുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും മനുഷ്യശരീരത്തെ ബാധിക്കുന്ന വിഷയങ്ങളും രാജ്യത്തിന്റെ അതിര്‍ത്തികളുടെ സുരക്ഷയും കര, നാവിക, വ്യോമസേനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളും നാണയങ്ങള്‍, കറന്‍സി നോട്ടുകള്‍, സര്‍ക്കാര്‍ സ്റ്റാമ്പുകള്‍ എന്നിവയില്‍ കൃത്രിമം കാണിക്കലും ഉള്‍പ്പെടെയുള്ളവയാണ് പുതിയ നിയമങ്ങളില്‍ ആദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിജിയുടെ നേതൃത്വത്തില്‍ ആദ്യമായി നമ്മുടെ ഭരണഘടനയുടെ അന്തസ്സത്ത അനുസരിച്ചുള്ള നിയമങ്ങള്‍ നിര്‍മിക്കാന്‍ പോവുകയാണെന്ന് ശ്രീ ഷാ പറഞ്ഞു.

ഈ നിയമങ്ങളില്‍ ഇതാദ്യമായി തീവ്രവാദത്തെക്കുറിച്ച് വിശദീകരിച്ച് അതിന്റെ എല്ലാ പഴുതുകളും അടയ്ക്കുന്ന ജോലിയാണ് മോദി ഗവണ്‍മെന്റ് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഈ നിയമങ്ങളില്‍ രാജ്യത്തിനെതിരെയുള്ള ഉപജാപത്തെ രാജ്യദ്രോഹമാക്കി മാറ്റാനുള്ള പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നതെന്നും രാജ്യത്തെ ദ്രോഹിക്കുന്ന ആരെയും ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയമാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന 100 വര്‍ഷത്തിനുള്ളില്‍ സാധ്യമായ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ മുന്നില്‍ക്കണ്ട് നമ്മുടെ നീതിന്യായ വ്യവസ്ഥയെ സജ്ജീകരിക്കുന്നതിനുള്ള എല്ലാ വ്യവസ്ഥകളും ഈ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകം ഹീനമായ കുറ്റകൃത്യമാണെന്നും ഈ നിയമങ്ങളില്‍ വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെയും പൗരന്മാരുടെയും അവകാശങ്ങള്‍ക്കിടയില്‍ നല്ല സന്തുലിതാവസ്ഥ നിലനിറുത്തിയിട്ടുണ്ടെന്ന് ശ്രീ ഷാ വ്യക്തമാക്കി. ശിക്ഷാനിരക്ക് വര്‍ധിപ്പിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും ഈ നിയമങ്ങളില്‍ വ്യവസ്ഥകളുണ്ട്. ജയിലുകളുടെ ഭാരം കുറക്കുന്നതിനായി, ആദ്യമായി സാമൂഹ്യസേവനവും ശിക്ഷയായി ഉള്‍പ്പെടുത്തി അതിന് നിയമപരമായ പദവി നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നിയമങ്ങളുമായി ബന്ധപ്പെട്ട് ആകെ 3200 നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഈ മൂന്ന് നിയമങ്ങൾ പരിഗണിക്കുന്നതിനായി താൻ തന്നെ 158 യോഗങ്ങൾ നടത്തിയെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 2023 ഓഗസ്റ്റ് 11ന് ഈ മൂന്ന് പുതിയ ബില്ലും ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു. നീതി, സമത്വം, ന്യായം എന്നീ അടിസ്ഥാനതത്വങ്ങളിൽ അധിഷ്ഠിതമായാണു മോദിജിയുടെ നേതൃത്വത്തിൽ മൂന്ന് പുതിയ നിയമങ്ങളും കൊണ്ടുവന്നതെന്ന് ശ്രീ ഷാ പറഞ്ഞു. ഈ നിയമങ്ങളിൽ ഫോറൻസിക് സയൻസിന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമങ്ങളിലൂടെ വേഗത്തിലുള്ള നീതി ഉറപ്പാക്കുന്നതിന്, പൊലീസിനും അഭിഭാഷകർക്കും ജഡ്ജിമാർക്കും നിശ്ചിത സമയപരിധിയുണ്ട്.

മൊത്തം 484 വിഭാഗങ്ങളുള്ള സിആർപിസിക്ക് പകരമായി വരുന്ന ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിൽ ഇനി 531 വിഭാഗങ്ങളുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 177 വകുപ്പുകൾ മാറ്റി 9 പുതിയ വകുപ്പുകൾ ചേർക്കുകയും 14 വകുപ്പുകൾ റദ്ദാക്കുകയും ചെയ്തു. ഐപിസിക്ക് പകരമായി വരുന്ന ഭാരതീയ ന്യായസംഹിതയിൽ നേരത്തെയുണ്ടായിരുന്ന 511 വകുപ്പുകൾക്ക് പകരം 358 വകുപ്പുകളാണ് നിലവിൽ വരിക. ഇതിൽ 21 പുതിയ കുറ്റങ്ങൾ ചേർത്തു, 41 കുറ്റങ്ങളിൽ തടവുശിക്ഷ വർധിപ്പിച്ചു, 82 കുറ്റകൃത്യങ്ങളിൽ പിഴശിക്ഷ വർധിപ്പിച്ചു. 25 കുറ്റകൃത്യങ്ങളിൽ കുറഞ്ഞ നിർബന്ധിത ശിക്ഷ ഏർപ്പെടുത്തി. 6 കുറ്റകൃത്യങ്ങളിൽ ശിക്ഷയായി സാമൂഹ്യസേവന വ്യവസ്ഥകൾ ഏർപ്പെടുത്തി. 19 വകുപ്പുകളും റദ്ദാക്കി. അതുപോലെ, തെളിവ് നിയമത്തിന് പകരമായി വരുന്ന ഭാരതീയ സാക്ഷ്യ ബില്ലിൽ നേരത്തെ ഉണ്ടായിരുന്ന 167-ന് പകരം ഇപ്പോൾ 170 വകുപ്പുകൾ ഉണ്ടാകും, 24 വകുപ്പുകൾ ഭേദഗതി ചെയ്തു, 2 പുതിയ വകുപ്പുകൾ ചേർത്തു, 6 വകുപ്പുകൾ റദ്ദാക്കി.

ഇത് നരേന്ദ്ര മോദി ഗവണ്മെന്റാണെന്നും പറയുന്നതെന്തും ചെയ്യുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. അനുച്ഛേദം 370, 35എ എന്നിവ നീക്കം ചെയ്യുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു, ഞങ്ങൾ അത് ചെയ്തു. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ ഞങ്ങൾ സഹിഷ്ണുതാരഹിത നയം സ്വീകരിക്കുമെന്നും, സുരക്ഷാ സേനയ്ക്ക് സ്വാതന്ത്ര്യം കൊടുക്കുമെന്നും പറഞ്ഞു; ഞങ്ങൾ അത് ചെയ്തു. ഈ നയങ്ങൾ ജമ്മു കശ്മീരിലും ഇടതു തീവ്രവാദബാധിത പ്രദേശങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും അക്രമ സംഭവങ്ങളിൽ 63 ശതമാനം കുറവും മരണങ്ങളിൽ 73 ശതമാനം കുറവും വരുത്തി. ക്രമസമാധാന നില മെച്ചപ്പെട്ടതിനാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനത്തിലധികം പ്രദേശങ്ങളിൽനിന്ന് അഫ്‌സ്പ പിൻവലിച്ചതായി അദ്ദേഹം പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നും 2024 ജനുവരി 22ന് രാംലാലയെ അവിടെ കുടിയിരുത്തുമെന്നും ഞങ്ങൾ പറഞ്ഞിരുന്നു. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ഏകകണ്ഠമായ സമ്മതത്തോടെ സംവരണം നൽകി ഞങ്ങൾ രാജ്യത്തിന്റെ മാതൃശക്തിയെ ആദരിച്ചു. മുത്തലാഖ് മുസ്ലീം അമ്മമാരോടും സഹോദരിമാരോടും ചെയ്യുന്ന അനീതിയാണെന്നും അത് നിർത്തലാക്കുമെന്നും ഞങ്ങൾ പറഞ്ഞിരുന്നു, ഞങ്ങൾ ആ വാഗ്ദാനവും നിറവേറ്റി. നീതി നിർവഹണത്തിന്റെ വേഗത കൂട്ടുമെന്നും നീതി ശിക്ഷയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ഞങ്ങൾ പറഞ്ഞിരുന്നു, മോദിജി ഇന്നും അത് ചെയ്തിട്ടുണ്ട്.

നീതി എന്നത് വിശാലമായ അർഥത്തിലുള്ള പദമാണെന്നും അത് പരിഷ്കൃതസമൂഹത്തിന് അടിത്തറയിടുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ മൂന്ന് പുതിയ ബില്ലുകളിലൂടെ നീതി ലഭിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനുള്ള ശ്രമമാണ് ഇന്ന് നടന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമനിർമ്മാണ സഭയും ജുഡീഷ്യറിയും എക്സിക്യൂട്ടീവും ചേർന്ന് ഈ രാജ്യത്ത് നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള ഇന്ത്യൻ ആശയം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ശിക്ഷ നൽകാനുള്ള കേന്ദ്രീകൃത ആശയങ്ങളുള്ള നിയമങ്ങളുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇരകളെ കേന്ദ്രീകരിച്ചുള്ള നീതിയാണ് കൊണ്ടുവരാൻ പോകുന്നതെന്നും ശ്രീ ഷാ പറഞ്ഞു. ലളിതവും സുസ്ഥിരവും സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ നടപടിക്രമങ്ങളിലൂടെയാണ് നീതിയുടെ ലാളിത്യം സാക്ഷാത്കരിച്ചത്. നീതിയുക്തവും സമയബന്ധിതവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ വേഗത്തിലുള്ള വിചാരണകളും നടപ്പിലാക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്നു. ഇത് കോടതികളുടെയും ജയിലുകളുടെയും ഭാരം കുറയ്ക്കും. അന്വേഷണത്തിൽ ഫോറൻസിക് സയൻസിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പ്രോസിക്യൂഷൻ ശക്തമാക്കിയിട്ടുണ്ടെന്നും ബലാത്സംഗത്തിന്റെ ഇരയുടെ മൊഴി ഓഡിയോ-വീഡിയോ മോഡിലൂടെ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. ഈ പുതിയ നിയമങ്ങൾ പാസാക്കുന്നതോടെ കശ്മീർമുതൽ കന്യാകുമാരിവരെയും ദ്വാരകമുതൽ അസംവരെയും രാജ്യത്തുടനീളം ഏക നീതിന്യായ വ്യവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ എല്ലാ ജില്ലയിലും സംസ്ഥാനതലത്തിൽ സ്വതന്ത്ര പ്രോസിക്യൂഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും അവർ സുതാര്യമായ രീതിയിൽ കേസിലെ അപ്പീൽ തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പല കേസുകളിലും, പൊലീസിന്റെ ഉത്തരവാദിത്വം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിർബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്.

ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത് തുടങ്ങി മനുഷ്യനും ശരീരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കാണ് ഭാരതീയ ന്യായസംഹിതയിൽ മുൻഗണന നൽകിയിരിക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദിജി ചരിത്രപരമായ തീരുമാനം എടുക്കുകയും രാജ്യദ്രോഹത്തിനു പ്രേരിപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റം പൂർണമായും നീക്കം ചെയ്യുകയും ചെയ്തു. അതിനുപകരം രാജ്യദ്രോഹമാണ് ഞങ്ങൾ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിനെതിരെ സംസാരിക്കാൻ ആർക്കും കഴിയില്ലെന്നും അതിന്റെ താൽപ്പര്യങ്ങൾ ഹനിക്കാൻ ആർക്കും കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പതാകയും അതിർത്തികളും വിഭവങ്ങളും ഉപയോഗിച്ച് ആരെങ്കിലും കളിച്ചാൽ തീർച്ചയായും അയാൾ ജയിലിൽ പോകേണ്ടിവരുമെന്ന് ശ്രീ ഷാ പറഞ്ഞു. കാരണം രാജ്യത്തിന്റെ സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകുന്നതിനാണ് നരേന്ദ്ര മോദി ഗവണ്മെന്റ് ഊന്നൽ നൽകുന്നതെന്നും അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹത്തിന്റെ നിർവചനത്തിൽ ലക്ഷ്യത്തെയും ഉദ്ദേശ്യത്തെയും കുറിച്ചാണ് ഞങ്ങൾ സംസാരിച്ചതെന്നും രാജ്യദ്രോഹമാണ് ലക്ഷ്യമെങ്കിൽ പ്രതികൾക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ സംരംഭങ്ങൾക്ക് പ്രത്യേക നിറം കൊടുക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എന്നാൽ മോദി ഗവണ്മെന്റ് ഭരണഘടനയുടെ അന്തസത്ത അനുസരിച്ചുള്ള ഗവണ്മെന്റാണെന്നും രാജ്യത്തിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരെ രാജ്യത്തുനിന്ന് പുറത്താക്കാൻ, ആയിരക്കണക്കിന് സ്വാതന്ത്ര്യസമരസേനാനികൾ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അവരുടെ ജീവിതത്തിന്റെ സുവർണ വർഷങ്ങൾ ജയിലിൽ ചെലവഴിച്ചു. ഇന്ന് നരേന്ദ്ര മോദി ഗവണ്മെന്റിന്റെ ഈ സംരംഭം സ്വതന്ത്ര ഇന്ത്യയിൽ ഈ അന്യായ വ്യവസ്ഥ ഇന്ന് നിർത്തലാക്കിയതിൽ തീർച്ചയായും അവരുടെ ആത്മാവിന് സംതൃപ്തി ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഈ നിയമങ്ങളിൽ വിവിധ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി പറഞ്ഞു. ഭാരതീയ ന്യായസംഹിതയിൽ ഇതുമായി ബന്ധപ്പെട്ട പുതിയ അധ്യായം ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 18 വയസിൽ താഴെയുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് ജീവപര്യന്തം തടവും വധശിക്ഷയുമാണ് വ്യവസ്ഥ ചെയ്യുന്നത്. കൂട്ടബലാത്സംഗക്കേസുകളിൽ 20 വർഷം തടവോ മരണം വരെ തടവോ ലഭിക്കാവുന്ന വകുപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി ഗവണ്മെന്റ് ക്രിമിനൽ നീതിന്യായവ്യവസ്ഥയിൽ ഭീകരവാദത്തിന് സ്ഥാനം നൽകിയെന്ന് ശ്രീ ഷാ പറഞ്ഞു. മനുഷ്യാവകാശലംഘനമാണ് ഭീകരർ നടത്തുന്നതെന്നും കടുത്ത ശിക്ഷ തന്നെ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഡൈനാമിറ്റ്, സ്‌ഫോടക വസ്തു, വിഷവാതകം, ആണവായുധം എന്നിവയുടെ ഉപയോഗം പോലുള്ള സംഭവങ്ങളിൽ ഏതിലെങ്കിലും മരണം സംഭവിച്ചാൽ അതിന് ഉത്തരവാദികളായവർ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിർവചനം ഈ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യത നൽകുന്നില്ല. എന്നാൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നും ഈ വകുപ്പ് ഈ സഭ അംഗീകരിച്ചത് ഭീകരതയ്‌ക്കെതിരായ സഹിഷ്ണുതാരഹിത മനോഭാവത്തിന്റെ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങളെ ഈ നിയമങ്ങളിൽ ഇതാദ്യമായി നിർവചിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. മനഃപൂർവമല്ലാത്ത നരഹത്യ നടന്നാൽ, കേസ് റിപ്പോർട്ട് ചെയ്യാൻ പ്രതികൾ പൊലീസിനെ സമീപിക്കുകയും ഇരയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്താൽ കുറഞ്ഞ ശിക്ഷയ്ക്കു വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ് ആൻഡ് റൺ കേസുകൾക്ക് 10 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇനി മുതൽ പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കണം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് കാലതാമസമില്ലാതെ 7 ദിവസത്തിനകം നേരിട്ട് പോലീസ് സ്‌റ്റേഷനിലേക്കും കോടതിയിലേക്കും അയക്കാനുള്ള വ്യവസ്ഥയും തങ്ങള്‍ ഇപ്പോള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി 90 ദിവസമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അതിനുശേഷം 90 ദിവസം കൂടി മാത്രമേ അന്വേഷണം നടത്താന്‍ കഴിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 14 ദിവസത്തിനകം മജിസ്‌ട്രേറ്റ് കേസ് പരിഗണിക്കണമെന്നും തുടര്‍ന്ന് നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ വെറുതെ വിടാനുള്ള അപേക്ഷ 60 ദിവസത്തിനകം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയുടെ അഭാവത്തില്‍ പോലും 90 ദിവസത്തിനുള്ളില്‍ വിചാരണ ചെയ്യാനും ശിക്ഷിക്കപ്പെടാനും കഴിയുന്ന നിരവധി കേസുകളുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. ഇനി മുതൽ കേസ് അവസാനിച്ച് 45 ദിവസത്തിനകം ജഡ്ജി വിധി പറയണം. ഇതോടൊപ്പം, വിധിനിർണയത്തിനും ശിക്ഷയ്ക്കും ഇടയില്‍ 7 ദിവസം മാത്രമേ ഉണ്ടാകുകയുമുള്ളു. സുപ്രീം കോടതി അപ്പീല്‍ തള്ളി 30 ദിവസത്തിനകം മാത്രമേ ദയാഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ കഴിയൂ.

ഒരു സ്ത്രീക്ക് ഇ-എഫ്.ഐ.ആര്‍ വഴി പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാമെന്നും അത് അവലോകനം ചെയ്യുന്നതിനും രണ്ട് ദിവസത്തിനുള്ളില്‍ യുവതിക്ക് മറുപടി നല്‍കുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. പോലീസിന്റെ അധികാര ദുര്‍വിനിയോഗം തടയാന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യം നടന്നയിടം, അന്വേഷണം, വിചാരണ എന്നീ മൂന്ന് ഘട്ടങ്ങളിലും സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും ഇത് പോലീസ് അന്വേഷണങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക മാത്രമല്ല, തെളിവുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇരയുടെയും പ്രതിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെളിവുകളുടെ വീഡിയോ റെക്കോര്‍ഡിംഗ്, തിരച്ചില്‍, പിടിച്ചെടുക്കല്‍ എന്നിവയ്ക്കായി നിര്‍ബന്ധിത വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്, ഇത് ആര്‍ക്കെതിരെയെങ്കിലും വ്യാജ കേസുകള്‍ നിര്‍മ്മിക്കുന്നതിന്റെ വ്യാപ്തി ഗണ്യമായി കുറയ്ക്കും. ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി നിര്‍ബന്ധമാക്കാനുള്ള തീരുമാനം നരേന്ദ്ര മോദി ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുന്നെന്നും ശ്രീ ഷാ പറഞ്ഞു.

നമ്മുടെ രാജ്യത്ത് ശിക്ഷാനിരക്ക് വളരെ കുറവാണെന്നും അത് വര്‍ദ്ധിപ്പിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക, ശാസ്ത്രീയമായ രീതി ഉപയോഗിച്ച് അന്വേഷണം നടത്തുക, ശിക്ഷാനിരക്ക് 90% ആക്കുക എന്നീ ലക്ഷ്യങ്ങളോടെ, ഏഴുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളില്‍ എഫ്.എസ്.എല്‍ ടീമിന്റെ സന്ദര്‍ശനം നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഈ ബില്ലിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്ത് ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചു. പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹം നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് (എന്‍.എഫ്.എസ്.യു) രൂപം നല്‍കുകയും ആ യൂണിവേഴ്‌സിറ്റിക്ക് കീഴില ഒന്‍പത് സംസ്ഥാനങ്ങളിലായി ഇതുവരെ 7 കാമ്പസുകളും രണ്ടു പരിശീലനകേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 5 വര്‍ഷത്തിനുശേഷം, നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് 35,000 ഫോറന്‍സിക് വിദഗ്ധരെ പ്രതിവര്‍ഷം ലഭിക്കും. 6 അത്യാധുനിക സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളും മോദി ഗവണ്‍മെന്റ് നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരയ്ക്ക് ഇപ്പോള്‍ ഏത് പോലീസ് സ്‌റ്റേഷനിലും പോയി സീറോ എഫ്.ഐ.ആര്‍ രേഖപ്പെടുത്താമെന്നും 24 മണിക്കൂറിനുള്ളില്‍ അത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് നിര്‍ബന്ധമായും മാറ്റണമെന്നും അമിത് ഷാ പറഞ്ഞു. ഇതോടൊപ്പം അറസ്റ്റിലായവരുടെ പട്ടിക തയ്യാറാക്കി അവരുടെ ബന്ധുക്കളെ അറിയിക്കുന്നതിന് എല്ലാ ജില്ലകളിലും പോലീസ് സ്‌റ്റേഷനുകളിലും ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. ജാമ്യവും ബോണ്ടും നേരത്തെ വ്യക്തമാക്കിയിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ജാമ്യവും ബോണ്ടും വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാ പറഞ്ഞു. പ്രഖ്യാപിത കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 19 കുറ്റകൃത്യങ്ങളില്‍ മാത്രമേ ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ 120 കുറ്റകൃത്യങ്ങളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുളള വ്യവസ്ഥയും ചെയ്തിട്ടുണ്ട്.

ഹാജരാകാതെയുള്ള വിചാരണകളിൽ കുറ്റവാളികള്‍ ഇനി മുതൽ ശിക്ഷിക്കപ്പെടുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. തടവുശിക്ഷയുടെ മൂന്നിലൊന്ന് അനുഭവിച്ചുകഴിഞ്ഞ വിചാരണ തടവുകാര്‍ക്ക് ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിക്ഷാ ഇളവ് യുക്തിസഹമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷയാണെങ്കിൽ ജീവപര്യന്തമായി ആയിരിക്കണം പരമാവധി ഇളവ്. ശിക്ഷ ജീവപര്യന്തമാണെങ്കില്‍ കുറഞ്ഞത് 7 വര്‍ഷവും, ശിക്ഷ 7 വര്‍ഷമോ അതില്‍ കൂടുതലോ ആണെങ്കില്‍ കുറഞ്ഞത് 3 വര്‍ഷവും തടവ് അനുഭവിക്കണം. പൊലീസ് സ്റ്റേഷനുകളില്‍ വൻതോതിൽ കെട്ടിക്കിടക്കുന്ന സ്വത്തുക്കള്‍ വീഡിയോഗ്രാഫി നടത്തിയ ശേഷം കോടതിയുടെ സമ്മതത്തോടെ മജിസ്ട്രേറ്റ് വിൽക്കുമെന്നും 30 ദിവസത്തിനകം പണം കോടതിയില്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ തെളിവു നിയമത്തില്‍ മോദി ഗവണ്‍മെന്റ് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഷാ പറഞ്ഞു. ഡോക്യുമെന്റിന്റെ നിര്‍വചനത്തില്‍ ഇലക്ട്രോണിക് റെക്കോര്‍ഡ്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇപ്പോള്‍ ഏത് തരത്തിലുള്ള ഇലക്ട്രോണിക് റെക്കോര്‍ഡും തെളിവായി കണക്കാക്കും. ഇലക്ട്രോണിക് രീതിയില്‍ ലഭിച്ച മൊഴികള്‍ തെളിവുകളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇത് പൂര്‍ണമായി നടപ്പാക്കുമ്പോള്‍ നമ്മുടെ നീതിന്യായ പ്രക്രിയ ലോകത്തിലെ ഏറ്റവും ആധുനികമായ ജുഡീഷ്യല്‍ പ്രക്രിയയായി മാറുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 97% പൊലീസ് സ്റ്റേഷനുകളും ഐസിജെഎസ് മുഖേന കംപ്യൂട്ടര്‍വല്‍ക്കരിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. ഐസിജെഎസ്സിലൂടെ കോടതികളും ആധുനികവല്‍ക്കരിക്കപ്പെടുകയാണെന്നും ഫൊറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി, പൊലീസ് സ്റ്റേഷന്‍, ആഭ്യന്തര വകുപ്പ്, പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ്, ജയില്‍, കോടതി എന്നിവ ഏകീകൃത സോഫ്റ്റ്വെയറിനു കീഴിൽ ഓൺലൈനാകാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, സ്മാര്‍ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, മെസേജ് വെബ്സൈറ്റുകള്‍, ലൊക്കേഷന്‍ തെളിവുകള്‍ എന്നിവ തെളിവുകളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രതികള്‍ക്കും ഇരകള്‍ക്കും ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ കോടതിയില്‍ ഹാജരാകാന്‍ അനുമതി നല്‍കിയതായും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി പറഞ്ഞു.ഒരു ഭീകര പ്രവര്‍ത്തനത്തിന്റെ കുറ്റകൃത്യം ഒരിടത്ത് രജിസ്റ്റര്‍ ചെയ്യാം, എന്നാല്‍ നാളിതുവരെ സിആര്‍പിസിയില്‍ ഭീകരവാദത്തെ നിര്‍വചിച്ചിട്ടില്ല. അതിനാൽ നിരവധി ആളുകള്‍ രക്ഷപ്പെടുകയും ചെയ്തു. ഈ നിയമത്തിലൂടെ അവര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നവര്‍ക്കേ കരുണയ്ക്ക് അവകാശമുള്ളൂവെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇത്രയും നിശ്ചയദാര്‍ഢ്യത്തോടെ നിയമത്തില്‍ ഫൊറന്‍സിക് സയന്‍സിന് സ്ഥാനം നല്‍കുന്ന ഏക രാജ്യം ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷുകാരുടെ കാലത്തെ അടിമത്തത്തിന്റെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കി, ഇപ്പോള്‍ ഇത് സമ്പൂര്‍ണ ഇന്ത്യന്‍ നിയമമായി മാറാന്‍ പോകുകയാണെന്നും ശ്രീ ഷാ പറഞ്ഞു.

--NS--(Release ID: 1988968) Visitor Counter : 339