പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


സൂറത്തിലെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം, നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സുപ്രധാന കുതിച്ചുചാട്ടം: പ്രധാനമന്ത്രി

Posted On: 17 DEC 2023 3:59PM by PIB Thiruvananthpuram

ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പുതിയ ടെര്‍മിനല്‍ കെട്ടിടം അദ്ദേഹം ചുറ്റികാണുകയും ചെയ്തു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത് ഇങ്ങനെ:

''സൂറത്തിലെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു സുപ്രധാന കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു. ഈ അത്യാധുനിക സൗകര്യം യാത്രാനുഭവം മെച്ചപ്പെടുത്തുക മാത്രമല്ല സാമ്പത്തിക വളര്‍ച്ച, വിനോദസഞ്ചാരം, സമ്പര്‍ക്ക സൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും."

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

പശ്ചാത്തലം

തിരക്കേറിയ സമയങ്ങളില്‍ 1200 ആഭ്യന്തര യാത്രക്കാരെയും 600 അന്താരാഷ്ട്ര യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള സംവിധാനം ടെര്‍മിനല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, തിരക്കേറിയ മണിക്കൂറുകളില്‍ 3000 യാത്രക്കാരെന്ന നിലയില്‍ ശേഷി വര്‍ധിപ്പിക്കാനും വാര്‍ഷിക കൈകാര്യം ചെയ്യല്‍ ശേഷി 55 ലക്ഷമായി ഉയര്‍ത്താനും സൗകര്യമുണ്ട്. സൂറത്ത് നഗരത്തിലേക്കുള്ള പ്രവേശന കവാടമായ ടെര്‍മിനല്‍ കെട്ടിടം പ്രാദേശിക സംസ്‌കാരവും പൈതൃകവും ഉള്‍ക്കൊണ്ടാണു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതു നഗരത്തിന്റെ സത്തയുടെ പ്രതിഫലനം ഉറപ്പാക്കുന്നു. ഇത് ഈ പ്രദേശത്തെക്കുറിച്ചുള്ള അവബോധം സന്ദര്‍ശകരില്‍ സൃഷ്ടിക്കും. നവീകരിച്ച ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം സൂറത്ത് നഗരത്തിലെ 'റാന്ദേര്‍' മേഖലയിലെ പഴയ വീടുകളുടെ സമ്പന്നവും പരമ്പരാഗതവുമായ മരപ്പണികൊണ്ടു യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാന്‍ ലക്ഷ്യമിടുന്നു. ഇരട്ട ആവരണമുള്ള മേല്‍ക്കൂര സംവിധാനം, ഊര്‍ജസംരക്ഷണത്തിനുള്ള മേലാപ്പുകള്‍, ചൂടു കുറയ്ക്കാന്‍ സഹായിക്കുന്ന ഇരട്ട കണ്ണാടിപ്പാളികളുടെ ക്രമീകരണം, മഴവെള്ള സംഭരണം, ജലശുദ്ധീകരണ പ്ലാന്റ്, മലിനജലശുദ്ധീകരണ പ്ലാന്റ്, ഭൂപ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കാനായി പുനഃചംക്രമണം നടത്തിയ വെള്ളത്തിന്റെ ഉപയോഗം, സൗരോര്‍ജനിലയം തുടങ്ങിയ വിവിധ സുസ്ഥിര സവിശേഷതകള്‍ 'ഗൃഹ 4' (GRIHA IV) മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

NK

(Release ID: 1987448) Visitor Counter : 70