പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുദ്ര ഗുണഭോക്താവായ മേഘ്ന എല്ലാവർക്കും പ്രചോദനമെന്ന് പ്രധാനമന്ത്രി



പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പരിശീലനം നേടിയ മുംബൈ സ്വദേശിനി മേഘ്‌ന കൈകൊണ്ട് നിര്‍മ്മിച്ച ചെറുകിടക്കകള്‍ അമേരിക്കയിലേക്കും കാനഡയിലേക്കും കയറ്റുമതി ചെയ്യുന്നു

ഒറ്റയ്ക്ക് മകനെ വളർത്തുന്ന അമ്മയായ മേഘ്ന, തൻ്റെ മകനെ ഫ്രാന്‍സിലേക്ക് പഠിക്കാന്‍ അയച്ചു

Posted On: 16 DEC 2023 6:06PM by PIB Thiruvananthpuram

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ (വി.ബി.എസ്.വൈ) ഗുണഭോക്താക്കളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര പ്രധാനമന്ത്രി പരിപാടിയിൽ ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.

മുദ്ര യോജനയിലൂടെ ലഭിച്ച 90,000 രൂപയുടെ വായ്പ കൊണ്ട് പാത്രങ്ങള്‍ വാങ്ങിയതിനേക്കുറിച്ചും തന്റെ വ്യാപാരം മുന്നോട്ടുകൊണ്ടുപോയതിനെക്കുറിച്ചും ഒറ്റയ്ക്ക് മകനെ വളര്‍ത്തുന്ന അമ്മയായ മേഘ്‌ന പ്രധാനമന്ത്രിയെ അറിയിച്ചു. സ്വന്തമായി കാറ്ററിംഗ് ബിസിനസുള്ള മേഘ്ന, വി.ബി.എസ്.വൈ ഗുണഭോക്താവുമാണ്. മുദ്ര യോജനയുടെയും സ്വനിധി യോജനയുടെയും സഹായത്തോടെ തന്റെ വ്യാപാരം വിപുലീകരിക്കാനായതിനെക്കുറിച്ചും ഇപ്പോള്‍ ഫ്രാന്‍സില്‍ പഠിക്കുന്ന തന്റെ മകന് വിദ്യാഭ്യാസ വായ്പ ലഭ്യമായതിനെക്കുറിച്ചും അവര്‍ പറഞ്ഞു.

അപേക്ഷിച്ച് 8 ദിവസത്തിനുള്ളില്‍ തനിക്ക് വായ്പ ലഭിച്ചുവെന്നും താന്‍ കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നുണ്ടെന്നും വായ്പാ അപേക്ഷയുടെ ലളിതവല്‍ക്കരണ പ്രക്രിയയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തിന് മറുപടിയായി മേഘ്‌ന അറിയിച്ചു. സ്വാനിധിക്ക് കീഴിലുള്ള മുന്‍ വായ്പകള്‍ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിനൊപ്പം പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള സൗകര്യത്തെ കുറിച്ചും അറിയിച്ച പ്രധാനമന്ത്രി, പദ്ധതിക്ക് കീഴില്‍ കൂടുതല്‍ വായ്പകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ടോ എന്നും ആരാഞ്ഞു. ഭാവിയിലും വായ്പകള്‍ക്ക് അപേക്ഷിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മേഘ്‌ന, തന്റെ കാറ്ററിംഗ് ബിസിനസില്‍ 25 സ്ത്രീകള്‍ ജോലിചെയ്യുന്നതും പ്രധാനമന്ത്രിയെ അറിയിച്ചു.

100 സ്ത്രീകള്‍ ജോലി ചെയ്യുന്നിടത്ത് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ തയ്യല്‍ പരിശീലനം നേടിയതിനെക്കുറിച്ചും യു.എസ്.എയിലേക്കും കാനഡയിലേക്കും കൈകൊണ്ട് നിര്‍മ്മിച്ച ചെറുകിടക്കകള്‍ കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും അവര്‍ അറിയിച്ചു. ലഭ്യമായ എല്ലാ ഗവണ്‍മെന്റ് പദ്ധതികള്‍ക്കും പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ ശ്രീമതി മേഘ്‌ന, സമൂഹത്തിലെ ആളുകളോട് അവ പ്രയോജനപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നതായും അറിയിച്ചു. ശ്രീമതി മേഘ്‌നയുടെ വിജയങ്ങള്‍ അവര്‍ക്ക് മാത്രമല്ല മറ്റ് സ്ത്രീകൾക്കും ഒരു അനുഗ്രഹമാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി അത്തരം നിശ്ചയദാര്‍ഢ്യമുള്ള ആളുകളെ സേവിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു.

--SK--



(Release ID: 1987241) Visitor Counter : 63