പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റോസ്ഗര്‍ മേളയുടെ ഭാഗമായി 51,000-ത്തിലധികം നിയമന കത്തുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 30 NOV 2023 6:43PM by PIB Thiruvananthpuram

നമസ്‌കാരം!

രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പ്രചാരണം തുടരുകയാണ്. ഇന്ന് 50,000 ത്തിലധികം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായുളള നിയമന കത്തുകള്‍ നല്‍കിയിട്ടുണ്ട്. ഈ നിയമന കത്തുകള്‍ ലഭിക്കുന്നത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും ഫലമായാണ്. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂര്‍വം ഞാന്‍ അഭിനന്ദിക്കുന്നു. 

ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ഒരു രാഷ്ട്രനിര്‍മ്മാണ ധാരയിലേക്കാണ്  നിങ്ങള്‍ ചേരാന്‍ പോകുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ജീവനക്കാര്‍ എന്ന നിലയില്‍ നിങ്ങള്‍ എല്ലാവരും പ്രധാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. നിങ്ങള്‍ ഏത് പദവി വഹിച്ചാലും, ഏത് മേഖലയില്‍ ജോലി ചെയ്താലും, നിങ്ങളുടെ മുന്‍ഗണന രാജ്യത്തെ ജനങ്ങള്‍ക്ക് എളുപ്പമുള്ള ജീവിതം ഉറപ്പാക്കുക എന്നതാണ്.

സുഹൃത്തുക്കളേ,

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, നവംബര്‍ 26 ന് രാജ്യം ഭരണഘടനാ ദിനം ആഘോഷിച്ചു. 1949-ലെ ഈ ദിനത്തിലാണ് എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം നല്‍കുന്ന ഭരണഘടന രാജ്യം അംഗീകരിച്ചത്. എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കി സാമൂഹിക നീതി സ്ഥാപിക്കുന്ന ഒരു ഭാരതത്തെക്കുറിച്ചാണ് ഭരണഘടനയുടെ മുഖ്യ ശില്പിയായ ബാബാ സാഹിബ് സ്വപ്നം കണ്ടത്. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തരം, രാജ്യത്ത് സമത്വ തത്വം വളരെക്കാലം അവഗണിക്കപ്പെട്ടു.

2014-ന് മുമ്പ് സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. 2014ല്‍ രാഷ്ട്രം ഞങ്ങള്‍ക്ക് സേവനം ചെയ്യാനുള്ള അവസരം നല്‍കുകയും ഭരണം നടത്താനുള്ള ഉത്തരവാദിത്തം ഞങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തപ്പോള്‍, ഒന്നാമതായി, അധഃസ്ഥിതര്‍ക്ക് മുന്‍ഗണന നല്‍കുക എന്ന മന്ത്രവുമായി ഞങ്ങള്‍ മുന്നേറാന്‍ തുടങ്ങി. പതിറ്റാണ്ടുകളായി വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളോ സര്‍ക്കാരില്‍ നിന്നുള്ള ഏതെങ്കിലും സൗകര്യങ്ങളോ ലഭിക്കാത്ത ആളുകളുടെ അടുത്തേക്ക് ഗവണ്‍മെന്റ് സഹായം എത്താന്‍ തുടങ്ങി. ഇത്തരക്കാരുടെ ജീവിതം മാറ്റിമറിക്കാനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ഗവണ്‍മെന്റിന്റെ ചിന്തയിലും തൊഴില്‍ സംസ്‌കാരത്തിലും വന്ന ഈ മാറ്റം കാരണം അഭൂതപൂര്‍വമായ ഫലങ്ങളാണ് ഇന്ന് രാജ്യത്ത് കാണുന്നത്. ഭരണസംവിധാനം ഒന്നു തന്നെ, ജനങ്ങള്‍ ഒന്നുതന്നെ; ഫയലുകള്‍ ഒന്നു തന്നെ; ജോലി ചെയ്യുന്നവരും ചെയ്യുന്ന രീതിയും ഒന്നു തന്നെ, എന്നാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഗവണ്‍മെന്റ് മുന്‍ഗണന നല്‍കിത്തുടങ്ങിയപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിത്തുടങ്ങി. വളരെ പെട്ടെന്ന് ഒന്നിനു പുറകെ ഒന്നായി, പ്രവര്‍ത്തന ശൈലി മാറാന്‍ തുടങ്ങി; ജോലിയുടെ രീതി മാറാന്‍ തുടങ്ങി; ഉത്തരവാദിത്തങ്ങള്‍ നിര്‍ണയിക്കപ്പെട്ടു, സാധാരണക്കാരുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ നല്ല ഫലങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി.

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ 13 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി ഒരു പഠനം പറയുന്നു. ഗവണ്‍മെന്റിന്റെ പദ്ധതികള്‍ പാവപ്പെട്ടവരിലേക്ക് എത്തുമ്പോള്‍ അത് എത്രമാത്രം വ്യത്യാസം വരുത്തുന്നുവെന്ന് ഇത് കാണിക്കുന്നു. ഇന്ന് രാവിലെ തന്നെ വികസിത് ഭാരത് സങ്കല്‍പ് യാത്ര എങ്ങനെയാണ് ഓരോ ഗ്രാമത്തിലും എത്തുന്നത് എന്ന് നിങ്ങള്‍ കണ്ടിരിക്കണം. നിങ്ങളെപ്പോലെ ഗവണ്‍മെന്റ് ജീവനക്കാരും ഗവണ്‍മെന്റ് പദ്ധതികള്‍ പാവപ്പെട്ടവരുടെ പടിവാതില്‍ക്കല്‍ എത്തിക്കുകയാണ്. ഗവണ്‍മെന്റ്                   സര്‍വ്വീസില്‍ ചേര്‍ന്നതിന് ശേഷം നിങ്ങളും ഇതേ ഉദ്ദേശത്തോടെ, സദുദ്ദേശ്യത്തോടെ, ഇതേ അര്‍പ്പണബോധത്തോടെ, സമര്‍പ്പണത്തോടെ ജനസേവനത്തിനായി സ്വയം സമര്‍പ്പിക്കണം.

സുഹൃത്തുക്കളേ,

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തില്‍, നിങ്ങള്‍ എല്ലാവരും ഒരു അടിസ്ഥാന സൗകര്യവിപ്ലവത്തിനും സാക്ഷ്യം വഹിക്കുന്നു. അത്യാധുനിക അതിവേഗ പാതകളോ, ആധുനിക റെയില്‍വേ സ്റ്റേഷനുകളോ, എയര്‍പോര്‍ട്ടുകളോ, ജലമാര്‍ഗങ്ങളോ ആകട്ടെ, ഈ മേഖലകള്‍ക്കായി ഇന്ന് രാജ്യം ലക്ഷക്കണക്കിന് കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത്രയും വലിയ തോതില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ പണം ചെലവഴിക്കുകയും നിക്ഷേപിക്കുകയും ചെയ്യുമ്പോള്‍, അത് തികച്ചും സ്വാഭാവികമാണ്, അത് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല.

2014 മുതല്‍ ഉണ്ടായ മറ്റൊരു നിര്‍ണായക മാറ്റം, വര്‍ഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതികള്‍ മിഷന്‍ മോഡില്‍ കണ്ടെത്തി പൂര്‍ത്തിയാക്കുന്നു എന്നതാണ്. പാതിവഴിയിലായ പദ്ധതികള്‍ രാജ്യത്തെ സത്യസന്ധരായ നികുതിദായകരുടെ പണം പാഴാക്കുക മാത്രമല്ല, പദ്ധതികളുടെ ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു; അതേസമയം പദ്ധതിയില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഇതും നമ്മുടെ നികുതിദായകരോട് കാണിക്കുന്ന വലിയ അനീതിയാണ്.

വര്‍ഷങ്ങളായി കേന്ദ്രഗവണ്‍മെന്റ് ലക്ഷക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ അവലോകനം ചെയ്യുകയും തുടര്‍ച്ചയായ നിരീക്ഷണം നടത്തുകയും അവ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. ഇത് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഉദാഹരണത്തിന്, 22-23 വര്‍ഷം മുമ്പ് ആരംഭിച്ച ബിദാര്‍-കലബുറഗി റെയില്‍വേ ലൈന്‍ അത്തരമൊരു പദ്ധതിയായിരുന്നു. എന്നാല്‍ ഈ പദ്ധതിയും അനിശ്ചിതത്വത്തിലായി, മറന്നുപോയി. 2014-ല്‍ ഇത് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയും വെറും 3 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയും ചെയ്തു. സിക്കിമിലെ പാക്യോങ് വിമാനത്താവളവും 2008-ല്‍ രൂപകല്പന ചെയ്യപ്പെട്ടതാണ്. എന്നാല്‍ 2014 വരെ അത് കടലാസില്‍ മാത്രമായി തുടര്‍ന്നു. 2014ന് ശേഷം ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങി 2018ല്‍ പൂര്‍ത്തീകരിച്ചു. ഇതും തൊഴിലവസരങ്ങള്‍ നല്‍കി. പാരദീപ് റിഫൈനറിയെക്കുറിച്ചുള്ള ചര്‍ച്ചകളും 20-22 വര്‍ഷം മുമ്പ് ആരംഭിച്ചിരുന്നു, പക്ഷേ 2013 വരെ ഫലവത്തായില്ല. ഞങ്ങളുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍, മുടങ്ങിക്കിടന്ന എല്ലാ പദ്ധതികളും എന്ന പോലെ, ഞങ്ങള്‍ പാരദീപ് റിഫൈനറി പദ്ധതി ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. അത്തരം അടിസ്ഥാന സൗകര്യ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍, അവ നേരിട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, പരോക്ഷമായ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വലിയ മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ഈ മേഖല പോകുന്ന ദിശയില്‍, ഇടത്തരക്കാരുടെയും നിര്‍മ്മാതാക്കളുടെയും നാശം ഉറപ്പായിരുന്നു. RERA നിയമം മൂലം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇന്ന് സുതാര്യത ഉണ്ടായിട്ടുണ്ട്, ഈ മേഖലയിലെ നിക്ഷേപം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, രാജ്യത്ത് ഒരു ലക്ഷത്തിലധികം റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ RERA നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ പദ്ധതികള്‍ മുടങ്ങുകയും പുതിയ തൊഴിലവസരങ്ങള്‍ സ്തംഭിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് വളര്‍ന്നുവരുന്ന ഈ റിയല്‍ എസ്റ്റേറ്റ് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യാ ഗവണ്‍മെന്റിന്റെ നയങ്ങളും തീരുമാനങ്ങളും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഇന്ന് പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുന്നു. ലോകത്തിലെ പ്രധാന സ്ഥാപനങ്ങള്‍ക്ക്  ഭാരതത്തിന്റെ വളര്‍ച്ചാ നിരക്കിനെക്കുറിച്ച് വളരെ ശുഭാപ്തി വിശ്വാസമാണുള്ളത്. അടുത്തിടെ, നിക്ഷേപ റേറ്റിംഗിലെ ഒരു ആഗോള നേതാവ് ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് അംഗീകാരം നല്‍കി. വര്‍ദ്ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍, ജോലി ചെയ്യാന്‍ സാധിക്കുന്ന വലിയ ജനസംഖ്യ, വര്‍ധിച്ച തൊഴില്‍ ഉല്‍പ്പാദനക്ഷമത എന്നിവ കാരണം ഭാരതത്തിന്റെ വളര്‍ച്ച അതിവേഗം തുടരുമെന്ന് അവര്‍ കണക്കാക്കുന്നു. ഭാരതത്തിന്റെ ഉത്പാദക-നിര്‍മ്മാണ മേഖലയുടെ ശക്തിയും ഇതിന് ഒരു പ്രധാന കാരണമാണ്.

വരും കാലങ്ങളിലും, തൊഴിലിന്റെയും സ്വയം തൊഴിലിന്റെയും വലിയ സാധ്യതകള്‍ ഭാരതത്തില്‍ സൃഷ്ടിക്കപ്പെടും എന്നതിന്റെ തെളിവാണ് ഈ വസ്തുതകള്‍ വെളിവാക്കുന്നത്. ഇത് തന്നെ രാജ്യത്തെ യുവജനങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഗവണ്‍മെന്റ് ജീവനക്കാരന്‍ എന്ന നിലയില്‍ താങ്കള്‍ക്കും ഇതില്‍ നിര്‍ണായക പങ്കുണ്ട്. ഭാരതത്തില്‍ നടക്കുന്ന വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ അവസാനത്തെ ആളിലും എത്തുന്നുവെന്ന് ഉറപ്പാക്കണം. ഒരു പ്രദേശം എത്ര അകലെയാണെങ്കിലും, അത് നിങ്ങളുടെ മുന്‍ഗണനയായിരിക്കണം. ഒരു വ്യക്തിയുടെ സ്ഥാനം എത്ര അപ്രാപ്യമാണെങ്കിലും, നിങ്ങള്‍ അവനെ സമീപിക്കണം. ഇന്ത്യാ ഗവണ്‍മെന്റിന്റെ ജീവനക്കാരന്‍ എന്ന നിലയില്‍, ഈ സമീപനവുമായി മുന്നോട്ട് പോകുമ്പോള്‍ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കൃതമാകൂ.

സുഹൃത്തുക്കളേ,

അടുത്ത 25 വര്‍ഷം നിങ്ങള്‍ക്കും രാജ്യത്തിനും വളരെ പ്രധാനമാണ്. വളരെ കുറച്ച് തലമുറകള്‍ക്ക് മാത്രമേ ഇത്തരമൊരു അവസരം ലഭിച്ചിട്ടുള്ളൂ. ഈ അവസരം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുക. നിങ്ങള്‍ എല്ലാവരും 'കര്‍മ്മയോഗി പ്രാരംഭ്' എന്ന പുതിയ പഠന മൊഡ്യൂളില്‍ ചേരണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതുമായി സഹകരിച്ച് കഴിവും കഴിവും വര്‍ദ്ധിപ്പിക്കാത്ത ഒരു സുഹൃത്തും ഉണ്ടാകരുത്. നിങ്ങളെ ഈ നിലയിലേക്ക് എത്തിച്ച പഠിക്കാനുള്ള ആ ത്വര ഒരിക്കലും അവസാനിപ്പിക്കരുത്. തുടര്‍ച്ചയായി പഠനം തുടരുക; തുടര്‍ച്ചയായി സ്വയം വളരുക. ഇത് നിങ്ങളുടെ ജീവിതത്തിന്റെ തുടക്കമാണ്; രാജ്യവും വളരുന്നു; നിങ്ങളും വളരണം. സര്‍വീസില്‍ ചേര്‍ന്ന ശേഷം ഇവിടെ കുടുങ്ങിപ്പോകരുത്. അതിനായി ഒരു വലിയ സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

ഒരു വര്‍ഷം മുമ്പാണ് കര്‍മ്മയോഗിക്ക് തുടക്കമായത്. അതിനുശേഷം ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഇതിലൂടെ പരിശീലനം നേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ എന്നോടൊപ്പം ജോലി ചെയ്യുന്നവരെല്ലാം മുതിര്‍ന്ന ജീവനക്കാരാണ്. അവര്‍ രാജ്യത്തിന്റെ സുപ്രധാന കാര്യങ്ങള്‍ നോക്കുന്നു, പക്ഷേ അവരുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ അവര്‍ തുടര്‍ച്ചയായി ടെസ്റ്റുകളിലും പരീക്ഷകളിലും കോഴ്സുകളിലും പങ്കെടുക്കുന്നു, അതിനാല്‍ അവരുടെ കഴിവും അവരുടെ ശക്തിയും സുദൃഢമാകുന്നു, ഇത് പ്രധാനമന്ത്രിയുടെ ഓഫീസിനേയും രാജ്യത്തെയും ശക്തിപ്പെടുത്തുന്നു. .

ഞങ്ങളുടെ ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്ഫോമായ iGoT കര്‍മ്മയോഗിയില്‍ 800-ലധികം കോഴ്സുകളും ലഭ്യമാണ്. നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് ഉപയോഗിക്കുക. ഇന്ന് നിങ്ങളുടെ ജീവിതത്തിന്റെ ഈ പുതിയ തുടക്കത്തോടെ, നിങ്ങളുടെ കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ ലഭിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. നിങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ചേര്‍ന്നതിനാല്‍, കഴിയുമെങ്കില്‍, ഇന്ന് നിങ്ങളുടെ ഡയറിയില്‍ ഒരു കാര്യം എഴുതുക, ഒരു സാധാരണ പൗരനെന്ന നിലയില്‍, നിങ്ങളുടെ പ്രായം എന്തായാലും - 20, 22, 25 വയസ്സ്, സര്‍ക്കാരില്‍ നിങ്ങള്‍ എന്ത് പ്രശ്നങ്ങളാണ് നേരിട്ടത്? ചിലപ്പോള്‍ ബസ് സ്റ്റേഷനില്‍ എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കാം അല്ലെങ്കില്‍ റോഡുകളില്‍ പോലീസ് കാരണം എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കാം. നിങ്ങള്‍ എവിടെയെങ്കിലും ഒരു ഗവണ്‍മെന്റ്് ഓഫീസില്‍ ഒരു പ്രശ്‌നം നേരിട്ടിരിക്കാം.

 ഗവണ്‍മെന്റും ഒരു ഗവണ്‍മെന്റ് ജീവനക്കാരനും കാരണം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം പ്രശനങ്ങള്‍ നേരിട്ടുണ്ടോ, നിങ്ങളുടെ ജോലി കാലയളവില്‍ ഒരു പൗരനും അത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇട നല്‍കില്ലെന്ന് നിങ്ങള്‍ ദൃഢനിശ്ചയം ചെയ്യുക. ഞാന്‍ ആ രീതിയില്‍ പെരുമാറില്ല. നിങ്ങള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത് എന്ന് തീരുമാനിച്ചാല്‍ അത് സാധാരണക്കാരെ വളരെയധികം സഹായിക്കും. രാഷ്ട്രനിര്‍മ്മാണത്തിന്റെ ദിശയിലുള്ള നിങ്ങളുടെ ശോഭനമായ ഭാവിക്കായി ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.

വളരെ നന്ദി.

--NS--


(Release ID: 1982999) Visitor Counter : 94