പ്രധാനമന്ത്രിയുടെ ഓഫീസ്
HoS/HoG യുടെ COP-28 ന്റെ ഉന്നതതല സെഗ്മെന്റിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രത്യേക അഭിസംബോധന
Posted On:
01 DEC 2023 5:47PM by PIB Thiruvananthpuram
ശ്രേഷ്ഠ വ്യക്തിത്വങ്ങളേ
മഹതികളെ മാന്യന്മാരെ,
140 കോടി ഇന്ത്യക്കാരുടെ പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍! ഇന്ന്, എല്ലാവരോടും ആദ്യമായി ഞാന്‍ എന്റെ നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു.
കാലാവസ്ഥാ നീതി, കാലാവസ്ഥാ ധനകാര്യം, ഗ്രീന്‍ ക്രെഡിറ്റ് തുടങ്ങിയ ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് നിങ്ങള്‍ സ്ഥായിയായ പിന്തുണ നല്‍കി
ലോകക്ഷേമത്തിന് എല്ലാവരുടെയും താത്പ്പര്യങ്ങളുടെ സംരക്ഷണം ആവശ്യമാണ്, എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണ് എന്ന വിശ്വാസം ഞങ്ങളുടെ ശ്രമങ്ങളെ അഭിവൃദ്ധിപ്പെടുത്തി.
സുഹൃത്തുക്കളേ,
ഇന്ന്, പരിസ്ഥിതിയും സമ്പദ്വ്യവസ്ഥയും തമ്മില്‍ തികഞ്ഞ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് ഇന്ത്യ ലോകത്തിന് മുന്നില്‍ ഒരു മാതൃക സൃഷ്ടിച്ചു.
ലോകജനസംഖ്യയുടെ 17 ശതമാനം ഇന്ത്യയിലുണ്ടെങ്കിലും ആഗോള കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ നമ്മുടെ പങ്ക് 4 ശതമാനത്തില്‍ താഴെ മാത്രമാണ്.
എന്‍ഡിസി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയിലുള്ള ലോകത്തിലെ ചുരുക്കം ചില സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.
പുറന്തള്ളല്‍ തീവ്രതയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ പതിനൊന്ന് വര്‍ഷം മുമ്പ് ഞങ്ങള്‍ നേടിയിട്ടുണ്ട്.
മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ 9 വര്‍ഷം മുമ്പ് ഞങ്ങള്‍ ഫോസില്‍ ഇതര ഇന്ധന ലക്ഷ്യം കൈവരിച്ചിട്ടുണ്ട്.
ഇന്ത്യ ഇതില്‍ നിന്നിട്ടില്ല. 2030-ഓടെ പുറന്തള്ളല്‍ തീവ്രത 45 ശതമാനം കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഫോസില്‍ ഇതര ഇന്ധനത്തിന്റെ വിഹിതം 50 ശതമാനമായി ഉയര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.
കൂടാതെ, 2070-ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് ഞങ്ങള്‍ തുടരും.
സുഹൃത്തുക്കളേ,
ജി-20 പ്രസിഡന്‍സിയുടെ കാലത്ത്, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന മനോഭാവത്തോടെയുള്ള കാലാവസ്ഥാ വിഷയത്തിന് ഇന്ത്യ സ്ഥിരമായി പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഒരു സുസ്ഥിര ഭാവിക്കായി, ഞങ്ങള്‍ ഒരുമിച്ച് ഹരിത വികസന ഉടമ്പടി അംഗീകരിച്ചു.
സുസ്ഥിര വികസനത്തിനായുള്ള ജീവിതശൈലിയുടെ തത്വങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ചു.
ആഗോളതലത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജം മൂന്നിരട്ടിയാക്കാനുള്ള പ്രതിബദ്ധത ഞങ്ങള്‍ നിര്‍ദ്ദേശിച്ചു.
ബദല്‍ ഇന്ധനങ്ങള്‍ക്കായുള്ള ഹൈഡ്രജന്‍ മേഖലയെ ഇന്ത്യ പ്രോത്സാഹിപ്പിക്കുകയും ആഗോള ജൈവ ഇന്ധന സഖ്യം ആരംഭിക്കുകയും ചെയ്തു.
കാലാവസ്ഥാ ധനകാര്യ പ്രതിബദ്ധത ശതകോടികളില്‍ നിന്ന് നിരവധി ട്രില്യണുകളായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ ഒരുമിച്ച് നിഗമനം ചെയ്തു.
സുഹൃത്തുക്കളേ,
ഇന്ത്യ ഗ്ലാസ്ഗോയില്‍ 'ഐലന്‍ഡ് സ്റ്റേറ്റ്സി'നായി ഇന്‍ഫ്രാസ്ട്രക്ചര്‍ റെസിലിയന്‍സ് സംരംഭം ആരംഭിച്ചിരുന്നു.
13 രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണ്.
ഗ്ലാസ്ഗോയില്‍ വെച്ചാണ് മിഷന്‍ ലൈഫ് - ലൈഫ് സ്‌റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എന്ന കാഴ്ചപ്പാട് ഞാന്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്.
ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ഒരു പഠനം പറയുന്നത് ഈ സമീപനത്തിലൂടെ 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പ്രതിവര്‍ഷം 2 ബില്യണ്‍ ടണ്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ്.
ഇന്ന് ഞാന്‍ ഈ ഫോറത്തില്‍ നിന്ന് മറ്റൊരു, ഗ്രഹത്തിന് അനുകൂലമായ, സജീവവും പോസിറ്റീവുമായ സംരംഭം ആവശ്യപ്പെടുന്നു.
ഇത് ഗ്രീന്‍ ക്രെഡിറ്റ് സംരംഭമാണ്. കാര്‍ബണ്‍ ക്രെഡിറ്റ് എന്ന വാണിജ്യ ചിന്താഗതിക്ക് അപ്പുറത്തേക്ക് നീങ്ങുകയും പൊതുജന പങ്കാളിത്തത്തോടെ ഒരു കാര്‍ബണ്‍ സിങ്ക് സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പ്രചാരണമാണിത്. നിങ്ങള്‍ തീര്‍ച്ചയായും ഇതുമായി ബന്ധപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ നൂറ്റാണ്ടിലെ തെറ്റുകള്‍ തിരുത്താന്‍ നമുക്ക് അധികം സമയമില്ല.
മനുഷ്യരാശിയിലെ ഒരു ചെറിയ വിഭാഗം പ്രകൃതിയെ വിവേചനരഹിതമായി ചൂഷണം ചെയ്തു.
എന്നാല്‍ മുഴുവന്‍ മനുഷ്യരാശിയും അതിന്റെ വില നല്‍കുന്നു, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്തിലെ നിവാസികള്‍.
'എന്റെ ക്ഷേമം മാത്രം' എന്ന ഈ ചിന്ത ലോകത്തെ ഇരുട്ടിലേക്ക് കൊണ്ടുപോകും.
ഈ ഹാളില്‍ ഇരിക്കുന്ന ഓരോ വ്യക്തിയും ഓരോ രാഷ്ട്രത്തലവനും വലിയ ഉത്തരവാദിത്തത്തോടെയാണ് ഇവിടെ വന്നിരിക്കുന്നത്.
നമ്മള്‍ ഓരോരുത്തരും നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതുണ്ട്.
ലോകം മുഴുവന്‍ ഇന്ന് നമ്മെ വീക്ഷിക്കുന്നു, ഈ ഭൂമിയുടെ ഭാവി നമ്മെ നിരീക്ഷിക്കുന്നു. നമ്മള്‍ വിജയിക്കണം.
നമ്മള്‍ നിര്‍ണായകമായിരിക്കണം:
ഓരോ രാജ്യവും തങ്ങള്‍ക്കായി നിശ്ചയിക്കുന്ന കാലാവസ്ഥാ ലക്ഷ്യങ്ങളും അവര്‍ ചെയ്യുന്ന പ്രതിബദ്ധതകളും നിറവേറ്റുമെന്ന് നാം പ്രതിജ്ഞയെടുക്കണം.
നമ്മള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണം:
നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പരസ്പരം സഹകരിക്കുമെന്നും പിന്തുണയ്ക്കുമെന്നും പ്രതിജ്ഞയെടുക്കണം.
ആഗോള കാര്‍ബണ്‍ ബജറ്റില്‍ എല്ലാ വികസ്വര രാജ്യങ്ങള്‍ക്കും ന്യായമായ വിഹിതം നല്‍കണം.
നമ്മള്‍ കൂടുതല്‍ സന്തുലിതരായിരിക്കണം:
പൊരുത്തപ്പെടുത്തല്‍, ലഘൂകരണം, കാലാവസ്ഥാ ധനകാര്യം, സാങ്കേതികവിദ്യ, നഷ്ടം, നാശനഷ്ടങ്ങള്‍ എന്നിവയ്ക്കിടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്ന് നാം പ്രതിജ്ഞയെടുക്കണം.
നാം ലക്ഷ്യബോധമുള്ളവരായിരിക്കണം:
ഊര്‍ജ പരിവര്‍ത്തനം നീതിപൂര്‍വകവും സമ്പൂര്‍ണ്ണവും സമതുലിതവുമാകണമെന്ന് നാം തീരുമാനിക്കേണ്ടതുണ്ട്.
നാം നൂതനമായിരിക്കണം:
നൂതന സാങ്കേതികവിദ്യ തുടര്‍ച്ചയായി വികസിപ്പിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണം.
നമ്മുടെ സ്വാര്‍ത്ഥതയെ മറികടക്കാനും സാങ്കേതികവിദ്യ മറ്റ് രാജ്യങ്ങളിലേക്ക് കൈമാറാനും ശുദ്ധമായ ഊര്‍ജ്ജ വിതരണ ശൃംഖല ശക്തിപ്പെടുത്താനും തയ്യാറാകണം
സുഹൃത്തുക്കളേ,
കാലാവസ്ഥാ വ്യതിയാന പ്രക്രിയയ്ക്കുള്ള യു എന്‍ ചട്ടക്കൂടില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
അതിനാല്‍, 2028-ല്‍ ഇന്ത്യയില്‍ COP-33 ഉച്ചകോടി സംഘടിപ്പിക്കാന്‍ ഞാന്‍ ഇന്ന് ഈ പ്ലാറ്റ്ഫോമില്‍ നിന്ന് നിര്‍ദ്ദേശിക്കുന്നു.
വരുന്ന 12 ദിവസങ്ങളില്‍ നടക്കുന്ന ആഗോള സ്റ്റോക്ക്-ടേക്കിംഗിന്റെ അവലോകനം സുരക്ഷിതവും ശോഭനവുമായ ഭാവിയിലേക്ക് നമ്മെ നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇന്നലെ, ലോസ് ആന്‍ഡ് ഡാമേജ് ഫണ്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ എടുത്ത തീരുമാനം ഞങ്ങളുടെ പ്രതീക്ഷകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.
UAE ആതിഥേയത്വം വഹിക്കുന്ന ഈ COP 28 ഉച്ചകോടി വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എനിക്ക് ഈ പ്രത്യേക ബഹുമതി നല്‍കിയതിന് എന്റെ സഹോദരന്‍ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനും യുഎന്‍ സെക്രട്ടറി ജനറല്‍ ഹിസ് എക്‌സലന്‍സി ഗുട്ടെറസിനും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
എല്ലാവര്‍ക്കും വളരെ നന്ദി.
--NS--
(Release ID: 1982485)
Visitor Counter : 83
Read this release in:
Kannada
,
Telugu
,
Gujarati
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil