പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശോഭനമായ നാളെയിലേക്ക്: ഇന്ത്യയുടെ ജി20 അധ്യക്ഷതയും നവ ബഹുരാഷ്ട്രവാദത്തിന്റെ ഉദയവും


☆ നരേന്ദ്ര മോദി

Posted On: 30 NOV 2023 10:49AM by PIB Thiruvananthpuram

ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തിട്ട് ഇന്നേക്ക് 365 ദിവസം തികയുന്നു. ‘വസുധൈവകുടുംബകം’, ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതിന്റെ ചൈതന്യം പ്രതിഫലിപ്പിക്കാനും പുനർനിർമിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള നിമിഷമാണിത്.

കഴിഞ്ഞ വർഷം നാം ഈ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ, കോവിഡ്-19 മഹാമാരിക്കുശേഷമുള്ള തിരിച്ചുവരവ്, ഉയർന്നുവരുന്ന കാലാവസ്ഥാഭീഷണികൾ, സാമ്പത്തിക അസ്ഥിരത, തകരുന്ന ബഹുസ്വരതയ്ക്കിടയിൽ വികസ്വര രാജ്യങ്ങളിലെ കടബാധ്യത തുടങ്ങിയ വെല്ലുവിളികളുമായി ആഗോള ഭൂപ്രകൃതി മല്ലിടുകയായിരുന്നു. സംഘർഷങ്ങൾക്കും മത്സരങ്ങൾക്കും ഇടയിൽ, വികസന സഹകരണം താറുമാറായി; പുരോഗതിക്കു തടസം നേരിട്ടു.

ജി20 അധ്യക്ഷപദം ഏറ്റെടുക്കുമ്പോൾ, ജിഡിപി കേന്ദ്രീകൃത പുരോഗതിയിൽനിന്നു മാനവകേന്ദ്രീകൃത പുരോഗതിയിലേക്കുള്ള മാറ്റം, അതായത്, നിലവിലുള്ള സ്ഥിതിക്ക് ബദൽ ലോകത്തിന് നൽകാനാണ് ഇന്ത്യ ശ്രമിച്ചത്. നമ്മെ വിഭജിക്കുന്നത് എന്താണ് എന്നതിലുപരി നമ്മെ ഒന്നിപ്പിക്കുന്നത് എന്താണെന്നു ലോകത്തെ ഓർമിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഒടുവിൽ, ചുരുക്കം ചിലരുടെ താൽപ്പര്യങ്ങൾ എന്ന നിലയിൽനിന്ന് നിരവധിപേരുടെ വികസനസ്വപ്നങ്ങളിലേക്കു വഴിമാറുംവിധം ആഗോളതല സംഭാഷണങ്ങൾ വികസിപ്പിച്ചു. നമുക്കറിയുന്നതുപോലെ ഇതിന് ബഹുരാഷ്ട്രവാദത്തിന്റെ അടിസ്ഥാനപരമായ പരിഷ്കരണം വേണ്ടതുണ്ട്.

ഏവരെയും ഉൾക്കൊള്ളുന്നതും, ഉത്കർഷേച്ഛയുള്ളതും, പ്രവർത്തനാധിഷ്ഠിതവും, നിർണായകവും - ഈ നാലു വാക്കുകൾ ജി20 അധ്യക്ഷരാജ്യം എന്ന നിലയിലുള്ള നമ്മുടെ സമീപനത്തെ നിർവചിച്ചു. മാത്രമല്ല, എല്ലാ ജി20 അംഗങ്ങളും ഏകകണ്ഠമായി അംഗീകരിച്ച നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം (എൻഡിഎൽഡി) ഈ തത്വങ്ങൾ പാലിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്.

ഉൾപ്പെടുത്തൽ എന്നതു നമ്മുടെ അധ്യക്ഷപദത്തിന്റെ കാതലാണ്. ജി20 സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയനെ (എയു) ഉൾപ്പെടുത്തിയതോടെ 55 ആഫ്രിക്കൻ രാജ്യങ്ങളെ ഈ വേദിയിൽ സമന്വയിപ്പിക്കാനായി. അത് ആഗോള ജനസംഖ്യയുടെ 80% ഉൾക്കൊള്ളുന്ന തരത്തിൽ ജി20യെ വികസിപ്പിച്ചു. സജീവമായ ഈ നിലപാട് ആഗോള വെല്ലുവിളികളെയും അവസരങ്ങളെയുംകുറിച്ചു കൂടുതൽ സമഗ്രമായ ചർച്ചകൾക്കിടയാക്കി.

രണ്ടു പതിപ്പുകളിലായി ഇന്ത്യ വിളിച്ചുചേർത്ത ‘വോയ്‌സ് ഓഫ് ദി ഗ്ലോബൽ സൗത്ത്’ ഉച്ചകോടി, ബഹുരാഷ്ട്രവാദത്തിന്റെ പുതിയ പ്രഭാതത്തെ വിളംബരംചെയ്തു. അന്താരാഷ്ട്ര ഇടപെടലുകളിൽ ഗ്ലോബൽ സൗത്തിന്റെ ആശങ്കകളെ ഇന്ത്യ മുഖ്യധാരയിലെത്തിക്കുകയും ആഗോള ആഖ്യാനം രൂപപ്പെടുത്തുന്നതിൽ വികസ്വര രാജ്യങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കുന്ന യുഗത്തിനു തുടക്കമിടുകയും ചെയ്തു.

ഉൾച്ചേർക്കൽ ജി20യിലേക്കുള്ള ഇന്ത്യയുടെ ആഭ്യന്തര സമീപനത്തെ ഊട്ടിയുറപ്പിച്ചു. അതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന് അനുയോജ്യമായ ‘ജനകീയ അധ്യക്ഷപദ’മെന്ന നിലയിലേക്കുയർത്തി. “ജൻ ഭാഗീദാരി” (ജനപങ്കാളിത്തം) പരിപാടികളിലൂടെ, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പങ്കാളികളാക്കി 140 കോടി ജനങ്ങളിലേക്ക് ജി20 എത്തി. കാതലായ ഘടകങ്ങളുടെ കാര്യത്തിൽ, ജി20 ഉത്തരവിന് അനുസൃതമായി, വിശാലമായ വികസനലക്ഷ്യങ്ങളിലേക്ക് അന്താരാഷ്ട്രശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഇന്ത്യ ഉറപ്പാക്കി.

2030 കാര്യപരിപാടിയുടെ നിർണായക മധ്യബിന്ദുവിൽ, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുൾപ്പെടെ പരസ്പരബന്ധിതമായ വിഷയങ്ങളിൽ കൂട്ടായ ഇടപെടലും പ്രവർത്തനാധിഷ്‌ഠിത സമീപനവും സ്വീകരിച്ച്, സുസ്ഥിര വികസനലക്ഷ്യങ്ങളുടെ (എസ്‌ഡിജി) പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള ജി20 2023 കർമപദ്ധതി ഇന്ത്യ അവതരിപ്പിച്ചു.

ഈ പുരോഗതിയെ നയിക്കുന്ന പ്രധാന മേഖല കരുത്തുറ്റ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളാണ് (ഡിപിഐ). ആധാർ, യുപിഐ, ഡിജിലോക്കർ തുടങ്ങിയ നവീന ഡിജിറ്റൽ ആശയങ്ങളുടെ വിപ്ലവകരമായ സ്വാധീനം നേരിട്ട് കണ്ട ഇന്ത്യ അവയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിർണായകമായിരുന്നു. ജി20യിലൂടെ, ആഗോള സാങ്കേതിക സഹകരണത്തിലെ സുപ്രധാന മുന്നേറ്റമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ ശേഖരം നാം വിജയകരമായി പൂർത്തിയാക്കി. 16 രാജ്യങ്ങളിൽ നിന്നുള്ള 50-ലധികം ഡിപിഐകൾ ഉൾക്കൊള്ളുന്ന ഈ ശേഖരം, ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെ ശക്തി തുറന്നുകാട്ടുന്നതിന് ഡിപിഐ നിർമിക്കാനും സ്വീകരിക്കാനും വ്യാപിപ്പിക്കാനും ഗ്ലോബൽ സൗത്തിനെ സഹായിക്കും.

നമ്മുടെ ഏകഭൂമിക്ക് വേണ്ടി, അടിയന്തിരവും ശാശ്വതവും തുല്യവുമായ മാറ്റം സൃഷ്ടിക്കുന്നതിനുള്ള അഭിലാഷവും സമഗ്രവുമായ ലക്ഷ്യങ്ങളും നാം അവതരിപ്പിച്ചു. തൊഴിലും ആവാസവ്യവസ്ഥയും സമഗ്രവും, ഉപഭോഗം കാലാവസ്ഥാ ബോധമുള്ളതും, ഉൽപ്പാദനം ഗ്രഹസൗഹൃദവുമായ സമഗ്ര മാർഗരേഖ തയ്യാറാക്കിക്കൊണ്ട്, വിശപ്പിനെതിരെ പോരാടുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനും ഇടയിൽ തിരഞ്ഞെടുക്കുന്നതിലെ വെല്ലുവിളികളെ പ്രഖ്യാപനത്തിന്റെ ‘ഹരിത വികസന ഉടമ്പടി’ അഭിസംബോധന ചെയ്യുന്നു. അതോടൊപ്പം, 2030ഓടെ ആഗോള പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയായി വർധിപ്പിക്കണമെന്ന് ജി20 പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു. ഹരിത ഹൈഡ്രജനുവേണ്ടിയുള്ള സംഘടിതമായ മുന്നേറ്റത്തിനൊപ്പം, ആഗോള ജൈവ ഇന്ധന സഖ്യം സ്ഥാപിക്കുന്നതിലൂടെയും ശുദ്ധവും ഹരിതവുമായ ലോകം കെട്ടിപ്പടുക്കാനുള്ള ജി20യുടെ അഭിലാഷങ്ങൾ നിഷേധിക്കാനാവാത്തതാണ്. ഇത് എല്ലായ്‌പ്പോഴും ഇന്ത്യയുടെ ധർമചിന്തയാണ്. സുസ്ഥിര വികസനത്തിനായുള്ള ജീവിതശൈലിയിലൂടെ (ലൈഫ്), ലോകത്തിന് നമ്മുടെ പഴയ സുസ്ഥിര പാരമ്പര്യങ്ങളിൽ നിന്ന് പ്രയോജനം നേടാൻ കഴിയും.

കൂടാതെ, കാലാവസ്ഥാനീതിയോടും സമത്വത്തോടുമുള്ള നമ്മുടെ പ്രതിബദ്ധത ഈ പ്രഖ്യാപനം അടിവരയിടുന്നു. ഗ്ലോബൽ നോർത്തിൽ നിന്ന് ഗണ്യമായ സാമ്പത്തിക സാങ്കേതിക പിന്തുണ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതാദ്യമായി, വികസന ധനസഹായത്തിന്റെ വ്യാപ്തിയിൽ ആവശ്യമായ വലിയ കുതിച്ചുചാട്ടത്തിന് അംഗീകാരം ലഭിച്ചു. ഇതു ശതകോടികളിൽ നിന്ന് ട്രില്യൺ കണക്കിനു ഡോളറിലേക്കു മാറി. വികസ്വര രാജ്യങ്ങൾക്ക് 2030-ഓടെ ദേശീയമായി നിർണയിക്കപ്പെട്ട സംഭാവനകൾ (എൻഡിസി) പൂർത്തീകരിക്കാൻ 5.9 ട്രില്യൺ ഡോളർ ആവശ്യമാണെന്ന് ജി20 അംഗീകരിച്ചു.

ആവശ്യമായ ശാശ്വത വിഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, മെച്ചപ്പെട്ടതും വലുതും കൂടുതൽ ഫലപ്രദവുമായ ബഹുമുഖ വികസന ബാങ്കുകളുടെ പ്രാധാന്യത്തിന് ജി 20 ഊന്നൽ നൽകി. അതേസമയം, യുഎൻ പരിഷ്കാരങ്ങളിൽ, പ്രത്യേകിച്ച് യുഎൻ സുരക്ഷാസമിതി പോലുള്ള പ്രധാന ഘടകങ്ങളുടെ പുനഃസംഘടനയിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നു. ഇത്, കൂടുതൽ തുല്യമായ ആഗോള ക്രമം ഉറപ്പാക്കും.


പ്രഖ്യാപനത്തിൽ ലിംഗസമത്വം കേന്ദ്രബിന്ദുവായി. ഇത് അടുത്ത വർഷം സ്ത്രീശാക്തീകരണത്തിനായി സമർപ്പിത കർമസമിതിയുടെ രൂപവൽക്കരണത്തിനു കാരണമായി. ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന നിയമസഭയിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന ഇന്ത്യയുടെ വനിതാ സംവരണ ബിൽ 2023 സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ പ്രതീകമാണ്.

നയപരമായ യോജിപ്പ്, വിശ്വസനീയമായ വ്യാപാരം, അഭിലഷണീയമായ കാലാവസ്ഥാ പ്രവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ പ്രധാന മുൻഗണനകളിലുടനീളം സഹകരണത്തിന്റെ നവോന്മേഷം ന്യൂ ഡൽഹി പ്രഖ്യാപനം ഉൾക്കൊള്ളുന്നു. ജി 20യിൽ നമ്മുടെ അധ്യക്ഷതയുടെ കാലത്ത് 87 ഫലങ്ങളും 118 അംഗീകൃത രേഖകളും എന്ന നേട്ടത്തിലെത്തിയത് അഭിമാനകരമാണ്. ഇത് മുൻകാലങ്ങളിൽ നിന്നുള്ള പ്രകടമായ ഉയർച്ചയാണ്.

നമ്മുടെ ജി20 അധ്യക്ഷ കാലയളവിൽ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും സാമ്പത്തിക വളർച്ചയിലും വികസനത്തിലും അവയുടെ സ്വാധീനത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഇന്ത്യ നേതൃത്വം നൽകി. ഭീകരവാദവും സാധാരണക്കാരെ വിവേകശൂന്യമായി കൊന്നൊടുക്കുന്നതും അംഗീകരിക്കാനാകില്ല, സഹിഷ്ണുതാരഹിത നയത്തിലൂടെ നാം അതിനെ അഭിസംബോധന ചെയ്യണം. ശത്രുതയെക്കാൾ മാനുഷികത നാം ഉൾക്കൊള്ളുകയും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് ആവർത്തിക്കുകയും വേണം.

നമ്മുടെ അധ്യക്ഷകാലയളവിൽ ഇന്ത്യ അസാധാരണമായ നേട്ടം കൈവരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. അത് ബഹുരാഷ്ട്രവാദത്തെ പുനരുജ്ജീവിപ്പിച്ചു. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ഉയർത്തുകയും വികസനത്തിന് വേണ്ടി വാദിക്കുകയും എല്ലായിടത്തും സ്ത്രീശാക്തീകരണത്തിനായി പോരാടുകയും ചെയ്തു.


ജനങ്ങൾ, ഭൂമി, സമാധാനം, സമൃദ്ധി എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ നടപടികൾ വരുംവർഷങ്ങളിലും പ്രതിധ്വനിക്കുമെന്ന ബോധ്യത്തോടെയാണ് നാം ജി20 അധ്യക്ഷപദം ബ്രസീലിന് കൈമാറുന്നത്.

 

NS
 



(Release ID: 1981000) Visitor Counter : 110