മന്ത്രിസഭ
പതിനാറാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
Posted On:
29 NOV 2023 2:27PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ പതിനാറാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ അംഗീകരിച്ചു. ഇവ സമയബന്ധിതമായി വിജ്ഞാപനം ചെയ്യും. ഗവണ്‍മെന്റ് അംഗീകരിച്ചാല്‍, 2026 ഏപ്രില്‍ 1 മുതല്‍ അഞ്ച് വര്‍ഷത്തെ കാലയളവിലേക്കുള്ളതായിരിക്കും 16-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതിവരുമാനം വിതരണം ചെയ്യുന്നതിനെക്കുറിച്ചും അത്തരം വരുമാനത്തിന്റെ അതാത് ഓഹരികളുടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഹിതം സംബന്ധിച്ചും ശുപാര്‍ശ ചെയ്യുന്നതിനായി ഒരു ധനകാര്യ കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള രീതികളാണ് ഭരണഘടനയുടെ 280(1)-ാം വകുപ്പു പറയുന്നത്. കേന്ദ്രത്തിന്റെ ഗ്രാന്റ്-ഇന്‍-എയ്ഡും സംസ്ഥാനങ്ങളുടെ വരുമാനവും ഈ ശുപാര്‍ശാ കാലയളവില്‍ പഞ്ചായത്തുകളുടെ വിഭവങ്ങള്‍ക്ക് അനുബന്ധമായി ആവശ്യമായ നടപടികളും ഇതിലുൾപ്പെടും.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2017 നവംബര്‍ 27-നാണ് രൂപീകരിച്ചത്. 2020 ഏപ്രില്‍ 1 മുതൽ ആറ് വര്‍ഷക്കാലത്തേക്കുള്ള ശുപാര്‍ശകള്‍ കമ്മീഷൻ ഇടക്കാല, അന്തിമ റിപ്പോര്‍ട്ടുകളിലൂടെ സമര്‍പ്പിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ സാധുവാണ്.
പതിനാറാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയ നിബന്ധനകള്‍:
ധനകാര്യ കമ്മീഷന്‍ ഇനിപ്പറയുന്ന വിഷയങ്ങളില്‍ ശുപാര്‍ശകള്‍ നല്‍കും, അതായത്:
ഭരണഘടനയുടെ അദ്ധ്യായം I, ഭാഗം XII പ്രകാരം തമ്മിൽ വിഭജിക്കുന്നതോ അല്ലെങ്കില്‍ വിഭജിക്കാന്‍ ഇടയുള്ളതോ ആയ നികുതികളുടെ അറ്റവരുമാനത്തിന്റെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിതരണം, അത്തരം വരുമാനത്തിന്റെ അതാത് ഓഹരികളുടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഹിതം;
ഭരണഘടനയുടെ 275-ാം വകുപ്പു പ്രകാരം സംസ്ഥാനങ്ങളുടെ ഏകീകൃത ഫണ്ടില്‍ നിന്നുള്ള വരുമാനത്തിന്റെ ഗ്രാന്റ്-ഇന്‍-എയ്ഡും അവരുടെ വരുമാനത്തിന്റെ ഗ്രാന്റ്-ഇന്‍-എയ്ഡ് വഴി സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട തുകയും നിയന്ത്രിക്കേണ്ട വ്യവസ്ഥകള്‍ ആ വകുപ്പിലെ അനുഛേദം (1) ൽ വ്യക്തമാക്കിയിട്ടുള്ളതല്ലാത്ത മറ്റ് ആവശ്യങ്ങള്‍ക്കായി; ഒപ്പം,
സംസ്ഥാന ധനകാര്യ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വിഭവങ്ങള്‍ക്ക് അനുബന്ധമായി സംസ്ഥാനത്തിന്റെ ഏകീകൃത ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍.
ദുരന്ത നിവാരണ നിയമം, 2005 പ്രകാരം രൂപീകരിച്ച ഫണ്ടുകൾക്കനുബന്ധമായി, ദുരന്ത നിവാരണ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങള്‍ കമ്മീഷന്‍ അവലോകനം ചെയ്യുകയും ഉചിതമായ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും.
2026 ഏപ്രില്‍ 1-ന് ആരംഭിച്ച് അഞ്ച് വർഷം നീളുന്ന കാലയളവിലേക്കുള്ള ശുപാര്‍ശകള്‍ ഉൾപ്പെടുന്ന റിപ്പോര്‍ട്ട് 2025 ഒക്ടോബര്‍ 31-നുള്ളിൽ കമ്മീഷന്‍ തയ്യാറാക്കും.
പശ്ചാത്തലം:
2020-21 മുതല്‍ 2024-25 വരെ നീളുന്ന അഞ്ച് വര്‍ഷക്കാലത്തേക്കുള്ള ശുപാര്‍ശകള്‍ നല്‍കുന്നതിനായി പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2017 നവംബര്‍ 27ന് രൂപീകരിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദ്യ റിപ്പോര്‍ട്ടും 2021-22 മുതല്‍ 2025-26 വരെയുള്ള വിപുലീകൃത കാലയളവിലേക്കുള്ള അന്തിമ റിപ്പോര്‍ട്ടും എന്നിങ്ങനെ രണ്ട് റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ സമര്‍പ്പിക്കണമെന്ന് കൂട്ടിച്ചേർത്തുകൊണ്ട് 2019 നവംബര്‍ 29ന് 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്തു. തല്‍ഫലമായി, 2020-21 മുതല്‍ 2025-26 വരെയുള്ള ആറ് വര്‍ഷത്തേക്ക് 15-ാം ധനകാര്യ കമ്മീഷന്‍ അതിന്റെ ശുപാര്‍ശകള്‍ നല്‍കി.
ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കാന്‍ സാധാരണയായി രണ്ട് വര്‍ഷമെടുക്കും. ഭരണഘടനയുടെ 280-ാം വകുപ്പിലെ അനുഛേദം (1) അനുസരിച്ച്, ഓരോ അഞ്ചു വർഷം കൂടുമ്പോഴോ അതിനുമുമ്പോ ധനകാര്യ കമ്മീഷന്‍ രൂപീകരിക്കണം. എന്നിരുന്നാലും, 15 ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ 2026 മാര്‍ച്ച് 31 വരെയുള്ള ആറ് വര്‍ഷത്തെ കാലയളവ് ഉള്‍ക്കൊള്ളുന്നതിനാലാണ് 16 ാം ധനകാര്യ കമ്മീഷന്‍ ഇപ്പോള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ശുപാര്‍ശകളുടെ കാലയളവിന് മുമ്പുള്ള കാലയളവിലെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനകാര്യങ്ങള്‍ ഉടനടി പരിഗണിക്കാനും വിലയിരുത്താനും ധനകാര്യ കമ്മീഷനെ ഇത് സഹായിക്കും. ഈ സാഹചര്യത്തില്‍ പത്താം ധനകാര്യ കമ്മീഷന്‍ കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷം പതിനൊന്നാം ധനകാര്യ കമ്മീഷന്‍ രൂപീകരിച്ചതിന്റെ മുന്‍ മാതൃക ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതാണ്. അതുപോലെ, പതിമൂന്നാം ധനകാര്യ കമ്മീഷനു ശേഷം അഞ്ച് വര്‍ഷവും രണ്ട് മാസവും കഴിഞ്ഞാണ് പതിനാലാം ധനകാര്യ കമ്മീഷന്‍ രൂപീകരിച്ചത്.
കമ്മീഷന്റെ ഔപചാരികമായ ഭരണഘടന തീരപ്പാക്കുന്നതിനു മുൻപ്, പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി 2022 നവംബര്‍ 21ന് ധനമന്ത്രാലയത്തില്‍ 16-ാം ധനകാര്യ കമ്മീഷന്റെ അഡ്വാൻസ് സെല്‍ രൂപീകരിച്ചു.
അതിനുശേഷം, ധനകാര്യ സെക്രട്ടറി, സെക്രട്ടറി (ചെലവുകള്‍) എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറി (സാമ്പത്തികകാര്യം), സെക്രട്ടറി (റവന്യൂ), സെക്രട്ടറി (സാമ്പത്തിക സേവനങ്ങള്‍), മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, നിതി ആയോഗ് ഉപദേഷ്ടാവ്, അഡീഷണല്‍ സെക്രട്ടറി (ബജറ്റ്) എന്നിവരടങ്ങുന്ന ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. പരിഗണനാ വിഷയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സഹായിക്കുന്നതിനാണ് ഇത്. കൂടിയാലോചനാ പ്രക്രിയയുടെ ഭാഗമായി, സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നും (നിയമ നിർമാണ സഭയുള്ള) കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുകയും കൃത്യമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.
SK
(Release ID: 1980792)
Visitor Counter : 189
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada