വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിനു കീഴിൽ 4കെ ഡിജിറ്റൽ രൂപത്തിൽ വിവിധ ഭാഷകളിലുള്ള 5000ത്തിലധികം സിനിമകൾ മെച്ചപ്പെടുത്തിയെടുക്കും: കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി


54-ാം ഐഎഫ്‌എഫ്‌ഐ ശ്രദ്ധേയമായ ആദ്യ സംരംഭങ്ങളാലും മികച്ച നേട്ടങ്ങളാലും സമ്പന്നം: അനുരാഗ് സിങ് ഠാക്കുർ

‘ഐ‌എഫ്‌എഫ്‌ഐ 54’-ൽ സത്യജിത് റേ ആജീവനാന്ത പുരസ്കാരം സ്വന്തമാക്കിയ പ്രശസ്ത ചലച്ചിത്രകാരൻ മൈക്കൽ ഡഗ്ലസിനെ മന്ത്രി അഭിനന്ദിച്ചു

Posted On: 28 NOV 2023 7:27PM by PIB Thiruvananthpuram


‘വസുധൈവ കുടുംബം: ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ആശയം ഉൾക്കൊള്ളുന്ന, നാനാത്വത്തിൽ ഏകത്വത്തിന്റെ ആഘോഷമാണ് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI 54) 54-ാം പതിപ്പെന്നു കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിങ് ഠാക്കുർ പറഞ്ഞു. ലോകമെമ്പാടുമുള്ള സർഗാത്മക മനസുകൾ, ചലച്ചിത്രപ്രവർത്തകർ, സിനിമാപ്രേമികൾ, സാംസ്കാരികമേഖലയിൽ താൽപ്പര്യമുള്ളവർ എന്നിവരെ ഈ ഉദ്യമം കൂട്ടിയിണക്കുന്നു. “നമ്മുടെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞതുപോലെ ‘വസുധൈവ കുടുംബകം’ എന്ന തത്വശാസ്ത്രം ഉൾക്കൊള്ളാനുള്ള ആഹ്വാനമാണ് ഐഎഫ്എഫ്‌ഐയിലും പിന്തുടരുന്നത്. ഐഎഫ്എഫ്‌ഐയുടെ ഈ പതിപ്പ്, ശ്രദ്ധേയമായ ആദ്യ സംരംഭങ്ങളും മികച്ച ചലച്ചിത്രങ്ങളും വെളിച്ചത്തുകൊണ്ടുവന്നു എന്ന നിലയിൽ സവിശേഷവും നേട്ടങ്ങൾ നിറഞ്ഞതുമാണ്” - ഐഎഫ്എഫ്‌ഐ സമാപനച്ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെ കേന്ദ്രമന്ത്രി വ്യക്തമാക്കി.

78 രാജ്യങ്ങളിൽ നിന്നുള്ള 68 അന്താരാഷ്‌ട്ര ഭാഷകളെയും 17 ഇന്ത്യൻ ഭാഷകളെയും പ്രതിനിധാനംചെയ്ത് ഏകദേശം 30,000 മിനിറ്റ് ദൈർഘ്യത്തിൽ 250ഓളം സിനിമകളാണ് 54-ാം ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിച്ചതെന്നു ശ്രീ ഠാക്കുർ പറഞ്ഞു. “മേളയിൽ 23 മാസ്റ്റർക്ലാസ്സുകൾ, ചർച്ചാവേദികൾ എന്നിവയുണ്ടായിരുന്നു. നേരിട്ടും വെർച്വലായും പങ്കെടുക്കാവുന്നതായിരുന്നു ഇവ. മേളയോടനുബന്ധിച്ചു സംഘടിപ്പിച്ച അമ്പതോളം ഗാല റെഡ് കാർപെറ്റുകൾ ആഘോഷങ്ങൾക്കാകെ ഉത്തേജനം പകർന്നു” - അദ്ദേഹം പറഞ്ഞു. മേളയുടെ ഈ പതിപ്പു രൂപപ്പെടുത്തുന്നതിൽ നിർണായകപങ്കുവഹിച്ച, വിലയേറിയ സമയവും സമർപ്പിത പരിശ്രമങ്ങളും പങ്കിട്ട, ബഹുമാനപ്പെട്ട ജൂറി അംഗങ്ങളുടെ പിന്തുണയും മന്ത്രി ചൂണ്ടിക്കാട്ടി.

ആംഗ്യഭാഷയുടെയും ഓഡിയോ വിവരണങ്ങളുടെയും സഹായത്തോടെ വലിയ സ്ക്രീനുകളിൽ സിനിമയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ, ഭിന്നശേഷിക്കാരായ സിനിമാപ്രേമികൾക്കായി പ്രത്യേകസംവിധാനമൊരുക്കിയാണു സിനിമകൾ അവതരിപ്പിച്ചത്. ഇത് ഉൾച്ചേർക്കലിന്റെയും പ്രവേശനക്ഷമതയുടെയും ഐഎഫ്‌എഫ്‌ഐ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. “സ്ത്രീകൾ സംവിധാനംചെയ്ത 40-ലധികം സിനിമകൾ ഉ‌ണ്ടാകുമെന്നു ഞങ്ങൾ ഉറപ്പുവരുത്തി; അവരുടെ കഴിവുകളെ ആഘോഷമാക്കി”- അദ്ദേഹം കൂട്ടിച്ചേർത്തു.

വിശിഷ്ടമായ പഴയ ചലച്ചിത്രങ്ങൾ മികച്ച നിലവാരത്തോടെ പുനരവതരിപ്പിക്കുന്നതിനുള്ള ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച മന്ത്രി, 4കെ ഡിജിറ്റൽ രൂപത്തിൽ വിവിധ ഭാഷകളിലുള്ള 5000ത്തിലധികം സിനിമകളും ഡോക്യുമെന്ററികളും മെച്ചപ്പെടുത്തിയെടുക്കുമെന്നും, രാജ്യത്തെ ഭാവി തലമുറകൾക്ക് ഈ മഹത്തായ സൃഷ്ടികൾ അഭിനന്ദിക്കാനും ആസ്വദിക്കാനും പ്രചോദനം നൽകാനും കഴിയുമെന്ന് ഉറപ്പാക്കുമെന്നും പറഞ്ഞു. “ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിനു കീഴിൽ നിലവാരം മെച്ചപ്പെടുത്തിയ ഏഴു ചലച്ചിത്രങ്ങളുടെ പ്രത്യേക വിഭാഗം 54-ാം ഐഎഫ്എഫ്‌ഐയിൽ പ്രദർശിപ്പിച്ചതു സിനിമാപ്രേമികളുടെ പ്രശംസയ്ക്കു പാത്രമായി”- ശ്രീ ഠാക്കുർ പറഞ്ഞു.

പഴയത് സംരക്ഷിക്കുക, പുതിയതിനെ പ്രോത്സാഹിപ്പിക്കുക എന്ന ഇരട്ടദൗത്യത്തിനും മന്ത്രി ഊന്നൽ നൽകി. “‘നാളെയുടെ 75 സർഗാത്മക മനസുകൾ’ ഉദ്യമത്തിനുകീഴിൽ സംഘടിപ്പിച്ച ‘ഫിലിം ചലഞ്ച്’ യുവപ്രതിഭകളെ വെളിച്ചത്തുകൊണ്ടുവന്നു. സർഗാത്മകമായ യുവമനസുകൾ അവതരിപ്പിച്ച സിനിമകൾ ചിന്തോദ്ദീപകമായിരുന്നു. പരിസ്ഥിതി സംരക്ഷണവും പരിപാലനവും എന്ന വളരെ പ്രധാനപ്പെട്ട വിഷയവും അവ കൈകാര്യം ചെയ്തു. സർഗാത്മകമായ 75 മനസുകളിൽ 45 പേർക്കും ചലച്ചിത്രമേഖലയിലെ പ്രമുഖ കമ്പനികൾക്കു മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ ഇതിനകം നൽകിയിട്ടുണ്ട്. വൈവിധ്യമാർന്ന അന്താരാഷ്ട്ര പ്രേക്ഷകരെ സ്വാഗതം ചെയ്യുകയും സംസ്കാരങ്ങളുടെ കൂടിച്ചേരൽ പ്രോത്സാഹിപ്പിക്കുകയും ചെയ്ത്, എൻഎഫ്‌ഡിസി ഫിലിം ബസാർ അതിന്റെ ചക്രവാളങ്ങൾ വിപുലീകരിച്ചു. ‘വിഎഫ്‌എക്സ് & ടെക് പവലിയൻ’ പരിചയപ്പെടുത്തലും ഡോക്യുമെന്ററി വിഭാഗവും നവീനത്വവും നോൺ ഫിക്ഷൻ കഥപറച്ചിലും പ്രദർശിപ്പിച്ചു” - അദ്ദേഹം പറഞ്ഞു.

2023-ലെ സത്യജിത് റേ ആജീവനാന്ത പുരസ്കാരം സ്വന്തമാക്കിയ പ്രശസ്ത ചലച്ചിത്രകാരൻ മൈക്കൽ ഡഗ്ലസിനെ മന്ത്രി അഭിനന്ദിച്ചു.  ഐഎഫ്‌എഫ്‌ഐയിൽ എല്ലാവർക്കുമായി ഈ നിമിഷം സവിശേഷമാക്കാൻ അദ്ദേഹത്തെ അനുഗമിച്ച കാതറിൻ സെറ്റ ജോൺസിന് നന്ദി അറിയിക്കുകയും ചെയ്തു. ഐഎഫ്‌എഫ്‌ഐയിൽ സുവർണമയൂര പുരസ്കാരജേതാക്കളെയും മികച്ച വെബ് സീരീസിനുള്ള (OTT) ആദ്യ പുരസ്കാരം ലഭിച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു.

\

മേള വിജയകരമാക്കുന്നതിന് അർപ്പണബോധത്തോടെ പ്രയത്നിച്ച ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) സംഘത്തിനും മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ഗോവ സംസ്ഥാന ഗവണ്മെന്റിനും മന്ത്രി നന്ദി രേഖപ്പെടുത്തി. എല്ലാ ചലച്ചിത്രപ്രവർത്തകരെയും അഭിനേതാക്കളെയും സ്രഷ്ടാക്കളെയും അഭിനന്ദിച്ച മന്ത്രി, ഐഎഫ്‌എഫ്‌ഐക്കപ്പുറം കഥപറച്ചിലിന്റെ ചൈതന്യവും ഐക്യവും സർഗാത്മകതയും മുന്നോട്ടുകൊണ്ടുപോകാൻ പ്രചോദനമേകിയാണ് ഉപസംഹരിച്ചത്.

 

NS



(Release ID: 1980586) Visitor Counter : 104